ദൈവദശകത്തിന് നൃത്ത ഭാഷ്യവുമായി
text_fieldsവിഖ്യാത ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ കൃതി, എം. മുകുന്ദന്‍െറ മയ്യഴിപ്പുഴയുടെ തീരങ്ങള്‍, പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍ തുടങ്ങിയവക്ക് നൃത്തഭാഷ്യമൊരുക്കി ശ്രദ്ധേയയായ ലിസി മുരളീധരന്‍ പുതിയ പരീക്ഷണവുമായെത്തുന്നു.
ശ്രീനാരായണ ഗുരുദേവന്‍െറ പ്രാര്‍ഥനാ ഗീതമായ ദൈവദശകത്തിന് നൃത്ത ഭാഷ്യമൊരുക്കുകയെന്ന പരീക്ഷണത്തിലാണവര്‍. ദൈവദശകമെന്ന കൃതിയുടെ അന്തസ്സത്തയും ചൈതന്യവും ചോര്‍ന്നു പോകാതെ വര്‍ത്തമാന സംഭവങ്ങളും കൂടി കോര്‍ത്തിണക്കി തികച്ചും ലളിതമായ ശൈലിയില്‍ രംഗത്ത് അവതരിപ്പിക്കുകയാണ് ഉദേശ്യം. ശിവഗിരി മഠത്തിലെ അന്തേവാസികള്‍ക്കായി ഗുരുദേവന്‍ രചിച്ച പ്രാര്‍ഥനാ ഗീതമെന്ന നിലയില്‍ പ്രചാരം നേടിയ ദൈവദശകത്തിന്‍െറ അകംപൊരുള്‍ പുതുതലമുറയിലെത്തിക്കാനുള്ള എളിയ ദൗത്യമെന്ന നിലയിലാണ് കൃതി നൃത്ത രൂപത്തിലാക്കുന്നതെന്ന് ലിസി പറഞ്ഞു. ദൈവദശകത്തിന്‍െറ ശതാബ്ദിയുടെ ഭാഗമായാണിത്. ലിസിയുടെ നേതൃത്വത്തില്‍ പത്തോളം കലാകാരികളും അരങ്ങിലെത്തുന്നുണ്ട്.
കാലാതിവര്‍ത്തിയായ ഈ കൃതി നൃത്ത രൂപത്തിലാക്കുന്നതിനായി നിരവധി ഗുരുക്കന്മാരെയും അധ്യാപകരെയും ഇവര്‍ സമീപിച്ചിരുന്നു. ഇവരില്‍ നിന്നെല്ലാം ലഭിച്ച പ്രചോദനമാണ് ഇത്തരമൊരു നൃത്തരൂപ സാക്ഷാത്കാരത്തിന് തനിക്ക് പ്രേരണയായതെന്നും ലിസി ഓര്‍ക്കുന്നു. ഒമ്പതു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ദൈവദശകം അരങ്ങിലെത്തിക്കുകയെന്നത് ഇവര്‍ക്ക് സ്വപ്ന സാഫല്യമാണ്. സാഹിത്യവും ചരിത്രവും നൃത്തത്തിലേക്ക് സന്നിവേശിപ്പിച്ച് ശാസ്ത്രീയ നൃത്തത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്ന ലിസി വടകരയിലെ നാട്യ കലാക്ഷേത്രം ഡയറക്ടറാണ്.
പ്രപഞ്ചോല്‍പത്തിയും പ്രകൃതി സംരക്ഷണവും അടിസ്ഥാനമാക്കി ലിസി രചനയും സംവിധാനവും നിര്‍വഹിച്ച ‘പ്രപഞ്ചം’ എന്ന നൃത്ത സംഗീത പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.