കുറ്റവാളികളുടെ ‘കൂട്ടുകാരൻ’
text_fieldsതടവറയും കഴുമരവുമൊക്കെ ജനാധിപത്യ ഇടത്തിലെ നിയമസംവിധാനം ഏതുവിധത്തിൽ ഉപയോഗപ്പെടുത്തുന്നു എന്ന ചർച്ചകളുടെ കാലത്ത് തടവറക്കുള്ളിലെ വ്യത്യസ്തമായ ചില ഇടപെടലുകളുടെ വിവരണമാണിത്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയും അവനുമായി വിദൂര ബന്ധമുള്ളവരെ കൂടി ഭ്രഷ്ടരാക്കുകയും ചെയ്യുന്ന സമൂഹത്തോട് ഈ കുറിപ്പിലെ ജീവിതങ്ങൾക്ക് ചിലത് പറയാനുണ്ട്. ജീവിതത്തിൽ ചിലപ്പോഴൊക്കെ ഒരു ‘സെക്കൻഡ് ചാൻസിന്’ അവസരമുണ്ട്.
***
എൺപതുകളുടെ അവസാനം ഇറാൻ–ഇറാഖ് യുദ്ധം അന്ത്യത്തിലേക്ക് നീളുന്ന വേള. ബംഗളൂരുവിൽ നിന്നുള്ള നാലു ചെറുപ്പക്കാർ ഇറാഖിൽ ജോലിക്കായി തിരിക്കാൻ ആ ദിനങ്ങളിലൊന്നിൽ രേഖകൾക്കായി അധികാരികളെ സമീപിച്ചു. മിക്കവരും മടങ്ങിയെത്തുന്ന സമയത്ത് ഇവരെന്തിന് വിമാനംകയറുന്നു എന്ന സംശയവും ചോദ്യവുമായി അവർ ആ യുവാക്കളുടെ പിറകെ കൂടി. യുദ്ധമേഖലയിൽ പോരാട്ടത്തിനായാണ് യുവാക്കളുടെ പോക്ക് എന്നായിരുന്നു നിഗമനം. വിശ്വസനീയമായ മറുപടി ലഭിച്ചില്ല എന്നതിനാൽ ആ നാലുപേർ വൈകാതെ തടവിലായി. നിയമ സംവിധാനത്തിെൻറ ഈ ‘നീതീകരണത്തിൽ’ അസ്വസ്ഥമായി ഈ കൂട്ടത്തിലൊരാൾ അപ്പോൾ പുറത്തുണ്ടായിരുന്നു. ഗൾഫിൽ പോകാൻ താൽപര്യമില്ലാത്തതിനാൽ ആ ഉദ്യമത്തിൽ നിന്നും അതുവഴി തടവിൽനിന്നും രക്ഷപ്പെട്ടയാൾ. ഫായിസ് അക്റം പാഷയെന്ന, നാലുപേരുടെയും സുഹൃത്ത്.
തനിക്ക് നല്ല നിശ്ചയമുള്ള സുഹൃത്തുക്കളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഫായിസ് നിരന്തരം നിയമവൃത്തങ്ങളിൽ കയറിയിറങ്ങി. എങ്കിലും, നാലുവർഷം വേണ്ടിവന്നു ഇവർ നിരപരാധികളെന്ന് നിയമസംവിധാനത്തിന് ബോധ്യപ്പെടാൻ. നാലുവർഷം എന്നത് വലിയൊരു കാലയളവല്ല. എന്നാൽ, അപ്പോഴേക്കും അവരും അവരുടെ കുടുംബാംഗങ്ങളും സമൂഹവും ഏറെ മാറിയിരുന്നു. അതിനൊടുവിൽ സുഹൃത്തുക്കളെ കൂട്ടി ഫായിസ് പൊലീസ് കമീഷണറെ കാണാനെത്തി. തങ്ങളോട് ചെയ്ത നീതിനിഷേധം വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ, മറ്റൊരാൾ അപ്രതീക്ഷിതമായി അവരുടെ മുന്നിലെത്തി. അന്നത്തെ കർണാടക ജയിൽ ഡി.ഐ.ജി ബി.എസ്.ആബി. നാലുവർഷത്തെ തടവ് സുഹൃത്തുക്കളുടെ ജീവിതത്തെയും സ്വപ്നത്തെയും തകർത്ത കഥ ഫായിസ് അദ്ദേഹത്തോട് പറഞ്ഞു. നിയമ നടത്തിപ്പിലെ അപാകതകളെ കുറിച്ചായിരുന്നു അതിനുള്ള ആബിയുടെ ഉത്തരം. രാജ്യത്തെ ജയിലുകളിൽ ആകമാനം കുരുങ്ങിക്കിടക്കുന്ന വിചാരണത്തടവുകാരുടെയും നിസ്സഹായരുടെയും കഥകൾ ആബി തിരിച്ചുപറഞ്ഞു. മറ്റൊരു ചോദ്യംകൂടി ആബി ഉയർത്തി –തടവുകാരുടെ നിയമപരവും സാമൂഹികവുമായ അവകാശങ്ങൾ ആരും ഗൗരവത്തിലെടുക്കുന്നില്ല, നിങ്ങൾക്കതിനായി ശ്രമിച്ചുകൂടേ? അതിനുള്ള ഉത്തരത്തിനായി ഫായിസിന് അധികനേരം ചിന്തിക്കേണ്ടിവന്നില്ല.
അടയുന്ന വാതിലുകൾ
ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്നായിരുന്നു തുടക്കം. നാട്ടുകാരായ തടവുകാരെ ഫായിസ് കൂടക്കൂടെ ജയിലിൽ ചെന്നുകാണും. പാവപ്പെട്ടവരും സാധാരണക്കാരുമായിരുന്നു അതിൽ കൂടുതൽ. വർഷങ്ങളും മാസങ്ങളും അഴികൾക്കകത്ത് കിടന്നവർക്ക് പലപ്പോഴും കാണാനും മിണ്ടാനും എത്തുന്ന ഫായിസ് നല്ല സുഹൃത്തായി.
‘ജനസത് ഭാവന’
ചെയ്ത കൃത്യങ്ങളെ വിട്ടുകളഞ്ഞ് തടവുകാരെ തിരിച്ചുവരവിന് ഒരുക്കുകയായിരുന്നു ഫായിസിന്‍റെ രീതി. അതിനയാൾ നിരന്തരം ജയിലുകളിലെത്തി. ആത്മീയ പരിവർത്തനത്തിനൊപ്പം കൗൺസലിങ്ങും മോട്ടിവേഷൻ ക്ലാസും ശരിതെറ്റുകളെ കുറിച്ച ബോധവും തടവുകാരിലേക്ക് പകർന്നു. നിയമപരവും സാത്വികവുമായ സഹായവും വിദൂരവിദ്യാഭ്യാസം വഴി പഠനസൗകര്യവും ഫായിസ് ജയിലിലെത്തിച്ചു. തടവുകാരെൻറ ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നടത്തി. ആദ്യം ഫായിസ് തനിച്ചായിരുന്നു ഇതിനെല്ലാം. എല്ലാം തനിച്ച് പറ്റില്ലെന്ന ബോധ്യത്തിനൊടുവിൽ 2006ൽ ‘ജനസത് ഭാവന’ എന്നപേരിൽ സംഘടന രൂപവത്കരിച്ച് പ്രവർത്തനം വിപുലപ്പെടുത്തി. സമാനമനസ്സുകളെ ഒരുമിപ്പിച്ച് നിശ്ശബ്ദമായ സേവനമായിരുന്നു ഇത്. വർഷങ്ങൾക്കിടെ വളൻറിയർമാരുടെ എണ്ണം കൂടി.
ജയിൽ മോചിതരായ മനംമാറ്റം വന്ന തടവുകാർ കൂടി സംഘടനയുടെ ഭാഗമായി. തമിഴ്നാട്ടിലെ വെല്ലൂർ, പശ്ചിമബംഗാളിലെ ഹൗറ ജയിൽ എന്നിവിടങ്ങളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്ന് രാജ്യത്തിെൻറ വിവിധ ഇടങ്ങളിലായി 30,000ത്തിലേറെ വളൻറിയർമാർ ‘ജനസത് ഭാവന’ക്കുണ്ട്. 10 വർഷത്തിനിടെ ഫായിസിെൻറ കൈപിടിച്ച് 2,000ത്തിനു മുകളിൽ തടവുകാർ വിവിധ ജയിലുകളിൽനിന്ന് വെളിച്ചത്തിലേക്ക് നടന്നു. അതിൽ പലരും ജനസത്ഭാവനയുടെ സഹായത്തോടെ ജീവിതം കെട്ടിപ്പടുത്തു. ശിഥിലമായിപ്പോകുമായിരുന്ന അനേകം കുടുംബങ്ങൾ അതിനുതാഴെ പുതിയ ജീവിതം പണിതു. പരപ്പന അഗ്രഹാര ജയിൽ റോഡിൽ കച്ചവടംനടത്തുന്നയാൾ മുതൽ ജയിലിൽനിന്ന് ഇണയെ കണ്ടെത്തി പുറത്തേക്കിറങ്ങിയവരും അച്ഛൻ തടവറക്കുള്ളിലായതിനാൽ വിവാഹവും പഠനവും മുടങ്ങിയ ഒരുപാട് മക്കൾക്ക് ആശ്വാസംപകർന്നതും മരണാനന്തര കർമങ്ങൾക്കുവരെ കൂടെനിന്നതും അതിൽ ചിലതുമാത്രം. സഹായം നൽകുന്നവരുടെ പേരുവിവരങ്ങൾക്കൊപ്പം ചിരിച്ചുനിൽക്കുന്ന ചിത്രം മാധ്യമങ്ങളിൽ നിറയുന്നതിനോട് ‘ജനസത്ഭാവന’ക്ക് യോജിപ്പില്ലാത്തതിനാൽ ഈ കുറിപ്പിൽ അവരെ വിട്ടുകളയുകയാണ്. സമാനമനസ്കരുടെ ചെറിയ സംഭാവനകൾകൊണ്ടാണ് സംഘടന മുന്നോട്ടുപോകുന്നത്. ഓൺലൈൻ കാമ്പയിൻ വഴിയാണ് പ്രധാനമായും പണം കണ്ടെത്തൽ. വൃദ്ധസദനം, സേഫ് ഇന്ത്യ മൂവ്മെൻറ്,വിവിധ വെൽഫെയർ അസോസിയേഷനുകൾ എന്നിങ്ങനെ ‘ജനസത്ഭാവന’ക്ക് ഇന്ന് ഏറെ പോഷക ഘടകങ്ങളുണ്ട്.
ആ മരണത്തിൽ എനിക്ക് പങ്കുണ്ട്
സംസാരത്തിനിടെ ഫായിസ് ബാഗ് തുറന്ന് ഒരു തടിച്ച ഫയൽ പുറത്തെടുത്തു. സുമുഖിയായ ഒരമ്മയുടെയും മൂന്നു കുട്ടികളുടെയും ഫോട്ടോ ചൂണ്ടി പറഞ്ഞു. ഈ കുഞ്ഞുങ്ങളെ മരണത്തിലേക്കെറിഞ്ഞ് ഇവർ സ്വയം ഇല്ലാതാകുമെന്ന് ആരെങ്കിലും കരുതുമോ? എന്നാൽ അവരത് ചെയ്തു. അവർക്കുമുന്നിൽ വേറെ വഴിയില്ലായിരുന്നു. പിഴയടച്ചാൽ തീരുമായിരുന്ന ഒരു കുറ്റം; അതേ അവരുടെ ഭർത്താവ് ചെയ്തിട്ടുള്ളൂ. പക്ഷേ, കൈയിൽ പണമില്ലായിരുന്നു. ഭർത്താവിെൻറ ജയിൽ ജീവിതംതീർത്ത പ്രശ്നങ്ങൾ മൂന്നു മക്കൾക്കൊപ്പം മരണത്തിലൂടെയാണവർ മറികടക്കാൻ ശ്രമിച്ചത്. എന്നാൽ, ഫായിസിന്‍റെ വേദന മറ്റൊന്നാണ് –മരണത്തിന് കുറച്ചുമുമ്പ് ആരോ നൽകിയ നമ്പറിൽ നിന്ന് അവർ ഫായിസിനെ വിളിച്ചിരുന്നു.
‘കുറച്ച് പണം കടം തരാമോ എന്നുള്ള’ അപരിചിതമായ നമ്പറിൽ നിന്നുള്ള അഭ്യർഥന ഫായിസ് ഗൗരവത്തിലെടുത്തില്ല. ഡ്രൈവിങ്ങിനിടെ വീണ്ടും വീണ്ടും ആ വിളിയെത്തിയപ്പോൾ ഫോൺ സൈലൻറ് മേഡിലാക്കി ഫായിസ് മാറ്റിവെച്ചു. വൈകാതെ കഥയാകെ മാറി. പിന്നീട് ഫായിസിന് എത്തിയത് പൊലീസിൽ നിന്നുള്ള വിളിയാണ്. മൂന്നു മക്കൾക്കൊപ്പം യുവതി ആത്മഹത്യ ചെയ്തെന്നും നിങ്ങൾക്കാണ് അവസാനമായി വിളിച്ചതെന്നും പൊലീസ് പറഞ്ഞപ്പോഴാണ് ഫായിസിന് കാര്യങ്ങൾ തിരിഞ്ഞത്. കുറച്ചുപണം വാഗ്ദാനം ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ, അൽപനേരം കൂടി സംസാരിക്കാൻ സന്നദ്ധനായിരുന്നുവെങ്കിൽ നാലു മരണങ്ങൾ ഒഴിവാക്കാമായിരുന്നില്ലേ എന്ന നേര് ഫായിസിന്‍റെ ഉള്ളകത്തെ നീറ്റി. കൈയിൽ കിട്ടിയ മുനയൊടിഞ്ഞ പേന, വലതുകൈയിൽ മുറുക്കിപ്പിടിച്ച് ഇടതു കൈത്തണ്ടയിൽ ഫായിസ് മൂന്നു വരയിട്ടു. രക്തരേഖകളാൽ തീർത്ത ആ വരകൾ ഇപ്പോഴും ഫായിസിെൻറ കൈത്തണ്ടയിലുണ്ട്. പിന്നീടിതുവരെ ഫായിസിെൻറ മൊബൈലുകൾ ഉണർന്നുതന്നെയിരുന്നു. രാജ്യത്തിന്‍റെ പലയിടങ്ങളിൽനിന്നായി അതിലേക്ക് വിളികളെത്തി. വിളിക്കുന്നയാളിന്‍റെ ഇടവും ആവശ്യവും തിരക്കി ഫായിസ് അവിടങ്ങളിലെ സുഹൃത്തുക്കളിലേക്ക് ആ സന്ദേശം കൈമാറും.
ബംഗളൂരു ബനസങ്കരിയിലെ കോളജിൽ കാൻറീൻ നടത്തുന്നതിനിടയിലാണ് ഫായിസിെൻറ ഈ പ്രവർത്തനങ്ങളൊക്കെയും. ഏഴുമക്കളുമായി അരിഷ്ടിച്ചുള്ള ജീവിതത്തിനിടയിലും തെരുവിൽ നിന്നൊരു കുട്ടിയെ ദത്തെടുത്ത പിതാവിന്‍റെ സേവനപാത പിന്തുടരുകയാണ് ഈ യുവാവും
ബംഗളൂരു ബനസങ്കരിയിലെ കോളജിൽ കാൻറീൻ നടത്തുന്നതിനിടയിലാണ് ഫായിസിന്‍റെ ഈ പ്രവർത്തനങ്ങളൊക്കെയും. ഏഴുമക്കളുമായി അരിഷ്ടിച്ചുള്ള ജീവിതത്തിനിടയിലും തെരുവിൽനിന്നൊരു കുട്ടിയെ ദത്തെടുത്ത പിതാവിെൻറ സേവനപാത പിന്തുടരുകയാണ് ഈ യുവാവും. രണ്ടു പെൺകുട്ടികൾക്ക് കൂട്ടായി മറ്റൊരു കുട്ടിയെ ഫായിസ് തെരുവിൽ നിന്ന് മകളായെടുത്തത് അതിനാലാണ്. ഭാര്യയും ബന്ധുക്കളും സുഹൃത്തുക്കളും ഫായിസിെൻറ നന്മ മനസ്സിന് കൂട്ടായുണ്ട്. ആംനസ്റ്റി അടക്കമുള്ള സംഘടനകളുടെ കർണാടകയിലെ പ്രതിനിധിയാണ് ഫായിസ്. നിശ്ശബ്ദമായ ഈ സേവനത്തിന് വിവിധ പുരസ്കാരങ്ങളും ഫായിസിനെ തേടിയെത്തി. നിയമപുസ്തകത്തിലെ കുറ്റവാളിപ്പട്ടികയിൽപ്പെട്ടവരുടെ ജീവിത്തിലേക്കാണ് ഫായിയിെൻറ യാത്രകൾ. ഒരിക്കൽ കുറ്റവാളിയാക്കപ്പെട്ടവർ ജയിലിനകത്തും പുറത്തും ഓരോ ഒറ്റയാൻ തുരുത്തുകളാണ്.
അധികമാരും ചെന്നെത്താത്ത, അവഗണിക്കപ്പെടുന്ന കാടും മുള്ളും നിറഞ്ഞ ഇടങ്ങൾ... അവിടങ്ങളിൽ തീരെ ചെറിയ പ്രവൃത്തികളാൽ വെട്ടിത്തെളിക്കാനാണ് ഫായിസിന്‍റെയും കൂട്ടരുടെയും ശ്രമം. തടവറകളും കൊലക്കയറുകളും ഒരുക്കാൻ ധൃതി കാണിക്കുന്നതിനിടയിൽ നിയമസംവിധാനം മറന്നുപോയ കുറ്റവാളികളുടെ മന:പരിവർത്തനം എന്ന തത്ത്വം പ്രാവർത്തികമാക്കുന്ന ഈ പ്രവർത്തനങ്ങൾക്ക് വിലകളേറെയുണ്ട്. ഫായിസ് പറഞ്ഞവസാനിപ്പിച്ചതും അതാണ്–മേ ജീ രഹാഹും, മേരേ സാത് ഔർ ഏക് കോ സിന്തഗി ദൂൻ, മേ ഖാ രഹാഹും, മേരേ സാത് ഔർ ഏക് കോ ഖിലാഈം (ഞാൻ ജീവിക്കുന്നു, മറ്റൊരാൾക്കു കൂടി ജീവിതം നൽകാൻ എനിക്കാവും, ഞാൻ ഭക്ഷണം കഴിക്കുന്നു, ഒരാളെ കൂടി ഈട്ടാൻ എനിക്കാവും).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.