Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഉമാകിരണം

ഉമാകിരണം

text_fields
bookmark_border
ഉമാകിരണം
cancel

അട്ടപ്പാടിയുടെ ദാരിദ്ര്യം പറഞ്ഞ് സ്വര്‍ഗഭൂമിയാക്കാമെന്ന് വാഗ്ദാനം നല്‍കി കൈനിറയെ പണവുമായി വന്നവരെ കണ്ടിട്ടുണ്ട് ഇവിടെത്തെ ആദിവാസികള്‍. അവരില്‍ എന്‍.ജി.ഒകളുണ്ട്, സര്‍ക്കാര്‍  ഏജന്‍സികളുണ്ട്, മതസ്ഥാപനങ്ങളുണ്ട്. എന്നാല്‍,  അവരില്‍ നിന്ന് അവര്‍ക്കൊന്നും കിട്ടിയില്ല. എന്നാല്‍, ഉമ പ്രേമന്‍ കോളനിയില്‍ വന്നത് വെറുംകൈയോടെയായിരുന്നു. അവിടത്തെ ജീവിതമറിയാന്‍. അവരോടൊപ്പം ഉണ്ടും ഉറങ്ങിയും ചില ദിനങ്ങള്‍. ഊരുകളിലെ പൊട്ടിപ്പൊളിഞ്ഞുവീഴാറായ കൂരകള്‍ പുതുക്കിപ്പണിതു. ഭിത്തികള്‍ പെയിന്‍റടിച്ചു. പരിസരം വൃത്തിയാക്കി. കഴിഞ്ഞില്ല അവരുടെ പ്രവര്‍ത്തനം. അവര്‍ക്ക് കക്കൂസും കുളിമുറിയുമില്ളെന്നറിഞ്ഞ് സമൂഹത്തിനുമുന്നില്‍ കൈനീട്ടി. സുമനസ്സുകളുടെ സഹായത്തിന് നന്ദിപറഞ്ഞ് അവര്‍ ആദിവാസി ഊരുകളില്‍ ശൗചാലയങ്ങളൊരുക്കി.   

‘അട്ടപ്പാടിയില്‍ കണ്ട കാഴ്ചകളില്‍ അദ്ഭുതപ്പെടുത്തിയത് പൊന്നി എന്ന സ്ത്രീയായിരുന്നു. വര്‍ഷങ്ങളായി മദ്യത്തിനും കഞ്ചാവിനും അടിപ്പെട്ട് കുളിക്കാതെ നനക്കാതെ ദുര്‍ഗന്ധത്തോടെ നടന്ന പൊന്നി. ഇന്ന് ആളാകെ മാറിയിരിക്കുന്നു. കുളിച്ച് വൃത്തിയുള്ള ചേല ചുറ്റി ‘പൊന്നി’ വന്നു.  ഉമാ പ്രേമനെ കണ്ടയുടനെ കെട്ടിപ്പിടിച്ചു. പൊന്നിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി, പിന്നെ നാണം. കോടികള്‍ ചെലവഴിച്ചല്ല ഞങ്ങളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരേണ്ടത്. സ്നേഹംകൊണ്ടു മാത്രമേ ഞങ്ങളെ മാറ്റിയെടുക്കാന്‍ കഴിയൂ എന്ന് പറയാതെ പറയുകയായിരുന്നു ‘പൊന്നി’. ^ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപക ഉമ പ്രേമന്‍െറ ഫേസ്ബുക് പോസ്റ്റില്‍ നിന്ന്.

മറക്കാനാകാത്ത വര്‍ഷം
2014ലെ അട്ടപ്പാടി ആദിവാസി മേഖലകളിലെ പ്രവര്‍ത്തനം  ജീവിതത്തില്‍ മറക്കാനാകില്ല. ശൗചാലയങ്ങള്‍ ഇല്ലാത്ത കോളനികള്‍. അട്ടപ്പാടിയിലെ കണ്ടിയൂര്‍, അഗളി, പൊങ്ങുച്ചോട് ആദിവാസി ഊരുകളിലെ അവസ്ഥ ദുരിതമയമാണ്. യുവതികള്‍ പോലും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വെളിമ്പറമ്പുകളെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്ക് ടോയ്ലറ്റ് നിര്‍മാണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ അനുവദിക്കുന്നതാകട്ടെ 2000 രൂപ മാത്രം. ഇതുകൊണ്ട് എന്താവാന്‍. അതുകൊണ്ട് ഞങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി. വീടുകള്‍ പെയിന്‍റടിച്ചു.

മേസ്തിരിപ്പണി ഉള്‍പ്പെടെ ചെയ്തു.  പരിസരം വൃത്തിയാക്കി. ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരുന്നു കോളനിയില്‍ വെള്ളമത്തെിയിരുന്നത്. അഗളി താഴയൂര്‍ ഊരില്‍ 2000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചു. ശുചിത്വത്തിന്‍െറ ആവശ്യം പറഞ്ഞു മനസ്സിലാക്കിച്ചു. കോളനി നിവാസികളില്‍ പോഷകാഹാരക്കുറവ് പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. രക്തത്തില്‍ ഹീമോഗ്ളോബിന്‍ കുറവുള്ളവര്‍ക്കായി ആയുര്‍വേദ മരുന്നുകളത്തെിച്ചു.

കമ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിച്ച് റാഗി, കടലപോലുള്ള അവശ്യ പോഷകഘടകങ്ങള്‍ അവിടെയത്തെിക്കാനുള്ള ശ്രമം തുടങ്ങി. സ്കൂളില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും ബസ് കൂലിക്ക് പണമില്ലാത്തതിനാല്‍ പഠനം നിര്‍ത്തിയവരേറെയുണ്ടായിരുന്നു അവിടെ. ആ പ്രതിസന്ധിക്കും പരിഹാരമുണ്ടാക്കി. ലഹരിക്ക് അടിപ്പെട്ടവരെ അവ ഉപേക്ഷിക്കാനുള്ള ബോധവത്കരണത്തിനും അസുഖബാധിതര്‍ക്കുള്ള സഹായത്തിനുമായി ആദിവാസികള്‍ക്കിടയില്‍നിന്നുതന്നെ രണ്ടു നഴ്സുമാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി.

കണ്ടിയൂര്‍ ആദിവാസി ഊരില്‍ 110 ബാത്ത്റൂമുകളായിരുന്നു ആവശ്യം. അതില്‍ 60 എണ്ണത്തിന്‍െറ പണി പൂര്‍ത്തിയായി. ബാക്കിയുള്ളവ പൂര്‍ത്തിയാക്കാന്‍ പണമില്ല. ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നുള്ള സഹായംകൊണ്ടായിരുന്നു. കൂടുതല്‍ പേരുടെ സഹായം അത്യാവശ്യമാണ്. അട്ടപ്പാടിയിലെ ട്രൈബല്‍ ഹോസ്പിറ്റലില്‍  വൃക്കരോഗികള്‍ക്കായി  രണ്ട് ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്.  എട്ടു വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി ഹീമോഗ്ളോബിന്‍ പരിശോധന നടത്തി. മൊബൈല്‍ ലാബിന്‍െറ സഹായത്താലാണ് പരിശോധന നടത്തുന്നത്. പോഷകാഹാരക്കുറവുള്ള 500 കുട്ടികള്‍ക്ക് ഭക്ഷണമത്തെിക്കാനുള്ള പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. അതിന്‍െറ ഫണ്ടിനായുള്ള നെട്ടോട്ടത്തിലാണ്. ദിവസം 7500 രൂപയുടെ  ചെലവുണ്ട്. ഈ പദ്ധതിക്കുള്ള സ്പോണ്‍സര്‍ ആയിട്ടില്ല.

ഉപരിപഠനത്തിന് താല്‍പര്യമുള്ള ആദിവാസി വിദ്യാര്‍ഥികള്‍ക്ക് അതിന് സഹായമൊരുക്കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. തൃശൂരിലെ പ്രഫ.  പി.സി.തോമസ് അവര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാമെന്നേറ്റിട്ടുണ്ട്. അവര്‍ക്കുള്ള യാത്രാച്ചെലവിന്  സഹായമത്തെിയിട്ടുണ്ട്. ആദിവാസികളെ കൃഷിയിലേക്ക് മടക്കിക്കൊണ്ടു പോകാനുള്ള പദ്ധതിയുണ്ട്. അഞ്ചു കൊല്ലത്തിനുള്ളില്‍ അവര്‍ക്ക് സ്ഥിരവരുമാനം സാധ്യമാകുംവിധം വളര്‍ത്തിയെടുക്കുകയെന്നതാണ് ഉദ്ദേശ്യം. എട്ടുപേരുടെയെങ്കിലും സേവനം ഇതിന് ആവശ്യമുണ്ട്. 2020നുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ജെല്ലിപ്പാറ മേലേകണ്ടിയൂരിലെ ആദിവാസി ഊര്

വിശ്രമിക്കാനാകില്ല.

ഒറ്റപ്പെട്ടു പോകുന്ന അമ്മമാരെ താമസിപ്പിക്കാനായി ഗുരുവായൂരിനടുത്ത് ‘ശാന്തിഭവനം’ ഒരുങ്ങുകയാണ്. 2015 സെപ്റ്റംബര്‍ അവസാനത്തോടെ 32 സെന്‍റിലുള്ള കെട്ടിടത്തിന്‍െറ പണി പൂര്‍ത്തിയാകും. ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് നടത്തി വീട്ടില്‍ തിരിച്ചുപോകാന്‍ സാഹചര്യമൊരുക്കുകയെന്നതും ലക്ഷ്യമാണ്. വളരെ കുറഞ്ഞ നിരക്കില്‍ ഡയാലിസിസിന് സൗകര്യമൊരുക്കുന്നുണ്ട്. വൃക്കരോഗത്തിനെതിരായ മുന്‍കരുതല്‍ സന്ദേശവുമായി ക്യാമ്പുകള്‍ നടത്തിവരുന്നു. ഇന്ത്യയില്‍തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.

ഉമപ്രേമന്‍
ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ സ്ഥാപക (1997). മുന്‍ പരിചയമില്ലാത്ത സലീല്‍ എന്ന 24കാരന് വൃക്ക ദാനം ചെയ്തു. മള്‍ട്ടിഡ്രഗ് റെസിസ്റ്റന്‍റ് ടി.ബി ബാധിച്ച് ഭര്‍ത്താവിന്‍െറ മരണശേഷം വൃക്കരോഗികള്‍ക്കായുള്ള സജീവ പ്രവര്‍ത്തനം. പ്രതിമാസം 2000 ഡയാലിസിസ് സൗജന്യനിരക്കില്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ച ഒമ്പത് യൂനിറ്റുകള്‍ വഴി നടത്തുന്നു. രണ്ട് മൊബൈല്‍ ഡയാലിസിസ് യൂനിറ്റുകള്‍. സി.എന്‍.എന്‍.ഐ.ബി.എന്‍ റിയല്‍ ഹീറോസ് അവാര്‍ഡ് (2010) ലഭിച്ചു. 2014ലെ കെല്‍വിനേറ്റര്‍ സ്ത്രീശക്തി അവാര്‍ഡ്, ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം എന്നിവ ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story