Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightകൊച്ചു പണ്ഡിത

കൊച്ചു പണ്ഡിത

text_fields
bookmark_border
കൊച്ചു പണ്ഡിത
cancel

ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരുകള്‍ എത്രപേര്‍ക്ക് കൃത്യമായി പറയാനാകും. അതുപോകട്ടെ, നമ്മുടെ കൂടെ പഠിച്ചവരുടെ പേരുകള്‍ കൃത്യമായി ഓര്‍ത്തു പറയാനാവുമോ? ഓര്‍മയുടെ ഫ്രെയിമില്‍ ചെറിയൊരു സ്ക്രാച്ച് വീണതുപോലെ, അല്ളേ... ഇവിടെയൊരു കൊച്ചുമിടുക്കി ഈ കാര്യങ്ങളെല്ലാം പുല്ലുപോലെ പറയും. നാലു വയസ്സു മാത്രമുള്ള ഇസ്ര ഹബീബ് എന്ന മിടുക്കിയാണ് മീഡിയവണ്‍ ചാനലിന്‍െറ മലര്‍വാടി ലിറ്റില്‍ സ്കോളര്‍ എന്ന പരിപാടിയിലൂടെ അമ്പരപ്പിച്ചത്. 110 രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ മണിമണി പോലെ പറഞ്ഞു അവള്‍.

തീര്‍ന്നില്ല. ലോകപ്രശസ്ത ശാസ്ത്രജ്ഞരെ അവരുടെ കണ്ടുപിടിത്തങ്ങളുടെ പേരിനൊപ്പം ചേര്‍ത്ത് പറഞ്ഞു. അതില്‍ ചിലരുടെ പേരുകള്‍ അവളുടെ നാക്കിനു വഴങ്ങുന്നുണ്ടായിരുന്നില്ല. ഓര്‍മശക്തികൊണ്ട് അദ്ഭുതം സൃഷ്ടിച്ച വ്യക്തികള്‍ ലോകത്ത് പലരും ഉണ്ടെങ്കിലും ഈ കുഞ്ഞുപ്രായത്തില്‍ ഇസ്രയോളം അദ്ഭുതങ്ങള്‍ തീര്‍ത്തവര്‍ അധികമുണ്ടാവില്ല. ഇസ്രയുടെ അദ്ഭുതങ്ങള്‍ നിറഞ്ഞ വിഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അവള്‍ക്ക് ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

പരിപാടി അഞ്ചു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. കൊച്ചുകുഞ്ഞായിരിക്കുമ്പോള്‍ മുതലേ കാര്യങ്ങളില്‍ ഇസ്ര വളരെ ഫാസ്റ്റായിരുന്നുവെന്ന് പിതാവ് ഹബീബ് ഓര്‍ക്കുന്നു. എട്ടു മാസമായപ്പോള്‍ തന്നെ നടക്കാന്‍ തുടങ്ങി. വാക്കുകള്‍ വ്യക്തമായി പറഞ്ഞുതുടങ്ങി. ഉമ്മ പ്രസീനയുടെ സഹോദരന്‍ ഡല്‍ഹിയില്‍ പോയി വന്നപ്പോള്‍ ഒരു കൗതുകത്തിന് ഹബീബ് ഇന്ത്യയെന്നും അതിന്‍െറ തലസ്ഥാനം ഡല്‍ഹിയെന്നും പറഞ്ഞു കൊടുത്തു ഇസ്രക്ക്. രണ്ടു പ്രാവശ്യം അവളത് ആവര്‍ത്തിച്ചു. പിന്നെ എപ്പോഴും പറഞ്ഞു നടന്നു. അന്നവള്‍ക്ക് മൂന്നു വയസ്സ്. രാജ്യമെന്തെന്നോ തലസ്ഥാനമെന്തെന്നോ അറിയാത്ത പ്രായം.

ഇതു ശ്രദ്ധിച്ച ഹബീബ് കുറച്ചു രാജ്യങ്ങളുടെ പേരും തലസ്ഥാനങ്ങളും അവള്‍ക്ക് പറഞ്ഞുകൊടുത്തു. ശ്രദ്ധയോടെ കേട്ടുനിന്ന അവള്‍ അത് മന$പാഠമാക്കി. ഒരിക്കലും അതില്‍ സംശയം പ്രകടിപ്പിക്കുക പോലുമുണ്ടായില്ല. സമയം കിട്ടുമ്പോള്‍ മകളെ പിടിച്ചിരുത്തി കുറെ കൂടി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഒരിക്കല്‍ കേട്ടാല്‍ അവളത് ഹൃദിസ്ഥമാക്കും. അങ്ങനെ 110 രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങള്‍ സഹിതം അവള്‍ പഠിച്ചെടുത്തു. ഇപ്പോള്‍ ഉപ്പക്ക് ശമ്പളം കിട്ടുന്ന തീയതി എന്നാണെന്ന് ഓര്‍ത്തുവെക്കുന്നത് ഇസ്ര തന്നെ.

കേരളത്തിലെ ജില്ലകള്‍, ഇന്ത്യയുടെ രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, ഏഴ് ലോകാദ്ഭുതങ്ങള്‍, ഏഴു ഭൂഖണ്ഡങ്ങള്‍, ഗ്രഹങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ കാര്യങ്ങള്‍, പ്രധാന കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവ മനപ്പാഠമാണവള്‍ക്ക്. ഭാരതരത്ന ജേതാക്കളുടെ പേരുകള്‍ പഠിക്കുന്നതിന്‍െറ തിരക്കിലാണ് അവള്‍. ഇസ്രക്കു വലുതാവുമ്പോള്‍ കലക്ടറാകണമെന്നായിരുന്നു ആഗ്രഹം. അടുത്തിടെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ ഉദ്ഘാടകനായ കലക്ടര്‍ എത്താന്‍ വൈകിയപ്പോള്‍ ഇസ്ര പറഞ്ഞു: കലക്ടറാകാന്‍ ഇനി ഞാനില്ല. വീട്ടില്‍ എപ്പോഴും നാണം കുണുങ്ങിയായ ഇസ്രയുടെ ഏറ്റവും അടുത്ത സുഹൃത്ത് സഹോദരന്‍ അഹമ്മദ് സേബ് ആണ്.

സ്പോര്‍ട്സിലും സംഗീതത്തിയും നൃത്തത്തിലും ഇസ്രക്ക് ഒരുപോലെ താല്‍പര്യമുണ്ട്. ഫുട്ബാളിനെ സ്നേഹിക്കുന്ന അവളുടെ ഇഷ്ട ടീം ബ്രസീലാണ്. ഉപ്പ സ്പോര്‍ട്സ് ചാനല്‍ തുറന്നാല്‍ അവള്‍ അടുത്തു വന്ന് ഓരോ കളികളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കും. പുതിയ അധ്യയന വര്‍ഷത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ളിക് സ്കൂളില്‍ യു.കെ.ജിയിലേക്ക് പ്രവേശിക്കുകയാണ്. ഇസ്രയുടെ പരിപാടി കണ്ട ഫാദര്‍ അവള്‍ക്ക് വിലപിടിച്ച ഒരു ഗിഫ്റ്റും നല്‍കി. പിങ്ക് നിറത്തിലുള്ള ഒരു ഫ്രോക്. കോഴിക്കോട് ഈസ്റ്റ് കല്ലായിയിലെ വളപ്പിലകത്ത് ഹൗസില്‍ നിന്ന് ‘കണ്ണാംതുമ്പീ പോരാമോ, എന്നോടിഷ്ടം കൂടാമോ...എന്ന പാട്ടുംപാടിയാണ് ഇസ്ര യാത്രയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story