കാരുണ്യത്തിന്‍െറ മാലാഖ
text_fieldsകഴിഞ്ഞ മേയ് 12ന് ഡല്‍ഹിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ആതുര ശുശ്രൂഷാരംഗത്തെ മികച്ച സേവനത്തിനുള്ള ദേശീയ നഴ്സ് പുരസ്കാരം ‘നാഷനല്‍ ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍’ പുരസ്കാരം ഏറ്റുവാങ്ങിയത് ഒരു മലയാളി നഴ്സാണ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഷര്‍മിള. അതിന് കാരണമായതാകട്ടെ, ഷര്‍മിളയുടെ കാരുണ്യക്കടല്‍ പോലെയുള്ള ജീവിതവും.
ഷര്‍മിളയുടെ കാരുണ്യംകൊണ്ട് രോഗവും വിശപ്പും മാറി ജീവിതത്തിലേക്ക് നടന്നത്തെിയവരുടെ നിര നീണ്ടതാണ്. ആ വാത്സല്യം പിന്‍പറ്റി രോഗവും വേദനയും മറന്നവരും അനവധിയാണ്.
രോഗിയുടെ വേദന സ്വന്തം വേദനയായിക്കണ്ട് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത് സാന്ത്വനിപ്പിക്കുന്ന രോഗികളുടെ കൂട്ടുകാരിയാണിവര്‍.
സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യണമെന്നുള്ള ആഗ്രഹമാണ് ഷര്‍മിളയെ നഴ്സിങ് പഠനത്തിന് പ്രേരിപ്പിച്ചത്. ആദ്യപോസ്റ്റിങ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി ഐ.സിയുവില്‍. 2000ത്തില്‍ കണ്ണാശുപത്രിയിലേക്ക് മാറി. 2007ല്‍ പൂജപ്പുരയിലെ ആശാഭവനിലേക്കത്തെി. ഊളമ്പാറ ഭ്രാന്താശുപത്രിയിലെ ചികിത്സ കഴിഞ്ഞ് ഏറ്റെടുക്കാനാളില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ 199ല്‍ സര്‍ക്കാര്‍ തുടങ്ങിയ സ്ഥാപനമാണ് പൂജപ്പുരയിലെ ആശാഭവന്‍. ആശാഭവനിലെ സേവനമാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ മൂര്‍ത്തീഭാവമാക്കി ഷര്‍മിളയെ വാര്‍ത്തെടുത്തത്. 50 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ ആശാഭവനില്‍ 2007ല്‍ ഷര്‍മിള സിസ്റ്റര്‍ ജോലിക്കത്തെുമ്പോള്‍ അവസ്ഥ ശോചനീയമായിരുന്നു. രണ്ടു ഡോര്‍മെറ്ററികളിലായി ഞെങ്ങിഞെരുങ്ങിയാണ് അന്തേവാസികളുടെ കിടപ്പ്. ഒരു അന്തേവാസിക്ക് അന്ന് ഒരു ദിവസത്തേക്കുള്ള ഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്നത് വെറും 15 രൂപ. മെയിന്‍റനന്‍സ് ചാര്‍ജായി വര്‍ഷത്തേക്ക് 300 രൂപയും. ഡോക്ടറുടെ സേവനംപോലും അന്തേവാസികള്‍ക്ക് ലഭിച്ചിരുന്നില്ല. ത്വഗ്രോഗങ്ങളുള്‍പ്പെടെ ഗുരുതരാവസ്ഥയിലായിരുന്നു അവര്‍. മനോരോഗികള്‍ക്ക് ആവശ്യാര്‍ഥമുള്ള മരുന്നുകള്‍പോലും സുലഭമല്ല. പക്ഷേ, ഈ അവസ്ഥകള്‍ക്കുള്ള മരുന്ന് ഷര്‍മിള സിസ്റ്റര്‍ കണ്ടത്തെി. അവര്‍ അക്ഷീണം രാപ്പകലില്ലാതെ പണിയെടുത്തു. ഇല്ലായ്മകളില്‍നിന്ന് രോഗികള്‍ക്കും അന്തേവാസികള്‍ക്കും വേണ്ടുന്നതെല്ലാം അവര്‍ സര്‍ക്കാറിലും വ്യക്തികളിലും സന്നദ്ധ സംഘടനകളില്‍നിന്നുമൊക്കെയായി ശേഖരിച്ചു. സ്വന്തം ശമ്പളംപോലും എന്തിന് ഭര്‍ത്താവില്‍നിന്നും പോരാത്തതിന് കടം വാങ്ങിയും രോഗികള്‍ക്ക് വേണ്ടുന്നതെല്ലാം നല്‍കി.
തെരുവില്‍ അലഞ്ഞുനടന്ന് പൊലീസ് പിടികൂടി ആശാഭവനിലത്തെിച്ച 27 സ്ത്രീകളെയാണ് ഷര്‍മിളയുടെ പരിശ്രമത്തിലൂടെ സ്വദേശത്തും അന്യ ദേശത്തുമുള്ള ബന്ധുക്കളുടെ അടുത്തത്തെിക്കാന്‍ കഴിഞ്ഞത്. ട്യൂമര്‍ബാധിച്ച് നിറഗര്‍ഭിണിയെപ്പോലെ മനോനില തെറ്റി ആശാഭവനിലത്തെിയ സ്ത്രീയെയും ജീവിതത്തിലേക്ക് ഷര്‍മിള സിസ്റ്റര്‍ മടക്കിയത്തെിച്ചു. ആശാഭവനിലെ അന്തേവാസികള്‍ക്ക് മതിയായ ഭക്ഷണം, വസ്ത്രം, കിടക്ക, മരുന്ന്, ടി.വി എന്നിവ നേടിയെടുത്ത് നല്‍കാന്‍ ഷര്‍മിള സിസ്റ്റര്‍ വലിയ ശ്രമം നടത്തി. ആശാഭവനിലെ കാഴ്ചശക്തി നഷ്ടപ്പെട്ട ഗ്രേസി, ചെല്ലമ്മ വൃദ്ധകള്‍ക്ക് കാഴ്ചശക്തി വീണ്ടെടുത്തു നല്‍കാന്‍ ഷര്‍മിള ചില്ലറയല്ല പണിയെടുത്തത്. മഹാരാഷ്ട്രയിലേക്ക് ബന്ധുക്കള്‍ക്കൊപ്പം ആശാഭവനില്‍നിന്ന് മടക്കിയയച്ച മായാ ഭാരതിയുടെയും അവരുടെ രണ്ടര വയസ്സുകാരി മകള്‍ സഞ്ജന (കിരണ്‍) എന്നിവരുടെ ജീവിതം വീണ്ടെടുത്തുനല്‍കാനും ഷര്‍മിള നടത്തിയ പോരാട്ടം നിസ്സീമമാണ്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് ഷര്‍മിളയുടെ സേവനം 2012 മുതല്‍ ലഭിക്കാന്‍ ഭാഗ്യമുണ്ടായത്. ആശുപത്രിയില്‍നിന്ന് കിട്ടാത്ത മരുന്നുകള്‍ വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് സിസ്റ്റര്‍ അത് വാങ്ങിക്കൊടുക്കും. രോഗികള്‍ക്ക് അത്യന്താപേക്ഷിതമായ ചെറിയചെറിയ ഉപകാരങ്ങള്‍ ഉള്‍പ്പെടെ പലതും അവര്‍ പലരുടെയും പങ്കാളിത്തത്തോടെ വാങ്ങിനല്‍കും. ചെലവുകൂടുതലുള്ള രോഗങ്ങള്‍ക്ക് ചികിത്സകര്‍ക്ക് അവരുടെ നിസ്സഹായാവസ്ഥയില്‍ ആളും അര്‍ഥവുമായത്തെി സാന്ത്വനിപ്പിക്കുന്നതിനും ഷര്‍മിളയുണ്ട്. പക്ഷേ, ഇതൊന്നും സഹപ്രവര്‍ത്തകര്‍പോലും അറിയാറില്ല.
ജോലി കഴിഞ്ഞാല്‍ അനേകരെ ശുശ്രൂഷിക്കാന്‍ ഷര്‍മിളയുടെ ഇരുചക്രവാഹനം കടന്നുചെല്ലുന്ന വഴികളും വീടുകളും മറ്റാര്‍ക്കുമറിയില്ല. അതെല്ലാം അറിയുന്ന ഒരേയൊരാള്‍ മാത്രം. ഭര്‍ത്താവ് സാജന്‍ ചെട്ടിയാര്‍. രാത്രി ഏറെച്ചെന്നാല്‍ സാജന്‍ ചെട്ടിയാര്‍ ഷര്‍മിള നില്‍ക്കുന്നിടത്തത്തെും. പിന്നെ ഇരുവരുമൊന്നിച്ച് വീട്ടിലേക്ക്.
ജനറല്‍ ആശുപത്രിയിലെ ആരോരും തിരിഞ്ഞുനോക്കാനില്ലാത്ത ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്കും വീടുകളില്‍ അന്നം കിട്ടാതെ അനാഥരെപ്പോലെ കിടക്കുന്നവര്‍ക്കും ഷര്‍മിള അന്നദാതാവാണ്. വിശന്നുപൊരിയുന്ന വയറുകള്‍ക്കും വേദനകൊണ്ട് പുളയുന്ന രോഗികള്‍ക്കും അവര്‍ അടുത്ത ബന്ധുവാണ്.
ആതുരശുശ്രൂഷാരംഗത്തെ ഷര്‍മിളയുടെ സേവനം വിലയിരുത്തി 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ അവരെ ആദരിച്ചിരുന്നു.
പിന്നാലെ2013ലെ മികച്ച നഴ്സ് പുരസ്കാരവും സാമൂഹികക്ഷേമവകുപ്പ് നല്‍കി. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച നഴ്സ് പുരസ്കാരം ഫ്ളോറന്‍സ് നൈറ്റിങ്ഗേല്‍ അംഗീകാരവും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.