Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightസ്ത്രീ ശക്തിക്ക്...

സ്ത്രീ ശക്തിക്ക് സല്യൂട്ട്

text_fields
bookmark_border
സ്ത്രീ ശക്തിക്ക് സല്യൂട്ട്
cancel

സമൂഹത്തില്‍ സ്ത്രീകളെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്നത് അവര്‍ക്ക് കഴിവുകള്‍ കുറഞ്ഞതു കൊണ്ടോ ശാരീരിക ക്ഷമതയില്ലാത്തതു കൊണ്ടോ അല്ല, മറിച്ച് സാമ്പത്തിക സ്വയംപ്രര്യാപ്തയില്ലാത്തതു കൊണ്ടാണ്. സ്ത്രീ സംരംഭകര്‍ കൂടുതലായി മുന്നോട്ടു വരാതിരിക്കുന്നതിന്‍റെ കാരണവും മൂലധനം തന്നെ. സര്‍ഗാത്മകതയെ വിപണി മൂല്യമുള്ള വസ്തുക്കളായി മാറ്റാന്‍ കഴിവുള്ള ഒരുപാട് സ്ത്രീകള്‍ നമ്മുക്ക് ചുറ്റുമുണ്ട്. നിരവധി സ്ത്രീകള്‍ സംരംഭക മേഖലയിലുണ്ടെങ്കിലും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതില്‍ പ്രയാസം നേരിടുന്നുണ്ട്. ഉത്പന്നങ്ങള്‍ക്ക് വിപണനവേദി കണ്ടെത്തുകയും സ്ത്രീകളുടെ കലാവാസന പരിപോഷിപ്പിക്കുകയുമാണ് 'സങ്കല്‍പ്' എന്ന സംഘടന ലക്ഷ്യമിടുന്നത്.

പാലക്കാട് സ്വദേശി പ്രിയ മേനോനാണ് സങ്കല്‍പിന്‍റെ സാരഥി. സ്ത്രീ സംരംഭകരെ ക്ഷണിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെ ത്താന്‍ പ്രദര്‍ശനമേളകള്‍ സംഘടിപ്പിക്കുകയാണ് 'സങ്കല്‍പ്' ചെയ്യുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള സ്ത്രീ സംരംഭകര്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ജീവകാരുണ്യ സംഘടനകളുടെ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സങ്കല്‍പ് പ്രദര്‍ശനമേളകള്‍ സംഘടിപ്പിക്കുന്നത്.

വീട്ടുജോലികള്‍ക്കിടയില്‍ അപൂര്‍വമായി കിട്ടുന്ന ഇടവേളകളില്‍ പോലും തനിക്കറിയാവുന്ന കലകള്‍ക്കായി ചലിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. വീട്ടിലിരുന്ന് ചെയ്യുന്ന പെയിന്‍റിങ്ങുകള്‍, ആഭണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഷോ പീസുകള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവക്കുള്ള വിപണന സാധ്യതയാണ് 'സങ്കല്‍പ്' നല്‍കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രദര്‍ശനമേള എന്ന രീതിയില്‍ നടത്താനേ സങ്കല്‍പിനായിട്ടുള്ളൂ. പാലക്കാടും കൊച്ചിയിലുമാണ് പ്രദര്‍ശനങ്ങള്‍ ഇതുവരെ നടത്തിയിട്ടുള്ളത്. മുഴുവനും സ്ത്രീ പങ്കാളിത്തത്തോടെ ഇങ്ങനെ ഒരു ഇവന്‍റ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ സ്ത്രീയെന്ന നിലയില്‍ അന്തോഷവും അഭിമാനവുമുണ്ട് ^പ്രിയാ മേനോന്‍ പറയുന്നു. 'സങ്കല്‍പ്' ലാഭം മുന്നില്‍ കണ്ടുള്ള മേളയല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


ജീവകാരുണ്യത്തിനായി ഒരു കൈത്തിരി
'സങ്കല്‍പ്' അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സക്കായി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ആരോഹു'മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 120ഓളം കുട്ടികളെയാണ് ആരോഹ് സംരക്ഷിച്ചു പോരുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള കുട്ടികളാണവര്‍. മാസങ്ങളോളം നീളുന്ന ചികിത്സക്കായി നല്ലൊരു തുക തന്നെ കണ്ടെത്തേണ്ടി വരുന്നു. ആശുപത്രിയില്‍ ഇവര്‍ക്ക് കൂട്ടിരിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്ക് അത്രയും തുക താങ്ങാന്‍ കഴിയാറില്ല.

ആശുപത്രി വാസത്തിനിടെ കുട്ടികളും അവരുടെ സഹായികളും നിര്‍മിക്കുന്ന ആഭരണങ്ങളും പെയിന്‍റിങ്ങുകളും മറ്റ് കരകൗശല ഉത്പന്നങ്ങളും സങ്കല്‍പ് മേളയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതിനായി ആരോഹിന് സ്റ്റാള്‍ സൗജന്യമായാണ് നല്‍കാറുള്ളത്. വിപണനമേളയില്‍ നിന്നും ലഭിക്കുന്ന തുക അവരുടെ ചികിത്സക്കായാണ് ചെലവഴിക്കുന്നത്. മാസങ്ങളോളം ആശുപത്രിയില്‍ തങ്ങുന്ന കുട്ടികളുടെയും അവരോടൊപ്പം നില്‍ക്കുന്ന അമ്മമാരുടെ മാനസികനില മെച്ചപ്പെടുത്തതിനും ഇത് സഹായിക്കുന്നു.

മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്കൂളുകളില്‍ നിന്നും മേളയില്‍ പങ്കാളിത്തമുണ്ടാകാറുണ്ട്. അവര്‍ക്കും സ്റ്റാളുകള്‍ സൗജന്യമായി നല്‍കാനും അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കുന്നതിനും പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ടെന്നും പ്രിയ പറഞ്ഞു.


സങ്കല്‍പിന്‍റെ പിറവി
പെയിന്‍റിങിലും എബ്രോയഡറിയിലും താല്‍പര്യമുണ്ടായിരുന്നു. അതിനായി സമയം കണ്ടെത്തുകയും ചെയ്യുമായിരുന്നു. താന്‍ ചെയ്ത പെയിന്‍റിങ്ങുകളും എംബ്രായഡറി വര്‍ക്കുമെല്ലാം വീടിന്‍റെ പല ചുവരുകളിലായി തൂക്കുകയോ, കൂട്ടുകാര്‍ക്ക് നല്‍കുകയോ ആണ് ചെയ്തിരുന്നത്. എന്തുകൊണ്ട് ചെറിയ പ്രദര്‍ശനം സംഘടിപ്പിച്ച് വിറ്റഴിച്ചുകൂടായെന്ന ചോദ്യം വന്നത് കൂട്ടുകാരില്‍ നിന്നാണ്. പിന്നെ കുടംബത്തിന്‍റെ പിന്തുണയോടെ, തന്‍റെ അറിവിലുള്ള കുറച്ചു സംരംഭകരെ കൂടി ചേര്‍ത്ത് ആദ്യ പ്രദര്‍ശനം നടത്തി. 2009ല്‍ പാലക്കാട് ആയിരുന്നു ആദ്യ പ്രദര്‍ശനം. വിചാരിച്ചതിലും മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്. എന്തുകൊണ്ട് ഞങ്ങളെ കൂടി ക്ഷണിച്ചില്ലെന്ന് ചോദിച്ച് നിരവധി വനിതാ സംരംഭകര്‍ ബന്ധപ്പെട്ടു. അപ്പോഴാണ് എന്തുകൊണ്ട് കുറച്ചു കൂടി വിപുലമായി മേളകള്‍ സംഘടിപ്പിച്ചു കൂടായെന്ന് തോന്നിയത്. ഇപ്പോള്‍ 40ഓളം സ്റ്റാളുകളും ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ടാകാറുണ്ട്. സ്റ്റാളുകളുടെ പരിമിതി മൂലം കേരളത്തിനു പുറത്തുള്ള പല സംരംഭകരെയും നിരാശപ്പെടുത്തേണ്ടി വരാറുണ്ട്.

ഫേസ് ബുക്കും ഓണ്‍ലൈന്‍ പോര്‍ട്ടലും വഴിയാണ് മേള അനൗണ്‍സ് ചെയ്യുന്നതും സംരംഭകരെ ക്ഷണിക്കുന്നതും. അവര്‍ അയച്ചുതരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റാള്‍ അനുവദിക്കുന്നത്. ഹാന്‍ഡ് ലൂം, ഡിസൈനര്‍ വീവേഴ്സ് എന്നിവരും മേളയിലെത്താറുണ്ട്. കുടുംബശ്രീ പോലുള്ള ജനകീയ വനിതാ കുട്ടായ്മകളെയും ക്ഷണിക്കാറുണ്ട്. ആത്മവിശ്വാസ കുറവുള്ളതു കൊണ്ടാണ് കഴിവുണ്ടായിട്ടും പല സ്ത്രീകളും മുന്നോട്ടിറങ്ങാത്തത്. ആദ്യ മേളക്ക് വന്ന പലരിലും ചെറിയ ചമ്മലൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വരുന്നത് ‘ഞങ്ങള്‍ക്ക് കഴിയുമെന്ന’ ആത്മവിശ്വാസത്തോടു കൂടിയാണ്.

ഭാവിയിലെ സങ്കല്‍പ്
സങ്കല്‍പ് ഒരു ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഡിസംബര്‍ 20, 21 തീയതികളില്‍ കൊച്ചിയില്‍ അടുത്ത പ്രദര്‍ശനം നടത്തുന്നുണ്ട്. 2015 ജനുവരിയില്‍ 'ആരോഹു'മായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി ഹ്രസ്വ ചിത്രങ്ങളുടെ മേള നടത്തണമെന്നുണ്ട്. വനിതക്കള്‍ക്കായി സ്കില്‍ ഡെവലപ്പ്മെന്‍റ് സെമിനാറുകളും ക്ളാസുകളും സംഘടിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു.

സങ്കല്‍പിന്‍റെ വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല. അവശതയുള്ളവര്‍ക്കും സമൂഹത്തില്‍ ‘അബല’ എന്ന പരിഹാസമേല്‍ക്കുന്നവര്‍ക്കും വേണ്ടി ഫലപ്രദവും സുദീര്‍ഘവുമായ സേവനങ്ങളുമായി 'സങ്കല്‍പ്' ചലിച്ചു കൊണ്ടിരിക്കയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story