ഓള്‍ഡ് ഈസ് ഗോള്‍ഡ്...
text_fieldsഎങ്ങനെ കാണുന്നു എന്നതല്ല, കണ്ട കാഴ്ചകള്‍ വ്യത്യസ്തമായി പകര്‍ത്തുന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ വലിയ വെല്ലുവിളി. ആ വെല്ലുവിളി ജീവിതസപര്യയാക്കിയതാണ് സാജിദ് അബൂബക്കര്‍ എന്ന ഗുരുവായൂര്‍ സ്വദേശിയുടെ ഫോട്ടോകളെ വ്യത്യസ്തമാക്കുന്നത്. കാലത്തിന്‍െറ അപൂര്‍വനിമിഷങ്ങള്‍ ഫ്രെയിമിനുള്ളിലാക്കാന്‍ മെനക്കെട്ടപ്പോഴൊക്കെ വ്യത്യസ്തമായ ചിലത് സാജിദിന്‍െറ കാമറയുടെ ലെന്‍സുകള്‍ പിടിച്ചെടുത്തു. ആ ഫോട്ടോകള്‍ മുതിര്‍ന്നവര്‍ക്ക് കുട്ടിക്കാലത്തേക്കുള്ള മടക്കം സമ്മാനിച്ചപ്പോള്‍ പുതുതലമുറക്ക് കൗതുകം നല്‍കി.
ഉമിത്തീയില്‍ എരിയുന്ന സ്വര്‍ണത്തരികള്‍ ഊതിക്കാച്ചുന്ന തട്ടാന്‍, വാച്ച് നന്നാക്കുന്നയാള്‍, മണ്‍പാത്ര നിര്‍മാണത്തില്‍ മുഴുകിയ കുശവന്‍, ഹുക്കയുണ്ടാക്കുന്ന തൊഴിലാളി... അങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു തലമുറയുടെ ശേഷിപ്പുകളാണ് സാജിദ് പകര്‍ത്തിയവയില്‍ ഏറെയും. ഇങ്ങനെ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം അടുത്തിടെ കോഴിക്കോട് നടത്തിയപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ ആവേശഭരിതമായിരുന്നുവെന്ന് സാജിദ് ഓര്‍ക്കുന്നു. രാമനാട്ടുകര സ്വദേശിയായ ഒരാള്‍ എക്സിബിഷന്‍ കാണാന്‍ വന്നു. ചുണ്ണാമ്പുണ്ടാക്കുന്ന ഫോട്ടോയില്‍ നിന്ന് അയാള്‍ കണ്ണെടുക്കുന്നില്ല. രാമനാട്ടുകര ബസ്സ്റ്റാന്‍ഡിനടുത്തുനിന്നെടുത്തതായിരുന്നു ആ ഫോട്ടോ. സ്വന്തം നാട്ടിലെ ചുണ്ണാമ്പ് നിര്‍മാണം ഇന്നേവരെ ശ്രദ്ധിച്ചിരുന്നില്ളെന്നാണ് ചിത്രകാരനോട് അയാള്‍ വെളിപ്പെടുത്തിയത്.
നമ്മുടെ ചുറ്റുപാടുകളെ ശ്രദ്ധിക്കാന്‍പോലും പലര്‍ക്കും സമയമില്ല. പുതിയകാലത്ത് ഒരു കത്തി കേടുവന്നാല്‍ തൊട്ടടുത്ത മാര്‍ക്കറ്റില്‍ പോയി പുതിയതൊന്ന് വാങ്ങുകയാണ് ചെയ്യുക. കൊല്ലന്‍െറ അടുത്തുപോയി കത്തി നന്നാക്കിക്കുകയായിരുന്നു പണ്ടത്തെ പതിവ്. മാറ്റം അനിവാര്യമാണ്. എന്നാല്‍, വന്ന വഴി നമ്മള്‍ മറക്കുകയാണ്^സാജിദ് പറയുന്നു.
കോഴിക്കോട് ലളിതകല ആര്‍ട് ഗാലറിയില്‍ നടന്ന പ്രദര്‍ശനം കണ്ട ചിലര്‍ സ്കൂളുകളില്‍ എക്സിബിഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത എക്സിബിഷനിലേക്കായി ഒരു തീം കാത്തിരിക്കുകയാണ് സാജിദ്. ഒരു ക്ളിക്കിലൂടെ പാഞ്ഞോടുന്ന കാലത്തിന്‍െറ ചക്രത്തെ ഒരു നിമിഷം പിടിച്ചുനിര്‍ത്താന്‍ കഴിയും. അത് പിന്നീട് ഓര്‍മകളുടെ പുനര്‍ജനിയും ഭാവിതലമുറക്കുള്ള കരുതിവെപ്പും ഒക്കെയാണ്. സാജിദിന്‍െറ ലക്ഷ്യവും അതുതന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.