Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഈ മനുഷ്യന്‍റെ പേര്...

ഈ മനുഷ്യന്‍റെ പേര് 'അഭയം' എന്നാണ്

text_fields
bookmark_border
ഈ മനുഷ്യന്‍റെ പേര് അഭയം എന്നാണ്
cancel
camera_alt????????? ??????????

കാരുണ്യം എന്ന തലക്കെട്ടിൽ പല ത്രെഡുകളിൽ എഴുതാവുന്ന ജീവിതമാണ് മുഹമ്മദലി പടപ്പറമ്പിേൻറത്. രോഗികളുടേയും അശരണരുടേയും തോഴനായ മുഹമ്മദലി 26 വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ സൗദി അറേബ്യയുടെ വ്യവസായിക തലസ്​ഥാനമായ ജിദ്ദയിലെ ജീവിതത്തിന്‍റെ കറുപ്പും വെളുപ്പും പലകുറി കണ്ടിട്ടുണ്ട്. മാരകരോഗം ബാധിച്ച് ഉറ്റവരും ഉടയവരുമില്ലാതെ ആശുപത്രികളിൽ കഴിയുന്നവർ, ഒരുനിമിഷത്തെ ഓർമത്തെറ്റിന് ജയിലഴി എണ്ണുന്നവർ, തൊഴിൽ നിയമങ്ങളെ കുറിച്ച അജ്ഞതയാലും തൊഴിലുടമയുടേയോ ഏജൻറിന്‍റേയോ ചതിയാലും ദുരിതമനുഭവിക്കുന്നവർ, പ്രവാസത്തിെൻറ അപ്രതീക്ഷിത മുഹൂർത്തത്തിൽ മരണമേറ്റുവാങ്ങിയവർ തുടങ്ങി ആ പട്ടിക മരുഭൂമിപോലെ അറ്റമില്ലാതെ കിടക്കുകയാണ്.

മലപ്പുറം മമ്പാട് സ്വദേശി നിസാം ചാലിത്തൊടിയുടെ ആറുമാസം പ്രായമുള്ള കുഞ്ഞു മുതൽ 107 വയസ്സുള്ള സൗദി പൗരൻ ഖാലിദ് അസീരിയുടേതുൾപ്പെടെ വിവിധ ദേശക്കാരും പ്രായക്കാരുമായ ഒട്ടേറെപ്പേരുടെ മയ്യിത്ത് കുളിപ്പിച്ച് സംസ്​കരിച്ചിട്ടുണ്ട് മുഹമ്മദലി. അതിനാൽതന്നെ, കഴിഞ്ഞവർഷം മീഡിയവൺ ചാനൽ ഗൾഫ് രാജ്യങ്ങളിലെ 10 മികച്ച സാമൂഹിക പ്രവർത്തകരെ കണ്ടെത്താൻ പ്രവാസി സമൂഹത്തിനിടയിൽ നടത്തിയ വേട്ടെടുപ്പിൽ സൗദിയിൽനിന്ന് തെരഞ്ഞെടുത്ത മൂന്നുപേരിൽ ഒരാൾ മുഹമ്മദലിയായിരുന്നു. നാടും വീടും തുണയില്ലാതെ മരുഭൂമിയിലെത്തി വിവിധ കാരണങ്ങളാൽ ഒറ്റപ്പെട്ടുപോകുന്നവരുടെ വേദന പകർത്താൻ പതിവു മാപിനികൾ മതിയാകില്ല. ഇത്തരമാളുകളെ കണ്ടെത്തി അവർക്ക് കാരുണ്യത്തിെൻറ കൈത്താങ്ങാവുകയായിരുന്നു മുഹമ്മദലിയുടെ പ്രവാസം. തീക്ഷ്ണാനുഭവങ്ങളുടെ കടൽ കോരിയെടുത്താണ് ഇരുപത്താറാണ്ടിന് ശേഷം മലപ്പുറം പടപ്പറമ്പിലേക്ക് മുഹമ്മദലി മടങ്ങിയെത്തിയിരിക്കുന്നത്.
ബാഗിൽ ജീവിച്ചുതീർത്ത 19കാരി
ജിദ്ദയിൽ പ്രവാസിയായി കഴിയുന്ന മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശി മലയിൽ അബ്ദുല്ലയുടെ മകൾ ആരിഫ 19 വയസ്സുവരെയാണ് ജീവിച്ചത്. ജനിച്ചതു മുതൽ ഒരനക്കവുമില്ലാത്ത കുഞ്ഞ് ജീവച്ചിരിപ്പുണ്ട് എന്നതിന് തെളിവ് ഇടക്കിടക്ക് കണ്ണുകൾ അനക്കുന്നത് മാത്രമായിരുന്നു. കുഞ്ഞ് ജീവിച്ചിരുന്ന 19 വർഷങ്ങൾക്കിടയിൽ കുടുംബം നാട്ടിൽവന്നത് ആറുതവണ മാത്രമാണ്. പ്രത്യേക ബാഗുണ്ടാക്കി അതിലാണ് കുഞ്ഞിനെ കൊണ്ടുവന്നിരുന്നത്. 19 വർഷത്തെ ചികിത്സകൾക്കും പരിചരണത്തിനും പ്രാർഥനകൾക്കുമൊടുവിൽ ആരിഫ കുഞ്ഞായിത്തന്നെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ആരിഫയുടെ മയ്യിത്ത് ഖബറടക്കം തന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് മുഹമ്മദലി പറഞ്ഞു. 19 വർഷം രണ്ടു രാജ്യങ്ങളിൽ ജീവിച്ചിട്ടും മണ്ണിൽ സ്​പർശിക്കാത്ത ആ കാലുകൾ ഖബറിലേക്ക് എടുത്തുവെക്കുന്ന സന്ദർഭം മുറിയാതെ ഇന്നും ഓർമയിൽ കിടപ്പുണ്ട്. കുഞ്ഞിനെ ഖബറിലേക്ക് എടുത്തവെച്ച സമയത്ത് തന്‍റെ കൈകളിലേക്ക് ഉതിർന്നുവീണ പിതാവ് അബ്ദുല്ലയുടെ കണ്ണീർകണങ്ങൾക്ക് ഒരായുസ്സിന്‍റെ ചൂടും വേവുമുണ്ടായിരുന്നു.
മറിയം ബായി എന്ന വല്ലിമ്മ
ഒരു തവണപോലും നാട്ടിൽ പോകാതെ നീണ്ട 40 വർഷം സൗദിയിൽ ജീവിച്ചിട്ടും സമ്പാദ്യമെല്ലാം നഷ്ടമായി വെറുംകൈയോടെ ഇന്ത്യയിലേക്ക് മടങ്ങിയ മറിയം ബായി എന്ന 76കാരിയുടെ ജീവിതം പ്രവാസ പുസ്​തകത്തിലെ അത്യപൂർവമായ ഏടാണ്. 1974ൽ തെൻറ 35 വയസ്സിൽ സഹോദരൻ അലി മുഹമ്മദിനും അദ്ദേഹത്തിന്‍റെ മകൾ റാബിയക്കുമൊപ്പം കപ്പലിൽ ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തിയശേഷം ഈ മുംബൈ സ്വദേശിനി നാട്ടിലേക്ക് മടങ്ങിയിട്ടേയില്ല.
മക്കയിലെ മിസ്​ഫലയിൽ താമസിച്ച ഇവർ സഹോദരനൊപ്പം വിശുദ്ധ ഹറമിന് സമീപം മുറികൾ വാടകക്ക് നൽകുന്ന ബിസിനസാണ് നടത്തിയിരുന്നത്. സ്​പോൺസറുമായി (തൊഴിലുടമ) സഹകരിച്ച് ബിസിനസ്​ നടത്തിയിരുന്ന കെട്ടിടം ഹറം വികസനത്തിെൻറ ഭാഗമായി അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. ഇത്തരം കെട്ടിടങ്ങൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക സ്​പോൺസർ കൈപ്പറ്റിയെന്നും തുടർന്ന് മറിയം ബായിയേയും സഹോദരനേയും മാറ്റിപ്പാർപ്പിച്ച് മാനസികമായി പീഡിപ്പിച്ചെന്നും അവർ പറയുന്നു. ഇഖാമയും (താമസരേഖ) മറ്റു രേഖകളുമുള്ള ഇവരെ അനധികൃത താമസക്കാരെന്നു പറഞ്ഞ് പൊലീസിനെ കൊണ്ട് പിടിപ്പിക്കുകയായിരുന്നുവത്രെ.

മുഹമ്മദലി പടപ്പറമ്പ് മറിയംബായിക്കൊപ്പം
 


15 ദിവസം തടവിൽ പാർപ്പിച്ചശേഷം വിരലടയാളം എടുത്ത് പുറത്തുവിടുകയായിരുന്നു. മക്കയിൽ റോഡരികിൽ അവശ നിലയിൽ കണ്ടെത്തിയ ഇവരെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്​ഥരുടെ സഹായത്തോടെ ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെവെച്ച് ഇവരുടെ പരിചരണം ഏറ്റെടുത്ത മുഹമ്മദലി, കോൺസുലേറ്റ് ഉദ്യോഗസ്​ഥരുടെ സഹായത്തോടെ മുംബൈയിലുള്ള ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ കഴിഞ്ഞ ഇവരെ രണ്ടു മാസം പരിചരിച്ചത് മുഹമ്മദലിയായിരുന്നു. ‘വല്ലിമ്മ’യെന്ന് സ്​നേഹപൂർവം വിളിച്ചിരുന്ന അവരുടെ വിവരങ്ങൾ നാട്ടിലെത്തിയ ശേഷവും ബന്ധുക്കൾ വഴി മുഹമ്മദലി അന്വേഷിച്ചിരുന്നു. സൗദിസർക്കാർ നൽകുന്ന വൻ നഷ്ടപരിഹാരത്തുകയുടെ ചെറിയൊരു ഭാഗമെങ്കിലും ഇവർക്ക് ലഭിച്ചിരുന്നെങ്കിൽ ശിഷ്ടജീവിതം സുഖകരമായി കഴിയാമെന്ന് മുഹമ്മദലി പറഞ്ഞു.

കൺമുന്നിലെ അന്യന്‍റെ സങ്കടങ്ങളെ കൺതുറന്ന്  കാണുന്നവർ എത്രപേരുണ്ട്; ആശ്വസിപ്പിക്കാനായി ഓടിയെത്തുന്നവരും. ഇതാ മുഹമ്മദലി എന്ന മനുഷ്യൻ നാട്ടിലും പ്രവാസ ഭൂമിയിലും വേദനകൾ അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനായി ഓടി നടക്കുന്നു..

മറിയം ബായിയുടെ സഹോദരൻ അലി മുഹമ്മദ്, മകൾ റാബിയ എന്നിവരെ കുറിച്ച് ഇപ്പോഴും വിവരമില്ല. അവർ മരിച്ചിരിക്കാമെന്നാണ് മറിയം ബായി പറഞ്ഞത്. ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അലി മുഹമ്മദിന്‍റെ മുംബൈയിലുള്ള മകൾ ഷേർബാനുവും അവരുടെ മകൾ അഡ്വ. റാബിയയും രംഗത്തുണ്ട്. ഇന്ത്യൻ കോൺസുലേറ്റിന് ഇതുസംബന്ധിച്ച് അവർ പരാതി നൽകിയിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ അന്വേഷിക്കാൻ മുഹമ്മദലിയും രംഗത്തുണ്ടായിരുന്നു. മുംബൈയിൽ സഹോദരപുത്രന്‍റെ പരിചരണത്തിൽ കഴിയുന്ന മറിയം ബായിയുടെ വിവരങ്ങൾ കഴിഞ്ഞദിവസവും മുഹമ്മദലി അന്വേഷിച്ചിരുന്നു.
മന്ത്രവാദക്കേസും ആറ് കുരുന്നുകളും
ശമ്പളം വർധിപ്പിക്കാൻ സ്​പോൺസർക്ക് സദ്ബുദ്ധി തോന്നിപ്പിക്കാനും ദുരിതങ്ങൾ ഇല്ലാതാക്കാനുമാണ് ഒഡിഷക്കാരായ നിസാം–നൂറ ദമ്പതികൾ മന്ത്രവാദം നടത്തിയത്. ത്വാഇഫിന് സമീപം തുർബയിൽ സൗദി പൗരെൻറ വീട്ടിൽ 17 വർഷമായി ഡ്രൈവറാണ് നിസാം. അതേവീട്ടിൽ വേലക്കാരിയാണ് നൂറ. വീട്ടിലെ മറ്റൊരു വേലക്കാരിയായ ഇന്തോനേഷ്യക്കാരിയുമായി ചേർന്നാണ് മന്ത്രവാദം നടത്തിയത്. തുടർന്ന് സ്​പോൺസർക്കും ഭാര്യക്കുമെതിരെ ആഭിചാരവും മന്ത്രവാദവും നടത്തിയെന്ന കേസിൽ മൂവരും ജയിലിലായി. ആഭിചാരവും മന്ത്രവാദവും നടത്തുന്നത് സൗദി അറേബ്യയിൽ കടുത്ത കുറ്റങ്ങളാണ്. ദമ്പതികളെ പൊലീസ്​ കൊണ്ടു പോയതോടെ ഇവരുടെ ആറു മക്കളെ സ്​പോൺസർ വീട്ടിൽ നിന്നിറക്കി. ഒന്നര വയസ്സുകാരൻ അബ്ദുല്ല മുതൽ ഇരട്ടകളായ ഇസ്​മാഈലും അബ്ദുൽ അസീസും മൂത്തവൻ 11കാരൻ അബ്ദുറഹ്മാനുമടക്കമുള്ളവർ ഇതോടെ വഴിയാധാരമായി. തുർബയിൽ കുടുംബം താമസിച്ചിരുന്ന മുറിയിൽ അടച്ചിരിപ്പായിരുന്നു പിന്നീട്. പരിചയക്കാർ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ചാണ് കുട്ടികൾ മൂന്നാഴ്ചയോളം ഇവിടെ കഴിഞ്ഞത്.

മാതാപിതാക്കൾ ജയിലിലായതിനെ തുടർന്ന് ദുരിതത്തിലായ ഒഡിഷക്കാരായ ആറു കുരുന്നുകൾക്കൊപ്പം മുഹമ്മദലി ജിദ്ദയിൽ
 


തുർബയിലേയും ത്വാഇഫിലേയും സാമൂഹികപ്രവർത്തകർ  വിവരമറിയിച്ചതിനെ തുടർന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ളവരെത്തി കുട്ടികളെ ഏറ്റെടുത്ത് ജിദ്ദയിലേക്ക് കൊണ്ടുവരുകയായിരുന്നു. ശറഫിയ്യയിലെ അൽറയാൻ ആശുപത്രിയിൽ താൽക്കാലികമായി താമസിപ്പിച്ച കുട്ടികളുടെ പരിചരണം സസന്തോഷം ഏറ്റെടുത്തത് മുഹമ്മദലിയായിരുന്നു. കോൺസുലേറ്റ് അധികൃതർക്കും ആശുപത്രി അധികൃതർക്കും ഇക്കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു. രേഖകൾ ശരിയാക്കി കുട്ടികളെ നാട്ടിലയക്കുംവരെ കുട്ടികളെ നോക്കിയത് മുഹമ്മദലിയായിരുന്നു. പിന്നീട് കേസിൽനിന്ന് രക്ഷപ്പെട്ട് ഒഡിഷയിലേക്ക് തിരിച്ചുപോയ നിസാമിനും നൂറക്കും മുഹമ്മദലിയോട് നന്ദി പറയാൻ വാക്കുകളില്ലായിരുന്നു.
നാട്ടിൽ നിന്ന് തുടങ്ങിയ സേവനം
നാട്ടിൽ പ്രിൻററായിരുന്ന മുഹമ്മദലി ജിദ്ദയിലും ഇതേ ജോലിയാണ് ചെയ്തിരുന്നത്. പടിഞ്ഞാറ്റുംമുറി ഫസ്​ഫരി യതീംഖാന പ്രസ്​, തിരൂരങ്ങാടി യതീംഖാന എന്നിവിടങ്ങളിൽ ജോലിചെയ്തിരുന്ന കാലംമുതൽ അനാഥരുടെ സങ്കടങ്ങൾ നേരിട്ടറിഞ്ഞിരുന്നു. അന്നുമുതൽ തുടങ്ങിയ സേവനപ്രവർത്തനം പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷവും തുടരുന്നു. കോഴിക്കോട് കോംട്രസ്​റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നിർധനർക്ക് ചുരുങ്ങിയ ചെലവിൽ നേത്രശസ്​ത്രക്രിയ, പാങ് പെയിൻ ആൻഡ് പാലിയേറ്റിവ് ശാഖയുമായി സഹകരിച്ചുള്ള പ്രവർത്തനം, വിവിധ ചികിത്സാസഹായം എന്നിവയുമായി രംഗത്തുണ്ട്. കൂടാതെ, മുഹമ്മദലി നാട്ടിലെത്തിയതറിഞ്ഞ് സൗദിയിലെ ജയിലിൽ കഴിയുന്ന ബന്ധുക്കളുടെ മോചനത്തിന് സഹായിക്കണമെന്നാവശ്യവുമായി പലരും ഇദ്ദേഹത്തെ സമീപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം പേരുടെ അപേക്ഷകൾ മുഹമ്മദലിയുടെ പക്കലുണ്ട്. സൗദിയുമായുള്ള പൊക്കിൾക്കൊടിബന്ധം മുറിക്കാതിരിക്കാൻ അവിടെ ഉപയോഗിച്ചിരുന്ന സൗദി ടെലികോം കമ്പനിയുടെ മൊബൈൽ ഫോൺ പടപ്പറമ്പിലും ഉപയോഗിക്കുന്നുണ്ട്. ദിനേനെയെന്നോണം സൗദിയിലെ വിവിധ ജയിലുകളിൽനിന്ന് മലയാളികളും അല്ലാത്താവരുമായ പ്രവാസികളുടെ സഹായമഭ്യർഥിച്ചുള്ള വിളികൾ ഈ ഫോണിലേക്ക് ഇപ്പോഴും വരുന്നുണ്ട്.

മുഹമ്മദലി പടപ്പറമ്പിന് ഗൾഫ് 'മാധ്യമം' എഡിറ്റർ വി.കെ ഹംസ അബ്ബാസ് പുരസ്കാരം നൽകുന്നു.
 


ജിദ്ദയിലുള്ള സുഹൃത്തുക്കളാണ് ഇൻറർനാഷനൽ റോമിങ്ങിലുള്ള ഫോൺ റീചാർജ് ചെയ്തുകൊടുക്കുന്നത്. സൗദിയിലെ വിവിധ സാമൂഹികപ്രവർത്തകർക്ക് ഇത്തരം കേസുകൾ കൈമാറുകയോ നാട്ടിൽനിന്ന് ശരിയാക്കാവുന്ന കേസുകളിൽ നേരിട്ട് ഇടപെട്ടുകൊണ്ടോ മുഹമ്മദലിയിലെ ജീവകാരുണ്യ പ്രവർത്തകൻ ഇന്നും സജീവമാണ്. ജിദ്ദയിലെ കന്ദറ പാലത്തിനടിയിൽ തിമിരം വന്ന് ഇരു കണ്ണിന്‍റെയും കാഴ്ച നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞ് മുഹമ്മദലിയുടേയും മറ്റും സഹായത്താൽ നാട്ടിലെത്തിയ കൊല്ലം പുനലൂർ സ്വദേശി മൻസൂർ ശസ്​ത്രക്രിയ വഴി ഇരു കണ്ണുകളുടേയും കാഴ്ച തിരിച്ചു ലഭിച്ചശേഷം തെൻറ സന്തോഷം പങ്കുവെക്കാനും മുഹമ്മദലിയെ ‘കണ്ണുകൊണ്ട്’ കാണാനുമായാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയത്. 26 വർഷത്തെ പ്രവാസത്തിന്‍റെ ബാക്കിപത്രമായി ഈ സ്​നേഹവും പ്രാർഥനകളും മാത്രമാണ് ബാക്കിയുള്ളത്. കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിയാത്ത മുഹമ്മദലി തന്‍റെ സേവനപ്രവർത്തനം നാട്ടിൽ തുടരാൻ ഒരു ജോലികൂടി വേണമെന്ന ആഗ്രഹത്തിലാണ്. വിവാഹിതയായ മകൾ ഖൈറുന്നീസയും മാതാവ് ഫാത്തിമയും ഭാര്യ ആസ്യയുമടങ്ങുന്നതാണ് കുടുംബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohammed ali padapparamba
Next Story