Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമരണക്കളി

മരണക്കളി

text_fields
bookmark_border
മരണക്കളി
cancel

തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ ഒരു സര്‍ക്കസ് കൂടാരം. മരണക്കിണറില്‍ അതിവേഗം വൃത്തത്തിലോടുന്ന ബൈക്കിന്‍െറ ആക്സില്‍ പൊട്ടി. നിലത്തേക്ക് തെറിച്ചു വീണ് ബൈക്കോടിച്ചിരുന്ന യുവതി ശ്വാസംകിട്ടാതെ പിടഞ്ഞു. ഒപ്പമുള്ളവര്‍ ഓടിക്കൂടി, ഉടന്‍ ആശുപത്രിയിലേക്ക്. മരണമോ ജീവിതമോ എന്നറിയാതെ നൂല്‍പാലത്തിലൂടെയുള്ള യാത്രയായിരുന്നു ആശുപത്രിവാസം. കുട്ടികള്‍ നാട്ടില്‍ ചേച്ചിയോടൊപ്പം നിന്ന് പഠിക്കുകയാണന്ന്. ഭര്‍ത്താവാണ് കൂടെയുള്ളത്. വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് സഹോദരങ്ങള്‍ വന്നു. 20 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. തലക്കേറ്റ ക്ഷതംമൂലം പല്ലുകള്‍ മൊത്തം കൊഴിഞ്ഞു. കമ്പി വെച്ചുകെട്ടിയാണ് പല്ലുകള്‍ ഉറപ്പിച്ചു നിര്‍ത്തിയത്. 40 ദിവസത്തോളം ദ്രവരൂപത്തിലുള്ള ആഹാരത്തിലൂടെ ജീവന്‍ നിലനിര്‍ത്തി. സ്ട്രോ വെക്കാനുള്ള സ്ഥലം ഒഴികെ വായില്‍ ബാക്കിയെല്ലായിടത്തും കമ്പി കൊണ്ടു ബലമാക്കിയിരുന്നു. അതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സക്കു ശേഷമാണ് എല്ലാം നേരെയായത്.

ഈ ദുരിതകാലത്തിനു ശേഷം വേറൊരു ജോലിയും അറിയാത്തതിനാല്‍ വൈകാതെ അവര്‍ സര്‍ക്കസ് ജോലിക്കു തന്നെ കയറി. അപകടം വന്നെ ന്നുവെച്ച് പേടിച്ചു മാറിനില്‍ക്കാന്‍ ഒരു സര്‍ക്കസ് കലകാരിക്കും ആവില്ല. അതാണ് തമ്പിലെ ജീവിതം പഠിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ മക്കളുടെ പഠിപ്പ്, വീട് എല്ലാം സ്വപ്നമായി അവശേഷിക്കും. പിന്നെയും പേടിപ്പിക്കുന്ന മരണക്കിണറിലേക്ക്, അതായത്, ജീവിതത്തിന്‍െറ ദുരിതക്കയങ്ങളിലേക്ക് എടുത്തു ചാടുകയായിരുന്നു കണ്ണൂര്‍ ജില്ലയിലെ ധര്‍മടം സ്വദേശിയായ പ്രേമ. കേരളത്തില്‍ മരണക്കിണര്‍ അഭ്യാസം ആദ്യമായി അവതരിപ്പിച്ച മലയാളി വനിതയാണ് പ്രേമ.

ഒരിക്കല്‍ തമ്പിലകപ്പെട്ടവരുടെ ജീവിതം പിന്നെ ആരോഗ്യം തകര്‍ന്ന് വിരമിക്കുവോളം അവിടത്തെന്നെ. പിന്നെയും വര്‍ഷങ്ങളോളം തമ്പില്‍ വിസ്മയകരമായ അഭ്യാസ പ്രകടനങ്ങളിലൂടെ അവരുടെ ജീവിതം നീങ്ങി. ‘വിശക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിക്കിടന്ന കാലമുണ്ടായിരുന്നു. മുകളിലാകാശവും താഴെ ഭൂമിയും. വയറ്റില്‍ വിശപ്പിന്‍െറ കടലും. തളര്‍ന്നുറങ്ങുന്ന സഹോദരിയുടെ അരികില്‍ നക്ഷത്രങ്ങളെ നോക്കി കിടക്കുകയല്ലാതെ മറ്റെന്തു വഴി? നോവുപെയ്യുന്ന കുട്ടിക്കാലം. ഇന്ന് തളരുമ്പോള്‍ താങ്ങാന്‍ മക്കളുണ്ട്. ചുരുണ്ടുകൂടാന്‍ ചെറിയൊരു വീടുണ്ട്. എല്ലാം തന്നത് സര്‍ക്കസ് ഒന്നു മാത്രം. ഞങ്ങള്‍ അഞ്ചു മക്കള്‍. ചേട്ടന്‍, രണ്ടു ചേച്ചിമാര്‍, ഞാന്‍, പിന്നെ അനിയത്തിയും. അമ്മ മരിക്കുമ്പോള്‍ അനിയത്തിക്ക് ഒമ്പതു മാസം പ്രായം. എനിക്ക് നാലു വയസ്സ്’- അവര്‍ ഓര്‍മയുടെ താളുകള്‍ പതിയെ മറിച്ചിട്ടു.

തമ്പിലേക്ക്

11ാമത്തെ വയസ്സില്‍ കുഞ്ഞനുജത്തിക്കൊപ്പമായിരുന്നു സര്‍ക്കസിലെത്തിയത്. തലശ്ശേരിക്കടുത്ത് തിരുവങ്ങൂരിലെ ‘സാഗര്‍ സര്‍ക്കസ്’ എന്ന കമ്പനിയിലായിരുന്നു തുടക്കം. പുതിയ കുട്ടികളെ പഠിപ്പിക്കാന്‍ ഉസ്താദുമാര്‍ ഉണ്ടാകും. ആണുങ്ങള്‍ മാത്രം ഉണ്ടായിരുന്ന മേഖലയിലേക്ക് പതുക്കെ പതുക്കെ പെണ്ണുങ്ങളും വന്നു തുടങ്ങിയ കാലം. പ്രേമയുള്‍പ്പെടെ 11 പെണ്‍കുട്ടികള്‍ ഒരുമിച്ചാണ് സാഗറിലേക്ക് പോയത്. ആദ്യമായി സര്‍ക്കസ് കൂടാരത്തിലെത്തിയപ്പോള്‍ കൗതുകമായിരുന്നു. അദ്ഭുതലോകത്തെ ആലീസിനെപ്പോലെ ആദ്യദിനം എല്ലായിടവും നടന്നുകണ്ടു. ഫ്ളയിങ് ട്രപീസ് ആണ് ആദ്യം പഠിച്ചത്. ഒരു വര്‍ഷത്തോളം നിരന്തര പരിശീലനം. അതിനുശേഷം സൈക്കിള്‍ അഭ്യാസവും സ്റ്റാന്‍ഡിങ് വയറും മോട്ടോര്‍ സൈക്കിള്‍ ഗ്ളോബും ബൈക്ക് ജംപിങ്ങും പഠിച്ചു. സാഹസിക ഐറ്റങ്ങള്‍ വലിയ ഇഷ്ടമായിരുന്നു.

അഞ്ചു കൊല്ലത്തെ കരാറിലാണ് കമ്പനിയില്‍ ചേര്‍ന്നത്. അത്രയും കാലം ശമ്പളമൊന്നും കിട്ടില്ല. താമസവും ചികിത്സയും വസ്ത്രവും ഭക്ഷണവുമെല്ലാം കമ്പനി നോക്കിക്കൊള്ളും. കളിക്കിടെ പരിക്കേറ്റാല്‍ ചികിത്സിക്കും. ചിലപ്പോഴൊക്കെ കളി മതിയാക്കി പോകാനൊക്കെ തോന്നും. പക്ഷേ, എവിടെപ്പോകാന്‍? ചെല്ലുമ്പോള്‍ കാത്തിരിക്കാന്‍ അച്ഛനുമമ്മയുമില്ല, സ്വന്തമായി വീടില്ല. സര്‍ക്കസ് തമ്പിലെ മക്കളുടെ അഭ്യാസം കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു അച്ഛന്‍. എന്നാല്‍, അതിനുമുമ്പേ അദ്ദേഹം മരിച്ചു. മുതിര്‍ന്നപ്പോള്‍ മുതലാളിയോട് ശമ്പളം ആവശ്യപ്പെടാനുള്ള ധൈര്യമായി. 150 രൂപയായിരുന്നു ആദ്യ ശമ്പളം. ഒരു മാസത്തെ ശമ്പളം നാലു ഗഡുക്കളായാണ് ലഭിക്കുക. പിരിയുന്ന കാലത്ത് ശമ്പളം 3000 രൂപയായി. ശമ്പളത്തിന്‍െറ പകുതി മാറ്റിനി ഷോക്ക് കിട്ടും. ഒരു മണിമുതല്‍ ഏഴുവരെ മൂന്നു ഷോ ഉണ്ടാകും സാധാരണ. അതില്‍ ഒരുമണിയുടെ ഷോ ആണ് മാറ്റിനി.

ഒരുവിധ ചൂഷണവും അന്ന് ഞങ്ങള്‍ നേരിട്ടിരുന്നില്ല. നല്ല സംരക്ഷണമായിരുന്നു. പുറമെയുള്ള ആളുകളുമായി സമ്പര്‍ക്കം കുറവായിരുന്നു. സര്‍ക്കസിന്‍െറ സമയത്തല്ലാതെ ആളുകളുമായി വല്ലാതെ ഇടപഴകലില്ല. പെണ്ണുങ്ങള്‍ തന്നെ ധാരാളമുണ്ടായിരുന്നതുകൊണ്ട് കൂട്ട് ഒരു പ്രശ്നമായിരുന്നില്ല. അഞ്ചു വര്‍ഷത്തെ എഗ്രിമെന്‍റ് കാലാവധി കഴിഞ്ഞാല്‍ പിന്നെ എത്ര കൊല്ലത്തേക്കു വേണമെങ്കിലും പുതുക്കാം. ഒരു കമ്പനി വേണ്ടെന്നു തോന്നിയാല്‍ വേറെ കമ്പനിയില്‍ ചേരാം. ആയിടക്ക് സാഗര്‍ സര്‍ക്കസ് മുതലാളി വിറ്റു. പുതുതായി ഏറ്റെടുത്തയാള്‍ കമ്പനിയുടെ പേര് വീനസ് സര്‍ക്കസ് എന്നു മാറ്റി. കുറച്ചുകാലം അവരുടെ കൂടെ ജോലി ചെയ്തശേഷം രാജ്കമല്‍ സര്‍ക്കസില്‍ ചേര്‍ന്നു. ശമ്പളവര്‍ധനയാണ് മാറ്റത്തിന് പ്രേരിപ്പിച്ചത്. ഒരു കൊല്ലത്തെ എഗ്രിമെന്‍റിലാണ് അവിടെ ചേര്‍ന്നത്. എന്നാല്‍, സര്‍ക്കസില്‍ നിന്ന് പിരിയുന്നതുവരെ അവിടെ ജോലി ചെയ്തു. മെച്ചപ്പെട്ട ശമ്പളം, താമസം ഇതെല്ലാമാണ് അവിടെ തുടരാന്‍ പ്രേരിപ്പിച്ചത്.

മരണം മുന്നില്‍
ആദ്യം കിണറിന്‍െറ താഴെ ഭാഗത്തുകൂടി ബൈക്കോടിക്കാന്‍ പഠിപ്പിക്കും. വണ്ടിക്ക് ആക്സിലറേറ്ററും ക്ളച്ചും മാത്രമേയുണ്ടാവൂ. ബ്രേക്കില്ല. മുകളിലേക്ക് കയറുമ്പോള്‍ ക്ളച്ച് വിട്ടാണ് കളി. ഒരിക്കല്‍ സഹകളിക്കാരന്‍ അപകടത്തില്‍പെട്ട് മരിച്ചതിനും സാക്ഷിയായി. ജീപ്പ് ജംപിനിടെ മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. പെട്ടെന്ന് ജീപ്പ് ഉയര്‍ന്നപ്പോള്‍ ബ്രേക്ക് ചവിട്ടുകയായിരുന്നു. ജീപ്പ് മറിഞ്ഞ് സ്റ്റിയറിങ് നെഞ്ചിലമര്‍ന്ന് അവന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു. ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനുമുമ്പേ എല്ലാം കഴിഞ്ഞു... ഇങ്ങനെ ചെറുതും വലുതുമായ എത്രയോ അപകടങ്ങള്‍. എന്നിട്ടും മടുപ്പു തോന്നിയില്ല ഒരിക്കലും.

മരണക്കിണറില്‍ സ്ഥിരമായി ബൈക്കോടിച്ചിരുന്ന തനിക്ക് ഇപ്പോഴും ആളുകള്‍ മരണക്കിണര്‍ അഭ്യാസം നടത്തുന്നത് പുറമെനിന്ന് കാണുമ്പോള്‍ പേടിയാകുമെന്ന് അവര്‍ പറയുന്നു. സ്വയം ഓടിക്കുമ്പോള്‍ നല്ല ധൈര്യം വരും. മറ്റൊരാള്‍ ഇത് ചെയ്യുന്നതു കാണുമ്പോഴാണ് പ്രശ്നം. ഇപ്പോള്‍ നാട്ടില്‍ ഏതു കളി വന്നാലും മക്കളും പേരമക്കളുമൊത്ത് കാണാന്‍പോകും. ‘ദാരിദ്ര്യവും സാഹസികതയും ഇഴചേര്‍ന്നതായിരുന്നു ഞങ്ങളുടെ ജീവിതം. ഞാണിന്മേല്‍കളിയാണെങ്കിലും അത് രസകരമായിരുന്നു. അനിയത്തി വിവാഹം കഴിഞ്ഞപ്പോള്‍ സര്‍ക്കസ് നിര്‍ത്തി. മക്കളെ ആരെയും ഈ രംഗത്തേക്ക് അയച്ചില്ല. ഈ രംഗം എത്രത്തോളം അപകടം പിടിച്ചതാണെന്ന് അനുഭവിച്ചവര്‍ക്കേ അറിയൂ’- പ്രേമ പറയുന്നു.

രണ്ടാം അധ്യായം

സര്‍ക്കസില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു പ്രേമയുടെ ജീവിതത്തിന്‍െറ രണ്ടാം അധ്യായം തുടങ്ങുന്നത്; അതായത്, വിവാഹം. 23ാമത്തെ വയസ്സിലായിരുന്നു അത്. മുതലാളി ചെറുപ്പത്തിലെ എടുത്തു വളര്‍ത്തിയ ബംഗാളിയായിരുന്നു വരന്‍. അച്ഛനെയും അമ്മയെയും കണ്ട ഓര്‍മയില്ല ആള്‍ക്ക്. ആലോചിച്ചു നോക്കുമ്പോള്‍ രണ്ടുപേരുടെയും സാഹചര്യങ്ങള്‍ ഏതാണ്ട് ഒന്നു തന്നെ. മുതലാളി ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭാഷ അവര്‍ക്കിടയില്‍ പ്രശ്നമേ ആയിരുന്നില്ല. കേരളം വിട്ടായിരുന്നു സര്‍ക്കസ് കളികളെല്ലാം. അതിനാല്‍, ഒരു വിധം ഭാഷയെല്ലാം പഠിക്കും. ഗോപാല്‍ ബിശ്വാസ് എന്നായിരുന്നു ഭര്‍ത്താവിന്‍െറ പേര്. അദ്ദേഹം നന്നായി മലയാളം സംസാരിക്കും. വിവാഹം കഴിഞ്ഞും സര്‍ക്കസില്‍ തുടരുന്നതിനും അദ്ദേഹത്തിന് താല്‍പര്യമായിരുന്നു. കുടുംബത്തിന് പ്രത്യേകം ടെന്‍റ് കെട്ടി താമസിക്കാന്‍ സൗകര്യവുമുണ്ട്. അഞ്ചു വയസ്സുവരെ കുട്ടികളെ കൂടെ നിര്‍ത്താം. അതു കഴിഞ്ഞാല്‍ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുന്നതിന് നാട്ടിലയക്കുകയാണ് ചെയ്യാറ്.

നാടോടികള്‍
‘കേരളത്തിനു പുറത്തായിരുന്നു കൂടുതല്‍ കളികളും. പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങി ഗള്‍ഫ് രാജ്യങ്ങളില്‍ വരെ പോവാനായി. ഇന്ത്യ മുഴുവന്‍ കണ്ടു എന്നുതന്നെ പറയാം. ഓരോ നാട്ടിലും ടെന്‍റ് കെട്ടും. ഭക്ഷണം പാകം ചെയ്യലും താമസവും അതിനുള്ളിലാണ്. അവിടെനിന്ന് വേറൊരിടത്തേക്ക്. ചുരുക്കിപ്പറഞ്ഞാല്‍ ഒരിടത്തും ഉറച്ചു നില്‍ക്കാത്ത നാടോടികളെപ്പോലെ. കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടമായത് പഞ്ചാബാണ്. പരദേശികളായ ഞങ്ങളോട് വളരെ സ്നേഹത്തോടെയാണ് അവര്‍ പെരുമാറിയിരുന്നത്. സര്‍ക്കസുകാരാവുമ്പോള്‍ പുറമെ നിന്നുള്ള ആളുകള്‍ കാണാന്‍വരും. അവരില്‍ ചിലപ്പോള്‍ ശല്യക്കാരുമുണ്ടാകും. അങ്ങനെയുള്ള അവസരങ്ങളിലൊക്കെ അന്നാട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. സ്വന്തം നാട്ടുകാരെ പോലെ. ഓരോ നാട്ടിലേക്കുമുള്ള യാത്രകള്‍ ഒരു പാഠപുസ്തകവും പകര്‍ന്നുതരാത്ത അറിവുകള്‍ നല്‍കി. ജീവിതത്തെ തന്‍േറടത്തോടെ നേരിടാന്‍ പഠിപ്പിച്ചു. സ്വന്തം നാട്ടില്‍ സര്‍ക്കസുകാരിയെന്നു കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ ആളുകള്‍ക്ക് പുച്ഛമായിരുന്നു.

ഇപ്പോള്‍ സര്‍ക്കസ് രംഗത്തും മാറ്റങ്ങള്‍ ഒരുപാടുണ്ടായി. കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ ഈ രംഗത്തേക്കു വരാതായി. അസം, ബംഗാള്‍, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. റഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും ധാരാളം പേര്‍ വന്നു. അതുപോലെ സര്‍ക്കസ് ഐറ്റങ്ങളിലും മാറ്റമുണ്ടായി. 1998ല്‍ സര്‍ക്കസ് അഭ്യാസമവസാനിപ്പിച്ച് വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ മക്കള്‍ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. മകന്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നു. മകളെ വിവാഹം കഴിച്ചയച്ചു. പിരിയാറാവുമ്പോള്‍ 3000 രൂപയായിരുന്നു പ്രേമയുടെ ശമ്പളം. ഇപ്പോള്‍ പെന്‍ഷന്‍ കിട്ടുന്നുണ്ട്. 125 രൂപയായിരുന്നു ആദ്യം. പിന്നെയത് 500 ആയി. ഇപ്പോള്‍ 1100 രൂപയാക്കിയിട്ടുണ്ടെങ്കിലും പ്രാബല്യത്തില്‍ വന്നിട്ടില്ല. അനാരോഗ്യത്തിലും ആവേശകരമായ സര്‍ക്കസ് ജീവിതം മധുരതരമായ ഓര്‍മയാകുന്നു പ്രേമക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story