Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപിടിച്ചെടുത്ത ജീവിതം

പിടിച്ചെടുത്ത ജീവിതം

text_fields
bookmark_border
പിടിച്ചെടുത്ത ജീവിതം
cancel

ഒരേ ഗര്‍ഭപാത്രത്തില്‍ നിന്ന് അവര്‍ ഭൂമിയിലേക്കിറങ്ങിയത് 15 മിനിറ്റിന്‍െറ ഇടവേളയില്‍. കളിയും പഠനവും ഉറക്കവുമെല്ലാം ഒന്നിച്ച്. അവര്‍ വളര്‍ന്ന് യുവാക്കളായി. എന്നാല്‍, ക്രൂരമായ വിധി അവരിലൊരാളെ തളര്‍ത്തിയത് ദാരുണമായിട്ടായിരുന്നു. ഐ.ടി.സി കഴിഞ്ഞ് കാരന്തൂര്‍ മര്‍കസില്‍ ജോലി ചെയ്യുമ്പോഴാണ് കോഴിക്കോട് കൊടുവള്ളി കത്തറമ്മല്‍ പന്നിയങ്കാട്ടുപറമ്പില്‍ മൂസ^ആയിഷ ദമ്പതികളുടെ മകന്‍ ശരീഫുദ്ദീന്‍െറ ജീവിതം അക്ഷാര്‍ഥത്തില്‍ കീഴ്മേല്‍ മറിഞ്ഞത്. മലബാറിലെ ഏതൊരു ശരാശരി ചെറുപ്പക്കാരനെയും പോലെ ഗള്‍ഫിന്‍െറ സമൃദ്ധിയായിരുന്നു മനസ്സുനിറയെ. എല്ലാവരും ‘ഇമ്പീച്ചി’ എന്ന് സ്നേഹപൂര്‍വം വിളിക്കുന്ന ശരീഫുദ്ദീന്‍, തൊട്ടടുത്ത വീട്ടുകാര്‍ ചക്കയിടാന്‍ പറഞ്ഞപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. സംഭവം 1997 ഏപ്രില്‍ 20ന്.

ചെങ്കല്ലിന്‍െറ പരുപരുപ്പിലേക്ക് ഏറെ പൊക്കത്തില്‍ നിന്ന് വീഴുന്നതുമാത്രം ഓര്‍മയുണ്ട്. ഒരുമാസത്തിലേറെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍. ശേഷം, ഒരു വര്‍ഷം വീട്ടിലെ വാട്ടര്‍ബെഡില്‍ മനംമടുപ്പിക്കുന്ന കിടപ്പ്. സ്പൈനല്‍കോഡിനേറ്റ ക്ഷതം അരക്കുതാഴേക്കുള്ള ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുത്തി. ഏറെ പ്രതീക്ഷയൊന്നും നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കും കഴിയുമായിരുന്നില്ല. ജീവിതം നാലു ചുമരുകള്‍ക്കുള്ളിലെ ചലിക്കാത്ത സമയസൂചികയില്‍ തളച്ചിടപ്പെടുന്നത് ഒരു ഭീതിയോടെ ശരീഫുദ്ദീന്‍ അറിഞ്ഞു. ആശുപത്രികളിലേക്കുള്ള അവസാനിക്കാത്ത യാത്രകള്‍, അലോപ്പതി, ആയുര്‍വേദ ഒൗഷധങ്ങളുടെ ചവര്‍പ്പുരുചി തീര്‍ത്ത പകലുകള്‍. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ആ കാലം ഒട്ടും ഇഷ്ടമല്ളെങ്കിലും ഓര്‍ത്തെടുക്കുകയാണ് അയാള്‍.  സമയം പോയിക്കിട്ടാന്‍ ഏറെ ക്ളേശിച്ച നാളുകള്‍.  

ഉയിര്‍ത്തെഴുന്നേല്‍പ്
സമൂഹത്തിന്‍െറ അശ്ളീലം കലര്‍ന്ന സഹതാപനോട്ടങ്ങളെ മറികടക്കാന്‍ കൂടപ്പിറപ്പിനെ പ്രാപ്തനാക്കുകയായിരുന്നു ജ്യേഷ്ഠന്‍ നസീറുദ്ദീന്‍െറ ലക്ഷ്യം. രോഗക്കിടക്കയില്‍ അനിയന്‍ ഒരിക്കലും തനിച്ചായിരുന്നില്ല. ബാധ്യതയുമായില്ല. ആത്മവിശ്വാസത്തിന്‍െറ  ഊര്‍ജംപകര്‍ന്ന്  അനിയന്‍െറ ജീവിതം മാറ്റിമറിക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. മരുന്നുകളും വൈദ്യശാസ്ത്രവും പകച്ചുനിന്നിടത്തുനിന്ന് അവര്‍ തുടങ്ങി. അളവില്ലാത്ത ശുഭാപ്തി വിശ്വാസവും പ്രോത്സാഹനവും നിര്‍ലോഭം നല്‍കിയപ്പോള്‍  ഇരുണ്ട രാത്രിക്കു ശേഷം അനിയന്‍ കണ്‍തുറന്നത് വെള്ളി വെളിച്ചത്തിന്‍െറ പൊന്‍പുലരിയിലേക്ക്. അവന്‍ ദുരന്തത്തിന്‍െറ തലവര  മാറ്റിയെഴുതി, ഒപ്പം  തന്‍െറ ജീവിതത്തിന്‍െറയും.  

അപകടം സംഭവിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സഹോദരന്‍ നസീറുദ്ദീന്‍ എന്ന ‘ബാബു’ ഗള്‍ഫിലേക്ക് പറന്നു. പിന്നെയും അസഹനീയമായ ഏകാന്തത.  സഹോദരന്‍െറ ദുരന്തം ഏറെ തളര്‍ത്തിയെങ്കിലും മറ്റുള്ളവരെപ്പോലെ സഹതാപത്തിന്‍െറ സങ്കടവര്‍ത്തമാനങ്ങളില്‍ നസീറുദ്ദീന്‍  ഒട്ടും താല്‍പര്യം കാണിച്ചിരുന്നില്ല. ഇനി അതിജീവനമായിരിക്കണം ലക്ഷ്യം എന്ന് നിരന്തരം ശരീഫിനെ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു നസീറുദ്ദീന്‍.  ഗള്‍ഫിലത്തെി ഒരുമാസത്തിനകം ഒരു പത്രവാര്‍ത്ത കണ്ടു. ഒരു വലിയ തിരിച്ചറിവില്‍ അത് വെട്ടി അനുജന് അയച്ചു. ‘മരണക്കിടക്കയില്‍നിന്ന് ഡ്രൈവിങ് സീറ്റിലേക്ക് എന്നായിരുന്നു തലക്കെട്ട്.   അപകടം പറ്റിയ ഒരാള്‍ സ്വന്തമായി വണ്ടിയോടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു അത്. കേവലം ഒരു വാര്‍ത്താശകലമായി എന്തോ അതിനെ അവഗണിക്കാന്‍ ശരീഫിന് കഴിഞ്ഞില്ല. ആ പത്ര കട്ടിങ് വായിക്കുന്തോറും വീണ്ടും വീണ്ടും വായിക്കാന്‍ ഒരു ഉള്‍പ്രേരണ.  തന്‍െറ ജീവിതത്തെ അത്രമേല്‍ അടയാളപ്പെടുത്തിയ മറ്റൊരു സംഭവവുമില്ളെന്ന് ശരീഫ് പറയുന്നു. ചുരുങ്ങിയത് ഒരായിരം  തവണയെങ്കിലും  ആ പത്ര കട്ടിങ്് വായിച്ചിരിക്കണം. ഊണിലും ഉറക്കത്തിലും കൂടെക്കൊണ്ടുനടന്നു.

കൂട്ടായി കമ്പ്യൂട്ടര്‍
ചികിത്സ തുടരുകയായിരുന്നു. വലിയ പുരോഗതിയൊന്നുമില്ല. അരക്കുതാഴെ നിശ്ചലം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സന്ദര്‍ശകരുടെ മുന്നില്‍ അപകടത്തിന്‍െറ ആവര്‍ത്തന വിവരണം മുടക്കമില്ലാതെ നിര്‍വഹിക്കുകയെന്നതു മാത്രമായി ജോലി. പ്രതീക്ഷ തന്നത് ജ്യേഷ്ഠന്‍െറ വിളികളും കത്തുകളും മാത്രം. ഇതിനിടെ പതുക്കെ വായനയുടെ ലോകത്തേക്കു കടന്നു. പത്രങ്ങളായിരുന്നു തുടക്കത്തില്‍. പിന്നീട് പുസ്തകങ്ങള്‍. വായന മനസ്സിന് ഊര്‍ജം നല്‍കി. നസീറുദ്ദീന്‍ നാട്ടില്‍ വരുമ്പോള്‍ പുറത്തേക്കൊക്കെ കൊണ്ടുപോകാന്‍ തുടങ്ങി. ഗള്‍ഫില്‍ നിന്ന് അനുജനായി ഒരു കമ്പ്യൂട്ടര്‍ കൊണ്ടുവന്നു. അതില്‍ സ്വയം പഠിക്കാന്‍ തുടങ്ങി. സ്കാനിങ്ങും കമ്പ്യൂട്ടറിന്‍െറ പ്രാഥമിക കാര്യങ്ങളുമെല്ലാം ഹൃദിസ്ഥമാക്കി. വേണ്ട നിര്‍ദേശങ്ങളുമായി നസീറുദ്ദീന്‍ മിക്ക ദിവസങ്ങളിലും ഫോണിലെ ത്തി. ഇന്‍റര്‍നെറ്റും ടൈപ്പിങ്ങുമെല്ലാം പഠിച്ചെടുത്തു.

പത്രവാര്‍ത്തയുടെ പ്രചോദനം അപ്പോഴുമുണ്ടായി. ഇതുകൊണ്ട് സ്വയം ഒരു തൊഴില്‍ കണ്ടത്തൊം എന്ന് ചിന്തിച്ചു. പാസ്പോര്‍ട്ട്, ഓണ്‍ലൈന്‍ പേമെന്‍റുകള്‍, പാസ്പോര്‍ട്ട് പുതുക്കല്‍, പി.എസ്.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങിയവ ചെയ്തു കൊടുക്കാന്‍ തുടങ്ങി. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധകിട്ടിയില്ളെങ്കിലും പതുക്കെ ജനങ്ങള്‍ അറിഞ്ഞുതുടങ്ങുകയും തനിക്ക് ഒരു പ്രത്യേക പരിഗണന നല്‍കുകയും ചെയ്തുവെന്ന് ശരീഫ് പറയുന്നു. ചെറിയ വരുമാനമാര്‍ഗമായിത്തുടങ്ങി. ഫോട്ടോസ്റ്റാറ്റും തുടങ്ങി. അപ്പോഴും ഓരോ കാര്യത്തിനും വിടാതെ നസീറുദ്ദീന്‍ പിന്നാലെയുണ്ടായിരുന്നു.
 
വലിയ സ്വപ്നം
പിന്നീട് കാര്‍ ഓടിക്കണമെന്നായി മോഹം. പതിവുപോലെ സഹോദരനുമായി ആഗ്രഹം പങ്കുവെച്ചു. വണ്ടിക്കു വരുത്തേണ്ട രൂപമാറ്റങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍, അത്തരം വാഹനങ്ങള്‍ ഓടിക്കുന്നവരെപ്പറ്റിയുള്ള വിവരശേഖരണം ഒക്കെയായി. പിന്നീട് കാര്‍ വാങ്ങി. സ്വാധീനമില്ലാത്ത കാലുകള്‍ക്ക്  ആക്സിലറേറ്ററും ബ്രേക്കും വിലങ്ങു തടിയായപ്പോള്‍ അവ ‘കൈപ്പിടിയിലൊതുക്കി’. സ്റ്റിയറിങ്ങിന്‍െറ ഇടതുവശത്ത് മധ്യഭാഗത്തായി ബ്രേക്കും ആക്സിലറേറ്ററും ഉയര്‍ത്തി സ്ഥാപിച്ചു. അതിജീവനത്തിന്‍െറ യാത്രാവേഗങ്ങളില്‍ ഈ രൂപമാറ്റം ഒട്ടും പ്രയാസകരമായില്ല ശരീഫിന്. തന്‍െറ കടുത്ത ആഗ്രഹങ്ങള്‍ക്കുമുന്നില്‍ വിധിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവന്‍ വണ്ടി നിരത്തിലിറക്കി. നാട്ടുകാര്‍ക്ക്  ഒട്ടൊരു ഭയത്തോടെയുള്ള വിസ്മയക്കാഴ്ചയായിരുന്നു അത്. ആകാശമായിരുന്നു മോഹങ്ങളുടെ അതിര്. വണ്ടിയുമായി ഓട്ടം പോകണമെന്നായിരുന്നു അടുത്ത ചിന്ത. വണ്ടി വാങ്ങി ഓട്ടംപോകാന്‍ തുനിഞ്ഞപ്പോഴായിരുന്നു അടുത്ത പ്രതിസന്ധി. ‘ഇങ്ങനെയൊരവസ്ഥയിലുള്ളയാളുടെ  കൂടെ എങ്ങനെയാ പോകുന്നത്’ എന്നിങ്ങനെയായിരുന്നു ചിലരുടെ ചോദ്യം. പതുക്കെപ്പതുക്കെ ആ അഭിപ്രായം അവന്‍ മാറ്റിയെടുത്തു. വയനാട് ജില്ലയിലും കരിപ്പൂര്‍ വിമാനത്താവളത്തിലും പലവട്ടം ഓട്ടംപോയിരിക്കുന്നു. ശരീഫിന്‍െറ കൂടെ ധൈര്യമായി പോകാമെന്ന് യാത്രക്കാരുടെ അനുഭവ സാക്ഷ്യം.  

ഇപ്പോള്‍ കമ്പ്യൂട്ടര്‍ ജോലിയും കാറിന്‍െറ ഓട്ടവുമൊക്കെയായി ഏറെ തിരക്കിലാണ്. സാമ്പത്തിക കാര്യങ്ങളിലും താന്‍ സ്വയം പര്യാപ്തമായിക്കൊണ്ടിരിക്കയാണെന്ന് അഭിമാനത്താടെ അവന്‍ പറയുന്നു. തന്‍െറ മുറി സ്വയം വൃത്തിയാക്കുന്ന ഇദ്ദേഹം പരസഹായമില്ലാതെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. തന്നെച്ചൊല്ലി ഇനിയും സഹോദരങ്ങളും ഉമ്മയും വിഷമിക്കരുതെന്നേ ശരീഫിനുള്ളൂ. മൂന്നു സഹോദരിമാരും ഇരട്ട സഹോദരങ്ങളായ ശഫീഖും വഹീദും എല്ലാ പ്രോത്സാഹനവും നല്‍കുന്നു. ‘എല്ലാത്തിനും അവനാ കാരണം’,ഇതെല്ലാം ചെയ്യാന്‍ തന്നെ ആവേശത്തോടെ ചേര്‍ത്തുപിടിച്ച കൂടപ്പിറപ്പ് നസീറുദ്ദീനെ ഓരോ വര്‍ത്തമാനത്തിലും ശരീഫ് സ്മരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story