Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightചിത്ര അയ്യര്‍...

ചിത്ര അയ്യര്‍ ആനകള്‍ക്ക് ‘വീടൊരുക്കും’

text_fields
bookmark_border
ചിത്ര അയ്യര്‍ ആനകള്‍ക്ക്  ‘വീടൊരുക്കും’
cancel

‘കരുനാഗപ്പള്ളിയിലെ എന്‍െറ വീടിനു സമീപത്തെ ക്ഷേത്രത്തിലെ കൊമ്പനാനയുമായുള്ള എന്‍െറ സൗഹൃദം വളരെ വലുതായിരുന്നു. ക്ഷേത്രത്തില്‍ തൊഴാനത്തെുന്ന സമയത്തെല്ലാം ആനക്ക് പഴവും മറ്റും നല്‍കിയിരുന്നു. മനുഷ്യനെക്കാള്‍ സ്നേഹം അവന്‍ തിരിച്ചു നല്‍കി. ജോലിയുടെ ഭാഗമായി നാടുവിട്ടപ്പോള്‍ കൊമ്പനുമായുള്ള സൗഹൃദം തുടരാന്‍ കഴിഞ്ഞില്ല. നാട്ടില്‍ തിരിച്ചത്തെുമ്പോള്‍ ആദ്യം പോയി കുറുമ്പനായ ആ കൊമ്പനെ കാണുമായിരുന്നു. പക്ഷേ, അവനുമായുള്ള സൗഹൃദം നീണ്ടുനിന്നില്ല. രോഗംവന്ന് അവശനായി അവന്‍ മരണത്തിന് കീഴടങ്ങി.’
ഈ ആനപ്രേമമാണ് ചിത്ര അയ്യര്‍ എന്ന ലോകമറിയുന്ന ഗായികക്ക് അവശനിലയിലും അനാഥത്വത്തിലും കഴിയുന്ന നാട്ടാനകളെ സംരക്ഷിക്കാന്‍ ഒരു ഷെല്‍ട്ടര്‍ സ്ഥാപിക്കണമെന്ന ആശയത്തിന്‍െറ അടിസ്ഥാനം. പാട്ടും സംഗീതവും നൃത്തവും അഭിനയവുമെല്ലാം തല്‍ക്കാലം നിര്‍ത്തി മിണ്ടാപ്രാണികളായ ആനകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാന്‍ ഒരു അഭയ കേന്ദ്രമൊരുക്കാനായി ചിത്ര അയ്യര്‍ വിശ്രമരഹിതമായ യാത്രയിലാണിപ്പോള്‍. സൊസൈറ്റി ഫോര്‍ എലിഫന്‍റ് വെല്‍ഫെയര്‍ എന്ന പേരില്‍ ഒരു സംഘടന രൂപവത്കരിക്കാന്‍ ചിത്രക്കൊപ്പം ചില സുഹൃത്തുക്കളും ചേര്‍ന്നു.
ബംഗളൂരു നഗരത്തിന്‍െറ തിരക്ക് പിടിച്ച കോലാഹലങ്ങള്‍ക്കിടയില്‍ കേരളത്തിന്‍െറ സംസ്ഥാന മൃഗമായി വാഴ്ത്തുന്ന നാട്ടാനകളുടെ ജീവിതാവസ്ഥകള്‍ പഠിക്കാനും അവരുടെ സംരക്ഷകരായ പാപ്പാന്മാര്‍ക്ക് പ്രത്യേകമായി പരിശീലനം നല്‍കാനും ചിത്ര അയ്യര്‍ മുന്നിട്ടിറങ്ങുകയാണ്. ഇതിനുവേണ്ടി പശ്ചിമഘട്ടത്തില്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകളിലൊന്നായ വയനാടന്‍ മേഖലയില്‍ ആന പരിപാലന കേന്ദ്രമൊരുക്കാനുള്ള പരിശ്രമങ്ങളിലാണ്. തുടക്കത്തില്‍ 20 ആനകളെ പരിപാലിക്കാനുള്ള സംവിധാനമുണ്ടാക്കണം. ഇതിനായി ഇരുനൂറേക്കറോളം സ്ഥലം ആവശ്യമാണ്. പ്രത്യേകിച്ച് പുഴയും കാടും തോടുമൊക്കെ ചേരുന്ന ഒരു പ്രദേശമാണ് മനസ്സിലുള്ളതെന്ന് ചിത്ര അയ്യര്‍ പറയുന്നു.
ചങ്ങലപ്പൂട്ടില്ലാതെ, പാപ്പന്മാരുടെ പട്ടാളച്ചിട്ടക്കടിമയാവാതെ ആനകളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടണം. ഒരാനക്ക് വിഹരിക്കാന്‍ 10 ഏക്കറോളം സ്ഥലം വേണ്ടിവരും. ആനകള്‍ക്ക് ഷെല്‍ട്ടര്‍ എന്ന ആശയം മനസ്സില്‍ രൂപപ്പെട്ടതോടെ കേരള സര്‍ക്കാറിന് ഒരു പദ്ധതിരേഖ തയാറാക്കി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വനം വകുപ്പ് മന്ത്രി എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കി. 200 ഏക്കര്‍ സ്ഥലം ദീര്‍ഘകാലത്തിനു പാട്ടത്തിന് കിട്ടിയാല്‍ ഷെല്‍ട്ടര്‍ ആരംഭിക്കാന്‍ കഴിയും. ഇതിന്‍െറ ഭാഗമായി വയനാട്ടിലെ കേണിച്ചിറയില്‍ ബ്ളൂംസ് ഗ്രീന്‍ ഫാം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. ആന സംരക്ഷണവുമായി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ആറു കോടിയോളം രൂപ പ്രോജക്ടിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
ഡല്‍ഹിയിലെ ആഗ്ര കേന്ദ്രമായ ‘എലിഫന്‍റ് റെസ്ക്യൂ സെന്‍റര്‍ എസ്.ഒ.എസ്’ എന്ന സംഘടനയുടെ സാങ്കേതിക സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ 400 ഏക്കറോളം സ്ഥലത്താണ് ഈ ആന സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
സൊസൈറ്റി ഫോര്‍ എലിഫന്‍റ് വെല്‍ഫെയറിനെ കുറിച്ച് ചിത്ര അയ്യര്‍ക്ക് പറയാനുള്ളത് കേള്‍ക്കൂ...
അവശത അനുഭവിക്കുന്ന നാട്ടാനകള്‍ കേരളത്തില്‍ ഒരുപാടുണ്ട്. ആനയെ വരുമാന മാര്‍ഗമായി കണ്ട് വാങ്ങിച്ച് വളര്‍ത്തുകയും അതില്‍നിന്ന് വരുമാനം ലഭിക്കാതെ വരുമ്പോള്‍ അതിനെ അവഗണിക്കുകയും ചെയ്യുന്ന സമൂഹത്തിലാണ് നാം കഴിയുന്നത്. അത്തരം ആനകളെ കണ്ടത്തെി അവയെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയെന്നതാണ് സൊസൈറ്റി ഫോര്‍ എലിഫന്‍റ് വെല്‍ഫെയര്‍ കൊണ്ടുദ്ദേശിക്കുന്നത്. അവശത അനുഭവിക്കുന്ന ആനകള്‍ക്ക് ഭക്ഷണം കൃത്യമായി നല്‍കുക. അവയുടെ സഞ്ചാരത്തിന് ഭംഗം വരുത്താത്ത രീതിയില്‍ സ്വാതന്ത്ര്യം നല്‍ക്കുക. വിലങ്ങുകള്‍ അണിയിക്കാതെ തന്നെ ജീവിക്കാന്‍ അവസരമൊരുക്കുക.
കുളിക്കാന്‍ പുഴ, തോട് സൗകര്യങ്ങളുണ്ടാക്കി നല്‍കുക, പാപ്പാന്മാരുടെ പ്രവര്‍ത്തങ്ങളെ കുറിച്ച് സെമിനാറും ക്ളാസുകളും സംഘടിപ്പിക്കുക, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആനഷെല്‍ട്ടറുകള്‍ സന്ദര്‍ശിച്ച് അവിടത്തെ രീതികളെക്കുറിച്ച് പഠിക്കാന്‍ സൗകര്യമുണ്ടാക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
പ്രോജക്ടിന്‍െറ പൈലറ്റ് എന്ന രീതിയില്‍ വയനാട് കേണിച്ചിറയില്‍ ബ്ളൂംസ് ഗ്രീന്‍ ഫാം റിസോര്‍ട്ടിലെ ഒരു നാട്ടാനയെ സംരക്ഷിച്ചു. രോഗപീഡയില്‍ അവശനിലയിലായ ആനയെ ആവശ്യത്തിന് മരുന്നും ഭക്ഷണവും നല്‍കി മാസങ്ങളോളം ശുശ്രൂഷിച്ചു. അതിന്‍െറ കാലിലണിഞ്ഞ ചങ്ങലയില്‍നിന്ന് മോചിപ്പിക്കുകയും സ്വതന്ത്രനാക്കുകയും ചെയ്തു. രോഗം മാറി ആന പഴയ പടിയായി. അനുസരണക്കാരനായപ്പോള്‍ ഉടമ അവനെ തിരിച്ചു കൊണ്ടുപോയി.
പരീക്ഷണം വിജയമായിരുന്നു. നാട്ടാനകളെ ചങ്ങലക്കിട്ട് തളക്കാതെ സ്വതന്ത്രമായി വിട്ടയച്ചാല്‍തന്നെ അവക്ക് സ്നേഹം കൂടുമെന്നാണ് തന്‍െറ പരീക്ഷണത്തിലൂടെ മനസ്സിലാവുന്നത്. അടുത്തകാലത്ത് കേരളത്തില്‍ നാട്ടാനകളും കാട്ടാനകളുമൊക്കെ ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിക്കുന്നതില്‍ പഴയപോലെ ശ്രദ്ധിക്കുന്നില്ളെന്നും വേണം അനുമാനിക്കാന്‍.
വയനാട്ടില്‍ വന്യജീവി ശല്യമുണ്ടാവുന്നത് അവയുടെ ആവാസവ്യവസ്ഥക്ക് തകര്‍ച്ച സംഭവിക്കുമ്പോഴാണ്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആനത്താരകള്‍പോലും നശിച്ചു. ആനകളുടെ സഞ്ചാരപഥങ്ങള്‍ വീണ്ടെടുത്ത് നല്‍കിയാല്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കാരണം. കാട്ടില്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതാവുമ്പോള്‍ അവ നാട്ടിലിറങ്ങുന്നതും പതിവാണ്. പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിലുള്ള ജീവിതശൈലികള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. മറ്റ് ജീവികള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ മനുഷ്യര്‍ ചൂഷണം ചെയ്യാതിരിക്കുക. മനുഷ്യരുടെ ശരാശരി ജീവിതത്തെ ബാധിക്കാത്ത നിയമങ്ങളാണ് നടപ്പാക്കേണ്ടത്. ആനകളുടെ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന. സംഗീതലോകത്തിന് കുറച്ച് അവധി നല്‍കിയിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ചിത്ര അയ്യര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story