സീനിയേഴ്സ്
text_fieldsകോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടില്‍ 34ാമത് സംസ്ഥാനതല മാസ്റ്റേഴ്സ് (വെറ്ററന്‍സ്) അത്ലറ്റിക് മീറ്റ് നടക്കുന്നു. ഗ്രൗണ്ടിന്‍െറ പടിഞ്ഞാറു ഭാഗത്ത് കുറച്ചാളുകള്‍ കൂടിനില്‍ക്കുന്നു. പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ കാമറമാന്മാരും തകൃതിയായി വിഷ്വല്‍ എടുക്കുന്നു. കുറച്ച് അത്ലറ്റുകളും കൂട്ടത്തിലുണ്ട്. ആകപ്പാടെ ഒരു ബഹളം. അടുത്തുചെന്ന് നോക്കിയപ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ബാറില്‍ മെലിഞ്ഞ് നരബാധിച്ച ഒരാള്‍ ജഴ്സിയണിഞ്ഞ് വവ്വാലിനെ പോലെ തൂങ്ങിയാടുകയാണ്. ഒരു നിമിഷം സര്‍ക്കസ് അഭ്യാസിയെപ്പോലെ മുകളിലേക്ക് ഉയര്‍ന്നുപൊങ്ങി. കണ്ടുനിന്നവര്‍ ആവേശത്തോടെ ശബ്ദമുണ്ടാക്കി. അയാള്‍ വീണ്ടും കരണംമറിഞ്ഞു. തലകീഴായിക്കിടക്കുന്ന അദ്ദേഹത്തിന്‍െറയരികിലേക്ക് മൈക്ക് നീട്ടിപ്പിടിച്ച് ഒരു ചാനല്‍ പ്രവര്‍ത്തക ചോദിച്ചു. ചേട്ടന്‍െറ പേരെന്താ? മുന്‍ഭാഗത്തെ നാല് പല്ലുകള്‍ ഇല്ലാത്തതു കാരണം പകുതി മോണകാട്ടി പതിഞ്ഞ ശബ്ദത്തില്‍ കിതപ്പോടുകൂടിയ ചിരിയോടെ അദ്ദേഹം പറഞ്ഞു, വി.പി. രാജന്‍. രാജേട്ടനിപ്പോള്‍ 82 വയസ്സായി. 25 കൊല്ലമായി മാസ്റ്റേഴ്സ് മീറ്റില്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും പങ്കെടുക്കുന്നു. ഒരു സ്വര്‍ണ മെങ്കിലും നേടാതെ ഒരു മീറ്റില്‍നിന്നും വീട്ടിലേക്ക് തിരിച്ചിട്ടില്ല. ഇപ്രാവശ്യം മത്സരിച്ചത് 80 മുതല്‍ 85 വയസ്സുവരെയുള്ള വിഭാഗത്തിലാണ്. പാലക്കാട് ജില്ലക്കു വേണ്ടിയാണ് മത്സരിക്കുന്നത്. മൂന്നിനങ്ങളില്‍ പങ്കെടുത്തു. ഹൈജമ്പ്, ലോങ്ജമ്പ്, 80 മീറ്റര്‍ ഹര്‍ഡ്ല്‍സ് എന്നിവയില്‍ ഹാട്രിക് സ്വര്‍ണവുമായാണ് മടങ്ങിയത്.
1934ല്‍ കോഴിക്കോട് കോട്ടൂളിയില്‍ വടക്കേവീട്ടുപറമ്പില്‍ പൊന്നയ്യന്‍ പിള്ളയുടെയും അമ്മാളുഅമ്മയുടെയും മകന്‍. അമ്മയുടെ വീട് മലപ്പുറം പെരിന്തല്‍മണ്ണയിലായതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം പെരിന്തല്‍മണ്ണ ഗവ. ഹൈസ്കൂളിലായിരുന്നു. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ ഒറ്റപ്പാലം എന്‍.എസ്.എസ് സ്കൂളില്‍ നടന്ന സ്കൂള്‍ മീറ്റില്‍ ഹൈജമ്പ്, ലോങ്ജമ്പ് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനവും നേടി കന്നി സംരംഭം ഉജ്ജ്വലമാക്കി. പരിശീലകരായി ആരും ഉണ്ടായിരുന്നില്ല. 1956, 57, 58 കാലയളവില്‍ നടന്ന സ്കൂള്‍ ഡിവിഷന്‍ മീറ്റുകളില്‍ കരസ്ഥമാക്കിയ സമ്മാനങ്ങള്‍ രാജേട്ടന് അത്ലറ്റ് എന്നനിലയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പേരും പെരുമയും സമ്മാനിച്ചു. ലഹരി സാധനങ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. എല്ലാ ദിവസവും പുലര്‍ച്ചെ നാലുമണി മുതല്‍ ആറര വരെ രണ്ടര മണിക്കൂര്‍ ചിട്ടയായ പരിശീലനം. മിതമായ ആഹാരരീതി. ഇതാണ് 82ാം വയസ്സിലും രാജേട്ടന്‍െറ ആരോഗ്യ രഹസ്യം. പാലക്കാട് കല്ളേപുള്ളിയിലാണ് താമസം.
അത്ലറ്റിക്സില്‍ മാത്രമല്ല രാജേട്ടന്‍ കഴിവുതെളിയിച്ചത്. മൂന്നു കൊല്ലം സ്കൂളിലെ ഫുട്ബാള്‍ ടീമിന്‍െറ ക്യാപ്റ്റനായിരുന്നു. മൂന്നു കൊല്ലവും സ്കൂള്‍ ഡിവിഷന്‍ മത്സരത്തിലെ ജേതാക്കള്‍ ഇവരായിരുന്നു. അന്ന് മദ്രാസ് ഗവണ്‍മെന്‍റിന്‍െറ കീഴിലായിരുന്നു കേരളം. പ്രശസ്ത ക്ളബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞു. പേരുകേട്ട ഫുട്ബാള്‍ ക്ളബായ സിറ്റി കമ്പാനിയന്‍സിനുവേണ്ടി കളിക്കുമ്പോള്‍ ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍ നയിക്കുന്ന യങ് ചലഞ്ചേഴ്സ് ക്ളബുമായി കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഫൈനലില്‍ തോറ്റെങ്കിലും അതാണ് ഫുട്ബാള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം എന്ന് രാജേട്ടന്‍ പറയുന്നു. വെസ്റ്റ്ഹില്‍ പോളിയില്‍ പഠിക്കുന്ന കാലത്ത് കോഴിക്കോട് കോടതി മൈതാനത്ത് ഒളിമ്പ്യന്‍ റഹ്മാന്‍െറ നേതൃത്വത്തിലായിരുന്നു കളി പരിശീലിച്ചിരുന്നത്. ഇന്ത്യയിലെ പഴയകാല കളിക്കാരുടെ കൂട്ടത്തിലെ ഒരംഗമാണ് രാജേട്ടന്‍. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സേതുമാധവന്‍, എം.ആര്‍.സി വെല്ലിങ്ടണ്‍, ഗോള്‍കീപ്പര്‍ അബു, പി.പി. അബൂബക്കര്‍, പരപ്പനങ്ങാടി അബൂബക്കര്‍, എം.എസ്.പിയുടെ കളിക്കാരനായ പോക്കര്‍ എന്നിവരെല്ലാം സഹകളിക്കാരാണ്. സിംഗപ്പൂര്‍, ബ്രസീല്‍, മലേഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നടന്ന മാസ്റ്റേഴ്സ് ഏഷ്യന്‍ മീറ്റിലേക്ക് യോഗ്യത നേടിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നെ, വയസ്സന്മാരുടെ കാര്യമായതുകൊണ്ട് സര്‍ക്കാറിനും വല്യ താല്‍പര്യമില്ലായിരുന്നു. അടുത്ത മത്സരത്തിന് പങ്കെടുക്കാന്‍ സമയമായി. ‘ന്നാ പിന്നെ ഞാനങ്ങോട്ട്...’ ചുറുചുറുക്കോടെ രാജേട്ടന്‍ സ്റ്റാര്‍ട്ടിങ് പോയന്‍റിലേക്കോടി.
പ്രായം മറന്ന ഹര്‍ഡ്ല്‍സ്
കുറച്ചുമാറി ഗ്രൗണ്ടില്‍ നിറഞ്ഞ കൈയടിയും ആരവങ്ങളും കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് 1982ല്‍ വെറ്ററന്‍ മീറ്റ് തുടങ്ങിയകാലം മുതല്‍ അന്താരാഷ്ട്ര താരമായ കാഞ്ഞിരപ്പള്ളി പാറത്തോട്ടുകാരന്‍ ജോണ്‍ മട്ടക്കല്‍ ഹര്‍ഡില്‍സ് ചാടുന്നു. 400,110 മീറ്ററില്‍ സില്‍വര്‍ മെഡലുകള്‍ നേടിയാണ് ആദ്യ വെറ്ററന്‍ ദേശീയ മീറ്റില്‍ നിന്ന് മടങ്ങിയത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥിയായിരുന്ന കാലത്ത് എന്‍.സി.സി കേഡറ്റായിരുന്നു. ട്രെയ്നിങ് സമയത്തെ കായിക പരിശീലനത്തില്‍ നിന്നാണ് ഹര്‍ഡില്‍സിനോട് കമ്പം തോന്നിയതെന്ന് ജോണ്‍ മട്ടക്കല്‍ പറയുന്നു.
തിരുവനന്തപുരം ഗവ. സംസ്കൃത കോളജില്‍ പഠിക്കുമ്പോള്‍ 1952ല്‍ ട്രാവന്‍കൂര്‍-കൊച്ചിന്‍ സ്റ്റേറ്റ്മീറ്റില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം നേടിയതാണ് ജീവിതത്തിലെ ആദ്യ നേട്ടം. അതാണ് കായികരംഗത്തേക്ക് വരാന്‍ കാരണമായതും. 85 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള മത്സരത്തിലാണ് ജോണേട്ടന്‍ പങ്കെടുക്കുന്നത്. ഇതുവരെ 30 മീറ്റുകളില്‍ പങ്കെടുത്തു. അഞ്ച് ഇന്‍റര്‍നാഷനല്‍ മീറ്റുകളില്‍ പങ്കെടുത്തു. ഡല്‍ഹി, ബംഗളൂരു, ക്വാലാലംപൂര്‍, ചൈന എന്നിവിടങ്ങളില്‍. 2012ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചെയ്സ്, 200, 80 മീറ്റര്‍ ഹര്‍ഡില്‍സ് എന്നീ ഇനങ്ങളില്‍ മൂന്നു സ്വര്‍ണം നേടിയതാണ് ഏറ്റവും വലിയ നേട്ടം. തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ മീറ്റിലും 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി. കോഴിക്കോട്ടുനിന്ന് 80 മീറ്റര്‍ ഹര്‍ഡില്‍സ്, 200, 400 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ മൂന്നു സ്വര്‍ണവുമായാണ് ജോണേട്ടന്‍ മടങ്ങിയത്.
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജ് ഗ്രൗണ്ടിലാണ് പരിശീലനം. കോളജ് അധികൃതരുടെ അകമഴിഞ്ഞ സഹായമാണ് ഏറ്റവും വലിയ പ്രചോദനമായി ജോണേട്ടന്‍ കാണുന്നത്. ഗോവയില്‍ നടക്കുന്ന നാഷനല്‍ മീറ്റിലും തുടര്‍ന്ന് ആഗസ്റ്റില്‍ ഫ്രാന്‍സിലെ ലിയോണില്‍ 60ല്‍പരം രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റിലും ഇന്ത്യന്‍ ടീമിനൊപ്പം പോകനുള്ള ഒരുക്കത്തിലാണ് ജോണേട്ടന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.