സ്വര്‍ണം വാരുന്ന സൈക്കിള്‍
text_fieldsപയ്യോളി കടപ്പുറത്തു നിന്ന് സ്കൂളിലേക്കോടിയോടി ഇന്ത്യയെ സ്വര്‍ണമണിയിച്ച പി.ടി. ഉഷയെപ്പോലെ മലയോരമേഖലയില്‍ നിന്ന് സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടി കേരളത്തിനായി പൊന്നുവാങ്ങി ഒരു കൊച്ചു സൈക്കിള്‍ താരം^ അലീന റെജി. തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്പോര്‍ട്സ് ഡിവിഷനില്‍ 10ാം ക്ളാസുകാരിയായ അലീന തിരുവനന്തപുരത്ത് നടന്ന ദേശീയ ട്രാക്ക് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണമാണ് കേരളത്തിനു വേണ്ടി നേടിയത്.
കേരളത്തിന് ഈയിനത്തില്‍ ഓവറോള്‍ കിരീടവും ലഭിച്ചു. ടൈം ട്രയല്‍, സ്ക്രാച് റേസ്, ടീം സ്പ്രിന്‍റ് ഇനങ്ങളിലാണ് അലീന സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ വര്‍ഷം മണിപ്പൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ടൈം ട്രയല്‍ ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. സൈക്ളിങ്ങിലെ മറ്റു ചാമ്പ്യന്‍ഷിപ്പുകളായ റോഡ് സൈക്ളിങ്ങില്‍ ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും മൗണ്ടയ്ന്‍ സൈക്ളിങ്ങില്‍ നാലാം സ്ഥാനവും ലഭിച്ചിരുന്നു.
മലയോര ഗ്രാമമായ തിരുവമ്പാടി ഇരുമ്പകത്തെ യുവ കര്‍ഷക ദമ്പതികളായ പുതുപ്പറമ്പില്‍ റെജി ചെറിയാന്‍െറയും മിനിയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ പുത്രിയാണ് അലീന. വീട്ടില്‍നിന്ന് മൂന്നു കി.മീ. അകലെയുള്ള തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്കൂളിലേക്കു പോകാന്‍ പിതാവ് വാങ്ങിക്കൊടുത്ത സൈക്കിളാണ് അലീനയുടെ ജീവിതം മാറ്റിയത്. അഞ്ചാം തരം മുതല്‍ സഹോദരിമാരായ അല്‍ക്കയോടും അമലുവിനോടുമൊപ്പം സൈക്കിളിലായിരുന്നു അലീനയുടെ സ്കൂള്‍ യാത്ര.
സൈക്ളിങ്ങിന് താല്‍പര്യമുള്ള വിദ്യാര്‍ഥികളെ സ്പോര്‍ട്സ് സ്കൂളിലേക്ക് തെരഞ്ഞെടുക്കുന്നുണ്ടെന്ന വിവരം അനുജത്തി അമലുവിനോട് അധ്യാപകന്‍ പറഞ്ഞു. ചേച്ചി സൈക്കിളോടിക്കുമെന്ന് അമലു അധ്യാപകനെ അറിയിച്ചു. അങ്ങനെയാണ് സൈക്ളിങ് മത്സരത്തില്‍ പങ്കെടുക്കുന്നത്. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അലീന വിജയം നേടി. എട്ടാം ക്ളാസ് മുതല്‍ സ്പോര്‍ട്സ് സ്കൂളില്‍ ചേര്‍ന്നു. അതിനുശേഷം സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് ചന്ദ്രന്‍ ചെട്ട്യാരാണ് അലീനയുടെ കഴിവിനെ തേച്ചുമിനുക്കിയത്.
സൈക്ളിങ് ഇന്‍റര്‍നാഷനലുകളായ മഹിത മോഹന്‍െറയും വി.രജനിയുടെയും സ്റ്റൈലില്‍ കുതിക്കുന്ന അലീന, കോച്ച് ചന്ദ്രന്‍ ചെട്ട്യാരെതന്നെ ഞെട്ടിച്ചിട്ടുണ്ട്. ‘നോക്കൂ, ഈ നരുന്ത് ശരീരവുമായി അവള്‍ എങ്ങനെ മൂന്നു സ്വര്‍ണം നേടി എന്നത് എന്നെ അമ്പരപ്പിച്ചു. ദിവസവും രാവിലെയും വൈകീട്ടും രണ്ടു മണിക്കൂര്‍ വീതം കൃത്യമായി പരിശീലിപ്പിക്കും. സൈക്കിളുമായി ട്രാക്കിലിറങ്ങിയാല്‍ അവളിലെ വാശി ഉണരുകയായി’ ^ചന്ദ്രന്‍ ചെട്ട്യാര്‍ വിശദീകരിച്ചു.
അന്താരാഷ്ട്ര തലത്തില്‍ സൈക്ളിങ് മത്സരത്തില്‍ പങ്കെടുക്കണമെന്നാണ് അലീനയുടെ ആഗ്രഹം. ഭാവിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ദേശീയ ഗെയിംസിലും പങ്കെടുത്ത് രാജ്യത്തിനുവേണ്ടി സ്വര്‍ണം നേടുകയെന്ന ആഗ്രഹവുമായി അവള്‍ പരിശീലനം തുടരുന്നു. ഇതുവരെ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ സൈക്കിളാണ് ഉപയോഗിച്ചത്. സ്വന്തമായൊരു സ്പോര്‍ട്സ് സൈക്കിള്‍ വേണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.