Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightമദ്യത്തിനെതിരെ...

മദ്യത്തിനെതിരെ ചിന്നംവിളി

text_fields
bookmark_border
മദ്യത്തിനെതിരെ ചിന്നംവിളി
cancel

ഒരു റിട്ട. തഹസില്‍ദാര്‍ എന്നും മദ്യവിരുദ്ധ സമരപ്പന്തലില്‍ വരുമായിരുന്നു. ഒരു ദിവസം അദ്ദേഹം സമരനായിക ചിന്നമ്മ ടീച്ചറോട് പറഞ്ഞു: ‘എനിക്ക് കുടി നിര്‍ത്തണം’. അപ്പോഴും ആ മനുഷ്യന്‍ മദ്യപിച്ചിരുന്നു. ‘ഇന്ന് ഒരുപാട് വൈകിയില്ളേ, നാളെ വരൂ’ എന്നു പറഞ്ഞ് വിട്ടു. മദ്യം കഴിക്കാതെ വരണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അതനുസരിച്ച് അദ്ദേഹം പിറ്റേന്ന് വന്നു. പ്രഭാഷണം തീരുംവരെ ഇരുന്നു. അതിനുശേഷം ടീച്ചറോട് സംസാരിച്ചു. അന്നുമുതല്‍ മുടങ്ങാതെ  സമരപ്പന്തലിലത്തെി. സമരത്തിന്‍െറ അവസാനദിവസം ഭാര്യയെയും കൂട്ടിയാണ് അദ്ദേഹം വന്നത്. തിരക്കൊഴിഞ്ഞപ്പോള്‍ ഇരുവരും ടീച്ചറുടെ അടുത്തത്തെി.

22 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഇപ്പോഴാണ് ജീവിതത്തിന്‍െറ സുഗന്ധം എന്താണെന്ന് അറിയുന്നതെന്ന് ആ മനുഷ്യന്‍െറ ഭാര്യ നന്ദിയോടെ സൂചിപ്പിച്ചു. അയാളുടെ  മദ്യപാനംമൂലം കിടപ്പാടംവരെ ആ കുടുംബത്തിന് നഷ്ടപ്പെട്ടിരുന്നു.  രണ്ടു മക്കളടങ്ങുന്ന കുടുംബം പോറ്റാനായി ആ വീട്ടമ്മ കഷ്ടപ്പെടുകയായിരുന്നു. ഭര്‍ത്താവ് മദ്യപാനം നിര്‍ത്തിയതോടെ  കുടുംബത്തിലേക്ക് സന്തോഷം കടന്നുവന്നു.  പിന്നീടൊരിക്കലും ആ തഹസില്‍ദാര്‍ മദ്യപിച്ചിട്ടില്ല. മദ്യവിരുദ്ധ സമരക്കാരുടെ ചേരിയില്‍ ചേര്‍ന്നു അദ്ദേഹം. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായിരുന്നു അതെന്ന് ടീച്ചര്‍ പറയുന്നു.

മദ്യത്തിനെതിരായ സമരങ്ങളില്‍ പെണ്‍ സാന്നിധ്യം സജീവമല്ലാതിരുന്ന കാലത്താണ് ഒ.ജെ. ചിന്നമ്മയെന്ന സംസ്കൃതം അധ്യാപിക ആ രംഗത്തേക്ക് വരുന്നത്. സമരരംഗത്ത് തോളോടുചേര്‍ന്ന്  പ്രവര്‍ത്തിക്കാന്‍ ജീവിതപങ്കാളി രവീന്ദ്രന്‍ മാഷിന്‍െറ പിന്തുണകൂടിയായപ്പോള്‍ ടീച്ചര്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി. 32 വര്‍ഷത്തിലേറെയായി അവര്‍ സമരമുഖത്തത്തെിയിട്ട്. മുന്നേറാനുള്ള പാത കല്ലും മുള്ളും നിറഞ്ഞതാണെന്ന ബോധ്യമുള്ള ആ ദമ്പതികളുടെ പോരാട്ടവീഥിയില്‍ നിന്ന്.

സര്‍ക്കാറിനെതിരെ സമരം
സമ്പൂര്‍ണ മദ്യനിരോധമെന്ന് കൊട്ടിഘോഷിച്ച ആന്‍റണി സര്‍ക്കാര്‍ ഉത്തരവിന്‍െറ ചൂടാറും മുമ്പുതന്നെ  55 വിദേശമദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കി. അതില്‍ മൂന്നെണ്ണം കോഴിക്കോട് ജില്ലയിലെ അത്തോളി, പന്തീരാങ്കാവ്, നരിക്കുനി എന്നിവിടങ്ങളിലായിരുന്നു. നാട്ടിന്‍പുറങ്ങളിലെ നന്മക്ക്  തുരങ്കംവെക്കുന്ന ഈ നടപടിക്കെതിരെ ശബ്ദിക്കാതിരിക്കാന്‍ ചിന്നമ്മയിലെ പോരാട്ട വീര്യത്തിനാകുമായിരുന്നില്ല. മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.

മദ്യഷാപ്പുകള്‍ക്കുമുന്നില്‍ സമരം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഹൈകോടതി ഉത്തരവിട്ടതിനാല്‍ സമരക്കാര്‍ വേദി കോഴിക്കോട്  കിഡ്സണ്‍   കോര്‍ണറിലേക്കു മാറ്റി. 107 ദിവസം പിന്നിട്ട സമരം വിജയം കാണാത്തതിനത്തെുടര്‍ന്ന് സമരനേതാവ് ഒ.ജെ. ചിന്നമ്മയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വീട്ടമ്മമാര്‍ അന്ന്  കെ.പി.സി.സി പ്രസിഡന്‍റായിരുന്ന കെ. മുരളീധരന്‍െറ വീട്ടിലത്തെി. എക്സൈസ് മന്ത്രി ശങ്കരനാരായണനെ വിളിച്ച് മദ്യഷാപ്പുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, മന്ത്രിയെ  വിളിക്കാന്‍ പറ്റില്ളെന്നും ഒരാഴ്ച കഴിഞ്ഞ് ഇക്കാര്യം സംസാരിക്കാമെന്നുമായിരുന്നു മുരളീധരന്‍െറ നിലപാട്.

സമരക്കാര്‍ പിരിഞ്ഞു പോവില്ളെന്നും നിരാഹാരശയനപ്രദക്ഷിണം നടത്തുമെന്നും ചിന്നമ്മ പ്രഖ്യാപിച്ചു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റിന് മുട്ടുമടക്കേണ്ടിവന്നു. ഉടന്‍ മന്ത്രിയെ വിളിച്ചു കാര്യം അവതരിപ്പിച്ചു. സമരക്കാരുടെ ആവശ്യം അംഗീകരിച്ച അദ്ദേഹം ഒരു ഷാപ് പൂട്ടാനും രണ്ടെണ്ണം പ്രദേശത്തുനിന്ന് മാറ്റാനും ഉത്തരവിട്ടു. ചിന്നമ്മയുടെ സമരചരിത്രത്തിലെ മറക്കാനാവാത്ത ഒരു അധ്യായമായിരുന്നു അത്.

കോഴിക്കോട് നടന്ന ഒരു സാഹിത്യ ക്യാമ്പില്‍ നിന്ന്

ഗാന്ധിയന്‍ വഴിയേ
കുട്ടിക്കാലം മുതല്‍ക്കേ ഗാന്ധിയന്‍ ആശയങ്ങളോട് ഇഷ്ടംകൂടിക്കൊണ്ടാണ് ചിന്നമ്മ വളര്‍ന്നത്. അപ്പച്ചനും അമ്മയും കര്‍ഷകരായിരുന്നു. താമരശ്ശേരി മൈക്കാവാണ് സ്വദേശം. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ അധ്യാപന കാലത്താണ്  രവീന്ദ്രന്‍ മാഷെ പരിചയപ്പെടുന്നത്്.  ഇരുവരും ഒരുമിച്ച് ബംഗ്ളാദേശ് കോളനിയുടെ മുഖം മാറ്റിയെടുക്കുന്ന പ്രവര്‍ത്തനങ്ങളിലും കോളജിലെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പരിചയം വളര്‍ന്ന് വിവാഹത്തിലത്തൊന്‍ താമസമുണ്ടായില്ല. തലക്കുളത്തൂരിനടുത്ത കച്ചേരിയിലാണ് മാഷിന്‍െറ വീട്.

മദ്യവിരുദ്ധ സമരനായകന്‍ എം.പി. മന്‍മഥന്‍െറ നേതൃത്വത്തില്‍ തലക്കുളത്തൂരില്‍  രൂപവത്കരിച്ച മദ്യവിരുദ്ധ സമിതിയിലൂടെയാണ് ടീച്ചര്‍ പോരാട്ടത്തില്‍ സജീവമാകുന്നത്. വിവാഹം കഴിഞ്ഞ് അവര്‍ക്ക് കിട്ടിയ ആദ്യ സ്വീകരണം തലക്കുളത്തൂര്‍ മദ്യനിരോധന സമിതിയുടേതായിരുന്നു. ആ വേദിയില്‍ വെച്ച് ചിന്നമ്മയും സമരങ്ങളില്‍ സജീവമാകുമെന്ന് പ്രതിജ്ഞയെടുത്തു. ഭര്‍ത്താവിന്‍െറ അമ്മയായിരുന്നു ഈ രംഗത്തെ വഴികാട്ടി. അച്ഛന്‍െറ മദ്യപാനമാണ് അവരെ മദ്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചത്.

74 ദിവസം നീണ്ട കുരിശുപള്ളി ചാരായഷാപ്പ് വിരുദ്ധ സമരത്തിലും 127 ദിവസം പൊരുതി ജയിച്ച മാനാഞ്ചിറ വിദേശമദ്യഷാപ്പ് വിരുദ്ധ പ്രവര്‍ത്തനത്തിലും കക്കാടംപൊയില്‍ മദ്യവിമുക്ത ഗ്രാമമാക്കി മാറ്റിയതിനും പിന്നില്‍  ഈ സമരക്കാരിയുടെ കൈകളുണ്ട്. മനുഷ്യനന്മയാഗ്രഹിക്കുന്നവരാണ് സമരത്തിന്‍െറ പിന്തുണ. ബാലുശ്ശേരി കൈരളി റോഡിലെയും പുതിയങ്ങാടി കോയാസ് റോഡിലെയും കോഴിക്കോട് വട്ടാംപൊയിലിലെയും വിദേശ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടാനുള്ള സമരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അതില്‍ കോയാസ് റോഡിലെ മദ്യഷാപ് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായും  ബാലുശ്ശേരി കൈരളി റോഡിലെ മദ്യഷാപ്പിന്‍െറ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്നും അവര്‍ പറഞ്ഞു. ഈ സമരങ്ങളെല്ലാം മൂന്നുമാസം പിന്നിട്ടു. ശമ്പളവും പെന്‍ഷനും സമരങ്ങള്‍ക്കായി ചെലവഴിക്കുകയാണ് ഈ ദമ്പതികള്‍. രണ്ടുപേരുടെയും പെന്‍ഷന്‍ സ്വരൂപിച്ച് വാങ്ങിയ ടെംപോ ട്രാവലറിലാണ് കേരളം മുഴുവന്‍ മദ്യത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി സഞ്ചരിക്കുന്നത്. നിരവധി പുരസ്കാരങ്ങളിലൂടെ  ലഭിച്ച ഒന്നരലക്ഷത്തിലേറെ രൂപ മദ്യനിരോധന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചു.

മദ്യനയം ആഘാതം
സര്‍ക്കാറിന്‍െറ ഇപ്പോഴത്തെ മദ്യനയം വലിയൊരാഘാതമാണ് സ്ത്രീകള്‍ക്ക് നല്‍കിയതെന്ന് ചിന്നമ്മ ടീച്ചര്‍.  വീര്യം കുറഞ്ഞ മദ്യലഭ്യത വിപുലമായി വര്‍ധിക്കയാല്‍ ഇളംതലമുറ അതിലേക്ക് വളരെവേഗം ആകര്‍ഷിക്കപ്പെടും. യു.ഡി.എഫിന്‍െറ മദ്യനയങ്ങളില്‍ കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്നു. ഞായറാഴ്ചകളില്‍ റേഷന്‍ കടകളും സ്കൂളുകളും ഓഫിസുകളും അടഞ്ഞുകിടക്കുമ്പോള്‍ മദ്യഷാപ്പുകള്‍ തുറക്കണമെന്ന സര്‍ക്കാറിന്‍െറ നയം ഇത് എന്തോ അത്യാവശ്യ സാധനമാണെന്ന ബോധം ജനിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സാക്ഷരകേരളത്തെ കാലുറക്കാത്ത കേരളമാക്കി മാറ്റിയിരിക്കുന്നു  ഈ മദ്യനയം.

രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്. അരുണും ആരിഫും. അരുണും ഭാര്യ പൊന്നമ്പിളിയും മകള്‍ അല്‍മികയും ഖത്തറിലാണ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ് ആരിഫ്. കച്ചേരിയിലെ സൂര്യ മന്‍സിലിന്‍െറ ചുവരുകള്‍പോലും പോരാട്ട ലഹരിയിലാണ്. സമരപഥങ്ങളില്‍ കെട്ടിപ്പടുത്ത ആ ദമ്പതികളുടെ പോരാട്ടം തുടരുകയാണ്; ഒരു വേദിയില്‍നിന്ന് മറ്റൊരിടത്തേക്ക്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story