Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകാണാം, സൂനാമി...

കാണാം, സൂനാമി തുടച്ചുനീക്കിയ അപൂര്‍വ സസ്യങ്ങള്‍

text_fields
bookmark_border
കാണാം, സൂനാമി തുടച്ചുനീക്കിയ അപൂര്‍വ സസ്യങ്ങള്‍
cancel

വര്‍ഗവൈവിധ്യം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സസ്യോദ്യാനമാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ. 5000 സ്പീഷിസുകളിലായി 50,000ല്‍ അധികമാണ് ഇവിടത്തെ സസ്യസമ്പത്തെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ലത പറയുന്നു.

2004ലെ സൂനാമി ഏറ്റവുമധികം നാശം വിതച്ച ഇന്ത്യന്‍ പ്രദേശങ്ങളിലൊന്നാണ് അന്തമാന്‍ നികോബാര്‍ ദ്വീപ് സമൂഹം. ചില ദ്വീപുകളില്‍ നിന്ന് മനുഷ്യര്‍ക്കൊപ്പം സസ്യ ജന്തുജാലങ്ങളെയും കടല്‍ കവര്‍ന്നെടുത്തു. മരണമുഖത്തു നിന്ന് രക്ഷപ്പെട്ടവര്‍ ദുരന്തത്തിന്‍െറ അടയാളങ്ങളെ മായ്ച്ച് ജീവിതത്തിന്‍െറ പൂര്‍വ പരിസരത്തേക്ക് പിച്ചവെച്ചു. രാക്ഷസതിരമാലകള്‍ ബാക്കിവെച്ച വേരുകളില്‍ നിന്നും മണ്ണില്‍ പുതഞ്ഞ വിത്തുകളില്‍ നിന്നും പുതിയ ചെടികള്‍ മുളപൊട്ടി വളര്‍ന്നെങ്കിലും ദ്വീപ് സമൂഹത്തിലെ അനുകൂല അന്തരീക്ഷത്തില്‍ മാത്രം നിലനിന്നിരുന്ന ചില സസ്യങ്ങള്‍ പക്ഷേ, വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടിരുന്നു.

സൂനാമിയിലൂടെ വംശഹത്യ സംഭവിച്ച അത്തരം ചെടികളില്‍ ചിലതിനെ ഇന്ന് ഒരേയൊരിടത്തേ കണ്ടെത്താന്‍ കഴിയൂ; തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍. ഇവിടത്തെ ശാസ്ത്രജ്ഞര്‍ അവയെ സംരക്ഷിച്ചില്ലായിരുന്നെങ്കില്‍ എന്നെന്നേക്കുമായി ആ സസ്യജാലം ലോകത്തിന് അന്യമാകുമായിരുന്നു. ഗാര്‍ഡനിലൊരുക്കിയ അന്തമാന്‍ പ്ളോട്ടില്‍ വളര്‍ന്നുവരുന്ന 150 ഇനങ്ങളിലാണ് വംശമറ്റുഎന്നു കരുതപ്പെടുന്ന ചില സസ്യങ്ങളും ഉള്‍പ്പെടുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂനാമി ദുരന്തത്തിന് മുമ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ദ്വീപ് സമൂഹത്തില്‍ നിന്ന് ശേഖരിച്ചവയാണ് പ്ളോട്ടിലെ സസ്യങ്ങളെല്ലാം.

സസ്യോദ്യാനപ്പെരുമ
തിരുവനന്തപുരം^തെങ്കാശി റോഡില്‍ പാലോട് ചിപ്പന്‍ചിറയ്ക്കടുത്ത് വന മേഖലയോടുചേര്‍ന്ന് 300 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ജവഹര്‍ലാല്‍ നെഹ്റു സസ്യോദ്യാനം. വര്‍ഗവൈവിധ്യം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സസ്യോദ്യാനമാണ് ജെ.എന്‍.ടി.ബി.ജി.ആര്‍.ഐ. 5000 സ്പീഷിസുകളിലായി 50,000 ത്തിലധികമാണ് ഇവിടത്തെ സസ്യസമ്പത്തെന്ന് ഡയറക്ടര്‍ ഡോ. പി.ജി. ലത പറയുന്നു. പ്രവര്‍ത്തനം തുടങ്ങി മൂന്നര പതിറ്റാണ്ട് തികയുംമുമ്പാണ് വൈവിധ്യസംരക്ഷണത്തില്‍ മികച്ച നേട്ടവുമായി ഗാര്‍ഡന്‍ മുന്നേറിയത്. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് പോലും ആര്‍ജിക്കാനാവാത്തതാണ് ഈ നേട്ടം.

ഡോ. എ. എബ്രഹാം, എ.എന്‍. നമ്പൂതിരി, ബാലകൃഷ്ണന്‍ നായര്‍, പുഷ്പാംഗദന്‍ തുടങ്ങി നിരവധിപേരുടെ നേതൃത്വത്തിന്‍ കീഴില്‍ ശാസ്ത്രജ്ഞരും ജീവനക്കാരും നടത്തിയ കൂട്ടായ പരിശ്രമത്തിന്‍െറ ഫലമാണ് ഇപ്പോഴത്തെ ഗാര്‍ഡന്‍. ഈ ശ്രേണിയില്‍ ഒടുവിലത്തെ ആളാണ് ഡോ. പി.ജി. ലത. ഇന്ത്യയിലെ ബൊട്ടാണിക് ഗാര്‍ഡനുകളില്‍ ഡയറക്ടര്‍ സ്ഥാനത്തെത്തിയ ഏക വനിതയും ഇവര്‍ തന്നെ. നിലനില്‍പ് ഭീഷണി നേരിടുന്ന സസ്യവര്‍ഗങ്ങളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമിട്ട് 1979ല്‍ സംസ്ഥാന സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ തുടങ്ങിയതാണ് ഇന്‍സ്റ്റിറ്റ്യൂട്ടും ബൊട്ടാണിക് ഗാര്‍ഡനും. പശ്ചിമഘട്ട മലനിരകളില്‍നിന്ന് വേരറ്റു തുടങ്ങിയ ഒട്ടനവധി ചെടികളുടെ വ്യാപനത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനകം വഴി തുറന്നു. ഏറ്റവുമൊടുവില്‍ അഗസ്ത്യാര്‍കൂടം മലനിരകളില്‍നിന്ന് കണ്ടെത്തിയ ലേഡീസ് സ്ളിപ്പര്‍ (paphio pedileum)എന്ന ഓര്‍ക്കിഡിന്‍െറ വിപണനവും ഗാര്‍ഡനില്‍ ആരംഭിച്ചു കഴിഞ്ഞു. വംശനാശ ഭീഷണിയുള്ളത്, അപൂര്‍വം എന്നിങ്ങനെ വര്‍ഗീകരിച്ച് സസ്യങ്ങളെ പരിരക്ഷിക്കുന്ന ആര്‍.ഇ.ടി. പാര്‍ക്കാണ് (Rare, Endemic, Threatened)മറ്റൊരു പ്രത്യേകത. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ധനസഹായത്തോടെ ആരംഭിച്ച പാര്‍ക്കില്‍ 100 സ്പീഷിസുകളിലായി 250 സസ്യവര്‍ഗങ്ങളുണ്ട്.

പുല്ലുവര്‍ഗത്തിലെ ഭീമാകാരനായ മുളകളെക്കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം ‘ബാംബൂസ്^അറ്റ്. ടി.ബി.ജി.ആര്‍.ഐ’ ഏറെ ശ്രദ്ധേയമാണ്. 70 വ്യത്യസ്ത ഇനങ്ങളാണ് ഗാര്‍ഡനിലെ വിശാലമായ മുളങ്കാടിനെ സമ്പന്നമാക്കുന്നത്. കുരുമുളകിന്‍െറ 50 ഇനങ്ങളും 350 തരം ഓര്‍ക്കിഡുകളും ഇവിടെയുണ്ട്. ഒൗഷധ സസ്യങ്ങളുടെ എണ്ണം 1168 സ്പീഷിസിലേക്ക് എത്തിക്കഴിഞ്ഞു. ജല സസ്യങ്ങളും ഫലവൃക്ഷങ്ങളും പന്നല്‍ചെടികളും ഇരപിടിയന്‍ സസ്യങ്ങളും ഗാര്‍ഡനെ സമൃദ്ധമാക്കുന്നു.

ഒരുലക്ഷം വാഴത്തൈകള്‍
സ്ത്രീ ശാക്തീകരണത്തിനുതകുന്ന വിവിധ പരിശീലന പരിപാടികള്‍ ഗാര്‍ഡനില്‍ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനായി ഒരു ലക്ഷത്തോളം ടിഷ്യൂ കള്‍ച്ചര്‍ വാഴകളാണ് ഇവിടെ ഒരുങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് അഞ്ചു ദിവസത്തെ സൗജന്യ പ്രവേശമനുവദിച്ച 2011ലെ ഓപണ്‍ഹൗസ് പ്രോഗ്രാമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്യവൈവിധ്യങ്ങള്‍ കാണാനും പഠിക്കാനുമായി 35,000 ഓളം പേര്‍ അന്ന് ഗാര്‍ഡനിലെത്തി. ഇതിന്‍െറ പുതിയ പതിപ്പിനുള്ള തയാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ശാസ്ത്രജ്ഞന്മാരുടെ കീഴല്‍ സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന 17 വിദ്യാര്‍ഥികളുണ്ട്.

ഏതു വീക്ഷണകോണിലും നിരാശപ്പെടുത്താത്തവിധം പൂര്‍ണതയുണ്ട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്. പ്ളാന്‍റ് മ്യൂസിയവും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. ഓര്‍ക്കിഡുകള്‍ നോക്കി കൊതികൂടുന്നവര്‍ക്ക് വിലകൊടുത്ത് വാങ്ങാനുള്ള നഴ്സറിയും ഒരുക്കിയിട്ടുണ്ട്. ഒരു സസ്യ വര്‍ഗം ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമ്പോള്‍ അതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ജീവികുലം എന്നെന്നേക്കുമായി മുടിഞ്ഞുപോകാം. അതിന്‍െറ വേരുകള്‍ മണ്ണിന്‍െറ സ്വാഭാവികതക്കു നല്‍കുന്ന ഘടകങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ഏതു സസ്യവര്‍ഗം നശിച്ചാലും അത് ജീവകുലത്തിന്‍െറ നിലനില്‍പ്പിനെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമെന്ന തിരിച്ചറിവാണ് ബൊട്ടാണിക് ഗാര്‍ഡന്‍െറ സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം.

സസ്യങ്ങള്‍ തേടി മലകയറ്റം
ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ യാത്രകളിലൂടെയാണ് ഗാര്‍ഡനിലേക്ക് പുതിയ സസ്യ വര്‍ഗങ്ങളെത്തുന്നത്.പശ്ചിമഘട്ട മലനിരകളാണ് ഇവരുടെ പ്രധാന ഗവേഷണ പ്രദേശം. മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വരെ ഇതു നീളാറുണ്ട്. മുന്‍ ഡയറക്ടര്‍ ഡോ. പുഷ്പാംഗദന്‍െറ നേതൃത്വത്തില്‍ അഗസ്ത്യാര്‍കൂട മലനിരയിലേക്ക് നടത്തിയ അത്തരമൊരു യാത്രയിലാണ് ആരോഗ്യപച്ചയെന്ന കാട്ടുചെടിയുടെ ഒൗഷധമൂല്യം പഠനവിധേയമാക്കാനുതകുന്ന സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ആദിവാസി ഗൈഡുകള്‍ ഇടയ്ക്കിടെ ഇറുത്ത് ചവക്കുന്ന ഇലയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വിവരമന്വേഷിച്ചു.

ക്ഷീണമകറ്റാന്‍ ഇലയുടെ നീര് അത്യുത്തമമാണെന്ന് ഗൈഡുമാര്‍ വിവരം നല്‍കിയതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെടിയെ പഠനവിധേയമാക്കുകയായിരുന്നു. ആരോഗ്യം പ്രധാനം ചെയ്യാനും കാന്‍സര്‍, കരള്‍രോഗമടക്കമുള്ളവയെ പ്രതിരോധിക്കാനും ആരോഗ്യപച്ചയെന്ന ഒൗഷധച്ചെടിക്ക് ശേഷിയുണ്ടെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തി. 1995ല്‍ ‘ജീവനി’ എന്ന ലേഹ്യത്തിന്‍െറ നിര്‍മിതിക്കും ഇതു വഴിയൊരുക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സാങ്കേതിക സഹായത്തോടെ ഒരു സ്വകാര്യ ആയൂര്‍വേദ മരുന്നു നിര്‍മാണ സ്ഥാപനമാണ് ഇത് വിപണിയിലിറക്കിയത്. ആരോഗ്യപ്പച്ചയുടെ ദൗര്‍ലഭ്യം മൂലം ഏതാനും വര്‍ഷങ്ങളായി ജീവനിയുടെ നിര്‍മാണം നിലച്ചിരിക്കുകയാണ്.

വനത്തിന്‍െറ സ്വാഭാവികതയില്‍ നന്നായി വളരുന്ന ആരോഗ്യപ്പച്ചയെ കൃഷിയിലൂടെ വളര്‍ത്തിയെടുക്കാനുള്ള നീക്കം പരാജയമായി. വനം വകുപ്പുമായിചേര്‍ന്ന് ആദിവാസികള്‍ക്കുകൂടി വരുമാനം ലഭിക്കത്തക്കവിധം സ്വാഭാവിക പ്രകൃതിയില്‍തന്നെ ഇതിനെ വ്യാപിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. വനം വകുപ്പിന്‍െറ ആവശ്യപ്രകാരം കാടുകളില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മരമഞ്ഞളിന്‍െറ തൈകള്‍ ഗാര്‍ഡന്‍ തയാറാക്കി നല്‍കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story