നിറങ്ങള്‍ ബാക്കിയാക്കി...
text_fieldsകാന്‍വാസിനെയും നിറങ്ങളെയുമായിരുന്നു അവള്‍ പ്രണയിച്ചിരുന്നത്. മെഡിക്കല്‍ പഠനം തുടങ്ങിയതേയുള്ളൂ. അവള്‍ ഡോക്ടറായാലും നിറങ്ങളുടെ ലോകം കൂടെയുണ്ടായേനെ. നിറങ്ങളായിരുന്നു കുട്ടിക്കാലം മുതല്‍ അവളുടെ മനസ്സില്‍ നിറയെ. എന്നാല്‍, കണ്ണൂര്‍ അഴീക്കോട് തെരുവിലെ വെളിയമ്പ്ര ദിനേശന്‍െറയും പാലയാസന്‍ ശ്രീജയുടെയും മകള്‍ ചിഞ്ചുഷക്ക് അതെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഒരിക്കല്‍ വൈദ്യശാസ്ത്രം തോല്‍പിച്ച അര്‍ബുദം വീണ്ടും കടന്നെ ത്തിയത് വൈദ്യശാസ്ത്രം പഠിക്കുമ്പോഴായിരുന്നു. രോഗത്തിന് മുന്നില്‍ തളര്‍ന്ന ചിഞ്ചുഷ സ്നേഹവും നിറങ്ങളും നിറഞ്ഞ ലോകത്തു നിന്ന് പോയത് കുടുംബത്തിന്‍െറ തോരാകണ്ണീരായി.
ആറാം ക്ളാസില്‍ പഠിക്കവെയാണ് അര്‍ബുദം ആദ്യം ചിഞ്ചുഷയെ പിടികൂടിയത്. മണിപ്പാലില്‍ ഒമ്പതുമാസത്തോളം ചികിത്സയും ആശുപത്രി വാസവും. ഒരു വര്‍ഷം പഠനം മുടങ്ങി. നാടാകെ ഒറ്റമനസ്സായി കുഞ്ഞു കലാകാരിയെ രക്ഷിക്കാന്‍ കൈകോര്‍ത്തതോടെ രോഗം ഒന്നുപകച്ചു. രോഗം കുഞ്ഞുശരീരത്തില്‍ സൃഷ്ടിച്ച വേദന വരകള്‍കൊണ്ടും നിറങ്ങളെ കൂട്ടുപിടിച്ചും അവള്‍ തോല്‍പിച്ചു. ചെറുപ്രായത്തിലെ ഇച്ഛാശക്തിയും ചിഞ്ചുഷക്ക് തുണയായി.
വളരെ ചെറുപ്പത്തില്‍ തന്നെ കലയുടെയും നിറങ്ങളുടെയും ലോകത്ത് ചിഞ്ചുഷ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഒന്നാം ക്ളാസില്‍ ചേര്‍ക്കും മുമ്പ് മാതാപിതാക്കള്‍ നൃത്തത്തിനാണ് ചിഞ്ചുഷയെ ചേര്‍ത്തത്. രണ്ടാം തരത്തില്‍ എത്തിയതോടെയാണ് ചിത്രം വരക്കാന്‍ തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ആയിരത്തിലേറെ മത്സരങ്ങളിലെ ജേത്രിയായി. 2010ല്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓയില്‍ പെയിന്‍റിങ്ങില്‍ ഒന്നാം സ്ഥാനം ചിഞ്ചുഷക്കായിരുന്നു. 2009ല്‍ ഓയില്‍ പെയിന്‍റിങ്ങിലും ഫാബ്രിക് പെയിന്‍റിങ്ങിലും എ ഗ്രേഡ് നേടി. നൃത്തം, കഥാപ്രസംഗം, മോണോആക്ട് എന്നിവയിലും കായിക മത്സരങ്ങളിലും നൂറുകണക്കിന് സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. പഠനത്തിലും മിടുക്കിയായിരുന്നു ചിഞ്ചുഷ. മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയാണ് എസ്.എസ്.എല്‍.സി പാസായത്.
പ്ളസ് ടുവിനാകട്ടെ 1200ല്‍ 1200 മാര്‍ക്കും നേടി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉള്ള പ്രതീക്ഷ വാനോളമുയര്‍ത്തി. എന്‍ജിനീയര്‍ ആകണമെന്നായിരുന്നു ചിഞ്ചുഷയുടെ മോഹം. എന്നാല്‍, ബന്ധുക്കളും നാട്ടുകാരും ആഗ്രഹിച്ചത് ഈ മിടുക്കിയെ ഡോക്ടറാക്കാനായിരുന്നു. ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആതുരസേവന വഴി തെരഞ്ഞെടുത്തത്. പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനം സൗജന്യമായി പരിശീലനവും നല്‍കി. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി മെറിറ്റിലാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. ഒരുമാസം മുമ്പാണ് ചിഞ്ചുഷക്ക് ക്ഷീണം വന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദത്തിന്‍െറ തിരിച്ചുവരവ് കണ്ടെത്തിയത്.
തുടര്‍ന്ന് യാത്ര കുട്ടിക്കാലത്ത് ചികിത്സ നല്‍കിയ മണിപ്പാലിലെ ആശുപത്രിയിലേക്ക്. ഒരു മാസത്തോളം നീണ്ട ചികിത്സക്കിടെ കഴിഞ്ഞ മാസം രോഗം ചിഞ്ചുഷയെ പൂര്‍ണമായും കീഴ്പ്പെടുത്തുകയായിരുന്നു. വൈദ്യശാസ്ത്ര പഠനത്തിനിടയിലും വീട്ടില്‍ വരച്ചുസൂക്ഷിച്ച ചിത്രങ്ങളില്‍ കുറച്ചെണ്ണമെങ്കിലും ഫ്രയിം ചെയ്ത് ഒരു ചിത്രപ്രദര്‍ശനം നടത്തണമെന്ന ആഗ്രഹം ചിഞ്ചുഷ മനസ്സില്‍ സൂക്ഷിച്ചിരുന്നു. ആ ആഗ്രഹം ബാക്കിയാക്കിയാണ് പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് ഈ കൊച്ചുകലാകാരി ജീവിതത്തില്‍ നിന്ന് അകന്നുപോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.