Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് വെടിപ്പാക്കാന്‍ ഒരു പ്രസിഡന്‍റ്

text_fields
bookmark_border
പഞ്ചായത്ത് വെടിപ്പാക്കാന്‍ ഒരു പ്രസിഡന്‍റ്
cancel

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന് കസേരയിലിരിക്കാന്‍ അധികം നേരം കിട്ടാറില്ല. ഇവരെന്താ ഒരു ജോലിയുമില്ലാതെ ഇങ്ങനെ കറങ്ങിനടക്കുന്നത് എന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. ജനങ്ങളെ ബാധിക്കുന്ന ചെറിയ കാര്യങ്ങള്‍ മുതല്‍ ഗുരുതര പ്രശ്നങ്ങള്‍ വരെ പരിഹരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് പ്രസിഡന്‍റ്. സൈനബ ചാലില്‍ എന്ന ഈ നാട്ടിന്‍പുറത്തുകാരിക്ക് രാഷ്ട്രീയ എതിരാളികളെ നിലംപരിശാക്കുന്ന വാക്ചാതുരിയോ ഉന്നത വിദ്യാഭ്യാസമോ ഇല്ല. മുസ്ലിംലീഗുകാരിയായ ഇവര്‍ക്ക് രാഷ്ട്രീയത്തില്‍ ദീര്‍ഘകാല പാരമ്പര്യവുമില്ല.

എന്നാല്‍, മറ്റു പലര്‍ക്കും അവകാശപ്പെടാനില്ലാത്ത ജന പിന്തുണയാണ് ഇവരുടെ പിന്‍ബലം. ഒരു സര്‍ക്കാര്‍ ഓഫിസിലെ സാധാരണ തൂപ്പുകാരിക്കും പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ കസേര നന്നായി ഇണങ്ങുമെന്ന് ഇവര്‍ തെളിയിക്കുന്നു. തന്നെയുമല്ല അഴിമതിയില്ലാതെ, ജാടകളില്ലാതെ എങ്ങനെ പഞ്ചായത്ത് ഭരണം കൈയാളാം എന്നും സൈനബത്താ കാട്ടിത്തരുന്നു. ഏതു രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരായാലും ഒരാവശ്യത്തിന് വന്നാല്‍ നിയമം അനുവദിക്കുന്നതാണെങ്കില്‍ പ്രസിഡന്‍റ് അത് നടത്തിക്കൊടുത്തിരിക്കും. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിനും മതിപ്പുമാത്രം.

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസുമായുള്ള തന്‍െറ ബന്ധത്തെക്കുറിച്ച് സൈനബത്തായുടെ വാക്കുകള്‍ ഇങ്ങനെ: ‘1977ല്‍ 125 രൂപ ശമ്പളത്തില്‍ തൂപ്പുകാരിയായി ജോലിയില്‍ കയറിയതാ. 36 വര്‍ഷത്തിലധികമായി പഞ്ചായത്തുമായുള്ള ബന്ധം തുടങ്ങിയിട്ട്. പലപല സ്ഥലങ്ങളില്‍ ജോലി ചെയ്തെങ്കിലും സര്‍വീസില്‍ ഏറ്റവും കാലം ജോലി ചെയ്തത് ഇവിടത്തെന്നെ. അതുകൊണ്ടു തന്നെ ഈ പഞ്ചായത്ത് ഓഫിസും ഇവിടത്തെ ജനങ്ങളും എനിക്ക് വീട്ടുകാരെപ്പോലെയാണ്.’ കൊടിയത്തൂര്‍ പഞ്ചായത്തിലെ ഓരോ വ്യക്തിയെയും പ്രസിഡന്‍റിന് പരിചയമുണ്ട്. തന്‍െറ പഴയ ജോലിയാണതിന് കാരണമെന്ന് അവര്‍ വിനയത്തോടെ പറയുന്നു. അതുകൊണ്ടു തന്നെയാണ് പരിചയപ്പെടുത്തലിന്‍െറ ഉപചാര വാക്കുകളില്ലാതെ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും. സഹപ്രവര്‍ത്തകര്‍ തനിക്ക് നല്‍കുന്ന പിന്തുണയെ സൈനബത്ത നന്ദിയോടെ ഓര്‍ക്കുന്നു.

വികസനകാര്യത്തില്‍ പ്രതിപക്ഷത്തിന്‍െറ സഹകരണത്തെക്കുറിച്ചും അവര്‍ വാചാലയാകുന്നു. ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നിരവധി നേട്ടങ്ങളാണ് ഇവര്‍ പഞ്ചായത്തില്‍ കൊണ്ടുവന്നത്. രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പങ്കെടുക്കാത്ത സൈനബത്താ അതിനുപകരമായി മണല്‍മാഫിയകളോടും പ്രകൃതി ചൂഷകരോടും നിലക്കാത്ത കലഹത്തിലാണ്. പഞ്ചായത്തിലെ അങ്കണവാടികളില്‍ ഏതാണ്ടെല്ലാത്തിനും സ്വന്തം കെട്ടിടമായി. മൂന്ന് എല്‍.പി സ്കൂളുകള്‍ ഡിജിറ്റലൈസ് ചെയ്തു. പഞ്ചായത്തിലെ എല്‍.പി സ്കൂളിന് സ്വന്തം സ്ഥലവും സൗകര്യങ്ങളുമൊരുക്കി.

ഈ വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ പഞ്ചായത്ത് ഭരണസമിതി നടത്തിയ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ജനങ്ങളെ വികസന കാര്യങ്ങളില്‍ ഒരുമിച്ചു മുന്നോട്ടു നയിക്കുകയാണെങ്കില്‍ പ്രതിസന്ധികളെ മറികടക്കാനാവുമെന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ ഈ പഴയ തൂപ്പുകാരി.

നിരവധി പേര്‍ വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ദിവസവും വീട്ടിലെത്താറുണ്ട്. താന്‍ തൂപ്പുകാരിയായി ജോലി ചെയ്ത അതേ പഞ്ചായത്തിലെ പ്രസിഡന്‍റ് പദവിയിലെത്തിയത് ദൈവാനുഗ്രഹമല്ലാതെ മറ്റൊന്നുമല്ളെന്ന് ഉറപ്പിച്ചുപറയുന്നു ഇവര്‍. പിന്നിട്ട വഴികളെ സൗകര്യപൂര്‍വം പലരും മറക്കുമ്പോള്‍ തന്‍െറ പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നത് പഴയ ലാവണമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു സൈനബത്ത.

ഭരണകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഈ പഞ്ചായത്ത് പ്രസിഡന്‍റ്. സ്ത്രീധന സമ്പ്രദായത്തെ നിരുത്സാഹപ്പെടുത്താന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ചും വേണ്ടി വന്നാല്‍ അത്തരം കല്യാണങ്ങളില്‍ പങ്കെടുക്കാതിരിക്കണമെന്നുമാണ് ഇവര്‍ പറയുന്നത്. തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബം നല്‍കുന്ന പിന്തുണയെ ഏറെ വില മതിക്കുന്ന ഇവര്‍ അവര്‍ക്കൊപ്പം അധികസമയം ചെലവഴിക്കാന്‍ പറ്റാത്തതിന്‍െറ വിഷമത്തിലാണിപ്പോള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story