ഹജ്ജ്: നറുക്കെടുപ്പ് 12ന്; ഇത്തവണ 26,000ത്തിലേറെ അപേക്ഷകള്‍
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിക്കുന്നവരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ആഗസ്റ്റ് 12ന് നടക്കും. ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് നറുക്കെടുപ്പ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ സംസ്ഥാനങ്ങളിലേയും അപേക്ഷകളിലെ നറുക്കെടുപ്പ് ഡല്‍ഹിയില്‍ ഓണ്‍ലൈനായാണ് നടക്കുക. ഹജ്ജ് അപേക്ഷ സമര്‍പ്പണത്തിനുള്ള സമയപരിധി വ്യാഴാഴ്ച പൂര്‍ത്തിയായി. 26,100ലധികം അപേക്ഷകളാണ് ഇത്തവണ ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. ഇതില്‍ 5000ത്തിലധികം അപേക്ഷകര്‍ 65 വയസ്സിന് മുകളിലുള്ളവരാണ്. പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിതകളുടെ വിഭാഗത്തില്‍ 3500ഓളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ ഹജ്ജിന് തിരഞ്ഞെടുത്ത് കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാത്തവരുടെ പ്രത്യേക പരിഗണന വിഭാഗത്തില്‍ 902 അപേക്ഷകളുമാണ് ലഭിച്ചത്.
65 വയസ്സിന് മുകളിലുള്ള അപേക്ഷകര്‍ക്കും പുരുഷ തീര്‍ഥാടകര്‍ കൂടെയില്ലാത്ത വനിത (ലേഡീസ് വിതൗട്ട് മെഹ്റം) വിഭാഗത്തിലുള്ളവര്‍ക്കും മുന്തവണ കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട് അവസരം ലഭിക്കാതെ പോയവരുടെ വിഭാഗത്തിനും നറുക്കെടുപ്പില്ലാതെതന്നെ നേരിട്ട് അവസരം നല്‍കും. കേരളത്തിന് ലഭിക്കുന്ന ഹജ്ജ് ക്വോട്ടയനുസരിച്ച് ബാക്കി വരുന്ന അവസരത്തിലേക്കാണ് ജനറല്‍ വിഭാഗത്തില്‍നിന്ന് നറുക്കെടുപ്പ് നടത്തുക. ഹജ്ജ് അപേക്ഷകളുടെ കൃത്യമായ എണ്ണം വരും ദിവസങ്ങളിലാണ് വ്യക്തമാകുക. നിലവില്‍ ലഭിച്ച അപേക്ഷകളുടെ സൂക്ഷ്മപരിശോധന കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ പുരോഗമിക്കുകയാണ്. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പര്‍ നല്കുന്ന നടപടികളും ഇതോടൊപ്പം നടക്കുന്നുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ അപേക്ഷകരുണ്ട്. 2025ലെ ഹജ്ജിന് 20,637 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇത്തവണ 6000ത്തിലധികം അപേക്ഷകരുടെ വര്‍ധനയാണുള്ളത്. കഴിഞ്ഞ തവണ 16,482 പേര്‍ക്കാണ് സംസ്ഥാനത്തുനിന്ന് തീര്‍ഥാടനത്തിന് അവസരം ലഭിച്ചത്. ഇത്തവണ പതിവിന് വിഭിന്നമായി നേരത്തേയാണ് ഹജ്ജ് അപേക്ഷകള്‍ ക്ഷണിച്ചത്. ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി സംസ്ഥാനത്തേക്കുള്ള അവസാന തീര്‍ഥാടക സംഘവും തിരിച്ചെത്തുന്നതിനു മുമ്പുതന്നെ ഹജ്ജ് അപേക്ഷകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ക്ഷണിച്ചിരുന്നു.
ഹജ്ജ് മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടിവ് ഓഫിസര്‍ മലപ്പുറം ജില്ല കലക്ടര്‍ വി.ആര്. വിനോദിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് അടുത്ത വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായി നടന്നുവരുന്നതെന്ന് കലക്ടര്‍ പറഞ്ഞു. കലക്ടറുടെ കാര്യാലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത്, സംസ്ഥാന ഫാക്കല്‍റ്റി എന്‍.പി. ഷാജഹാന് എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.