റാങ്ക് @ 68
text_fieldsകാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസില്‍ 68 കാരിയായ ടീച്ചറെ കണ്ടവരെല്ലാം ആദ്യം കരുതിക്കാണുക വിരമിക്കല്‍ രേഖകള്‍ ശരിയാക്കാന്‍ കയറിയിറങ്ങുന്ന മുന്‍ അധ്യാപികയോ ഉദ്യോഗസ്ഥയോ എന്നായിരിക്കാം. എന്നാല്‍, തോളില്‍ പുസ്തകസഞ്ചിയും ചുണ്ടില്‍ പുഞ്ചിരിയും ചുവടുകളില്‍ കൗമാരത്തെ വെല്ലുന്ന ചുറുചുറുക്കുമായി കാമ്പസിന്‍െറ നടപ്പാതകളിലും കാന്‍റീനിലും ലൈബ്രറിയിലുമെല്ലാം നിത്യ സാന്നിധ്യമായപ്പോഴാണ് വിശാലാക്ഷിടീച്ചര്‍ എന്ന വിദ്യാര്‍ഥിനി ഏവരെയും അതിശയിപ്പിച്ചത്. പ്രായം ഒന്നിനുമൊരു തടസ്സമല്ളെന്നതിന് ജീവിതം കൊണ്ട് ഉദാഹരണമാകുന്ന ടീച്ചറുടെ കഥ കേള്‍ക്കുന്നവരെ അതിശയിപ്പിക്കും. ടീച്ചറുടെ സ്വപ്നങ്ങള്‍ക്ക് ആരും കാലാവധി നിര്‍ണയിക്കുന്നില്ളെന്ന് മാത്രമല്ല, സ്വപ്നസാഫല്യങ്ങള്‍ക്കായുള്ള ആലോചനയില്‍ ലോകം മുഴുവന്‍ ടീച്ചര്‍ക്കൊപ്പമുണ്ടെന്നുതന്നെ പറയേണ്ടിവരും. എം.എ ഫോക്ലോര്‍ സ്റ്റഡീസില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഇത്തവണത്തെ ഒന്നാം റാങ്കുകാരിയാണ് കോഴിക്കോട്ടുകാരിയായ വിശാലാക്ഷി ടീച്ചര്‍. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ 28 വര്‍ഷത്തോളം അധ്യാപികയായിരുന്നു. ഒരു മികച്ച അധ്യാപിക തീര്‍ച്ചയായും പരിശ്രമശാലിയായ വിദ്യാര്‍ഥിയുമായിരിക്കുമെന്ന് ടീച്ചര്‍ തെളിയിച്ചു. 68ലും മിടുക്കിയായ വിദ്യാര്‍ഥിയായാണ് ടീച്ചര്‍ യൂനിവേഴ്സിറ്റി പഠനവകുപ്പില്‍നിന്ന് റെഗുലര്‍ കോഴ്സില്‍ ഒന്നാം റാങ്കുകാരിയായി വിജയിച്ചത്.
2012ലാണ് യൂനിവേഴ്സിറ്റിയില്‍ കോഴ്സിനു ചേരുന്നത്. നാടന്‍കല, പാട്ട് എന്നിവയോടുള്ള താല്‍പര്യമാണ് യൂനിവേഴ്സിറ്റി കാമ്പസ് വരെയുള്ള ദൂരം ഗൗനിക്കാതെ ഫോക്ലോര്‍ സ്റ്റഡീസ് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് പറയുന്നു ടീച്ചര്‍. സമയം കൊല്ലാന്‍ ഏതെങ്കിലുമൊരു ഡിഗ്രി ആയിരുന്നില്ല ലക്ഷ്യം; ഇഷ്ടമുള്ള വിഷയം തന്നെ പഠിക്കാന്‍ കണ്ടത്തെി. സാമ്പത്തിക ശാസ്ത്രം പഠിച്ച് ആഗോളീകരണവും ഉദാരീകരണവും വര്‍ഷങ്ങളോളം പഠിപ്പിച്ച ടീച്ചര്‍ക്ക് സ്വന്തം സംസ്കാരത്തിലും തനതുകലകളിലും പരിജ്ഞാനമുണ്ടാകണമെന്നു തോന്നി. വീട്ടിലെ ജോലികള്‍ തീര്‍ത്ത് അതിരാവിലെ ബസ് കയറും. കൃത്യമായി ക്ളാസിലെ ത്താന്‍ ശ്രമിക്കുകയും സെമിനാറുകളും അസൈന്‍മെന്‍റുകളും സമയത്ത് തീര്‍ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥിയാകണമെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ബസ് യാത്രയില്‍ തീരും പഠനം. ‘അന്ന് യൂനിവേഴ്സിറ്റി കാമ്പസില്‍തന്നെ ഏറ്റവും പ്രായമേറിയ ആളായിരുന്നിരിക്കും ഞാന്‍. മകനോളം പ്രായമില്ലാത്ത അധ്യാപകര്‍പോലും ഉണ്ടായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ പറയുമ്പോഴല്ലാതെ അതേക്കുറിച്ച് ഓര്‍ക്കാറുപോലുമില്ല’ ^ടീച്ചര്‍ പറയുന്നു.
കോളജ് അധ്യാപികയായിരുന്നതു കൊണ്ട് ചെറുപ്പക്കാരുമൊത്ത് പഠിക്കുന്നത് ടീച്ചര്‍ക്ക് പ്രയാസം തോന്നിയില്ല. ശിഷ്യന്മാരുടെ പ്രായമുള്ള സഹപാഠികളുടെ മനസ്സുമായി ഇണങ്ങിപ്പോകാന്‍ എളുപ്പമായിരുന്നു. പി.ജിക്ക് ചേരുന്നതിനു മുമ്പ് മറ്റു പല കോഴ്സുകളും ടീച്ചര്‍ ചെയ്തിട്ടുണ്ട്. യൂനിവേഴ്സിറ്റി ലൈഫ്ലോങ് ലേണിങ് വകുപ്പില്‍ നിന്ന് പല കോഴ്സുകളും പൂര്‍ത്തിയാക്കി. കൗണ്‍സലിങ്, ആഭരണനിര്‍മാണ കോഴ്സ്, വീട്ടമ്മമാര്‍ക്കുള്ള പാചക ക്ളാസുകള്‍, ജ്യോതിഷം തുടങ്ങി പലതും പഠിച്ചു. ടീച്ചറുടെ കരകൗശലവിദ്യകള്‍ പലതുമുണ്ട് വീട്ടില്‍. സഞ്ചിയും ചവുട്ടിയുമെല്ലാം കൈകൊണ്ട് തീര്‍ക്കും ടീച്ചര്‍. മെഷീനില്‍ തുന്നാനറിയാമെങ്കിലും കൈകൊണ്ട് ചെയ്യാനാണ് ഇഷ്ടം. ഓരോന്നും എങ്ങനെയാണ് ചെയ്യുന്നതെന്ന് വിസ്തരിച്ച് പറഞ്ഞുതരാനും ടീച്ചര്‍ക്ക് പെരുത്തിഷ്ടം. ഒന്നും പണിയല്ളെന്നും ഒന്നുകൊണ്ടും ജീവിതത്തില്‍ മറ്റൊന്നിനും മുടക്കം വരുകയില്ളെന്നും ടീച്ചറുടെ ഉറപ്പ്. ഇതെല്ലാം എനിക്കിഷ്ടമുള്ള ജോലികളായതിനാല്‍ ഭാരമായി തോന്നുന്നില്ളെന്ന് വിധിയെഴുത്തും.
കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ 28 വര്‍ഷത്തോളം അധ്യാപികയായിരുന്നു ഇവര്‍. ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്നു. ചെറുപ്പത്തില്‍ തനിക്കു താഴെയുള്ള സഹോദരങ്ങളെ പഠിപ്പിച്ചുണ്ടായ പരിചയത്തിലൂടെയാണ് ടീച്ചിങ് എന്ന ഇഷ്ടത്തിന്‍െറ പിറവി. കോഴിക്കോട്ട് എലത്തൂര്‍ സ്വദേശിയാണ്. തൃശൂര്‍ വിമല കോളജില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു വിവാഹം. കോഴ്സ് പൂര്‍ത്തിയാക്കിയയുടനെ ഭര്‍ത്താവ് ബാലചന്ദ്രനൊപ്പം ഭൂട്ടാനിലേക്ക് പോയതിനാല്‍ കോളജിലെ പതിവു രീതിയനുസരിച്ച് അവിടത്തെ മികച്ച വിദ്യാര്‍ഥിക്ക് അവിടെ അധ്യാപികയാകാനുള്ള അവസരം നഷ്ടമായി. ഭര്‍ത്താവിനൊപ്പം കേരളത്തിനു പുറത്ത് പലയിടത്തും താമസിച്ചു. ഗുരുവായൂരപ്പന്‍ കോളജില്‍ ജോലി കിട്ടിയപ്പോള്‍ നാട്ടില്‍ തിരിച്ചെ ത്തി. ഭര്‍ത്താവിനും നാട്ടില്‍ ജോലിയായപ്പോള്‍ കോഴിക്കോട്ട് താമസവുമായി. ജോലിയും ഭര്‍ത്താവും മകനുമെല്ലാമായി ജീവിതം പുതിയ താളം കണ്ടെ ത്തി. 2001ല്‍ വിരമിച്ചു. വിദൂരവിദ്യാഭ്യാസ ക്ളാസുകളിലെ അധ്യാപനം, പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം എന്നിങ്ങനെ തിരക്കുകളോരോന്നായി പതിയെ കൊഴിഞ്ഞു തുടങ്ങിയപ്പോഴാണ് വീണ്ടും പഠനമാരംഭിക്കാമെന്ന് ടീച്ചര്‍ക്ക് തോന്നിയത്.
ഉദ്യോഗാനന്തര ജീവിതം വെറുതെ വിശ്രമിച്ച് ആശുപത്രി കയറിയിറങ്ങി കളയാനുള്ളതാണെന്ന മുന്‍ധാരണ ടീച്ചര്‍ക്കുണ്ടായിരുന്നില്ല. വെറുതെയിരിക്കുക എന്നത് ടീച്ചര്‍ക്കൊരു ശിക്ഷയുമാണ്. പകല്‍ ഉറങ്ങിയാല്‍ ദിവസം നഷ്ടപ്പെട്ടതുപോലെയെന്നും ടീച്ചര്‍. വെറുതെ കളയാന്‍ ഒരു നിമിഷം പോലും ടീച്ചര്‍ക്കില്ല. പഠനവും യാത്രകളും കൃഷിയുമൊക്കെയായി ഒരുപാട് അജണ്ടകളുണ്ട് ദിനചര്യയില്‍. വീട്ടിലെ പച്ചക്കറികൃഷിക്ക് റെസിഡന്‍റ്സ് അസോസിയേഷന്‍ മികച്ച കര്‍ഷകരിലൊരാളായി തെരഞ്ഞെടുത്ത് ആദരിച്ചിട്ടുണ്ട്. ഹൗസിങ് കോളനിയിലെ വീടിനുചുറ്റും പറ്റാവുന്നയിടങ്ങളിലെല്ലാമായാണ് കൃഷി. വിപണിയില്‍നിന്ന് പച്ചക്കറി വാങ്ങാറില്ളെന്ന് അഭിമാനത്തോടെ പറയും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വിരമിച്ച ഭര്‍ത്താവിനൊപ്പമാണ് താമസം.
വാര്‍ധക്യത്തിന്‍െറ അവശതകളല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും നിറച്ചുവെച്ച യുവത്വത്തിന്‍െറ പുഞ്ചിരിയാണ് ടീച്ചറുടെ മുഖത്തെപ്പോഴും. വൈകിപ്പോയെന്നു പറഞ്ഞ് സ്വപ്നങ്ങളെ പാതിവഴിയില്‍ അനാഥമാക്കിയവര്‍ക്ക് അതിലേക്ക് തിരിച്ചുനടക്കാന്‍ ഊര്‍ജം പകരും ടീച്ചറുടെ ജീവിതകഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.