വീട്ടിലെ വിപ്ലവം
text_fields‘സഖാവ് കൃഷ്ണപിള്ളയുടെ മരണശേഷം ഒരുദിവസം സന്ധ്യാ നേരത്ത് അദ്ദേഹത്തിന്‍െറ ഭാര്യ തങ്കമ്മച്ചേച്ചി വീട്ടിലെ ത്തി. കൈയില്‍ ചെറിയൊരു തുണിക്കെട്ടുണ്ട്. ‘ഇത് ഇവിടെ സൂക്ഷിക്കണം മോളേ...മടങ്ങി വന്നാല്‍ ഞാന്‍ എടുത്തോളാം’. ഇരുളിലേക്ക് ഇറങ്ങിപ്പോയ തങ്കമ്മച്ചേച്ചി മടങ്ങിവന്നത് നാളുകള്‍ക്കു ശേഷമാണ്. വിറക്കുന്ന കൈകളോടെ ആ തുണിക്കെട്ട് തിരികെ വാങ്ങി. പോകാനൊരുങ്ങിയ അവര്‍ തിരികെ വന്ന് എന്നെ ചേര്‍ത്തു പിടിച്ച് തേങ്ങി, ആ കെട്ടഴിച്ച് കാണിച്ചു. പി. കൃഷ്ണപിള്ളയുടെ ഡയറി, പേന, കണ്ണട, താടിവടിച്ചിരുന്ന കത്തി, മറ്റെന്തെല്ലാമോ ചെറിയ സാധനങ്ങള്‍. ‘ഇതാണ് മോളേ ബാക്കിയുള്ളത് ഓര്‍മിക്കാനും സൂക്ഷിക്കാനും’.
മഷി പടര്‍ന്ന സഖാവ് കൃഷ്ണപിള്ളയുടെ കുറിപ്പ്... ഒന്നോ രണ്ടോ വരികള്‍ ബോധത്തില്‍ നിന്ന് അബോധത്തിലേക്ക് പോകുന്നതാകാം. ‘എന്‍െറ കണ്ണുകള്‍ ഇരുളടയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം... എല്ലാ സഖാക്കള്‍ക്കും അവസാനമായി ലാല്‍ സലാം. സഖാക്കളേ മുന്നോട്ട്...’ ആ എഴുത്തിന് മരണമുഖത്തും തളരാത്ത വിപ്ളവകാരിയുടെ മനസ്സായിരുന്നു’-ഇതു പറയുന്നത് സി.കെ. ഓമനയെന്ന മറ്റൊരു കമ്യൂണിസ്റ്റ്.
പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ചേലാട്ട് മാധവന്‍െറ മകള്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും രണ്ടു തവണ നിയമസഭാ സാമാജികനുമായിരുന്ന സി.കെ. വിശ്വനാഥന്‍െറ സഹധര്‍മിണി, സി.പി.ഐ ദേശീയ സമിതി അംഗവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്‍െറ മാതാവ്. ഇങ്ങനെയൊക്കെയാണ് വൈക്കം ചേലക്കാട്ട് കൗസല്യ ഓമനയെന്ന പഴയ കമ്യൂണിസ്റ്റ് വിപ്ളവകാരി അറിയപ്പെടുന്നത്. കുടുംബ ജീവിതവും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് അവര്‍ തെളിയിച്ചു. സി.കെ എന്ന രാഷ്ട്രീയ വന്മരത്തിന് തണലായി പാര്‍ട്ടിയോടൊപ്പം ഒരു നിഴലായി എന്നും സി.കെ. ഓമനയുണ്ടായിരുന്നു. എറണാകുളം കലൂരിലെ വസതിയില്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പം വിശ്രമജീവിതം നയിക്കുന്ന സി.കെ. ഓമനയെന്ന 79കാരി ജീവിച്ചുതീര്‍ത്ത കാലങ്ങളിലേക്കും ഓര്‍മകളിലേക്കും.
വിപ്ലവത്തണലില്‍
‘കൃഷ്ണപിള്ളയുടേത് ഒരു പ്രത്യേക വാത്സല്യമായിരുന്നു. മിടുക്കിയായി, കമ്യൂണിസ്റ്റുകാരിയായി വളരണമെന്ന് ചേര്‍ത്തുപിടിച്ച് പറയും. അതൊക്കെ സ്നേഹ നിര്‍ഭരമായ ഓര്‍മയുടെ കാലമാണ്. എന്‍െറ ബാല്യവും കൗമാരവും യൗവനവുമെല്ലാം പാര്‍ട്ടി ജീവിതത്തിലൂടെയായിരുന്നു’. ഓര്‍മകള്‍... പഴയമുഖങ്ങള്‍ ഒക്കെ മനസ്സിലേക്ക് കയറിവന്നപ്പോള്‍ അവര്‍ ഒരു നിമിഷം കണ്ണടച്ചു. വിറക്കുന്ന കൈകളോടെ കണ്ണട എടുത്തുമാറ്റി. ആ കണ്ണുകളില്‍ ഇളകിമറിയുന്ന ഇന്നലെകള്‍.
1948ലെ തെരഞ്ഞെടുപ്പ് കാലം, കവലപ്രസംഗങ്ങളും സ്ക്വാഡ് പ്രവര്‍ത്തനവുമായി വീടുവീടാന്തരം കയറിയിറങ്ങും പാര്‍ട്ടി പ്രവര്‍ത്തകര്‍. പി. കൃഷ്ണപിള്ളയുടെ ഭാര്യ തങ്കമ്മ കൃഷ്ണപിള്ളയുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ 13കാരിയെ എല്ലാവരും ശ്രദ്ധിച്ചു. എഴുതി തയാറാക്കിയ പ്രസംഗങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയില്‍ അവതരിപ്പിച്ചിരുന്ന സി.കെ. ഓമന വൈക്കം ദേശത്തിന്‍െറ തീപ്പൊരിയായത് ഞൊടിയിടയിലായിരുന്നു. 13 വയസ്സുകാരിയുടെ പ്രസംഗം കേള്‍ക്കാന്‍ വൈക്കം മുതല്‍ ആലപ്പുഴ വരെ ആളുകള്‍ കാത്തുനിന്നു.
വൈക്കത്തെയും ആലപ്പുഴയിലെയും സ്ത്രീജനങ്ങളെ സംഘടിപ്പിച്ച് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ചെറുതും വലുതുമായ നിരവധി പ്രക്ഷോഭ സമരങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പോരാടിയ സി.കെ. ഓമന രണ്ടു തവണ അറസ്റ്റ് വരിച്ചു. കണിച്ചുകുളങ്ങര സമരത്തിനിടിയിലും പിന്നീട് തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിയെ നിരോധിച്ചപ്പോഴും. പ്രായത്തിന്‍െറ ആനുകൂല്യത്താല്‍ അധികകാലം അകത്തു കിടക്കേണ്ടി വന്നില്ല. പിന്നീട് പങ്കെടുത്ത സമരങ്ങളില്‍ എടുത്തു പറയാവുന്നത് എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന അമരാവതി സമരമാണ്. അന്നും അറസ്റ്റുണ്ടായെങ്കിലും എ.കെ.ജി നിരാഹാരം അവസാനിപ്പിച്ചതോടെ കേസ് അവസാനിച്ചു.
കമ്യൂണിസ്റ്റാക്കിയ ‘വെള്ളപ്പാറ്റ’
ഒരു കമ്യൂണിസ്റ്റ് വിരോധിയുടെ മകളായി ജനിച്ച ഓമന കമ്യൂണിസ്റ്റാവുന്നത് ഒരു നിയോഗം മാത്രമായിരുന്നു. രാഷ്ട്രീയത്തില്‍ അച്ഛന്‍െറ എതിരാളിയായിരുന്ന പൊടിമീശക്കാരന്‍ യുവാവിനെക്കുറിച്ച് കേട്ടത് അച്ഛനില്‍ നിന്നുതന്നെയായിരുന്നു. ‘ഇത്തിരിപോന്ന വെള്ളപ്പാറ്റപോലുള്ള പയ്യന്‍ ഞങ്ങളെ വിമര്‍ശിക്കാന്‍ മാത്രം വളര്‍ന്നോ... ? ശത്രു പക്ഷത്താണെങ്കിലും ആ പയ്യന് പ്രസംഗിക്കാനൊക്കെ അറിയാം’. അച്ഛന്‍െറ ആ വാക്കുകള്‍ സി.കെ. വിശ്വനാഥനെന്ന കമ്യൂണിസ്റ്റുകാരനെ കാണാനുള്ള തന്‍െറ ആഗ്രഹം വര്‍ധിപ്പിച്ചു. സ്കൂള്‍ പഠനകാലത്തുതന്നെ വിശ്വനാഥന്‍െറ പ്രസംഗം കേള്‍ക്കുകയും പരിചയക്കാരാകുകയും ചെയ്തു.
ആ അടുപ്പം പ്രയോജനപ്പെടുത്തി ഇരുട്ടിവെളുക്കുന്ന നേരം മതിയായിരുന്നു വിശ്വനാഥന് തങ്ങളുടെ കുടുംബത്തിലേക്ക് കമ്യൂണിസ്റ്റ് വിത്ത് വിതറാന്‍. 1948ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കമ്യൂണിസ്റ്റുകാരാവുന്നത്. ഓമനയുടെ അച്ഛന്‍ തൊടുപുഴ എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റായിരിക്കെ കുറച്ചുകാലം വീട്ടില്‍നിന്ന് വിട്ട് തൊടുപുഴയിലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ ഭാര്യയും മക്കളുമെല്ലാം കമ്യൂണിസ്റ്റുകാരായ വിവരമാണറിഞ്ഞത്. ഒരു കുടുംബ ലഹളയാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു ശാസനയോടെ അവസാനിച്ചു. ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീട് അച്ഛനും കമ്യൂണിസ്റ്റ് സഹയാത്രികനായി മാറുകയായിരുന്നു.
കൊട്ടകേ കല്യാണം
1951ല്‍ ആലപ്പുഴ എസ്.ഡി കോളജില്‍ ഇന്‍റര്‍ മീഡിയറ്റിന് ചേര്‍ന്നു. സുശീല ഗോപാലന്‍, വാഴൂര്‍ എം.എല്‍.എ ആയിരുന്ന പുരുഷോത്തമന്‍ പിള്ള തുടങ്ങിയവര്‍ ഒരേകാലത്താണ് കോളജില്‍ ചേര്‍ന്നത്. കോളജില്‍ വരുന്നതിനുമുമ്പേ ഓമന വരുന്നുവെന്ന് മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ സ്വീകരിക്കാന്‍ തയാറെടുത്തു. വിദ്യാര്‍ഥി യൂനിയന്‍െറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ തന്നെ 52ലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മിക്ക വാര്‍ഡുകളിലും പ്രസംഗിക്കാന്‍ പോകുമായിരുന്നു. പാര്‍ട്ടി പ്രസംഗവേദിയില്‍ സി.കെ. ഓമന തന്നെയായിരുന്നു ആലപ്പുഴയിലെ വജ്രായുധം.
ആ തെരഞ്ഞെടുപ്പില്‍ വൈക്കത്തു നിന്ന് വിജയിച്ച് സി.കെ. വിശ്വനാഥന്‍ ആദ്യമായി എം.എല്‍.എ ആയി. ആലപ്പുഴയിലായതിനാല്‍ വൈക്കത്തെ പ്രചാരണങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഇക്കാലയളവില്‍ തന്നെ വിശ്വനാഥന്‍ ഓമനയുമായി ഇഷ്ടത്തിലാണെന്ന് സഖാക്കളുടെ ഇടയില്‍ സംസാരമുണ്ടായി. പാര്‍ട്ടിയിലെ കരുത്തുറ്റ സ്ത്രീ ശബ്ദമായിരുന്ന ഗൗരിയമ്മ വിശ്വനാഥനുമായി സംസാരിച്ച് അത് ഒരു വിവാഹത്തിലെ ത്തിച്ചു. 1953ല്‍ എം.എല്‍.എ ആയിരിക്കെ തന്നെയായിരുന്നു വിവാഹം.
‘കൊട്ടകേ കല്യാണം വേണ്ടേ വേണ്ടാ...മാഞ്ചോട്ടില്‍ കല്യാണം വേണ്ടേ വേണ്ടാ...’ അക്കാലത്ത് ഇവരുടെയും എം.എന്‍. ഗോവിന്ദന്‍ നായരുടെയും വിവാഹം പാര്‍ട്ടി ശത്രുക്കള്‍ പ്രചാരണായുധമാക്കി. ‘ഞങ്ങളുടേത് കൊട്ടകേയിലും എം. എന്നിന്‍െറ മാഞ്ചോട്ടിലുമായിരുന്നു ^സി.കെ. ഓമന പറയുന്നു.
‘വിവാഹത്തിന് നിമിത്തമായത് ഗൗരിയമ്മ തന്നെയായിരുന്നു. ഒരുതരം നിഷ്കളങ്ക സ്നേഹമായിരുന്നു ഗൗരിയമ്മയുടേത്. ജീവിതത്തിന്‍െറ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സുഹൃദ്ബന്ധത്തിന് വലിയ വിലകല്‍പിച്ചിരുന്നു അവര്‍. ഒരു അനിയത്തിയും സുഹൃത്തുമെന്ന രീതിയിലായിരുന്നു എന്നോടുള്ള അടുപ്പം. ടി.വി. തോമസുമായുള്ള വിവാഹബന്ധം പിരിഞ്ഞതും അവരെ എത്രമാത്രം ഗൗരിയമ്മ സ്നേഹിച്ചിരുന്നെന്നുമെല്ലാം എനിക്കറിയാം. പാര്‍ട്ടി വേദിയില്‍ ശൗര്യ പ്രകടനങ്ങള്‍ക്കൊടുവില്‍ ഒറ്റക്കിരുന്ന് പൊട്ടിക്കരയുമായിരുന്നു. ഇന്നും ഒരു ദു:സ്വപ്നം പോലെയാണ് ആ അകല്‍ച്ചയെ അവര്‍ കാണുന്നത്.’
തിരശ്ശീലക്കു പിന്നിലേക്ക്
വിവാഹശേഷവും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്നു. 1963ലാണ് ഓമനക്ക് എല്‍.ഐ.സി ഡെവലപ്മെന്‍റ് ഓഫിസറായി ജോലി ലഭിക്കുന്നത്. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായിരിക്കുന്ന കാലത്ത് ജോലി ഉപേക്ഷിക്കാന്‍ തയാറായില്ല. ജോലിസ്ഥലത്ത് രാഷ്ട്രീയത്തിന് പൂര്‍ണ വിലക്കായിരുന്നു. ചില സഖാക്കള്‍ പാര്‍ട്ടിയില്‍ തുടരണമെന്നും ജോലിക്കു പോകരുതെന്നും ഉപദേശിച്ചെങ്കിലും ബഹുഭൂരിപക്ഷവും ജോലിചെയ്യാനാണ് നിര്‍ദേശിച്ചത്. ഒടുവില്‍ സി. അച്യുതമേനോന്‍െറ നിര്‍ബന്ധത്തിനു വഴങ്ങി ജോലിക്കു പോകാന്‍ തീരുമാനിച്ചു. ജോലി തന്‍െറ രാഷ്ട്രീയഭാവി തകര്‍ത്തുവെന്ന നിരാശയൊന്നുമില്ലായിരുന്നു ഓമനക്ക്. ജീവിതത്തില്‍ ദാരിദ്ര്യമില്ലാത്ത നല്ലകാലം തന്നത് എല്‍.ഐ.സി തന്നെയായിരുന്നു. മക്കളെയും കുടുംബത്തെയും പട്ടിണിയില്ലാതെ പോറ്റാന്‍ ഈ ജോലികൊണ്ട് സാധിച്ചുവെന്നത് നേട്ടമായിതന്നെയാണ് കണക്കാക്കിയത്.
വെള്ളിവെളിച്ചത്തില്‍ ഇല്ളെങ്കിലും പിന്നാമ്പുറ രാഷ്ട്രീയത്തില്‍ താന്‍ സജീവമായി തന്നെ നിലകൊണ്ടിരുന്നു എന്ന് സി.കെ. ഓമന ഉറച്ച ശബ്ദത്തോടെ തന്നെ പറയുന്നു. ‘പിന്നീട് എം.എല്‍.എയുടെ ഭാര്യ, മന്ത്രിയുടെ അമ്മ എന്ന ലേബലിലാണ് ഞാന്‍ അറിയപ്പെട്ടത്. ഇടക്ക് എപ്പെഴോ...സി.കെ. ഓമനയായും’. ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ഓമനയുടെ കണ്ണില്‍ നിറയുന്ന നീര്‍ത്തുള്ളികള്‍ സങ്കടം കൊണ്ടെന്നു പറയാനാവില്ല, സന്തോഷമായി തന്നെ കണക്കാക്കാം.
‘അച്യുതമേനോന്‍ തങ്ങളുടെ രാഷ്ട്രീയ ഗുരുവാണ്. അച്യുതമേനോന്‍ അന്ന് നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ സജീവരാഷ്ട്രീയത്തില്‍ തുടര്‍ന്നേനെ. അദ്ദേഹത്തിന് തങ്ങളുടെ കുടുംബത്തിലെ സ്ഥാനം ജ്യേഷ്ഠ സഹോദരന്‍േറതിനു സമാനമാണ്. രാഷ്ട്രീയ പ്രവര്‍ത്തനവും തൊഴിലും ഒരുമിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞെങ്കിലേ പൊതുപ്രവര്‍ത്തകരുടെ ദൗത്യം പൂര്‍ണമാകൂവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആ ഉപദേശം സ്വീകരിച്ചത് എന്തുകൊണ്ടും ശരിയുമായിരുന്നു’.
പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യം
ആനുപാതികമായി സ്ത്രീകള്‍ക്കുവേണ്ട പ്രാതിനിധ്യം പാര്‍ട്ടിയിലുണ്ടായിട്ടില്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. എല്ലാ പാര്‍ട്ടികളെയുംപോലെ തന്നെ പുരുഷമേല്‍ക്കോയ്മ കഴിവുള്ള പലരെയും ഒതുക്കാനിടയാക്കിയിട്ടുണ്ട്. ആര്‍ക്കും നിഷേധിക്കാനാവാത്ത രീതിയില്‍ വളര്‍ന്നതുകൊണ്ടാണ് ഗൗരിയമ്മ പാര്‍ട്ടി നേതൃപദവിയിലെ ത്തിയത്. കര്‍ഷക തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍ തുടങ്ങിയ മേഖലകളിലെ യൂനിയനില്‍ പോലും ഒൗദ്യോഗിക ഭാരവാഹികളായി ആരും തന്നെയില്ല. പണ്ടുകാലത്തുണ്ടായിരുന്ന സ്ത്രീ സുരക്ഷ ഇന്ന് പാര്‍ട്ടികളില്‍ ഉണ്ടോ എന്ന് സംശയമാണ്. രാത്രിയോ പകലോ എന്നില്ലാതെ ആണും പെണ്ണും ഒരുമിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായിരുന്നു ഞങ്ങളുടെ കാലം. പൂര്‍ണ സുരക്ഷിതത്വം പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നു. നാടകംപോലുള്ള കലകള്‍ വേശ്യാവൃത്തിയോളം മോശമായിരുന്ന കാലത്താണ് കെ.പി.എസ്.സിയുടെ കടന്നുവരവ്. കലയോടുള്ള മുന്‍ധാരണകളെ മാറ്റിയെടുക്കാന്‍ കെ.പി.എസ്.സി പോലുള്ള സംഘങ്ങള്‍ക്കായി. ഇതിന്‍െറ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തനിക്കും കഴിഞ്ഞുവെന്നുള്ളത് അഭിമാനമായിതന്നെയാണ് സി.കെ. ഓമന കാണുന്നത്.
വിശ്രമജീവിതം
ഭര്‍ത്താവിന്‍െറ മരണശേഷം മക്കള്‍ക്കൊപ്പം എറണാകുളത്തു തന്നെയാണ് താമസം. പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിത്വം അടുത്ത കാലംവരെ വഹിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിലും ഇപ്പോഴും പാര്‍ട്ടിയോഗങ്ങളില്‍ കഴിവതും പങ്കെടുക്കാറുണ്ട്. സി.പി.ഐയുടെയും സി.പി.എമ്മിന്‍െറയും പല മുതിര്‍ന്ന നേതാക്കളുമായി ഇപ്പോഴും അടുപ്പം കാത്തുസൂക്ഷിക്കുന്നു. പണ്ടുകാലം മുതലേ അടുപ്പം പുലര്‍ത്തുന്ന വി.എസ്. അച്യുതാനന്ദനടക്കമുള്ളവര്‍ സുഖവിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. സി.പി.എം, സി.പി.ഐ വിവാദങ്ങള്‍ അവസാനിപ്പിക്കണം. രണ്ടും യോജിച്ച് കരുത്തുറ്റ കമ്യൂണിസ്റ്റ് പ്രസ്ഥാനമായി മാറണം എന്ന അതിയായ ആഗ്രഹം അവര്‍ മറച്ചുവെക്കുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.