ഒറ്റക്കൊരു നടി
text_fieldsസീന്‍ ഒന്ന്
കണ്ണൂര്‍ പള്ളിക്കുന്ന് യു.പി സ്കൂളിലെ ക്ളാസ് മുറി. നൃത്താധ്യാപികയുടെ ചൊല്ലിന് ചുവടുവെക്കുന്ന കുട്ടികളുടെ കാല്‍ത്താളം നിറഞ്ഞു നിന്ന മുറിക്കു പുറത്ത് ‘പാവങ്ങളുടെ വായില്‍ വിശപ്പുകൊണ്ട് വെള്ളമൂറുന്നു, കണ്ണില്‍ കണ്ണീരൂറുന്നു’ എന്ന ഹോചിമിന്‍ കാവ്യശകലത്തിന് നാടകാവിഷ്കാരം ഒരുക്കുകയാണ് ഇന്ദിരയെന്ന കൊച്ചുപെണ്‍കുട്ടി. മൂന്നു രൂപ മാസാന്തം നൃത്തപഠനത്തിന് ചെലവുനല്‍കാന്‍ കഴിയാതെ വാതിലിനിടയിലൂടെ കലയെ ഒളിഞ്ഞുനോക്കിയ ആ നാടകീയ മുഹൂര്‍ത്തത്തെ അടക്കിപ്പിടിച്ച വികാര തീവ്രതയോടെ അവതരിപ്പിക്കുന്നു ഇന്ദിര. ഒളിച്ചുനോട്ടം കണ്ടുപിടിച്ച നൃത്താധ്യാപിക വാതില്‍ കൊട്ടിയടക്കുന്ന ശബ്ദം.
സീന്‍ രണ്ട്
നീണ്ട വരാന്തയുടെ അറ്റത്തു നിന്ന് നടന്നു വരുന്ന ഹെഡ് മിസ്ട്രസ് മീനാക്ഷി. അടുത്തെ ത്തി ഒന്നും ചോദിക്കാതെ തന്നെ ഇന്ദിരയുടെ മനസ്സ് വായിക്കുന്നു. കുട്ടിയെ ചേര്‍ത്തുപിടിച്ച് വാതില്‍ തള്ളിത്തുറന്ന് നൃത്താധ്യാപികയുടെയും മറ്റു കുട്ടികളുടെയും നേരെ തിരിഞ്ഞ് മീനാക്ഷി ടീച്ചര്‍ വിളിച്ചറിയിക്കുന്നു. ഇതെന്‍െറ മോളാ! എന്‍െറ സ്വന്തം മോള്‍, ഇവളുടെ ഫീസ് ഞാന്‍ തരും. ഇന്ദിരയുടെ മുഖത്ത് സന്തോഷവും അഭിമാനവും. ടീച്ചര്‍ തന്നെ ഇന്ദിരയെന്ന പേര് രജിത എന്നാക്കി മാറ്റി.
തേടിയെത്തിയ നാടകം
10ാം ക്ളാസ് കഴിഞ്ഞ് ദാരിദ്ര്യം കൊണ്ട് പഠനം മുടങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നാടകം രജിതയെ തേടിയെ ത്തിയത്. അയല്‍ക്കാരിയും മലബാറില്‍ അറിയപ്പെടുന്ന അഭിനേത്രിയുമായ എ.വി. സരസ്വതിയുടെ വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്തായിരുന്നു സി.എല്‍. ജോസിന്‍െറ ‘ജ്വലനം’ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടുമോയെന്ന് സംഘാടകര്‍ സരസ്വതിയോടന്വേഷിച്ചത്. രജിതയുടെ വീട്ടിലെ ദാരിദ്ര്യം നന്നായറിയുന്ന സരസ്വതിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ ദാരിദ്ര്യമായിരുന്നു 75 രൂപ പ്രതിഫലത്തിന് രംഗവേദിയിലേക്ക് ആദ്യമായി രജിതയെ കയറ്റിയത്.
വിശപ്പ് മാറാന്‍ തുടങ്ങിയപ്പോള്‍ ജീവിതം അഭിനയമായി. തുടര്‍ന്ന് സഖാവ്, പഴശ്ശിരാജ, പ്രേമലേഖനം, അടുക്കള, അഗ്നിയും വര്‍ഷവും, ചേരിനിലം, മഹാപ്രസ്ഥാനം തുടങ്ങി ഒട്ടേറെ നാടകങ്ങള്‍. മരണക്കിണര്‍ എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. പ്രിയനന്ദന്‍െറ നെയ്ത്തുകാരന്‍ എന്ന ചിത്രത്തില്‍ സോന നായര്‍ക്ക് ശബ്ദം നല്‍കുകയും എം.പി. സുകുമാരന്‍ നായരുടെ രാമാനം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
രജിത അഭിനയിച്ച ഒട്ടുമിക്ക നാടകങ്ങളുടെയും പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ധര്‍മന്‍ ഏഴോമും മരുമകനായ മധു വേങ്ങരയും ആയിരുന്നു. തബലവാദകനും കെ.എസ്.ഇ.ബി എന്‍ജിനീയറുമായ മധു വേങ്ങര ചൊല്ലിക്കൊടുത്ത പ്രണയത്തിന്‍െറ ചൊല്ലുകള്‍ ജീവിതതാളമാക്കിയ രജിതക്ക് കല ജീവിതമാര്‍ഗമെന്നതിലപ്പുറം ആത്മീയാനുഭവവും ആവേശവുമായി മാറി.
ഏകപാത്രാഭിനയം
2002ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിവെള്ളൂര്‍ മുരളി രചിച്ച ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ എന്ന നാടകമാണ് രജിത മധുവിനെ പ്രശസ്തയാക്കിയത്. കയ്യൂര്‍ രക്തസാക്ഷികളുടെ കഥ വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ പറയുന്നതായിരുന്നു നാടകം. 30 കലാകാരന്മാര്‍ അഭിനയിച്ച ഈ നാടകത്തില്‍ രക്തസാക്ഷിയായ പള്ളിക്കല്‍ അബൂബക്കറിന്‍െറ ഉമ്മയായാണ് രജിത മധു വേഷമിട്ടത്. ഇലക്ഷന്‍ അര്‍ജന്‍റ് മാത്രമായിരുന്നു ആ നാടകമെങ്കിലും രജിതയുടെ മനസ്സില്‍ നിന്ന് അബൂബക്കറിന്‍െറ ഉമ്മ ഒഴിഞ്ഞുപോയില്ല. 30 കലാകാരന്മാരെ അണിനിരത്തി ആ നാടകം വീണ്ടും അരങ്ങിലെ ത്തിക്കുക രജിത മധുവിന് അസാധ്യവുമായിരുന്നു. അങ്ങനെ കരിവെള്ളൂര്‍ മുരളി വീണ്ടും ആ നാടകം ഏകപാത്ര പരിമിതമായി മാറ്റിയെഴുതി. തുടര്‍ന്ന്, സോളോ ഡ്രാമ എന്ന നാടകരൂപത്തെ തികച്ചും വ്യത്യസ്തമായ രീതിയില്‍ 2003 ഫെബ്രുവരി 24ന് കണ്ണൂരില്‍ രജിത അവതരിപ്പിച്ചു.
വേദികളായിരം
ഒരാള്‍ മാത്രം അഭിനയിക്കുന്ന ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ എന്ന നാടകം 1535 വേദികള്‍ പിന്നിട്ടു. അശരീരികള്‍, റേഡിയോ വാര്‍ത്തകള്‍ എന്നിവയിലൂടെ വികസിക്കുന്ന നാടകം കവിതകള്‍, മുദ്രാവാക്യങ്ങള്‍, പാട്ടുകള്‍, പ്രസംഗം എന്നിവ പശ്ചാത്തലത്തിലുപയോഗിച്ച് വിരസത ഇല്ലാതാക്കിയിട്ടുണ്ട്. കുഞ്ഞനന്തനും കണ്ടങ്കോരനും കുഞ്ഞിക്കേളുവും ഉമ്മയുടെ മുഖത്തെ ഭാവങ്ങളുടെ ഉമ്മറപ്പടി കയറിവരുന്നത് പ്രേക്ഷകന് പകല്‍പോലെ കാണാം.
32 വര്‍ഷമായി നാടകരംഗത്തുള്ള തളിപ്പറമ്പ് ഏഴാം മൈല്‍ തില്ലാന വീട്ടില്‍ രജിതയുടെ ഏകപാത്ര നാടകം ഡല്‍ഹി, ചെന്നൈ, മുംബൈ ബംഗളൂരു, ഛത്തിസ്ഗഢ്, കൊല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിലും പുറമെ കുവൈത്തിലും അവതരിപ്പിച്ചിട്ടുണ്ട്. നാടകം അവസാനിക്കുമ്പോള്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്ന തന്നെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്ന സ്ത്രീകള്‍ക്ക് മലബാറിന്‍െറ നാടന്‍ ഭാഷ ആസ്വാദനത്തിന് തടസ്സമാകുന്നില്ളെന്ന് രജിത പറയുന്നു. സ്വയം മേക്കപ്പിട്ട് ഒരു മണിക്കൂര്‍ വിശ്രമമില്ലതെ സോളോ ഡ്രാമ അവതരിപ്പിക്കുന്ന ഒരേയൊരു കലാകാരിയും രജിതയാവാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.