2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു
text_fieldsന്യൂഡൽഹി: 20 ദിവസം കൊണ്ട് ഹജ്ജ് പൂർത്തിയാക്കി വരാവുന്ന പാക്കേജ് കൂടി ഉൾപ്പെടുത്തി 2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് പോർട്ടൽ https://hajcommittee.gov.in വഴിയോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org വെബ്സൈറ്റിലൂടെയോ ‘HajSuvidha’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ജൂലൈ 31 രാത്രി 11:59 വരെ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചു. 20 ദിവസത്തെ പാക്കേജിന് താല്‍പര്യമുള്ളവര്‍ അപേക്ഷയില്‍ അക്കാര്യം രേഖപ്പെടുത്തണം. സാധാരണഗതിയിൽ 40-45 ദിവസം വരെ ഹജ്ജ് തീർഥാടനത്തിന് എടുക്കും. അപേക്ഷകര്‍ക്ക് 2026 ഡിസംബര്‍ 31 വരെയെങ്കിലും കാലാവധിയുള്ള മെഷീന്‍ റീഡബിള്‍ പാസ്പോര്‍ട്ട് ഉണ്ടാകണം, പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ പാസ്പോര്‍ട്ടില്‍ സര്‍ നെയിം ഉള്‍പ്പെടുത്തണം, കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്, പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ടുള്ളത്), അപേക്ഷകരുടെ പാസ്പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, അഡ്രസ് പ്രൂഫ്, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ് ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ വ്യക്തവും പൂര്‍ണമായി വായിക്കാന്‍ കഴിയുന്നതുമാകണം. രേഖകള്‍ കൃത്യമായി അപ് ലോഡ് ചെയ്തവ മാത്രമേ പരിഗണിക്കൂ. സൂക്ഷ്മ പരിശോധനക്കുശേഷം സ്വീകാര്യമായ അപേക്ഷകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി കവര്‍ നമ്പര്‍ അലോട്ട് ചെയ്യും. യഥാര്‍ഥ രേഖകള്‍ നറുക്കെടുപ്പിനുശേഷം സമര്‍പ്പിച്ചാല്‍ മതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോറവും മറ്റ് അനുബന്ധ രേഖകളും നറുക്കെടുപ്പിനുശേഷമാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശിക്കുന്ന നിശ്ചിത സമയത്തിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നേരിട്ട് സമര്‍പ്പിക്കണം.
ആദ്യ ഗഡുവായി 1,50,000 രൂപയാണ് അടക്കേണ്ടത്. അപേക്ഷയോടൊപ്പം പണമടച്ച രസീത് കൂടി സമര്‍പ്പിക്കണം. ഹജ്ജ് കമ്മിറ്റിക്ക് മറ്റ് ഏജന്‍സികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. അപേക്ഷയുമായി ബന്ധപ്പെട്ട് നിർദേശങ്ങള്‍ ആവശ്യമാണെങ്കില്‍ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനറുടെ സഹായം തേടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.