ഇങ്ങനെയും ഈസ്റ്റർ...!
text_fieldsഇന്തോനേഷ്യയിലെ സുമാത്ര വനപ്രദേശത്തെ ക്രൈസ്തവർക്ക് ഈസ്റ്റർ പൂക്കളുടെ ഉത്സവമാണ്. സുമാത്ര കാടുകളിൽ കണ്ടുവരുന്ന പതിനഞ്ചടി തണ്ടിന് നീളമുള്ള വെളുത്ത സുഗന്ധവാഹിയായ ‘ക്രൂബി ഫ്ലവർ’ ഈസ്റ്റർ ദിനത്തിലേക്കായി അവർ ബുദ്ധിമുട്ടി സമ്പാദിക്കുന്നു. വിശുദ്ധിയുടെ ചിഹ്നമായ ഈ ‘ഇൗസ്റ്റർ പുഷ്പം’ തങ്ങളുടെ വീട്ടുമുറ്റത്ത് സ്ഥാപിച്ച് അവർ ആരാധനയും ആഘോഷവുമൊക്കെ നടത്തുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ലാൻഡസ് ഗിരോണ്ട ഗ്രാമപ്രദേശങ്ങളിൽ ജീവിച്ചിരുന്ന ക്രൈസ്തവരുടെ ഈസ്റ്റർ വിനോദങ്ങളിൽ പ്രധാനം ‘പൊയ്ക്കാൽ നൃത്ത’മായിരുന്നു. പാട്ടുകൾ പാടി വനത്തിനുള്ളിലേക്ക് അവർ പ്രവേശിക്കുമായിരുന്നു. സ്വയരക്ഷക്കു വേണ്ടിയാണ് പൊയ്ക്കാൽ നൃത്തം ചെയ്തിരുന്നത്. വനത്തിലെ കാട്ടുചെടിയുടെ മുള്ളുകളിൽനിന്ന് രക്ഷപ്പെടുന്നതിനുള്ള ‘പൊയ്ക്കാൽ’ ഈസ്റ്റർ ആഘോഷങ്ങളിലും പ്രതിഫലിക്കുകയായിരുന്നു.
റഷ്യയിലെ കസാഖിലുള്ള കിർഗിസ് നാടോടി ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തിൽ വെളുത്ത കുതിരകളെ അണിയിച്ചൊരുക്കി നിർത്തും. വേഗതയിൽ കുതിരകളെ പായിക്കുന്നതിൽ അതിവിദഗ്ധരാണ് അവർ. പായുന്ന കുതിരപ്പുറത്തിരുന്ന് ഒരു ഗ്ലാസ് നിറയെ പാൽ, തുള്ളിപോലും നിലത്തുകളയാതെ കുടിക്കുന്നവർക്ക് ദൈവാനുഗ്രഹം ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. പാൽ അവർക്ക് അനുഗ്രഹത്തിന്റെയും വിശുദ്ധിയുടെയും ചിഹ്നമാണ്.
പോളണ്ടിൽ ആടുകളെയാണ് ശോഭനമായ ഭാവിയുടെ പ്രതീകമായി കണക്കാക്കുന്നത്. ഈസ്റ്റർ ആഘോഷങ്ങളിൽ അവർ ധാരാളം ആടുകളെ പങ്കെടുപ്പിക്കുന്നു. തൂവെള്ള നിറമുള്ള ആടുകളെ കുളിപ്പിച്ച് ഒരുക്കി വൃത്തിയുള്ള കൂട്ടിൽ നിർത്തി സ്വാദിഷ്ഠ വിഭവങ്ങൾ നൽകുക കുട്ടികളുടെ വിനോദമാണ്. അവർ അയക്കുന്ന ഇൗസ്റ്റർ കാർഡുകളിലൊക്കെ കുഞ്ഞാടിനെയും ചുമലിലേന്തി നിൽക്കുന്ന ‘നല്ലിടയനായ’ ക്രിസ്തുവിനെയാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഒഡിഷയിലെ ഗോത്രവർഗക്കാരായ ജവാങ് ക്രൈസ്തവർ ആടുകളെ വളരെയധികം ബഹുമാനിക്കുന്നവരാണ്. ഈസ്റ്റർ രാത്രിയിൽ തീരെ ഉയരംകുറഞ്ഞ മരക്കൊമ്പുകളിൽ മനോഹരമായ കുടിലുകൾ കെട്ടി രാത്രിയിൽ ആടുകളെ അതിനുള്ളിലാക്കി മരത്തിനു താഴെ അവർ കാവൽ കിടക്കുന്നു. നല്ലിടയനായ യേശുവിന്റെ അനുസ്മരണം.
ഫിലിപ്പീൻസിലെ സെൻട്രൽ മിൻഡനാമോയിലെ ഗുഹാജീവികളായിരുന്ന ടഡാഡേ ഗോത്ര ക്രൈസ്തവർ ഈസ്റ്റർ ആഘോഷത്തിൽ അമ്പും വില്ലും ഉപയോഗിച്ചിരുന്നു. വിശുദ്ധിയുടെ പ്രതീകമായ വെളുത്ത ആടിനെ ദൂരെ ഒരു മരത്തിൽ കെട്ടിനിർത്തി ആടിനെ സ്പർശിക്കാത്തവിധം അവർ അമ്പുകൾ എയ്യും. മരണത്തെ ജയിച്ച ക്രിസ്തുവിന്റെ പ്രതീകമാണ് വെളുത്ത ആട്.
തിബത്തിലെ കോട്ഗാർ വനപ്രദേശത്തുള്ള ജിപ്സി കാക്കാലരിൽനിന്ന് വന്നിട്ടുള്ള ക്രൈസ്തവർ ഈസ്റ്റർ വിരുന്ന് നടത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഈസ്റ്റർ ദിനത്തിൽ അതിഥികളായി എത്തുന്നവർക്ക് ഇവർ നൽകുന്ന പ്രധാന ഭക്ഷണം ഉപ്പുചേർത്തുണ്ടാക്കുന്ന ചായയും യവംകൊണ്ടുള്ള കഞ്ഞിയുമാണ്. ചായപ്പാത്രം കഴുകാൻ വെള്ളത്തിന് പകരം അവർ ഉപയോഗിക്കുന്നത് സ്വന്തം നാവാണ്.
ചായക്കോപ്പയുടെ അടിവശം വരെയും നാവ് നീട്ടാൻ അഭ്യസിച്ചിട്ടുള്ള അവർ പാത്രം നാവുകൊണ്ട് ഭംഗിയായി തുടച്ച് വൃത്തിയാക്കിയതിനുശേഷമേ അതിഥികൾക്ക് ഉപ്പുചായ കൊടുക്കൂ. നാവിനു പകരം വെള്ളംകൊണ്ട് പാത്രം കഴുകണമെന്ന് ആരെങ്കിലും പറഞ്ഞാൽ ‘അങ്ങനെയെങ്കിൽ വയറും കുടലും ദിവസവും വെള്ളംകൊണ്ട് കഴുകണമായിരിക്കുമല്ലോ’ എന്നായിരിക്കും അവരുടെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.