വഴികള്‍ മഞ്ഞുമൂടും മുമ്പേ...
text_fieldsപെട്ടെന്ന് സംഭവിക്കുന്ന യാത്രകള്‍ക്കൊരു സുഖമുണ്ട്. വഴികള്‍ നീളെ അപ്രതീക്ഷിത കാഴ്ചകള്‍ അവ ഒരുക്കിവെക്കും. ഒരിക്കലും മറക്കാത്ത അനുഭവങ്ങളും ഓര്‍മകളും നിറച്ചായിരിക്കും ആ യാത്രകള്‍ അവസാനിക്കുക. ഇവിടെയൊരു പെണ്‍കുട്ടി തന്‍െറ ലാപ്ടോപ് ബാഗില്‍ മൂന്നുദിവസത്തെ വസ്ത്രങ്ങള്‍ കുത്തിയിറക്കി ഒരു യാത്രപോയി, ബൈക്കില്‍. അടുത്തെവിടേക്കുമല്ല; കേട്ടുപരിചയം മാത്രമുള്ള നാഗാലാന്‍ഡിലെ തവാങ്ങില്‍ നടക്കുന്ന ഹോണ്‍ബില്‍ ഫെസ്റ്റിലേക്ക്.
കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (കെ.എഫ്.ആര്‍.ഐ) പ്രോജക്ട് ഫെലോ ആയ ലെസ് ലി അഗസ്റ്റിന്‍ എന്ന കണ്ണൂര്‍ ചെമ്പേരിക്കാരി തന്‍െറ ഹോണ്ട ബൈക്കില്‍ ഓടിച്ചു തീര്‍ത്ത ദൂരം 5000 കി.മീ ആണ്. 14 ദിവസം, 10 സംസ്ഥാനങ്ങള്‍, ഈ സംസ്ഥാനങ്ങളിലെ പ്രമുഖ പട്ടണങ്ങള്‍... യാത്രകളെ ഇഷ്ടപ്പെടുന്ന ലെസ്ലിക്ക് ഈ ദൂരം ഒരു ദൂരമേ അല്ല. ഫെസ്റ്റിവല്‍ കണ്ട് ദിമാപൂരില്‍നിന്ന് ബൈക്ക് തിരിച്ച് ട്രെയിനില്‍ പാഴ്സല്‍ ചെയ്ത് ഡിസംബര്‍ 18ന് തിരിച്ചത്തെിയ യാത്രയെക്കുറിച്ച് ലെസ്ലി...
പ്ലാനിങ് സുഖം കളയും
കെയര്‍ലെസ് യാത്രകള്‍ക്കൊരു സുഖമുണ്ട്. ഹോണ്‍ബില്‍ ഫെസ്റ്റിവലിനെപ്പറ്റി കുറെനാള്‍ മുമ്പ് ട്രാവല്‍ മാഗസിനില്‍ വായിച്ചിരുന്നു. ഒത്തിരി ആഗ്രഹം തോന്നിയിരുന്നു പോകണമെന്ന്. സുഹൃത്തും ഡോക്യുമെന്‍ററി ഫിലിം മേക്കറുമായ സതീഷ്കുമാറാണ് തവാങ് യാത്രയെപ്പറ്റി പറയുന്നത്. ബൈക്കില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ചിന്തിച്ചില്ല, ഒ.കെ പറഞ്ഞു. നവംബര്‍ 14ന് രാവിലെ അഞ്ചിന് തൃശൂരില്‍ നിന്ന് ഇരുവരും യാത്ര തിരിച്ചു. യാത്രയില്‍ ധരിക്കാനൊരു കോട്ട്, മൂന്നു ദിവസത്തേക്കുള്ള വസ്ത്രം, ലാപ്ടോപ്, തൊപ്പി ഇത്രമാത്രം. അമ്മ സഹജമ്മക്കായിരുന്നു പേടി. ഒരു കാറില്‍ പോയാല്‍ മതിയെന്ന് കട്ടായം പറഞ്ഞു. യാത്രകളെ ഇഷ്ടപ്പെടുന്ന പിതാവ് അഗസ്റ്റിനും സഹോദരങ്ങളും യാത്രക്ക് സമ്മതം മൂളി. ‘എന്തായാലും നീ പോവാന്‍ തീരുമാനിച്ചു. എന്നാല്‍, കംഫര്‍ട്ടബിളായി പോകാന്‍ എന്‍െറ ഹോണ്ടാ യുനികോണ്‍ എടുത്തോ’^ പപ്പയുടെ മറുപടി ഇങ്ങനെ.
ധനുഷ്കോടി, ഗോവ, വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലേക്ക് ചെറിയ യാത്രകള്‍ ബൈക്കില്‍ പോയി പരിചയമുണ്ടായിരുന്നു. ‘പണ്ടു മുതലേ എനിക്ക് ബൈക്ക് ഭയങ്കര ഇഷ്ടാ. എത്ര ദൂരമുണ്ടെങ്കിലും ആദ്യം ആലോചിക്കുക ബൈക്കില്‍ പോകാനാണ്’. ചേട്ടന്‍ ജിനോയാണ് ബൈക്കിന്‍െറ ബാറ്ററിയില്‍നിന്ന് ലാപ്ടോപ്പും മൊബൈലും ചാര്‍ജ്ചെയ്യാനുള്ള ട്രിക് പറഞ്ഞുകൊടുത്തത്. പാലക്കാട്വഴി തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, ഒഡിഷ, പശ്ചിമ ബംഗാള്‍, അസം, നാഗാലാന്‍ഡ്. അവിടെനിന്നും അരുണാചല്‍പ്രദേശ്. നിശ്ചയിച്ച സമയത്തുതന്നെ യാത്ര നാഗാലാന്‍ഡില്‍ എത്തി.
കേരളം പോലെയല്ല
കേരളം കഴിഞ്ഞാല്‍ അണ്‍സെക്യൂരിറ്റി തോന്നുന്ന ഒരു സ്ഥലവും ഇല്ല ^ കിലോമീറ്ററുകള്‍ താണ്ടി തിരിച്ചത്തെിയ ലെസ് ലി പറയുന്നു. കേരളം വിട്ടാല്‍ പെണ്‍കുട്ടികളോടുള്ള മനോഭാവം വേറൊന്നാണ്. ധൈര്യമുള്ള കുട്ടി, ശക്തിയുള്ളകുട്ടി എന്നിങ്ങനെയുള്ള ആരാധനയോടെയാണ് ആളുകള്‍ കണ്ടത്. ഇവിടെയാണേല്‍ പറയും ‘നിനക്ക് വേറെ വണ്ടിയൊന്നും കിട്ടിയില്ളേ’ എന്ന്. 50^50 കി.മീറ്റര്‍ പാക്കേജായിരുന്നു യാത്രയുടെ ടെക്നിക്ക്. യാത്രതുടങ്ങുമ്പോള്‍ പറയും അടുത്ത 50 കി.മീറ്റര്‍ കഴിയുന്നിടത്ത് കാണാമെന്ന്. പിന്നെ മീറ്റര്‍ റീസെറ്റ് ചെയ്ത് ഒറ്റപിടിത്തം. ഇരുവരും കാണുക 50 കി.മീറ്റര്‍ അപ്പുറത്ത് ഏതെങ്കിലും ചായക്കടയിലായിരിക്കും.
ഇങ്ങനെ ഒരുദിവസം 500 കി.മീറ്റര്‍ വരെയാണ് യാത്ര. രാത്രി കിടപ്പ് ഏതെങ്കിലും വെയ്റ്റിങ് ഷെഡിലോ വെളിച്ചംവരാത്ത ഏതെങ്കിലും ഭാഗത്തോ ആയിരിക്കും. ദിവസം ഇത്രമണിക്കൂര്‍ യാത്രചെയ്യണമെന്നോ ഇന്നസ്ഥലം എത്തണമെന്നോ ഒരു നിര്‍ബന്ധവും ഇല്ല രണ്ടാള്‍ക്കും. അതിരാവിലെ യാത്രയാണ് ഏറ്റവും സുഖം. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഫ്രഷായി യാത്ര തുടങ്ങും. തലേന്ന് ബൈക്ക് അടുത്തുള്ള ഏതെങ്കിലും സര്‍വീസ് സെന്‍ററില്‍ സര്‍വീസിന് കൊടുത്ത് വാങ്ങും. പിന്നെ യാത്ര. രാത്രി യാത്രയില്ല. ഒമ്പതു മണിക്ക് യാത്ര അവസാനിപ്പിച്ച് വിശ്രമിക്കും.
ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മടുപ്പുതോന്നുമ്പോഴാണ് അന്നത്തെ യാത്രയുടെ അവസാനം. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ലൈറ്റ് വരാത്ത സ്ഥലത്ത് കിടക്കും. ഏറ്റവും രസകരമായത് ഹൈദരാബാദാണ്. അവിടെ കഴിഞ്ഞ് പിന്നെ പാടങ്ങളാണ്. മനോഹര കാഴ്ചകള്‍ കണ്ട് അന്ന് പാടത്ത്കിടന്നു. ചിലയിടങ്ങളില്‍ ഗോഡൗണുകളില്‍ കിടന്നു. ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള താമസ സ്ഥലം തങ്ങള്‍ക്കുവേണ്ടി ഒരുക്കിത്തന്നവരുമുണ്ട്.
ചുറ്റിക്കുന്ന ബംഗാള്‍യാത്ര
കഷ്ടപ്പെട്ടത് പശ്ചിമ ബംഗാളിലെ റോഡിലായിരുന്നു. ട്രക് മാത്രം പോകുന്ന വഴിയിലൂടെ രണ്ട് ബൈക്കുകള്‍ മാത്രം. റോഡ് നിറയെ കുണ്ടും കുഴിയും. ഒരു നിമിഷം ഹാന്‍ഡിലില്‍ നിന്ന് കൈയെടുത്താല്‍ മറിയുമെന്നുറപ്പ്. ഏകദേശം 70 കി.മീറ്ററിനു മുകളില്‍ ഇങ്ങനെ നിര്‍ത്താതെ യാത്ര ചെയ്തപ്പോഴേക്കും ശരിക്കും ക്ഷീണിച്ചു. 5000 കി.മീറ്റര്‍ യാത്രയിലെ മടുപ്പിക്കുന്ന ഏക യാത്ര ഈ റോഡിലൂടെയുള്ളതായിരുന്നു. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ യാത്രക്ക് നല്ല സീസണാണ്. ചൂട് ഉണ്ടായിരുന്നത് ഒഡിഷയില്‍ മാത്രമായിരുന്നു. ബോംഡില്ലയിലത്തെിയപ്പോള്‍ പട്ടാളക്കാര്‍ തടഞ്ഞു. ഹോണ്‍ബിലിലേക്കു മഞ്ഞുവീഴ്ച കാരണം ബൈക്ക് കൊണ്ടുപോകാന്‍ പട്ടാളക്കാര്‍ സമ്മതിച്ചില്ല. റിസ്ക് എടുക്കേണ്ടെന്നായിരുന്നു നിര്‍ദേശം. അതുകൊണ്ട് അങ്ങോട്ട് ടാക്സിയില്‍ പോയി.
തവാങ്ങില്‍ രാവിലെ ബുദ്ധിസ്റ്റുകളുടെ പ്രാര്‍ഥനാ ചടങ്ങ് കാണാന്‍ സുഹൃത്തുക്കളുമായി പുലര്‍ച്ചെ മൂന്നരക്ക് നടന്നത് രസകരമായ അനുഭവമായി. മൈനസ് ഒന്നാണ് അപ്പോള്‍ തണുപ്പ്. ഇതിനിടെ വഴിതെറ്റി. മൂന്നരമുതല്‍ അഞ്ചുമണിയാകും വരെ സ്ഥലം നോക്കി നടന്നു. രാവിലെയാണ് സ്ഥലം കണ്ടത്തെിയത്. ഇതിനിടെ, പെട്ടെന്ന് തിരിച്ചുപോരേണ്ടിവന്നപ്പോള്‍ മറ്റൊരനുഭവംകൂടി ഉണ്ടായി. പെട്രോള്‍ ഇറക്കാന്‍ വന്ന ഒരു ലോറി ഇതിനിടെ കിട്ടി. വളരെ കെയര്‍ ചെയ്ത് തിരിച്ചുവരേണ്ട സ്ഥലത്തത്തെിച്ചു. നമ്മുടെ നാട്ടിലാണേല്‍ ഇങ്ങനെയൊരു യാത്ര സ്വപ്നം കാണാനേ നിവൃത്തിയുള്ളൂ. അസ്തമയത്തിന്‍െറ അപൂര്‍വ കാഴ്ചയും കണ്ടു.
അസം, പശ്ചിമ ബംഗാള്‍ അതിര്‍ത്തി സംഘര്‍ഷപ്രദേശമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഇവിടെ കുറെ പട്ടാളക്കാരെ മാത്രമേ കണ്ടുള്ളൂ. ഭയങ്കര നിഗൂഢത. രാത്രിയായിരുന്നു യാത്ര. ഒറ്റ വണ്ടിയില്ല. കാസിരംഗയിലേക്കുള്ള പോക്ക് പകലായിരുന്നു. വീണ്ടും നാഗാലാന്‍ഡിലേക്ക് തിരിച്ചുപോയത് രാത്രിയിലായിരുന്നു. കാട്ടാനക്കൂട്ടമിറങ്ങി സ്ഥിരം പ്രശ്നങ്ങളുണ്ടാക്കുന്ന സ്ഥലമാണ്. അവിടെ ഒരു കടയില്‍ കയറിയപ്പോള്‍ ഒറ്റക്ക് പോകേണ്ടെന്നു പറഞ്ഞ് മറ്റൊരു ട്രക് വരുന്നതുവരെ പിടിച്ചുനിര്‍ത്തി അവര്‍. ട്രക്കിനു പിന്നാലെയാണ് പിന്നെ യാത്ര തുടര്‍ന്നത്. പക്ഷേ, എവിടെയും കാട്ടാനകളെ കണ്ടില്ല.
രസം ചോരാതെ ഭക്ഷണം
ഓരോ സംസ്ഥനത്തെയും വൈവിധ്യം അതിന്‍െറ ഭക്ഷണത്തിലും അപ്പാടെ കാണാം. ഒഡിഷയില്‍ ചെന്നപ്പോള്‍ പ്രഭാതഭക്ഷണം ഉപ്പുമാവും ജിലേബിയും. ചായക്ക് ചെറുകടിയായി ജിലേബി കടുത്ത മധുരം. ദാബകളില്‍ സ്വാദിഷ്ഠമായ ഒരുപാട് ഭക്ഷണ കൂട്ടുകള്‍ പരിചയപ്പെട്ടു. നാഗാലാന്‍ഡുകാരാണ് ഭക്ഷണത്തില്‍ കേമന്മാര്‍. പച്ചക്കറികളെല്ലാം പുഴുങ്ങി കഴിക്കുന്ന ശീലമുള്ളവരാണ്. മസാലക്കൂട്ടുകള്‍ അധികമൊന്നും ചേര്‍ക്കാത്ത ഭക്ഷണം വളരെ ഇഷ്ടമായി. ഭക്ഷണത്തിലെ കൗതുകം അവരുടെ വസ്ത്രത്തിലുമുണ്ട്. ട്രെയിനിലോ, ബസിലോ യാത്രനടത്തിയാല്‍ ഇതത്രയും ആസ്വദിക്കാന്‍ പറ്റണമെന്നില്ല.
കണ്ണൂര്‍ തളിപ്പറമ്പ് ചെമ്പേരി മാന്യയത്ത് വീടെന്ന ലെസ്ലിയുടെ വീട്ടില്‍ അമ്മ ഒഴികെ അച്ഛന്‍ അഗസ്റ്റിന്‍, ചേട്ടന്‍മാരായ ജിയോ, ജിനോ എല്ലാവര്‍ക്കും വണ്ടിയോടാണ് ചെറുപ്പം മുതല്‍ ഭ്രമം. വീട്ടിലെ എന്തു ചര്‍ച്ചയും ഒടുവില്‍ വന്നത്തെിനില്‍ക്കുക ഏതെങ്കിലും വണ്ടിയുടെ പ്രത്യേകത പറഞ്ഞായിരിക്കും. ചെറുപ്പം മുതല്‍ ഇതെല്ലാം കേട്ടാണ് വളര്‍ന്നത്. പുതുതായി ഇറങ്ങുന്ന വണ്ടിയുടെ മോഡല്‍, പണം, മൈലേജ് ഇതൊക്കെയാണ് അവസാന ചര്‍ച്ച.
യാത്ര അതിന്‍െറ ത്രില്ലില്‍ തന്നെ ആഘോഷിക്കണം. അപ്പോള്‍ ഒരു കുഴപ്പവും ഉണ്ടാകില്ല. വെറുതെ തോന്നുന്ന ആശങ്കകളാണ്. പെണ്‍കുട്ടികള്‍ യാത്രപോകാതിരിക്കാന്‍ നാട്ടുകാര്‍ പരമാവധി പറഞ്ഞു പേടിപ്പിക്കും. ഇത് പെണ്‍കുട്ടികള്‍ക്കും മനസ്സിലാകില്ല, മാതാപിതാക്കള്‍ക്കും മനസ്സിലാകില്ല. ബുള്ളറ്റാണ് യാത്രപോകാന്‍ ബെറ്റര്‍ എന്ന് പലരും വിദഗ്ധോപദേശം തന്നു. പക്ഷേ, 2006 മോഡല്‍ യുനികോണുമായാണ് ഇത്രയും ദൂരം യാത്ര പോയത്.
തവാങ് യാത്രയുടെ സാമ്പത്തിക ക്ഷീണം തീര്‍ത്ത് ഉടന്‍ അടുത്ത യാത്രക്കൊരുങ്ങുകയാണ് ലെസ്ലി. ഡല്‍ഹിയാണ് ലക്ഷ്യം. പക്ഷേ, മാര്‍ഗം വേറിട്ടൊരു വഴിയാണ്. പരമാവധി ലോക്കല്‍ ട്രാന്‍സ്പോര്‍ട്ടേഷനെ ആശ്രയിക്കുക. യാത്രകള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. വഴികള്‍ മഞ്ഞ് മൂടും മുമ്പേ എത്തിപ്പെടാമെന്ന് ലെസ് ലിയുടെ വിശ്വാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.