Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightജീവിതം...

ജീവിതം അടയാളപ്പെടുത്തിയ വിധം

text_fields
bookmark_border
ജീവിതം അടയാളപ്പെടുത്തിയ വിധം
cancel

മീഡിയവണ്‍ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയ സമയം. ഇന്ത്യ^പാകിസ്താന്‍ ഉഭയകക്ഷി ബന്ധം വഷളായത് ഡല്‍ഹിയിലെ പ്രധാന വൈകുന്നേര വാര്‍ത്തയായി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.  ന്യൂസ് അവറില്‍ ചര്‍ച്ചക്കിരിക്കാന്‍ ഇന്ത്യാ ^പാക് നയതന്ത്രത്തില്‍ അറിവുള്ള ഒരു അക്കാദമിക് പണ്ഡിതനെ കിട്ടണമെന്ന് ആവശ്യപ്പെട്ട് മീഡിയവണ്‍ ഡല്‍ഹി ബ്യൂറോയിലുണ്ടായിരുന്ന മുജീബ്റഹ്മാന്‍ വിളിച്ചു. പേരും പെരുമയുമല്ല, യോഗ്യതയാണ് മാനദണ്ഡമെങ്കില്‍ ഈ വിഷയം സംസാരിക്കാന്‍ അനുയോജ്യനായ ഒരാളുണ്ടെന്നും ഇന്ത്യാ ^പാക് ബന്ധത്തില്‍ ക്രിക്കറ്റ് ചെലുത്തുന്ന സ്വാധീനമാണ് അദ്ദേഹത്തിന്‍െറ ഗവേഷണ വിഷയമെന്നും മുജീബിനോട് പറഞ്ഞു. മലയാള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇത്തരമൊരാളെ ആദ്യമായി അവതരിപ്പിച്ചതിന്‍െറ ക്രെഡിറ്റ് മീഡിയവണിന് ലഭിക്കുമെന്നുകൂടി പറഞ്ഞപ്പോള്‍ മുജീബിന് ആവേശമായി. ഉടനെ ന്യൂസ് ഡെസ്കില്‍ വിളിച്ച് സമ്മതം വാങ്ങിയ മുജീബ് അദ്ദേഹത്തിന്‍െറ പ്രൊഫൈലും ഫോട്ടോയും അയച്ചുകൊടുക്കാനാവശ്യപ്പെട്ടു.

മീഡിയവണിലൂടെ മുജീബ് റഹ്മാന്‍ അന്നവതരിപ്പിച്ച നവാസ് നിസാര്‍ എന്ന ഡല്‍ഹി സര്‍വകലാശാല  അസിസ്റ്റന്‍റ് പ്രഫസറാണ് പ്രമുഖ നയതന്ത്രജ്ഞന്‍ ടി.പി. ശ്രീനിവാസന്‍െറ പ്രശംസ നേടിയ വിദേശകാര്യവിദഗ്ധനായി പില്‍ക്കാലത്ത് മാറിയത്. നിരീക്ഷണങ്ങളിലെ വ്യക്തതയും നിലപാടിലെ കാര്‍ക്കശ്യവും മീഡിയവണിന്‍െറ ഈ അതിഥിയെ തേടിപ്പിടിക്കാന്‍ ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ അടക്കമുള്ള മറ്റു മലയാളം ചാനലുകളെയും നിര്‍ബന്ധിതമാക്കി. അന്ധതയെ അതിജയിച്ച് ഒരു മലയാളി ഡല്‍ഹി സര്‍വകലാശാലയിലെ അധ്യാപന രംഗത്തത്തെിയ ‘ഹ്യൂമന്‍ ഇന്‍ററസ്റ്റ് സ്റ്റോറി’യിലെ കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ചാനലില്‍ തന്നെ മൂന്നുവര്‍ഷം കഴിഞ്ഞ് ന്യൂസ് അവറിലെ അതിഥിയായി നവാസ് നിസാറിരിക്കുന്നതാണ് പിന്നീട് കണ്ടത്. അവസ്ഥകളേതിനെയും അവസരങ്ങളായി കണ്ടാല്‍ അര്‍ധായുസ്സുകൊണ്ട് ഒരു പുരുഷായുസ്സിനുള്ളത് ചെയ്യാന്‍ കഴിയുമെന്നാണ് നവാസ് കാണിച്ചുതന്നത്.

കാഴ്ചയുള്ളവര്‍ കാണാതെ പോയത്
ഡല്‍ഹിയിലെ ഐ.എന്‍.എസ് ബില്‍ഡിങ്ങിലുള്ളവര്‍ ഇടവഴിയായി ഉപയോഗിക്കുന്ന എം.പിമാരുടെ വാസസ്ഥലമായ വിത്തല്‍ഭായ് പട്ടേല്‍ ഹൗസിന്‍െറ ഇടനാഴിയിലൂടെ നവാസ് നിസാറിന്‍െറ കൈപിടിച്ച് കേരള ഹൗസിലത്തൊനുള്ള ധിറുതിയിലാണ്. വി.പി. ഹൗസിന്‍െറ ഇടനാഴിയും പരിചാരകര്‍ക്കുള്ള ലൈന്‍മുറികളും പിന്നിട്ട് മുലായംസിങ് യാദവിന്‍െറ വീടും കടന്ന് ജന്തര്‍മന്തര്‍ റോഡിന്‍െറ  സര്‍ക്കിളിലത്തെി.  സീബ്രാലൈനുണ്ടെങ്കില്‍ പോലും ആത്മധൈര്യമില്ളെങ്കില്‍ ഇവിടെ മുറിച്ചുകടക്കാന്‍  അല്‍പനേരമെടുക്കും. ഇടതടവില്ലാതെ ഒഴുകിയ വാഹനവ്യൂഹത്തെ ഭേദിക്കാനാകാതെ നവാസിന്‍െറ കൈപിടിച്ചങ്ങനെനിന്ന് ക്ഷമ നശിച്ചപ്പോള്‍ എന്തുചെയ്യുമെന്ന് വെറുതെയൊന്ന് ചോദിച്ചുപോയി. ഒറ്റക്കായിരുന്നെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു  നവാസിന്‍െറ തിരിച്ചുള്ള ചോദ്യം. ഒറ്റക്കാണെങ്കില്‍ ഒന്നോടിനോക്കാമല്ളോ എന്നുത്തരം നല്‍കിയപ്പോള്‍ എന്നാലിനി വൈകേണ്ട എന്നെയും പിടിച്ച് ധൈര്യത്തിലോടിക്കോ എന്നായി നവാസ്. അതൊരു സാഹസമാകുമല്ളോ എന്നുപറഞ്ഞ് മുടക്കാന്‍ ശ്രമിച്ചപ്പോള്‍ അതെനിക്ക് സാഹസമല്ല, ആനന്ദമാണെന്നായിരുന്നു മറുപടി.

അവനെയും പിടിച്ചോടാന്‍ മനസ്സ് മടിച്ചുനിന്നപ്പോള്‍ വാഹനമിനി വന്നില്ളെങ്കില്‍ പോലും ഒന്നോടി റോഡ് കുറുകെ കടക്കണമെന്ന വാശിയിലായി നവാസ്. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങി ഓടിക്കൊണ്ട് റോഡ് മുറിച്ചുകടന്നപ്പോള്‍ ഒന്നുകൂടി ഓടണമെന്ന ആവേശത്തിലായി നവാസ്.  ഒന്നല്ല, രണ്ടുവട്ടം പിന്നെയും ഓടിയപ്പോഴേക്കും കേരളഹൗസും കഴിഞ്ഞ് കേശവന്‍െറ കടയത്തെിക്കഴിഞ്ഞിരുന്നു. തിരിച്ച് നടക്കുന്നതിനിടയില്‍ ഓട്ടമെന്നത് ജീവിതത്തിലെ ഒരു അഭിലാഷമാണെന്ന് നവാസ് പറഞ്ഞപ്പോഴാണ് കാഴ്ചയുള്ളവര്‍ ഇനിയും കാണാത്ത കാഴ്ചയില്ലാത്തവന്‍െറ ചോദനകള്‍ വെള്ളിടിയായി ഹൃദയത്തില്‍ പതിച്ചത്.

കാഴ്ചയുള്ളവന്‍െറ ജ്ഞാനപരിസരങ്ങളെ നിസ്സാരമാക്കിക്കളയുന്ന ഇത്തരം വായനകളുടേതായിരുന്നു നവാസിന്‍െറ സ്വത്വബോധം. വിവാഹമുറപ്പിച്ച ശേഷം ചാന്ദ്നിചൗക്കില്‍ നിന്ന് വരന്‍െറ വസ്ത്രം തെരഞ്ഞെടുക്കുന്ന വേളയിലാണ് ഒരു കൂളിങ് ഗ്ളാസ് കണ്ണടകൂടിയായിക്കോട്ടെ എന്ന് പറഞ്ഞുനോക്കിയത്. കണ്ണടക്ക് പിറകിലുള്ളവന്‍ കാഴ്ചയില്ലാത്തവനാണെന്ന് കാഴ്ചയുള്ളവര്‍ പലപ്പോഴും തിരിച്ചറിയാറില്ളെന്നും അതിനാല്‍ കണ്ണടവെക്കുന്ന പ്രശന്മില്ളെന്നുമുള്ള അഭിപ്രായത്തെ ഖണ്ഡിക്കാനും കൈയിലൊരു ആയുധമില്ലാതെ നിസ്സഹായനായി. നമ്മുടേതു പോലൊരു ജനാധിപത്യ സമൂഹത്തില്‍ ഭിന്നശേഷിയുള്ളവരുടെ പൗരബോധത്തെക്കുറിച്ച മാമൂല്‍ധാരണകളോരോന്നുമാണ് ഈ ചെറുപ്പക്കാരന്‍ തിരുത്തിക്കുറിക്കുന്നതെന്ന് അദ്ദേഹവുമായുള്ള ഓരോ സംസാരങ്ങളും തെളിയിച്ചു. ഭിന്നശേഷിയുള്ളവന് അനര്‍ഹമായത് ഒന്നും നല്‍കേണ്ടതില്ളെന്നും ഒരു സാധാരണ പൗരനുള്ള അവകാശങ്ങള്‍ അവനും പ്രാപ്യമാക്കിയാല്‍ മതിയെന്നുമുള്ള നിലപാടുതറയിലായിരുന്നു ഈ മനുഷ്യന്‍.

കാഴ്ചയില്ലാത്തതിന്‍െറ പേരില്‍ മാത്രം മലബാറിലെ ഏറ്റവും പ്രഗല്ഭമായ കലാലയത്തില്‍  അവസരം നിഷേധിക്കപ്പെട്ട തളിപ്പറമ്പ് സര്‍സയ്യിദില്‍നിന്നുള്ള ഈ പ്രീഡിഗ്രി വിദ്യാര്‍ഥി എറണാകുളം മഹാരാജാസിലും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും ജാമിഅ മില്ലിയ സര്‍വകലാശാലയിലും  ഉന്നതപഠനം പൂര്‍ത്തിയാക്കിക്കൊണ്ടാണിതിന് മറുപടി നല്‍കിയത്. ഒടുവില്‍, ജാമിഅ മില്ലിയയിലെ ഗവേഷണം പൂര്‍ത്തിയാക്കുമ്പോഴേക്കും ഡല്‍ഹി സര്‍വകലാശാലയിലെ ദയാല്‍ സിങ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റില്‍  അധ്യാപകനായി കയറിയത് പണത്തിനുമുകളില്‍ പറക്കാത്ത മാനേജ്മെന്‍റുകളോടുള്ള മധുരപ്രതികാരവുമായി.

ഭൗതികവിദ്യാഭ്യാസം നേടുമ്പോഴേക്കും ചുറ്റുപാടുകളെ പുച്ഛിച്ചുതുടങ്ങുന്നതിനെ കഠിനമായി വിമര്‍ശിച്ച നവാസ് പാരമ്പര്യത്തിന്‍െറ വേരില്‍നിന്നുതന്നെയാണ് തന്‍െറ ഊര്‍ജമെന്ന് ഇവരുടെ മുന്നില്‍ ഊറ്റം കൊണ്ടു. അതുകൊണ്ടാണ് മിക്ക മലയാള ചാനലുകളിലും വിദേശകാര്യവിദഗ്ധനായി പ്രത്യക്ഷപ്പെട്ടതിനുശേഷവും വടകരയിലെ നബിദിന ഘോഷയാത്രയില്‍ അഭിമാനപൂര്‍വം നവാസ് അണിനിരന്നത്. പാരമ്പര്യം വിദ്യാഭ്യാസമുന്നേറ്റത്തില്‍ മാര്‍ഗതടസ്സമല്ളെന്ന് ബോധ്യപ്പെടുത്താന്‍ നവാസ് അടക്കമുള്ളവര്‍ക്ക് കഴിഞ്ഞതോടെ ഒരു കാലത്ത് യാഥാസ്ഥിതികരെന്ന് എഴുതിത്തള്ളിയ ഒരു വിഭാഗത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ ഗവേഷകര്‍ പുറത്തുവരുന്ന കാഴ്ചക്ക് ജെ.എന്‍.യു അടക്കമുള്ള ഡല്‍ഹി കാമ്പസുകള്‍ സാക്ഷ്യം വഹിച്ചു. പാരമ്പര്യക്കാര്‍ മാത്രമാണ് ശരിയെന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിനെതിരെ അവരോടൊപ്പം നിന്നു കൊണ്ടുതന്നെ പോരാടാനും നവാസ് തയാറായി. സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നവരെ മുഖം നോക്കാതെ പിന്തുണച്ചാണ് നവാസ് ഇത് സാധിച്ചെടുത്തത്.

സൗഹൃദത്തിലുമൊരു ‘ബാര്‍ട്ടര്‍’
മകളെ കേന്ദ്ര സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍വേണ്ടി മാത്രം കുടുംബത്തെ ഡല്‍ഹിയിലേക്ക് പറിച്ചുനട്ട രാമനാട്ടുകരക്കാരന്‍ മുസ്തഫ മടിയാമഹലിലെ വീട്ടിലേക്ക്   എം.സി.എ നാസിറിനൊപ്പം വിളിച്ചുവരുത്തിയാണ് സൗഹൃദങ്ങള്‍ക്ക് എന്തുവിലയും കൊടുക്കാന്‍ മനസ്സുള്ള ഈ ചെറുപ്പക്കാരനെ പരിചയപ്പെടുത്തിത്തന്നത്. സംഭാഷണത്തിനിടെ ആലസ്യത്തിന്‍െറ കളിയെന്ന താത്ത്വികമാനം നല്‍കി ക്രിക്കറ്റിനോടൊരുതരം വിമ്മിട്ടം കാണിക്കുന്നവരാണ് ഇരുവരുമെന്ന് മനസ്സിലാക്കിയപ്പോള്‍ അതിന് മുമ്പ് ക്രിക്കറ്റ് പ്രതിപാദ്യമാക്കി അക്കാദമിക് മേഖലയില്‍ വന്ന പഠനഗവേഷണങ്ങളുടെ ഭാണ്ഡങ്ങള്‍ ഒരു വിദ്യാര്‍ഥിയുടെ ശരീരഭാഷ ഇനിയും കൈവെടിഞ്ഞിട്ടില്ലാത്ത ഈ പ്രതിഭാധനനായ അധ്യാപകന്‍ അഴിച്ചിട്ടു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിക്ക് അന്ത്യം കുറിക്കുന്നതില്‍ ക്രിക്കറ്റ് വഹിച്ച പങ്കിനെക്കുറിച്ച് ആധികാരികമായി സംസാരിച്ച ശേഷം ഇന്ത്യ ^പാക് ഉഭയകക്ഷി ബന്ധത്തെ ആരോഗ്യകരമാക്കുന്നതിന് ക്രിക്കറ്റിനെന്തുചെയ്യാന്‍ കഴിയുമെന്നതാണ് തന്‍െറ ഗവേഷണ വിഷയമെന്നുകൂടി പറഞ്ഞതോടെ അമ്പരപ്പ് ക്രമേണ ജിജ്ഞാസയായി. തുടര്‍ന്നങ്ങോട്ട് ഈ മനുഷ്യന്‍ സ്വയം അടയാളപ്പെടുത്തിയതോരോന്നും സമകാലീന സമൂഹത്തെക്കുറിച്ച് വെച്ചുപുലര്‍ത്തിയ ധാരണകളോരോന്നും തിരുത്തിക്കുറിക്കുന്നതായിരുന്നു. ഇരവാദവും ഗൂഢാലോചനാ സിദ്ധാന്തവും ന്യൂനപക്ഷത്തിന്‍െറ ആത്മവിശ്വാസത്തെയാണ് തകര്‍ത്തുകളയുന്നതെന്നും നവാസ് സ്ഥാപിച്ചു.

ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്തയോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയ നാവുകൊണ്ടു തന്നെ അബുല്‍ കലാം ആസാദിനെയും അബ്ദുറഹ്മാന്‍ സാഹിബിനെയും മാതൃകയാക്കി വിദ്യാര്‍ഥി ജീവിതം തൊട്ടേ കോണ്‍ഗ്രസില്‍ രാഷ്ട്രീയാഭയം പ്രാപിച്ചതിന്‍െറ കാരണങ്ങളും നിരത്തി. ഇ.കെ. വിഭാഗക്കാരനായ കോണ്‍ഗ്രസുകാരനോ എന്ന് അദ്ഭുതം കൂറിയപ്പോള്‍ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചറിയാത്തതുകൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നതെന്ന് തിരിച്ചടിച്ചു. ഇടക്കിടെ ശിഷ്യരുടെയും സഹപ്രവര്‍ത്തകരുടെയും സംശയനിവാരണത്തിനുള്ള ഫോണ്‍കാളുകള്‍. എല്ലാറ്റിനും കൃത്യവും വ്യക്തവുമായ മറുപടികള്‍.

ചില സംശയങ്ങളില്‍ മുന്നിലിരിക്കുന്നവരോടും കൂടിയാലോചന. നവാസിന്‍െറ അപാരമായ അറിവിന്‍െറ രഹസ്യം  വായനയാണെന്ന് മനസ്സിലാക്കാന്‍ അധികം വൈകേണ്ടിവന്നില്ല. വായിച്ചു കേള്‍പ്പിക്കുന്ന സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്ടോപ് ഉപയോഗിച്ച് ദിവസവും പ്രധാനപ്പെട്ട എല്ലാ ഇംഗ്ളീഷ് പത്രങ്ങളും ആനുകാലികങ്ങളും എഡിറ്റോറിയല്‍ പേജടക്കം അരിച്ചുപെറുക്കി വായിക്കും. ഓണ്‍ലൈന്‍ വഴി ഇറങ്ങുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കും. ഓണ്‍ലൈനില്‍ ഇല്ലാത്ത ഇംഗ്ളീഷ് പുസ്തകങ്ങളും മലയാള പുസ്തകങ്ങളും പണംകൊടുത്ത് വാങ്ങും. ആകക്കൂടി വിഷമം മലയാളത്തില്‍ ഇത്തരമൊരു സോഫ്റ്റ് വെയറില്ലാത്തതാണെന്ന് നവാസ് പറയും. ദിവസവും വൈകീട്ട് മലയാളി സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും വിളിച്ച് കേരളത്തിലെ സംഭവവികാസങ്ങള്‍ അറിയും. രാവേറെ നീണ്ട ആ കൂടിക്കാഴ്ചക്കു ശേഷം മുസ്തഫയുടെ വീട്ടില്‍ നിന്നിറങ്ങി അര്‍ധരാത്രി മടങ്ങി ഗൗതംനഗറിലേക്ക് ഒറ്റക്ക് ഓട്ടോ വിളിച്ച് പോകുകകൂടി ചെയ്തതോടെ ഈ മനുഷ്യനെക്കുറിച്ച അമ്പരപ്പ് ആദരവായി മാറിക്കഴിഞ്ഞിരുന്നു.

ആ രാത്രിയിലെ സമാഗമം നവാസുമായുള്ള ചിരപരിചിത ബന്ധത്തിലേക്കല്ല, നവാസിന്‍െറ ഒരുപാടൊരുപാട് സുഹൃത്തുക്കളുമായുള്ള സൗഹൃദങ്ങളിലേക്കാണ് നയിച്ചത്.  അവന്‍െറ സുഹൃത്തുക്കളെ ഓരോരുത്തരെയും പരിചയപ്പെടുത്തി പകരം നമ്മുടെ സുഹൃത്തുക്കളെ അങ്ങോട്ട് തിരിച്ചു ചോദിച്ച് സൗഹൃദങ്ങളുടെ കാര്യത്തില്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിന്‍െറ പുതിയൊരു പാഠം നവാസ് പഠിപ്പിച്ചു. മികച്ച ബന്ധങ്ങള്‍ എക്സ്ക്ളൂസിവ് ആക്കിവെക്കുന്ന ഈ കാലത്താണ് എല്ലാവരോടും ഇന്‍ക്ളൂസിവ് ആയി സൗഹൃദങ്ങളെ പൊതിഞ്ഞ സ്വാര്‍ഥതയുടെ പുറംതോട് നവാസ് പൊട്ടിച്ചുകളഞ്ഞത്.  

ഈ മരത്തണലിലെ ഇരമ്പം
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലമറിഞ്ഞശേഷം ആദ്യമായി കാണുകയാണ്. ചുമലില്‍ കൈയിട്ട് കൂട്ടിപ്പിടിച്ച് വടക്കന്‍ കേരളത്തിലെ ചില മേഖലകളില്‍ സാധാരണക്കാരായ മനുഷ്യര്‍ക്കിടയിലുള്ള ഒരു പ്രയോഗം ചെവിയില്‍ മൊഴിഞ്ഞു ‘അല്ലാഹു വല്ലാത്തൊരു കുഞ്ഞോന്‍ തന്നെ’. അറിവും വിശ്വാസവുമുള്ള മനുഷ്യര്‍ക്ക് ദൈവസാമീപ്യം മതി ശുഭാപ്തിവിശ്വാസത്തിന്‍െറ പോസിറ്റിവ് എനര്‍ജി നേടാനെന്നും പടച്ചോനെ സ്നേഹിക്കുന്ന കൂട്ടത്തിലാണ് താനെന്നും ഇതോട് ചേര്‍ത്തുപറഞ്ഞാണ് തന്‍െറ വിശ്വാസദാര്‍ഢ്യത്തെ അടയാളപ്പെടുത്തിയത്. തദ്ദേശീയമായ ഇമ്മാതിരി പരികല്‍പനകളും സംജ്ഞകളും കൊണ്ടാണ് പലപ്പോഴും നവാസ് നമ്മുടെ ബോധമണ്ഡലത്തെ പിടിച്ചുകുലുക്കുക. ഡല്‍ഹിയിലെ പ്രക്ഷുബ്ധമായ പല സാഹചര്യങ്ങളെയും അളന്നുമുറിച്ച് വിശകലനം ചെയ്ത് ശുഭാപ്തി വിശ്വാസത്തോടെ ഇത്തരം പ്രയോഗങ്ങള്‍ നിരവധി നവാസ് പകര്‍ന്നുതന്നിട്ടുണ്ട്.

പ്രമുഖ ഇംഗ്ളീഷ് പ്രസിദ്ധീകരണത്തിലെ മാധ്യമപ്രവര്‍ത്തകനെയും കൂട്ടി ‘ആദാമിന്‍െറ മകന്‍ അബു’ കാണാന്‍ പോയ നവാസിന് ഇസ്ലാമില്‍ ‘നിയ്യത്തി’നുള്ള പ്രാധാന്യം ഇതുപോലെ ലളിതമായി വിശദീകരിച്ചുകൊടുക്കേണ്ടി വന്നതും നവാസ് പറഞ്ഞിട്ടുണ്ട്. സ്വന്തം ജീവിതത്തില്‍ എല്ലാ ‘നിയ്യത്തു’കളെയും അന്വര്‍ഥമാക്കിയാണ് ആരെയും പ്രയാസപ്പെടുത്താതെ അലോസരപ്പെടുത്താതെ ഈ പ്രതിഭ  മിന്നിമറഞ്ഞുപോയത്. അടയാളപ്പെടുത്താനായില്ളെങ്കില്‍ ഈ ജീവിതം നിഷ്ഫലമാണെന്ന്  ഒസ്യത്ത് ചെയ്ത നവാസ് കേവലം 31 വര്‍ഷത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തേണ്ടതെങ്ങനെയെന്നും കാണിച്ചുതന്നു.

ലോധി റോഡിലെ ദയാല്‍ സിങ് കോളജില്‍ നിന്ന് വൈകീട്ട് ക്ളാസും കഴിഞ്ഞ് മെട്രോ പിടിച്ച് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സ്റ്റേഷനിലിറങ്ങി എസ്കലേറ്റര്‍ കയറി ഒന്നാം നമ്പര്‍ ഗേറ്റിലത്തെിയശേഷമുള്ള അവന്‍െറ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എന്താണ് ജീവിതം കൊണ്ട് അടയാളപ്പെടുത്തുന്നതെന്നുള്ള അവന്‍െറ ആവര്‍ത്തിച്ചുള്ള ചോദ്യവും നമ്മള്‍ കേള്‍ക്കുന്നുണ്ട്. അതിന്് ഉത്തരം നല്‍കാനായി അവന്‍ നട്ട സൗഹൃദ വൃക്ഷത്തിന്‍െറ ചുവട്ടില്‍ എല്ലാവരും എത്തിക്കൊണ്ടിരിക്കുകയാണ്. ആ രണ്ട് കുഞ്ഞുങ്ങളെയും ഉമ്മയെയും അനാഥരാക്കില്ളെന്ന് ആ തണലിലിരുന്ന് അവനോട് വിളിച്ചുപറയാനിരിക്കുകയാണവര്‍. മരണത്തിന്‍െറ നാലുനാള്‍ മുമ്പ് ഉപ്പയും ഉമ്മയും ചെറുകരയില്‍ പോയി കണ്ടുവെച്ച വീടിന്‍െറ തണലിലേക്ക് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ഉമ്മയെയും നാലുമാസത്തിനകം മാറ്റുമെന്ന് ശപഥം ചെയ്യാനൊരുങ്ങുകയാണവര്‍. അവന്‍ നട്ട നന്മയുടെ മരച്ചില്ലയില്‍ ആ ഉമ്മക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ഒരു കൂട് വെക്കാനായില്ളെങ്കില്‍ പിന്നെ ഈ ജീവിതംകൊണ്ട് നമ്മളെന്ത് അടയാളപ്പെടുത്താനാണ്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story