Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഉഴുതുണ്ണുന്നവനെ...

ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം...

text_fields
bookmark_border
ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം...
cancel

ഡിസംബറിലെ ഒരു പ്രഭാതം. ക്ഷണിക്കപ്പെട്ടവര്‍ ആ വീട്ടുമുറ്റത്തെ മരത്തണലില്‍ ഒത്തുകൂടി. അവിടെയൊരു വിവാഹം നടക്കാനുള്ള ഒരുക്കമാണ്. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മുണ്ടും നേര്യതും ഉടുത്ത് നവവധു വന്നു. മെയ്യിലെവിടെയും ഒരു തരി പൊന്നില്ല, പകരം മണ്‍നിര്‍മിതമായ ടെറാക്കോട്ട ആഭരണങ്ങള്‍. അതിഥികളെ അദ്ഭുതപ്പെടുത്താന്‍ പിന്നെയും ഉണ്ടായി കാരണങ്ങള്‍. വിവാഹച്ചടങ്ങുകളുമില്ല. ഒരു തുളസി മാലയെങ്കിലും വധൂവരന്മാര്‍ പരസ്പരം അണിയിക്കണമെന്ന് വധുവിന്‍െറ അമ്മ തങ്കമണി ടീച്ചര്‍ ശാഠ്യം പിടിച്ചെങ്കിലും അതും വ്യര്‍ഥമായി. പകരം, ഒരു വൃക്ഷത്തൈ നട്ടുകൊണ്ട് ആലപ്പുഴ ഹരിപ്പാട് ദേശക്കാരി വാണിയും കണ്ണൂര്‍ കണ്ണപുരം ദേശക്കാരന്‍ വിജിത്തും ജീവിത പങ്കാളികളായി. സുഹൃത്തുക്കളും ഉപഹാരമായി വൃക്ഷത്തൈകള്‍ കൈമാറി. അനന്തരം മംഗളകര്‍മത്തില്‍ പങ്കെടുത്ത അറുനൂറോളം പേര്‍ക്ക് സദ്യ. അതിനുമുണ്ടായിരുന്നു പ്രത്യേകത. വിവാഹത്തിന് നാലുമാസം മുമ്പ് വാണിയും വിജിത്തും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് വാണിയുടെ അഞ്ചര ഏക്കര്‍ പറമ്പില്‍ ‘ഉമ’ നെല്‍വിത്തു വിതച്ചിരുന്നു. ഈ സൗഹൃദകൂട്ടായ്മതന്നെ നെല്ല് കൊയ്തെടുത്ത് മെതിച്ച് പുഴുങ്ങിക്കുത്തി അരിയാക്കി ആ അരിയുടെ ചോറാണ് വിവാഹസദ്യക്കു വിളമ്പിയത്.

അച്ഛന്‍െറ സിനിമാ കൊട്ടകയോ നഗരമധ്യത്തിലെ കടമുറികളോ അവിടെയുള്ള ഒരേക്കര്‍ ഭൂമിയോ ഒന്നും വാണി ആഗ്രഹിച്ചിട്ടില്ല. സ്വത്തിന്‍െറ നൂലാമാലകളെക്കുറിച്ച് ചിന്തിച്ച് സമയംകളയാന്‍ വാണിക്കും വിത്ത് എന്ന് വിളിപ്പേരുള്ള വിജിത്തിനും സമയം എവിടെ? ഇവര്‍ കൃഷിയുടെ ലഹരിയിലാണ്. ഭ്രൂണത്തെ പോലും ഹനിക്കുന്ന രാസകൃഷിയല്ല, ജൈവകൃഷിയുടെ കൊടിക്കൂറയാണ് ഇവരുടെ അഞ്ചര ഏക്കറില്‍ പാറുന്നത്. കോടീശ്വരനായ അച്ഛന്‍ മകളെ ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, മകളുടെ വഴി വേറിട്ടതായിരുന്നു. കാര്‍ഷിക സര്‍വകലാശാലയില്‍ ചേര്‍ന്ന് ബിരുദമെടുത്തു. ഉപരിപഠനത്തിന് പോണ്ടിച്ചേരിയിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നു. തലശ്ശേരിയിലെ എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദം സമ്പാദിച്ച മറ്റൊരു യുവാവും ഇതേസമയം പരിസ്ഥിതിശാസ്ത്രം പഠിക്കാന്‍ പോണ്ടിച്ചേരിയിലെ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെത്തി. അതേക്കുറിച്ച് വാണി പറയുന്നു: ‘പരിസ്ഥിതി സൗഹാര്‍ദമായ ഒരന്തരീക്ഷമായിരുന്നു കോളജില്‍ നിലനിന്നിരുന്നത്.

തണല്‍ വൃക്ഷങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന ശാന്തമായ കോളജ് കാമ്പസ്. മിക്ക അധ്യാപകരും വിദ്യാര്‍ഥികളും സൈക്കിളിലാണ് കോളജിലത്തെുന്നത്. ചില പരിസ്ഥിതി കൂട്ടായ്മകളിലൊക്ക പങ്കെടുക്കുമ്പോള്‍ വിജിത്ത് എന്ന ‘വിത്തി’ന്‍െറ നിലപാടുകളോട് എനിക്ക് ആദരവു തോന്നിയിരുന്നു. ഒരിക്കല്‍ വിത്തിനോട് ഞാനൊരു ഞാവല്‍ മരത്തിന്‍െറ തൈ ചോദിച്ചു. ഒന്നിനുപകരം 100 ഞാവല്‍ മരത്തിന്‍െറ തൈകള്‍ വിജിത്ത് എനിക്കു വെച്ചുനീട്ടി. ഒരു പൂ ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നതുപോലെ...

അച്ഛന്‍ അസുഖ ബാധിതനായതോടെ പോണ്ടിച്ചേരിയിലെ പഠനം ഉപേക്ഷിച്ചു. ഇതിനിടയില്‍ വിജിത്തിന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലികിട്ടിയിരുന്നു. വാണിക്കാകട്ടെ കാസര്‍കോട് ചേരിപ്പാടിയില്‍ വിദര്‍ഭ പാക്കേജിലുള്ള നീര്‍മറി പ്രോജക്ടിലാണ് ജോലികിട്ടിയത്. ഇരുവരും തങ്ങളുടെ ജോലി വലിച്ചെറിഞ്ഞ് പച്ചമണ്ണിലേക്കിറങ്ങി.

ഇന്ന് അഞ്ചര ഏക്കര്‍ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്. തരിശിടാതെ എന്തിന്, സൂചികുത്താന്‍ ഇടമില്ലാതെ ഓരോ ഇഞ്ച് സ്ഥലവും ഉപയോഗപ്പെടുത്തിയിരിക്കുന്നു. തൊടിയില്‍ 1500നു മേല്‍ വാഴ തഴച്ചുവളരുന്നു. അതില്‍ കൂമ്പില്ലാകണ്ണന്‍, കുന്നന്‍, നേന്ത്രന്‍, ഞാലിപ്പൂവന്‍, സുന്ദരി, പടറ്റി, കണ്ണന്‍, ചാരക്കാളി, റോബസ്റ്റ... വീട്ടിലെ ത്തുന്ന അതിഥികള്‍ ജൈവരീതിയില്‍ കൃഷിചെയ്ത വാഴയുടെ പഴം കഴിക്കാന്‍ നിര്‍ബന്ധിതരാണ്. സവാള പോലുള്ള ചില പച്ചക്കറികള്‍ മാത്രമേ ഇവര്‍ പുറത്തുനിന്ന് വാങ്ങാറുള്ളൂ. ഇഞ്ചി, മഞ്ഞള്‍, പച്ചമുളക്, ചേന, വെള്ളരി, മത്തന്‍, കുമ്പളം, വഴുതന, തക്കാളി, ചുരക്ക തുടങ്ങി എത്രയോ പച്ചക്കറികള്‍ ഇവിടെ കൃഷിചെയ്യുന്നു.

അന്യംനിന്നു പോകുന്ന നാട്ടുമാവുകളെക്കുറിച്ച് വേവലാതി വേണ്ട. തേന്മാവ്, പുളിമാവ്, ചപ്പിക്കുടിയന്‍, തൊലികയ്പ്പന്‍, മൂവാണ്ടന്‍, പാണ്ടി, ചുനമാവ്, കുരുടി, കണ്ണപുരം മാവ്, ചകിരി തുടങ്ങി 20 ഇനം നാട്ടുമാവുകളെങ്കിലും ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഒട്ടേറെ വൃക്ഷങ്ങള്‍ അപൂര്‍വ ഇനങ്ങള്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. കരിങ്ങോട്ട, കരിമരുത്, കുളമാവ്, പേരാല്‍, വാതം കൊല്ലി, കൂവളം, ആര്യവേപ്പ്, നാഗലിംഗം, പ്ളാശ്, ചെറുപുന്ന, ചെന്തുരുണി, അമ്പഴം, ഇലഞ്ഞി, അശോകം, നെല്ലി, അഗത്തി, അങ്കോലം, ദന്തപ്പാല, വെള്ളകില്‍... ഈറയും ലാത്തിയും കല്ലന്‍മുളയും ആനമുളയും മുള്ളുമുളയുമടക്കം 18 ഇനം മുളവര്‍ഗങ്ങള്‍ മൂന്നു കുളങ്ങള്‍ക്കുചുറ്റും മണ്ണടരുകളെ വേരുകളില്‍ പൊതിഞ്ഞു വളരുന്നു. കൊക്കിക്കൊക്കിയും കൊത്തിപ്പെറുക്കിയും അമ്പതില്‍ കുറയാതെ നാടന്‍കോഴികള്‍, ടര്‍ക്കി കോഴികള്‍ രണ്ടു ഡസനോളം വേറെ. കുളക്കരയില്‍ വിശ്രമിക്കുന്ന താറാക്കൂട്ടം, ഏഴു ആടുകള്‍ -അതിലൊന്ന് ഈയിടെ പ്രസവിച്ചിട്ടേയുള്ളൂ.

മൂന്നു കാസര്‍കോടന്‍ കുള്ളന്‍ പശുക്കള്‍, ഇണയായി അത്രതന്നെ കാളകളും. ഈയിടെ ഒരു കാളക്കുട്ടിയെ കഴുത്തില്‍ ആഴത്തിലേറ്റ മുറിവുമായി ഹരിപ്പാട് സമഭാവന സാംസ്കാരിക സമിതിയുടെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍ വാണിയെ ഏല്‍പിച്ചു. വാണി അതിന്‍െറ കഴുത്തില്‍ മഞ്ഞളുവെച്ചുകെട്ടി മുറിവു കരിച്ചു. അവന്‍ ഇപ്പോള്‍ ഉഷാറായി തീറ്റയെടുക്കുന്നു. എട്ടുപത്തു തെരുവുനായ്ക്കളെയും ഇവര്‍ സംരക്ഷിക്കുന്നു. സെക്രട്ടേറിയറ്റ് പടിക്കലെ ആദിവാസികളുടെ നില്‍പുസമരത്തിന് തങ്ങളുടെ വിഭവങ്ങള്‍ ഉപയോഗിച്ച് സ്വയം പാകപ്പെടുത്തിയ ആഹാരം സ്വന്തം വാഹനത്തില്‍ ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിക്കൊടുത്തതിനെപ്പറ്റി ചോദിച്ചപ്പോ ‘ഇതൊന്നും എഴുതരുത്. ഞങ്ങള്‍ വിഭവങ്ങള്‍ പങ്കുവെക്കുന്നു അത്രേയുള്ളൂ’വെന്നായിരുന്നു മറുപടി. പല പരിസ്ഥിതികൂട്ടായ്മകളിലും ഇവര്‍ ആഹാരം പാകംചെയ്ത് എത്തിക്കാറുള്ള കാര്യം സുഹൃത്തുക്കള്‍ക്ക് അറിയാവുന്നതാണ്.

‘ഭൂമിക 2014’ എന്നപേരില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളജില്‍ പരിസ്ഥിതി പ്രവര്‍ത്തകരും കോളജ് വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നപ്പോള്‍ സമഭാവന സാംസ്കാരിക സമിതി പ്രവര്‍ത്തകരുടെ സഹായത്തോടെ 300 പേര്‍ക്കുള്ള ഭക്ഷണമാണ് പാലക്കുളങ്ങര മഠത്തില്‍ നിന്ന് ഇവര്‍ ഒരുക്കിക്കൊണ്ടുവന്നത്. രണ്ട് വലിയ ബയോഗ്യാസ് പ്ളാന്‍റുകള്‍ ഇവിടെയുണ്ട്. സോളാര്‍ പാനലുള്ളതുകൊണ്ട് കറന്‍റ് ബില്‍ 50 രൂപയില്‍താഴെയാണ്.

സ്കൂള്‍ മാഷായ വിജിത്തിന്‍െറ അച്ഛനും കുടുംബാംഗങ്ങളും കാര്‍ഷികവൃത്തിയെ ഇഷ്ടപ്പെടുന്നു. കണ്ണൂരിലെ കണ്ണപുരത്ത് ഒന്നര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് ഇവര്‍ നെല്‍കൃഷി ചെയ്യുന്നുണ്ട്. കൊയ്ത്തും മെതിയുമെല്ലാം കൂലികൊടുത്തല്ല, ദേശാടന പക്ഷികളെപ്പോലെ സുഹൃത്തുക്കള്‍ പറന്നത്തെുന്നു. പിന്നെ നാടന്‍പാട്ടുകളും ആര്‍പ്പു വിളികളും പായാരങ്ങളുമായി ഒരു കൊയ്ത്തു സീസണ്‍. വിജിത്തിന്‍െറയും വാണിയുടെയും ഇടക്കിടെയുള്ള കണ്ണൂര്‍ യാത്രതന്നെ ഒരു കാഴ്ചയാണ്. നിറയെ പച്ചക്കറികളും വാഴക്കുലകളും ചേനയും കാച്ചിലുമെല്ലാമായി ഒരു നാടന്‍യാത്ര. അരിയും കരിമ്പും തേനും മറ്റു വിഭവങ്ങളുമായി തിരികെ ഇങ്ങോട്ടും.

‘ഞാന്‍ സ്ത്രീ’യിലും താരം
‘മീഡിയവണ്‍’ ചാനലിലെ ‘ഞാന്‍ സ്ത്രീ’ എന്ന പരിപാടിയുടെ ആശയം ബാബു ഭരദ്വാജിന്‍െറതായിരുന്നു. മുസ്ഫിറ എന്ന സഹപാഠിയായിരുന്നു വാണിയെ ഈ പരിപാടിയില്‍ പങ്കെടുക്കാനായി പ്രേരിപ്പിച്ചത്. 15 മത്സരാര്‍ഥികള്‍, അവരുടെ പ്രതിഭ വിവിധ ഘട്ടങ്ങളിലായി മറ്റുരക്കപ്പെട്ടു. ‘ഞാന്‍ സ്ത്രീ’യായി തെരഞ്ഞെടുക്കപ്പെട്ട വാണിക്ക് ഒന്നാം സമ്മാനമായി 10 ലക്ഷം രൂപ ലഭിച്ചു. ഈ തുക അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമായ തീരദേശ മേഖലയിലെ, ആദിവാസി മേഖലയിലെ, ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂളുകളുടെ വികസനത്തിനായി വിനിയോഗിച്ചു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story