ഇതെന്റെ രക്തമാകുന്നു...
text_fieldsഡോ. ഫ്രാൻസിസ് ആലപ്പാട്ട് (ചിത്രം: ടി.എച്ച്. ജദീർ)
‘ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു’ എന്ന് പറഞ്ഞ് കാഴ്ചവെക്കുന്ന അതേ സമർപ്പണമാണ് ഒരാൾക്ക് രക്തം നൽകുമ്പോഴും അനുഭവപ്പെടുന്നത്. ഉയിർത്തെഴുന്നേൽപ്പിന്റെയും സ്നേഹ രക്തത്തിന്റെയും ദിനമായ ഈസ്റ്ററിൽ, കേരളത്തെ രക്തദാനമെന്ന മഹത്തായ ഉദ്യമത്തിലേക്ക് നയിച്ച ഡോ. ഫ്രാൻസിസ് ആലപ്പാട്ട് സംസാരിക്കുന്നു...
ഉയിർത്തെഴുന്നേൽപിന്റെയും സ്നേഹരക്തത്തിന്റെയും അധ്യായമെഴുതിയ ദിനം. വീണ്ടുമൊരു ഈസ്റ്റർകൂടി വന്നെത്തുമ്പോൾ പ്രത്യാശയുടെ കിരണങ്ങളുമായി കേരളത്തിന്റെ സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനിൽക്കുകയാണ് ഇന്നും ഡോ. ഫ്രാൻസിസ് ആലപ്പാട്ട് എന്ന പേര്. ആലപ്പാട്ടച്ചൻ എന്ന് സ്നേഹത്തോടെയുള്ള വിളിപ്പേരിൽ അറിയപ്പെടുന്ന അദ്ദേഹം വൈദ്യശാസ്ത്ര രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക പ്രവർത്തനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. രക്തദാന പ്രസ്ഥാനത്തിന് കേരളത്തിൽ അടിത്തറയിട്ട വ്യക്തികൂടിയാണ് അദ്ദേഹം.
തൃശൂർ അതിരൂപതയുടെ വികാരി ജനറാൾ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, ജൂബിലി മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. ഈ സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന 17 വർഷം അദ്ദേഹം കാഴ്ചവെച്ച നേതൃപാടവം ശ്രദ്ധേയമാണ്. തൃശൂർ സേക്രഡ് ഹാർട്ട് മോഡൽ ബോയ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടി, പിന്നീട് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദങ്ങൾ കരസ്ഥമാക്കി. പഠനത്തിൽ എന്നും മികവ് പുലർത്തിയിരുന്ന അദ്ദേഹം, മദ്രാസിലെ സത്യനിലയം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും റാങ്കോടെയാണ് വിജയിച്ചത്. തുടർന്ന് ആലുവയിലെ സെമിനാരിയിലും പഠനം നടത്തി.
ഇരവിമംഗലത്തെ അനുഭവങ്ങൾ
വൈദികനായ ശേഷം ആദ്യ നിയമനം ലഭിച്ചത് ഇരവിമംഗലം എന്ന തനി നാട്ടിൻപുറത്താണ്. ‘അതൊരു പച്ചപ്പ് നിറഞ്ഞ, ഗാന്ധിജി സ്വപ്നംകണ്ടപോലുള്ള നന്മയുടെ ഉറവിടമായിരുന്നു. എനിക്ക് പച്ചപ്പ് ഭയങ്കര ഇഷ്ടമാണ്. നടത്തറ, പുത്തൂർ പഞ്ചായത്തുകൾ ചേർന്ന ആ പ്രദേശത്ത് ഏകദേശം 6000 ആളുകളാണുണ്ടായിരുന്നത്’ -ആലപ്പാട്ടച്ചൻ ഓർക്കുന്നു. രക്തദാന രംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന് ഒരു ആശയം തോന്നി, ഗ്രാമത്തിലെ മുഴുവൻ പേരുടെയും രക്തഗ്രൂപ് നിർണയിക്കുക. ഒരു ആന്റിസെറം കമ്പനിയുടെയും തൃശൂരിലെ വിവിധ ആശുപത്രികളിലെ ഡയറക്ടർമാരുടെയും സഹായത്തോടെ രണ്ട് ഞായറാഴ്ചകൾകൊണ്ട് ആ വലിയ ദൗത്യം അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഗ്രാമം മുഴുവനും രക്തഗ്രൂപ് പരിശോധിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കു ശേഷമാണ് അന്നത്തെ ആർച്ച് ബിഷപ് മാർ ജോസഫ് തൂംകുഴി അദ്ദേഹത്തോട് ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെ ചുമതലയേൽക്കാൻ ആവശ്യപ്പെടുന്നത്.
രക്തദാനം മഹാദാനം
ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ ജീവിതത്തിലെ പ്രധാന ഏടാണ് 1979ൽ തുടങ്ങിയ കേരള ബ്ലഡ് ഡോണേഴ്സ് ഫോറം. ‘രക്തദാന പ്രചാരണമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു തൊഴിൽ. അതിഷ്ടപ്പെടാൻ കുറേ കാരണങ്ങളുണ്ട്. അത് ഞങ്ങളുടെ കുർബാനയുടെ ഭാഗമാണ്. ‘ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു’ എന്ന് പറഞ്ഞ് കാഴ്ചവെക്കുന്ന അതേ സമർപ്പണമാണ് ഒരാൾക്ക് രക്തം നൽകുമ്പോഴും എനിക്ക് അനുഭവപ്പെടുന്നത്.’ ഡോ. ഫ്രാൻസിസ് പറയുന്നു. അദ്ദേഹം 77 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. രക്തദാനത്തെക്കുറിച്ച് ഭയവും തെറ്റിദ്ധാരണകളും നിലനിന്നിരുന്ന കാലഘട്ടത്തിൽ, അതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാൻ അശ്രാന്തം പരിശ്രമിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ തുടങ്ങിയ ബോധവത്കരണ ക്ലാസുകൾ പിന്നീട് വിപുലീകരിച്ചു. ഹൈസ്കൂൾ തലം മുതൽ കുട്ടികളിൽ രക്തദാന അവബോധം വളർത്താനുള്ള പരിപാടി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ പിന്തുണയോടെ തുടങ്ങി. ലക്ഷക്കണക്കിന് ആളുകൾക്ക് രക്തം ദാനംചെയ്യാനും രക്തഗ്രൂപ് നിർണയിക്കാനും വേദിയൊരുക്കി. ‘70-80 കാലഘട്ടത്തിൽ രക്തം വേണമെന്നറിഞ്ഞാൽ അല്ലെങ്കിൽ രക്തം എന്ന് കേട്ടാൽ തന്നെ പകുതി ആൾക്കാർ ഓടിപ്പോകും. ബാക്കി പകുതി തലകറങ്ങി വീഴും, അതായിരുന്നു അവസ്ഥ. എന്നാൽ, ഇന്ന് രക്തം സുലഭമായി ലഭിക്കും. രക്തദാനത്തിന് ജനങ്ങൾ മുന്നോട്ടുവരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.’
ജൂബിലി മിഷൻ
1997 മുതൽ 17 വർഷത്തോളം ജൂബിലി മിഷന്റെ ഡയറക്ടർ, പ്രസിഡന്റ് സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച് സ്ഥാപനത്തെ ഒരു മെഡിക്കൽ കോളജായും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളായും (പാരാമെഡിക്കൽ, നഴ്സിങ് കോളജുകൾ) വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനെ മാതൃകയാക്കിയാണ് ജൂബിലി മിഷൻ മെഡിക്കൽ കോളജ് രൂപകൽപന ചെയ്തത്. തൃശൂർ പൗരാവലിയുടെയും വലിയ പിന്തുണയുണ്ടായിരുന്നു. 100 സീറ്റുകളോടെ ആരംഭിച്ച കോളജിന്റെ ആദ്യ ബാച്ച് തന്നെ മികച്ച വിജയം നേടി. തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസസിന്റെ സ്ഥാപക ഡയറക്ടറെന്ന നിലയിൽ മാനസികാരോഗ്യ രംഗത്തും അദ്ദേഹം സംഭാവനകൾ നൽകി.
മതസൗഹാർദത്തിന്റെ പാലങ്ങൾ
‘മതസൗഹാർദത്തിൽ എന്റെ സംഭാവന വലുതാണെന്ന് ഞാൻ അഭിമാനത്തോടെ പറയും. പാറമേക്കാവിലാണ് എന്റെ വീട്. ചെറുപ്പത്തിൽ ക്രിസ്ത്യാനികൾ പാറമേക്കാവിന്റെ മുന്നിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കില്ല. അവിടെ പിശാചുണ്ട് എന്നൊക്കെ ആളുകൾ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ അതൊക്കെ മാറി. തൂംകുഴി പിതാവും ഞാനും കൂടിച്ചേർന്ന് എല്ലാ ദേവസ്വങ്ങളും സന്ദർശിച്ച് സൗഹാർദാന്തരീക്ഷമുണ്ടാക്കി. തൃശൂർപൂരത്തിന്റെയും പൂരം എക്സിബിഷന്റെയും സ്ഥിരം എക്സിക്യൂട്ടിവ് അംഗമാണ് അദ്ദേഹം.
ഈ സൗഹൃദത്തിന്റെ പുറത്താണ് പൂരം എക്സിബിഷനിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജിന് വർഷങ്ങളായി സൗജന്യമായി പവിലിയൻ ലഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകളിൽ സ്ഥിരം ക്ഷണം ലഭിക്കാറുണ്ട്, ആ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ബിഷപ് മുൻകൈയെടുത്ത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഇത് മതസൗഹാർദം ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണ്. വെറുതെ ചടങ്ങുകളിൽ പങ്കെടുത്താൽ മാത്രം പോരാ, മനസ്സിൽ ആത്മാർഥതകൂടി വേണം’ -ആലപ്പാട്ടച്ചൻ കൂട്ടിച്ചേർക്കുന്നു.
പ്രകൃതിയോട് പ്രണയം
‘ഞാനൊരു വിശ്വാസിയായ യുക്തിവാദിയാണ്. ഗാന്ധിജി പറഞ്ഞതുപോലെ, വിശ്വാസം ഒരിക്കലും യുക്തിക്ക് എതിരാവരുത്’ എന്ന് പറയുന്ന ഡോ. ആലപ്പാട്ടിന് മരങ്ങളോടും ചെടികളോടും അടങ്ങാത്ത സ്നേഹമാണ്. അയ്യന്തോൾ കാർത്യായനി ക്ഷേത്രമുറ്റത്ത് അപകടാവസ്ഥയിലായ, 300 വർഷം പഴക്കമുള്ള ഒരു ഇലഞ്ഞിമരം സംരക്ഷിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഇതിന് ഉദാഹരണമാണ്. ‘പത്രത്തിൽ ആ മരം ചരിഞ്ഞുനിൽക്കുന്ന പടം കണ്ടപ്പോൾ എനിക്ക് വലിയ സങ്കടം തോന്നി. ആ മരത്തിലാണ് അയ്യപ്പന്മാർ മാലയൂരി സമർപ്പിക്കുന്നത്.
മുനിസിപ്പാലിറ്റി, കെ.എഫ്.ആർ.ഐ, ഫയർഫോഴ്സ്, പൊലീസ്, ക്ഷേത്രം ഭാരവാഹികൾ എന്നിവരുടെയെല്ലാം അനുമതിയോടെ, മൂന്ന് ക്രെയിനുകൾ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ ആ മരം നിവർത്തി നിർത്തി. കേടുപാടുകൾ തീർത്ത്, ഫംഗസ് ബാധക്ക് മരുന്നുവെച്ച്, തറകെട്ടി സംരക്ഷിച്ചു. ആ മരം വീണ്ടും പൂത്തു, കായ്കളുണ്ടായി’ -അദ്ദേഹം സന്തോഷത്തോടെ ഓർക്കുന്നു. ഈ അനുഭവത്തെക്കുറിച്ച് ‘ഇലഞ്ഞിമണം ഒഴുകിവരുന്നു’ എന്ന പേരിൽ അദ്ദേഹം ഒരു പുസ്തകമെഴുതി. തൃശൂർ പൂരപ്പറമ്പിൽ ചപ്പുചവറുകൾ കത്തിച്ചപ്പോൾ അപൂർവയിനത്തിൽപെട്ട ഒരു ഇന്ത്യൻ കോർക്ക് ട്രീ കത്തിനശിച്ചപ്പോൾ, അതിന്റെ തൈ കണ്ടെത്തി വീണ്ടും നടാൻ അദ്ദേഹം പരിശ്രമിച്ചു. ഒടുവിൽ കെ.എഫ്.ആർ.ഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബംഗളൂരുവിൽ നിന്ന് നാലരയടി പൊക്കമുള്ള തൈ കൊണ്ടുവന്ന് പൂരപ്പറമ്പിൽ നട്ടുപിടിപ്പിച്ചു. സ്വന്തമായി ഒരു പറമ്പിൽ ധാരാളം മരങ്ങളും അദ്ദേഹം നട്ടുവളർത്തിയിട്ടുണ്ട്.
രോഗശയ്യയിൽ വിശുദ്ധവാരം
വർഷങ്ങളുടെ കഠിനാധ്വാനവും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളും ഒടുവിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. പ്രമേഹവും അതിനെത്തുടർന്നുണ്ടായ ഡയബറ്റിക് ന്യൂറോപ്പതിയും കാരണം ഇന്ന് അദ്ദേഹം വീൽചെയറിലാണ്. ‘ഒരു ദിവസം 18 മണിക്കൂറിലധികം ജോലി ചെയ്തിട്ടുണ്ട്. ഇൻസുലിൻ എടുക്കാൻപോലും പലപ്പോഴും സമയം കിട്ടിയില്ല. അമിതമായ അധ്വാനം കാരണം രണ്ട് കാലുകളിലെയും ഞരമ്പുകൾക്ക് ബലക്ഷയം സംഭവിച്ചു. ഒരു വാഴ വെട്ടിയിട്ടതുപോലെയാണ് രോഗം വന്നത്. ഇപ്പോൾ നടക്കാൻ വയ്യ. ശാരീരിക അവശതകൾക്കിടയിലും എഴുത്താണ് കൂട്ട്.
ഏകാന്ത തടവുപോലെയാണ് ഈ മുറിയിൽ. കുറച്ചുപേർ മാത്രം കാണാൻ വരും. എന്റെ പഴയ ആൾത്താര ബാലന്മാരാണ് ഇപ്പോൾ കൂട്ട്. പക്ഷേ, എല്ലാവരും പോയിക്കഴിയുമ്പോൾ ഏകാന്തതയുടെ ഒരു ഗുഹയിലേക്ക് പോകുന്നതുപോലെ തോന്നും. ഒറ്റക്കിരിക്കുമ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർക്കും -അമ്മ, അച്ഛൻ, വീട്... അങ്ങനെ. ഈ ഏകാന്തതയെയും നിരാശയെയും മറികടക്കുന്നത് എഴുത്തിലൂടെയാണ്. രോഗം വന്ന ശേഷം മാത്രം പത്തോളം പുസ്തകങ്ങളെഴുതി. ആകെ 50 പുസ്തകങ്ങൾ പൂർത്തിയാക്കി. ആത്മകഥ തയാറാണ്. 51ാമത്തെ പുസ്തകം ‘കാണാപ്പുറങ്ങൾ’ ഉടൻ പുറത്തിറങ്ങും. എഴുതുന്നതുകൊണ്ടാണ് ഭ്രാന്ത് പിടിക്കാതെയിരിക്കുന്നത്’ -അദ്ദേഹം പറയുന്നു.
ഓർമകളുടെ ഈസ്റ്റർ
പുത്തൻപള്ളിയിലായിരുന്നു ആദ്യ ഈസ്റ്റർ കുർബാന. കുർബാന കഴിഞ്ഞ് നോക്കുമ്പോൾ എന്റെ രണ്ട് മുസ്ലിം ക്ലാസ്മേറ്റ്സ് കോട്ടക്കലിൽനിന്ന് വന്നിരിക്കുന്നു! ഒരാൾ എന്റെ റൂംമേറ്റായിരുന്നു, ഞാൻ വൈദികനാകുന്നതിനെ ഏറ്റവും എതിർത്തയാൾ. അവർ എന്റെ കൂടെ ഈസ്റ്റർ ആഘോഷിക്കാൻ വന്നതാണ്. അത് വലിയ സന്തോഷമായി. അവരോട് സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല.
‘കുരിശിൽ തൂങ്ങിക്കിടക്കുന്ന ഈശോയുടെയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കുന്ന ഈശോയുടെയും കഥയാണ് ഈസ്റ്റർ. നമ്മുടെ ജീവിതത്തിലും പല കുരിശുകളുണ്ടാവും -ആരോപണങ്ങൾ, പ്രശ്നങ്ങൾ. എന്നാൽ, ഏത് വിഷമമുണ്ടായാലും അതിനൊരു സന്തോഷമുണ്ട്. അതുകൊണ്ട് നിങ്ങൾ വിഷമിക്കരുത്. ഒരു പരാജയം ജീവിതത്തിൽ ഒന്നുമല്ല, വിജയങ്ങൾ പുറകെ വരും. ജീവിതം ലഹരിക്ക് അടിമപ്പെടരുത്. നിങ്ങളുടെ പഴയ തെറ്റുകുറ്റങ്ങളൊക്കെ മാറ്റിവെച്ച്, പുതിയൊരു ജീവിതം തുടങ്ങാനുള്ള ദിനമായി ഈസ്റ്ററിനെ ഉപയോഗിക്കണം’ -അദ്ദേഹം പറയുന്നു.
തന്റെ രോഗശയ്യയെ ദൈവഹിതം നിറവേറ്റാനുള്ള കുരിശായി കാണുന്ന ഡോ. ആലപ്പാട്ട്, പൂർണമായ സമർപ്പണത്തോടെ പറയുന്നു: ‘ഇനിയുള്ള ഏക ശരണം ദൈവത്തിന്റെ കൈയിലാണ്. അവിടുന്ന് ഒരു അത്ഭുതം പ്രവർത്തിച്ചാലേ ഭേദമാവൂ. ദൈവത്തിന്റെ വിധി ഇതാണെങ്കിൽ ഞാനത് ഏറ്റെടുക്കുകയാണ്...’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.