ഹജ്ജ് തീർഥാടകർക്ക് മികച്ച സേവനം നൽകിയ സംതൃപ്തിയിൽ ‘ഐവ’ വളന്റിയർമാർ
text_fieldsഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്ന ‘ഐവ’ വളന്റിയർമാർ
ജിദ്ദ: ഈ വർഷം ഹജ്ജ് നിർവഹിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്ന തീർഥാടകർക്ക് മികച്ച സേവനം നൽകാനായതിന്റെ സംതൃപ്തിയിൽ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളന്റിയർമാർ. ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്.
ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെന്ററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളന്റിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്. അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെന്ററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യസമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളന്റിയർമാർ രാപകല്‍ ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു. കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കുന്നതിനും വീല്‍ചെയറില്‍ ഹറമിലേക്ക് കൊണ്ടുപോകാനും വളന്റിയര്‍മാര്‍ സന്നദ്ധരായി.മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളന്റിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു. ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷതവഹിച്ചു. ഫദൽ ചേളാരി, സാലിഹ് പഴകുളം, ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി, ശിഹാബ് പട്ടാമ്പി, യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട്, റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാത്ത് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.