കസ്റ്റമര്‍ കെയര്‍
text_fieldsമോടിയില്‍ വസ്ത്രങ്ങളണിഞ്ഞു വരുന്ന സ്കൂള്‍ പ്രിന്‍സിപ്പല്‍ നഴ്സറി വിദ്യാര്‍ഥിയായിരുന്ന ഹസീനയുടെ റോള്‍ മോഡലായിരുന്നു. അവരെപ്പോലെ വസ്ത്രം ധരിക്കണമെന്ന് ആ കുഞ്ഞുമനസ്സ് സ്വപ്നം കണ്ടു. വര്‍ണങ്ങള്‍ തോരണം ചാര്‍ത്തിയ ചിറകുകളുള്ള ശലഭങ്ങള്‍ എന്നും അവളെ കൊതിപ്പിച്ചു. ആ നഴ്സറിക്കുട്ടി വളര്‍ന്നപ്പോള്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യലും അണിയിച്ചൊരുക്കലുമായി ജീവിതം. അതേ പ്രിന്‍സിപ്പലിന്‍െറ മക്കളുടെ വിവാഹങ്ങള്‍ക്ക് വസ്ത്രങ്ങളൊരുക്കി അവള്‍, കൂട്ടിവെച്ച സ്വപ്നത്തിന് സുന്ദരവര്‍ണങ്ങള്‍ നല്‍കി. ഹസീന ഖാദറിന് ജീവിതം സ്വപ്നങ്ങളേക്കാളേറെ വര്‍ണങ്ങള്‍ നിറഞ്ഞതാണ്; ഒപ്പം പുതിയ നിറക്കൂട്ടുകള്‍ തേടിയുള്ള പ്രയാണവും.
വിദേശ രാജ്യങ്ങളില്‍ വരെ പേരെടുത്ത ലവ്ലി ക്യൂന്‍ എന്ന ഫാഷന്‍ ഡിസൈനിങ് സംരംഭത്തിന്‍െറ അമരക്കാരിയാണ് ഹസീന ഖാദര്‍. കോഴിക്കോട് നഗരത്തിലും കൊടുവള്ളിയിലും മാനിപുരത്തുമായി മൂന്നു സ്ഥാപനങ്ങളുണ്ട് ഇവര്‍ക്ക്. ചന്തമേറിയ ഒരു സ്വപ്നം ജീവിതമായതിന്‍െറ കഥയാണ് ഹസീനക്ക് പങ്കുവെക്കാനുള്ളത്.
ഉമ്മയുടെ തുന്നല്‍വഴിയേ
കോഴിക്കോട് കോവൂര്‍ സ്വദേശിയായ ഹസീന 1992ലാണ് കൊടുവള്ളിക്കടുത്ത് മാനിപുരത്ത് ആദ്യ ഫാഷന്‍ ഡിസൈനിങ് സ്ഥാപനം തുടങ്ങുന്നത്. ഉമ്മ സുഹ്റാബിയാണ് കര്‍മവീഥിയിലെ വഴിവിളക്കെന്ന് ഹസീന പറയുന്നു. വസ്ത്രസൗന്ദര്യവും അണിഞ്ഞൊരുങ്ങലുമൊന്നും പ്രഫഷനലായി അംഗീകരിക്കപ്പെടാത്ത ഒരു കാലത്ത് അതിലൊക്കെ ഉമ്മ പ്രകടിപ്പിച്ചിരുന്ന മികവ് ഇന്നും അതിശയിപ്പിക്കുന്നെന്ന് ഹസീന. ജോലിക്കായിട്ടെന്നല്ല, ഒന്നിനും അധികം പുറംലോകത്തേക്കിറങ്ങാതെ ഒരു പരമ്പരാഗത കുടുംബത്തില്‍ സാധാരണ വീട്ടമ്മയായി ഒതുങ്ങിക്കഴിയുമ്പോഴും അവര്‍ വസ്ത്രങ്ങള്‍ തുന്നുകയും അവയില്‍ ചിത്രപ്പണികള്‍ ചെയ്യുകയും ചെയ്തു. വസ്ത്രധാരണത്തിലും മറ്റും മക്കള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാകണമെന്ന് ഉമ്മാക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കമ്മലുകളും മാലകളുമുള്‍പ്പെടെ ഉമ്മ നിര്‍മിച്ചതാണ് അവര്‍ ഉപയോഗിച്ചിരുന്നത്. കണ്‍മുന്നില്‍ എന്തിനും ഉത്തരമൊരുക്കുന്ന ഗൂഗിളില്ലാത്ത അന്നും അവര്‍ വേറിട്ട ഡിസൈനുകളും മാതൃകകളും കണ്ടെ ത്തി.
വസ്ത്രങ്ങളിലും ആഭരണങ്ങളിലും പൂന്തോട്ടത്തിലും തനതായ വര്‍ണക്കൂട്ടുകള്‍ തീര്‍ത്ത ഉമ്മ ഹസീനയെ അതിശയിപ്പിക്കുക മാത്രമല്ല, ആ കുഞ്ഞുമനസ്സില്‍ ഒരു സ്വപ്നത്തിന് വിത്തു പാകുകകൂടി ചെയ്തു. ജീവിതത്തിരക്കുകളും വിവാഹവും രസതന്ത്രത്തിലെ ബിരുദവുമെല്ലാം ആ സ്വപ്നത്തെ ഒതുക്കിയെങ്കിലും പഠനത്തിനുശേഷം വെറുതെ വീട്ടിലിരുന്നപ്പോള്‍ വീണ്ടും പഴയ മോഹങ്ങള്‍ ചിറകുയര്‍ത്തി. തന്‍െറ മാര്‍ഗം ഹസീനക്ക് തിരിച്ചറിയാനായി. യു.പി പഠനകാലത്തെ ഫാഷന്‍ ഡിസൈനിങ് വൈദഗ്ധ്യം മാത്രം കൈമുതലാക്കി ഒരു സ്ഥാപനം എന്ന സ്വപ്നം ഹസീന പങ്കുവെച്ചപ്പോള്‍ പിന്തുണയുമായി ഭര്‍ത്താവും വീട്ടുകാരും കൂടെനിന്നു. അങ്ങനെ ഭര്‍ത്താവിന്‍െറ നാടായ മാനിപുരത്ത് ഹസീന ലവ്ലി ക്വീന്‍ എന്ന സംരംഭത്തിന് ആദ്യതിരി കൊളുത്തി.
ലവ് ലി ക്വീന്‍
തങ്ങള്‍ നിര്‍മിച്ചു നല്‍കിയ വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ടിട്ടും അവയില്‍ ‘ലവ്ലി ക്വീന്‍’ എന്ന സ്റ്റിക്കര്‍ ഉണ്ടാകരുതെന്ന് വാശിപിടിച്ച കസ്റ്റമര്‍ ആണ് ഹസീനയുടെ മോശം ഓര്‍മകളിലൊന്ന്. അവര്‍ക്കായി ഒരുക്കിയ വസ്ത്രങ്ങളിലെ മുഴുവന്‍ സ്റ്റിക്കറും ഒറ്റരാത്രികൊണ്ട് അടര്‍ത്തിമാറ്റി നല്‍കേണ്ടിവന്നു. ആ അനുഭവം തന്ന വാശിയായിരുന്നു ഈ ലേബലിനെ ജനമറിയുന്ന ഒന്നാക്കണമെന്നത്. ഇന്ന് ഈ സ്റ്റിക്കറും വിലാസവും മാത്രം കേട്ട് തേടിവരുന്ന കസ്റ്റമേഴ്സ് തനിക്കുണ്ടെന്നു പറയുമ്പോള്‍ ഹസീനയുടെ വാക്കുകള്‍ക്ക് ആത്മവിശ്വാസത്തിന്‍െറ പത്തരമാറ്റ്. ഒരു പരസ്യംപോലും ചെയ്യാതെയാണ് ഹസീനയുടെ വ്യവസായമെന്നറിയുമ്പോഴാണ് ഇത് ബന്ധങ്ങളുടെയും വിശ്വാസത്തിന്‍െറയും ഉറപ്പാണെന്നു തിരിച്ചറിയുന്നത്.
ഒരു ബിസിനസ് സംരംഭം എന്ന രീതിയിലല്ല, വിവാഹശേഷമുള്ള ജീവിതത്തില്‍ മടുപ്പ് മാറ്റാനുള്ള ഉപാധി മാത്രമായാണ് ഹസീന മൂന്നു സഹായികളുമായി കട തുടങ്ങുന്നത്. അന്ന് ചുരിദാര്‍പോലും ആ ഗ്രാമത്തില്‍ അത്ര പരിചിതമായിട്ടില്ല. ഫാഷന്‍ ഡിസൈനിങ് എന്ന ആശയത്തെക്കുറിച്ച് കൃത്യമായ ധാരണകളില്ലാത്ത നാട്ടുകാര്‍ സ്വാഭാവികമായും എതിര്‍പ്പുകളുമായത്തെി. എന്നാല്‍, വീട്ടുകാര്‍ ഒപ്പം നിന്നു. ആധുനികതയെ പരമ്പരാഗതശൈലിയുമായി കൂട്ടിയിണക്കി ചമയങ്ങളൊരുക്കലായിരുന്നു ഹസീനക്ക് പ്രിയം. അന്നെതിര്‍ത്തവര്‍ തന്നെയാണ് 22 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് തന്‍െറ ഏറ്റവും വലിയ പിന്തുണയെന്ന് പറയുമ്പോള്‍ പുഞ്ചിരിക്ക് പട്ടിന്‍െറ തിളക്കം.
ആദ്യസംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തോളം പിന്നിട്ടശേഷമാണ് ഹസീന പ്രഫഷനലായി ഒരു കോഴ്സ് ചെയ്യുന്നത്. ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ളോമ ചെയ്തു. ബിസിനസ് പിന്നെയും വളര്‍ന്നു. 15 വര്‍ഷങ്ങള്‍ക്കുമുമ്പ് കൊടുവള്ളിയില്‍ രണ്ടാമത്തെ ഷോപ്പും ഒമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് കോഴിക്കോട് മൂന്നാമത് ഷോപ്പും ആരംഭിച്ചു. ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കുകയും മേക്കപ്പില്‍ കൂടുതല്‍ വൈദഗ്ധ്യം നേടുകയും ചെയ്തു. നിര്‍മിച്ചു നല്‍കുന്ന വസ്ത്രങ്ങള്‍ ശരിയായ രീതിയില്‍ അണിയിക്കുക കൂടി ചെയ്യുമ്പോഴാണ് മോടി തികയുകയെന്ന് ഹസീന. ഇന്ന് ലവ്ലി ക്വീന്‍ സിനിമാതാരങ്ങള്‍ക്കും സെലിബ്രിറ്റികള്‍ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തുനല്‍കുന്നു. കല്യാണപ്പെണ്ണുങ്ങളെ മൊഞ്ചത്തികളാക്കുന്നു. ഫോട്ടോഷൂട്ടുകള്‍ക്കായി ഉടയാടകള്‍ ഡിസൈന്‍ ചെയ്യുന്നു.
നേരിട്ടു കാണുകപോലും ചെയ്യാതെ തങ്ങള്‍ നിര്‍മിച്ചുനല്‍കിയ ബ്ളൗസിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ നടി ഉര്‍വശി സംതൃപ്തിയോടെ സംസാരിച്ചത് വലിയ അംഗീകാരമായിത്തന്നെയാണ് ഹസീന ഓര്‍ക്കുന്നത്. എളുപ്പമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും ഉത്തരവാദിത്തവും സമ്മര്‍ദങ്ങളും ഏറെയുണ്ട്. ‘വിവാഹത്തിന്‍െറ ഒരുക്കല്‍ ഏല്‍പിക്കുമ്പോള്‍ സ്വര്‍ണമുള്‍പ്പെടെ വിശ്വസിച്ച് കൈയില്‍തരും. എല്ലാം തീരുംവരെ സമാധാനമുണ്ടാകില്ല. വെറും ബിസിനസിനപ്പുറം തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ബന്ധമായി പലതും വളരുന്നതും അതുകൊണ്ടുതന്നെ.’
മക്കള്‍ കഠിനാധ്വാനികളാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഉപ്പ വെളുത്തേടത്ത് ഇമ്പിച്ചിക്കോയ ഹാജി എംബ്രോയ്ഡറി, ഹാന്‍ഡ്വര്‍കിങ്, ടൈപ്റൈറ്റിങ് എന്നിങ്ങനെ എല്ലാം ചെറുപ്പത്തില്‍ തന്നെ പരിശീലിക്കാന്‍ നിര്‍ബന്ധിച്ചു. ഭര്‍ത്താവ് അബ്ദുല്‍ഖാദര്‍ ബിസിനസില്‍ കൂട്ടായി ഹസീനക്കൊപ്പമുണ്ട്. എല്ലാ പിന്തുണയുമായി മക്കളും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും ഹസീനക്ക് വിജയവഴിയൊരുക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.