ധര്‍മയുദ്ധം
text_fieldsനിയമം ഒരു കുരുക്ഷേത്രക്കളമാണ്. ധര്‍മാധര്‍മങ്ങളുടെ യുദ്ധക്കളം. ധര്‍മയുദ്ധത്തിന് നിയമങ്ങള്‍ കൃത്യമായി പാലിക്കണം. നിയമത്തിന്‍െറ നൂലിഴകള്‍ കീറി എന്ന ആലങ്കാരിക പ്രയോഗത്തില്‍ പറഞ്ഞാലും അക്ഷരാര്‍ഥത്തില്‍ ഒരു ധര്‍മയുദ്ധത്തിന്‍െറ വിജയമായിരുന്നു സുശീല ആര്‍. ഭട്ട് എന്ന അഭിഭാഷകയെ സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ ഗോയങ്കക്കെതിരായ കോടതിയുദ്ധം. സുശീല ആര്‍. ഭട്ടെന്ന ഈ ഗവണ്‍മെന്‍റ് പ്ളീഡറെ സാധാരണക്കാര്‍ക്ക് അത്ര പരിചയമില്ലായിരിക്കും.
ചാനല്‍ ചര്‍ച്ചകളിലൊന്നും വന്ന് വാചകമടിക്കാന്‍ അവര്‍ക്ക് നേരം കിട്ടിയെന്നു വരില്ല. വര്‍ഷങ്ങളായി അവര്‍ ഫയലുകള്‍ക്കിടയില്‍ ജീവിക്കുന്നത് ഈ ഒരു ദൗത്യത്തിനുവേണ്ടിയായിരുന്നു. ഭൂമിക്കായി കൊടിപിടിക്കുന്ന ബുദ്ധിജീവികള്‍ക്കും പെണ്‍പക്ഷ സംഘടനകള്‍ക്കും ഇവരെ അറിയണമെന്നില്ല. ഇവരുടെയൊക്കെ സമരങ്ങളെക്കാള്‍ സമൂഹത്തിന് നേട്ടമാണ് സുശീലയുടെ നിയമപോരാട്ടങ്ങള്‍. നാടൊട്ടുക്കുമുള്ള ഭൂസമരക്കാരിലും റവന്യൂ വകുപ്പിന്‍െറ ഗവണ്‍മെന്‍റ് പ്ളീഡറായ സുശീല ഭട്ടിനെ അറിയുന്നവര്‍ ചുരുക്കമാണ്.
ഭൂമി തിരിച്ചുപിടിക്കല്‍ ദൗത്യം
ഒരുതുണ്ട് ഭൂമിയില്ലാതെ അലയുന്ന പതിനായിരങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി ടാറ്റയില്‍നിന്നും ഗോയങ്കയില്‍ നിന്നും ഭൂമാഫിയകളില്‍നിന്നും മോചിപ്പിക്കണമെന്നതാണ് ഇവരുടെ ദൗത്യം. അതിനായി ഉറക്കമിളച്ച് അവര്‍ ഫയല്‍ കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്നു. ഒരു ക്രിമിനലിനെ ചോദ്യംചെയ്യുന്ന പൊലീസുകാരുടെ മനസ്സോടെ ആധാരങ്ങളിലും പട്ടയങ്ങളിലും പരതുന്നു. കണ്ടത്തെുന്നതോ കോടികളുടെ തട്ടിപ്പിന്‍െറ കാണാപ്പുറങ്ങള്‍. ടാറ്റയും ഗോയങ്കയും കേരളമണ്ണിനെ കൊള്ളയടിക്കുകയാണെന്നതിന്‍െറ തെളിവുകള്‍ പകല്‍ വെളിച്ചംപോലെ നിരത്തുന്നു.
ഫയലുകളുടെ യുദ്ധഭൂമിയില്‍
സുശീല ഹൈകോടതിയില്‍ ഉയര്‍ത്തുന്ന ലോ പോയന്‍റുകള്‍ ഓരോന്നും വമ്പന്മാരുടെ കാല്‍ച്ചുവട്ടിലെ മണ്ണ് പാടെ ഇളക്കിമാറ്റുന്നവയാണ്. രാജ്യത്തെ പ്രബലരായ ഈ വ്യവസായികളുടെ സ്വാധീനവും തന്ത്രങ്ങളും ഈ സാധാരണക്കാരിയുടെ മുന്നില്‍ നിഷ്പ്രഭമാകുന്നതാണ് നാം കണ്ടത്. ടാറ്റയുടെ മൂന്നാറിലെ ഭൂമിയിലുള്ള അവകാശവും ഗോയങ്കക്ക് ഹാരിസണ്‍സ് മലയാളം കമ്പനിയുടെ കൈവശ ഭൂമിയിലുള്ള അവകാശവും സുശീല വാദങ്ങളിലൂടെ വെട്ടിനിരത്തുന്നു. ഇതെല്ലാം കണ്ടുകൊണ്ട് കോടതിയിലിരിക്കുന്ന സഹപ്രവര്‍ത്തകര്‍ സുശീലയെ വിശേഷിപ്പിക്കുന്നത് ‘നിയമത്തിന്‍െറ ബുള്‍ഡോസറെ’ന്നാണ്. ഹാരിസണ്‍സിന്‍െറ 30,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കെണിയൊരുക്കിയത് ഈ പെണ്‍ബുദ്ധിയാണ്. ഹാരിസണ്‍സിന് ഈ കേസില്‍നിന്ന് രക്ഷപ്പെടാനാവില്ളെന്നാണ് അഭിഭാഷക പണ്ഡിതര്‍ പറയുന്നത്.
സര്‍ക്കാര്‍ മേലങ്കി
കെ. സുധാകരന്‍ വനം മന്ത്രിയായിരിക്കെ 10 വര്‍ഷം മുമ്പാണ് സുശീല ഭട്ട് സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ളീഡറുടെ മേലങ്കിയണിയുന്നത്. അതൊരഗ്നി പരീക്ഷയായിരുന്നു. സര്‍ക്കാര്‍ വക്കീലായതിനാല്‍ കേസ് തോറ്റാല്‍ മന:പൂര്‍വം തോറ്റുകൊടുത്തെന്ന ആക്ഷേപത്തിനിരയാകും. ആ പേരുദോഷം വന്നുഭവിക്കാതിരിക്കാന്‍ കൊടും കാട്ടില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ സംഭ്രമങ്ങളോടെ അവര്‍ ഫയലുകളില്‍ പരതി. പലതും വെട്ടിത്തെളിച്ച് സര്‍ക്കാര്‍ ഭൂമിയുടെ സുരക്ഷക്ക് വാദങ്ങളുടെ വേലി തീര്‍ത്തു.
കാട്ടുകള്ളന്മാരുടെ ഇടയിലൂടെ നടന്നെങ്കിലും പേരിലെ സുശീലം കൈവിട്ടില്ല. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ വാദങ്ങള്‍ കോടതിയില്‍ നിരത്തി. ഒട്ടേറെ കേസുകളില്‍ സര്‍ക്കാര്‍ വിജയിച്ചു. അതോടെയാണ് വമ്പന്മാരില്‍ ചിലര്‍ സുശീല ആര്‍. ഭട്ടെന്ന പേര് അറിഞ്ഞു തുടങ്ങിയത്. വനംവകുപ്പിന്‍െറ സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ളീഡറായതോടെയാണ് അഭിഭാഷകയായി പലരും അറിഞ്ഞു തുടങ്ങിയത്. കേസുകളില്‍ തിരിച്ചടിയുണ്ടായ സംഭവങ്ങളുമുണ്ട്. അപ്പോഴൊക്കെ തളരാതിരിക്കാന്‍ പ്രചോദനം പകര്‍ന്നത് രവീന്ദ്രനാഥ ഭട്ടാണെന്ന് സുശീല പറയുന്നു.
തിരുവഞ്ചൂരിന്‍െറ വിശ്വസ്ത
2004ല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ (ഇ.എഫ്.എല്‍) ഏറ്റെടുത്ത സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് അസാധുവാകുമെന്ന ഘട്ടത്തില്‍ അന്ന് വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കണ്ട പ്രതിവിധി സുശീലയെ കേസ് ഏല്‍പിക്കുകയായിരുന്നു. സര്‍ക്കാറിന് നഷ്ടപ്പെടുമായിരുന്ന 45,000ഏക്കര്‍ ഭൂമി സംരക്ഷിക്കുന്നതിനും ഒപ്പം, സര്‍ക്കാറിന്‍െറ മുഖം രക്ഷിക്കുന്നതിനുമായിരുന്നു തിരുവഞ്ചൂരിന്‍െറ നടപടി. 2006ല്‍ ഓര്‍ഡിനന്‍സിന് പ്രസിഡന്‍റിന്‍െറ ഒപ്പ് കിട്ടുവോളം ഏറ്റെടുത്ത ഭൂമി നഷ്ടപ്പെടാതെ നിയമപ്രതിരോധം തീര്‍ത്തത് സുശീലയുടെ മിടുക്കാണ്. 2004^-2005 കാലത്ത് ചന്ദനക്കൊള്ള പതിവായപ്പോള്‍ വനം മന്ത്രി തിരുവഞ്ചൂര്‍ ഒരു ഉത്തരവിറക്കി. ചന്ദനക്കേസുകളില്‍ സുശീല മാത്രം ഹാജരായാല്‍ മതിയെന്നായിരുന്നു അത്. അത് തനിക്ക് ലഭിച്ച ആദ്യ അംഗീകാരമായിരുന്നുവെന്ന് സുശീല പറയുന്നു.
വനവുമായി ബന്ധപ്പെട്ട മറ്റു പല കേസുകളിലും ഹാരിസണ്‍സിന്‍െറയും മറ്റ് എസ്റ്റേറ്റുകളുമായി ബന്ധപ്പെട്ട കേസുകളിലും സുശീല ഹാജരായാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്നീട് പല തവണ ഇറങ്ങിയിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റവന്യൂ മന്ത്രിയായപ്പോള്‍ പറഞ്ഞത് മൂന്നാറിനെ നിയമത്തിന്‍െറ ബുള്‍ഡോസര്‍ ഉപയോഗിച്ച് മോചിപ്പിക്കുമെന്നാണ്. അതിനായി റവന്യൂ സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍ എന്ന തസ്തികയുണ്ടാക്കി സുശീലയെ നേരിട്ട് നിയമിച്ചു. അഡ്വക്കറ്റ് ജനറല്‍ മൂന്നാര്‍ കേസില്‍ ഇടപെട്ടപ്പോള്‍ അത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹാരിസണ്‍സ് മലയാളം ലിമിറ്റഡിനെതിരായ കേസ് അഡ്വക്കറ്റ് ജനറല്‍ ഏറ്റെടുക്കാന്‍ തുനിഞ്ഞപ്പോള്‍ മന്ത്രി അടൂര്‍ പ്രകാശ് വിഷയം ക്യാബിനറ്റില്‍ ഉന്നയിച്ചു.
എ.ജിയുടെ നടപടി തടഞ്ഞ് ക്യാബിനറ്റ് ഉത്തരവിറക്കി. ഇതൊക്കെയാണ് സുശീലക്കു ലഭിക്കുന്ന അംഗീകാരങ്ങള്‍. ടാറ്റക്കും ഗോയങ്കക്കും മറ്റ് എസ്റ്റേറ്റുകള്ളന്മാര്‍ക്കും എതിരെ സുശീല തുടങ്ങിവെച്ച നിയമ പോരാട്ടം വിജയത്തിന്‍െറ വഴിയിലാണ്. അത് പുറംലോകമറിയാന്‍ കുറെക്കൂടി കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. ഇടതു സര്‍ക്കാറിന്‍െറ കാലത്ത് ആദ്യം ഒരുവര്‍ഷം വനം വകുപ്പിന്‍െറ കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. സര്‍ക്കാര്‍ വക്കീല്‍ പദവി ഒഴിഞ്ഞപ്പോഴാണ് രസികന്‍ സംഭവങ്ങളുണ്ടായത്. സര്‍ക്കാര്‍ വക്കീലായിരിക്കെ സുശീല നിയമത്തിന്‍െറ വേലികെട്ടി പുറത്തുനിര്‍ത്തിയ എസ്റ്റേറ്റ് മുതലാളിമാരും വനം മാഫിയയും നിരനിരയായി വരുന്നു, അവരുടെ കേസുകള്‍ നടത്തണമെന്ന അഭ്യര്‍ഥനയുമായി.
പല അഭിഭാഷകരും കൊതിക്കുന്ന സന്ദര്‍ഭമാണിത്. ലക്ഷാധിപതിയാകാന്‍ കിട്ടുന്ന അവസരം. പക്ഷേ, സുശീല തന്‍െറ പേരിലെ ശീലം വിട്ട് പണക്കിലുക്കത്തിനടിപ്പെടാന്‍ തയാറായില്ല. ‘അതൊരു ട്രാപ്പാണ്, പെട്ടാല്‍ ഊരാനാവില്ല. ഇത്രയും കാലം സൂക്ഷിച്ച മുല്യങ്ങളെ കൈവിടലുമാകും. അതിന് മനസ്സുവന്നില്ല’ ^അതാണ് സുശീലയുടെ ശീലവും പ്രകൃതവും. ‘അത്യാവശ്യം സാമ്പത്തികമെല്ലാം എന്‍െറ ഭര്‍ത്താവിനുണ്ട്. ജീവിക്കാന്‍ അത്രയും മതി. പാവങ്ങളുടെ ഭൂമി കൈവശംവെക്കാന്‍ കൊള്ളക്കാര്‍ക്ക് അവസരമൊരുക്കി അതില്‍ നിന്ന് ഒരു സമ്പാദ്യം വേണ്ടെന്നുവെച്ചതാണ് ശരിയെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.’
അടുക്കളയില്‍ നിന്നരങ്ങില്‍
17ാം വയസ്സില്‍ വിവാഹിതയായി. കുട്ടികളെ നോക്കിവളര്‍ത്തി നല്ളൊരു വീട്ടമ്മയായി കഴിയാന്‍ ആഗ്രഹിച്ച ഈ സ്ത്രീ, ഭൂ^വനം മാഫിയകള്‍ ഭയക്കുന്ന വനിതയായി മാറിയത് തികച്ചും യാദൃച്ഛികം. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. എറണാകുളത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ എ.വി. ഭട്ടിന്‍െറ മാനേജിങ് പാര്‍ട്ട്ണര്‍ രവീന്ദ്രനാഥ ഭട്ടുമായി. കൂട്ടുകുടുംബമായിരുന്നു ഭര്‍ത്താവിന്‍േറത്. രണ്ട് ആണ്‍കുട്ടികളുടെ അമ്മയായി എല്ലാവരുമൊന്നിച്ച് കുടുംബിനിയായി ജീവിച്ചു. പാചകവും തുന്നലും ഒക്കെയായിരുന്നു അക്കാലത്തെ ഹോബികള്‍. കുട്ടികള്‍ സ്കൂളില്‍ പോയി തുടങ്ങിയതോടെ കിട്ടുന്ന സമയം മാഗസിനുകള്‍ വായിച്ചും സിനിമകള്‍ കണ്ടും കഴിഞ്ഞു.
ആശിച്ചപോലെ സംതൃപ്തമായ കുടുംബ ജീവിതം. അതിനപ്പുറം ഒന്നും വേണമെന്ന് തോന്നിയുമില്ല. 24 വയസ്സുവരെ അങ്ങനെ കഴിഞ്ഞു. എന്നാല്‍, ബുദ്ധിമതിയായ ഭാര്യ അങ്ങനെ വീട്ടില്‍ ചടഞ്ഞുകൂടുന്നത് രവീന്ദ്രനാഥ ഭട്ടിന് ഇഷ്ടമായിരുന്നില്ല. ഭര്‍ത്താവിന്‍െറ നിര്‍ബന്ധപ്രകാരം എറണാകുളം മഹാരാജാസ് കോളജില്‍ ബി.എ ലിറ്ററേച്ചറിന് ചേര്‍ന്നു. സാമൂഹിക സേവന തല്‍പരത അന്നേ ഉള്ളിലുണ്ടായിരുന്നു. പഠനത്തിനപ്പുറം സാഹിത്യ^സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായി.
1984ല്‍ ഫസ്റ്റ് ക്ളാസോടെ ബി.എ പാസായി. ഹൃദയകുമാരി ടീച്ചറും മറ്റും നിര്‍ബന്ധിച്ചതിനാല്‍ പിന്നീട് എം.എ ലിറ്ററേച്ചറിന് ചേര്‍ന്നു. എം.എയും പാസായത് ഫസ്റ്റ് ക്ളാസോടെ. പിന്നീട് ഭര്‍ത്താവ് നിര്‍ബന്ധിച്ച് എറണാകുളം ലാ കോളജില്‍ ചേര്‍ത്തു. എം.ജി യൂനിവേഴ്സിറ്റിയുടെ ഒന്നാം റാങ്കുമായാണ് എല്‍.എല്‍.ബി പാസായത്. ഹൈകോടതിയില്‍ വക്കീലായി എന്‍റോള്‍ ചെയ്തു. അഡ്വ. ആര്‍.ഡി. ഷേണായിയുടെ ജൂനിയറായി കേസുകെട്ടുകളുടെ ലോകത്തേക്ക്. ഇതിനിടയില്‍ പാവപ്പെട്ടവര്‍ക്ക് നിയമസഹായം കൊടുക്കാന്‍ ലീഗല്‍ എയ്ഡ് ക്ളിനിക് തുടങ്ങി. എല്‍.എല്‍.എമ്മിന് ലാകോളജില്‍ ചേര്‍ന്നു. അതും പാസായത് എം.ജി യൂനിവേഴ്സിറ്റിയുടെ ഒന്നാം റാങ്കോടെ.
അവിടംമുതല്‍ സാമൂഹിക സേവന രംഗത്ത് സജീവമായി. സഹപാഠികളുമായി ചേര്‍ന്ന് കോട്ടയത്ത് സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് എന്ന സ്ഥാപനം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കേരളത്തിലെ വിവാഹമോചിതരായ സ്ത്രീകളുടെ സാമൂഹികസ്ഥിതി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചു. മറ്റ് ഒട്ടേറെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി.
വനം എന്ന ലഹരി
ഹൈകോടതി വളപ്പില്‍ എ.ജിയുടെ ഓഫിസിനോടു ചേര്‍ന്ന സുശീലയുടെ ഓഫിസ് മുറി നിറയെ ഫയലുകളുടെ കാടാണ്. ഇവയുടെ ഇടയില്‍ ചുറ്റിത്തിരിഞ്ഞ് മനസ്സിലും കാടുകയറുമ്പോള്‍ ഒന്നു ഫ്രഷാവാന്‍ വഴിതേടും. അതിന് ഒരു സിദ്ധൗഷധമേ സുശീലക്കുള്ളൂ. കാടിന്‍െറ കുളിരിലേക്ക് ഒരു യാത്ര. അത്രക്ക് ഇഷ്ടമാണ് കാടും മലനിരകളും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും കാടുകളില്‍ ധാരാളം ചുറ്റിത്തിരിഞ്ഞിട്ടുണ്ട്.
ഹിമാചലിലെ മലമടക്കുകളിലും അന്തമാന്‍ നികോബാര്‍ ദ്വീപുകളിലും കാടു കണ്ട് നടന്നു. ഭൂട്ടാനിലെയും ശ്രീലങ്കയിലെയും വനങ്ങളില്‍ വരെ യാത്ര നീണ്ടിട്ടുണ്ട്. വിയറ്റ്നാമില്‍ അമേരിക്കയുടെ ഏജന്‍റ് ഓറഞ്ച് പ്രയോഗം വെണ്ണീറാക്കിയ കാടുകളിലേക്കുള്ള യാത്രയാണ് ഇനി മനസ്സില്‍. കോടതി അവധിയാകുന്ന സമയങ്ങളില്‍ ബംഗളൂരുവിലേക്ക് പോകും. മക്കളായ സുധീന്ദ്രനാഥും സുമീന്ദ്രനാഥും അവിടെ എന്‍ജിനീയര്‍മാരാണ്. അവരുടെ സാമീപ്യം പകരുന്ന സൗഖ്യവുമായി വീണ്ടും കേസുകളുടെ ലോകത്തേക്ക്. മടുപ്പോടെയല്ല, ആവേശത്തോടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.