തമിഴിന്‍െറ ‘തങ്കമീങ്കള്‍’...
text_fieldsഇക്കുറി മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ‘തങ്കമീങ്കളി’ലെ നായിക മലയാളിയാണ്. തിരുവനന്തപുരത്തുകാരി ഷെല്ലി കിഷോര്‍.
തിരുവനന്തപുരം തൈക്കാട് ശാസ്താംകോവിലിനു സമീപത്തെ താമസക്കാരി. അഭിനയത്തിന്‍െറ പുതിയ തലങ്ങളിലേക്ക് കടക്കാന്‍ കൊതിക്കുന്ന ഷെല്ലിക്ക് ലഭിച്ച ഭാഗ്യവും പരീക്ഷണവുമൊക്കെയായിരുന്നു ‘തങ്കമീങ്കളി’ലെ നായികവേഷം. കാഴ്ചക്കാരുടെ കണ്ണും കരളും കൊത്തിപ്പറിക്കുന്ന അഭിനയ പാടവമായിരുന്നു ഈ ചിത്രത്തില്‍ ഷെല്ലി കാഴ്ചവെച്ചതും.ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴും നല്ല അഭിപ്രായം നേടിയിരുന്നു. ‘കേരള കഫെ’, ‘ചട്ടക്കാരി’, ‘അകം’ എന്നീ സിനിമകളില്‍ അഭിനയിച്ച ഷെല്ലിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്.
ചിറയിന്‍കീഴ് സ്വദേശി ജെ. നെബുകുമാറിന്‍െറയും ഷീബയുടെയും മൂന്നുമക്കളില്‍ ഇളയവളാണ് ഷെല്ലി. ദുബൈയില്‍ സിവില്‍ എന്‍ജിനീയറാണ് നെബുകുമാര്‍. ഷെല്ലി ജനിച്ചതും 12ാം ക്ളാസ് വരെയുള്ള പഠനവും അവിടത്തെന്നെയായിരുന്നു. ബിരുദ, ബിരുദാനന്തര പഠനം തിരുവനന്തപുരത്തും. മാസ് കമ്യൂണിക്കേഷനില്‍ സിംഗപ്പൂരില്‍നിന്ന് ഡിപ്ളോമയും നേടിയിട്ടുണ്ട്. ഷെല്ലി സംസാരിക്കുന്നു.
അഭിനയ രംഗത്തേക്കുള്ള വരവ്
2005ല്‍ ‘കനല്‍ കണ്ണാടി’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടപ്പോള്‍ അപേക്ഷിച്ചതാണ്. നേരത്തേ ഒരു ആല്‍ബം ചെയ്തതിന്‍െറ ധൈര്യത്തിലാണ് അപേക്ഷ അയച്ചത്. എന്നാല്‍, പല കാരണങ്ങാല്‍ സിനിമ പുറത്തിറങ്ങിയില്ല. എങ്കിലും അഭിനേത്രിയെന്ന നിലയില്‍ വലിയ ആത്മവിശ്വാസം നല്‍കിയ ഒന്നായിരുന്നു കന്നിസംരംഭം.
സീരിയലിലേക്കുള്ള കൂടുമാറ്റം
‘കനല്‍ കണ്ണാടി’യുടെ കാമറാമാനായിരുന്ന അമ്പുമണിയാണ് സീരിയല്‍ രംഗത്തേക്ക് അവസരമൊരുക്കിയത്. സംവിധായകനായ പുരുഷോത്തമന്‍ സാറിനെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹത്തിന്‍െറ ചിത്രശലഭം എന്ന സീരിയലില്‍ അവസരം ലഭിച്ചു. ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം ലഭിച്ചു. ‘കേരള കഫെ’, ‘അകം’, ‘ചട്ടക്കാരി’ എന്നീ സിനിമകള്‍ ചെയ്തു. ‘കുങ്കുമപ്പൂവ്’ സീരിയലാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതയാക്കിയത്.
എന്തുകൊണ്ടാണ് ഇടവേളകള്‍
അഭിനയത്തിന് ചെറിയ ഇടവേളകള്‍ വേണമെന്ന് വിശ്വസിക്കുന്നു. തേടിവരുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്ന രീതിയില്‍ വിശ്വാസമില്ല. കുടുംബമായതോടെ സീരിയലുകള്‍ക്ക് കൂടുതല്‍ സമയം മാറ്റിവെക്കാന്‍ ബുദ്ധിമുട്ടുണ്ട്. സീരിയലുകള്‍ക്ക് കമിറ്റ് ചെയ്യുന്നത് സിനിമാ അവസരങ്ങളെ ബാധിക്കുന്നുണ്ട്. സീരിയലുകള്‍ ഒഴിവാക്കുന്നുവെന്ന് ഇതിനര്‍ഥമില്ല. എല്ലാം ഒന്നിച്ചുകൊണ്ടുപോകാനാണ് ശ്രമം. ജൂണില്‍ പുതിയ സിനിമകളുടെ ഭാഗമാകും.
തമിഴില്‍ അവസരം ലഭിച്ചത് എങ്ങനെയായിരുന്നു
‘തങ്കമീങ്കളി’ല്‍ ആദ്യം പത്മപ്രിയയെയാണ് തീരുമാനിച്ചിരുന്നത്. മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ പത്മപ്രിയക്ക് അഭിനയിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പത്മപ്രിയ എന്‍െറ അടുത്ത സുഹൃത്താണ്. അവരാണ് ‘തങ്കമീങ്കളി’ലേക്ക് എന്നെ ശിപാര്‍ശ ചെയ്തത്.
കുടുംബം
2008ലായിരുന്നു വിവാഹം. കോട്ടയം സ്വദേശി കിഷോര്‍ സൂര്യ ടി.വിയില്‍ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. അഭിനയത്തിന് ഭര്‍ത്താവിന്‍െറ പിന്തുണയുണ്ട്.
അഭിനയത്തിനിടയിലെ പഠനം
പഠനത്തോട് എന്നും ഇഷ്ടമായിരുന്നു. പിന്നെ അഭിനയം എക്കാലവും ഒരേരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് കരുതാനാവില്ല. അപ്പോള്‍ നമ്മള്‍ക്ക് സഹായകമാകുക ഇപ്പോഴത്തെ പഠനമാകും. ഇപ്പോള്‍ കമ്പനി സെക്രട്ടറി കോഴ്സിനാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എങ്കിലും ഓഫിസ് ജോലിയോട് താല്‍പര്യമില്ല. കുറച്ചുകാലം ഇത്തരത്തില്‍ ചെയ്ത ജോലി മടുപ്പിക്കുന്നതായിരുന്നു. അവാര്‍ഡുകള്‍ക്കപ്പുറം പ്രേക്ഷക അംഗീകാരം നേടിയ അഭിനേത്രിയാവുക എന്നതുതന്നെയാണ് സ്വപ്നം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.