ഹജ്ജ്: കപ്പലോളം ഓർമകളുമായി ഒരാൾ
text_fieldsഹജ്ജ് കര്‍മത്തിനിടയിൽ കൂടെയുണ്ടായിരുന്ന തളിപ്പറമ്പുകാരന്‍ മുഹമ്മദ് കുഞ്ഞി മൗലവിയുടെ മരണം വേദനിക്കുന്ന ഓർമകളായുണ്ട്. നാലു മാസത്തോളം നീണ്ട ഹജ്ജ് യാത്രയിൽ അസം സ്വദേശി കപ്പലില്‍ മരിച്ചതും മയ്യിത്ത് സംസ്കരണ പ്രക്രിയകളെല്ലാം ചെയ്ത് കടലില്‍ താഴ്ത്തിയതും മായാത്ത മുറിവായി മനസ്സിലുണ്ടെന്ന് ഗഫൂർ ഖാസിമി പറയുന്നു.
1980കളിലെ കപ്പൽമാർഗമുള്ള പ്രഥമ ഹജ്ജിന്റെ ഓർമകളയവിറക്കുകയാണ് മലപ്പുറം മേൽമുറി കോണോംപാറയിലെ പി.കെ. അബ്ദുൽ ഗഫൂർ ഖാസിമി. ത്യാഗങ്ങളും വേദനകളും കഷ്ടപ്പാടുകളും നിറഞ്ഞ യാത്രയായിരുന്നു അന്നുണ്ടായിരുന്നതെന്ന് സർക്കാർ ഹജ്ജ് വളന്റിയറായ അദ്ദേഹം ഓർക്കുന്നു. സൗകര്യങ്ങൾ ഏറെയുള്ള പിൽക്കാലത്ത് ഒരുപാട് തവണ ഹജ്ജും ഉംറയും ചെയ്തെങ്കിലും 30ാം വയസ്സിലെ ആദ്യ ഹജ്ജ് യാത്ര വ്യത്യസ്തമായിരുന്നെന്ന് ഗഫൂർ ഖാസിമി പറയുന്നു.
1984ലെ ഹജ്ജ് യാത്രയിൽ വളന്റിയറാവാൻ ശ്രമം തുടങ്ങിയെങ്കിലും നറുക്കുവീണത് 1986ലാണ്. ജൂലൈ 23ാം തീയതി രാത്രി 10.30നാണ് ബോംബെ തുറമുഖത്തുനിന്ന് കപ്പല്‍ പ്രയാണമാരംഭിച്ചത്. കേരളത്തില്‍നിന്നുള്ള 80 പേരുൾപ്പെടെ 1800 യാത്രികരും 200ലധികം ജീവനക്കാരുമാണ് കപ്പലിലുള്ളത്. മൂവ്വായിരത്തോളം രൂപ കപ്പല്‍ ചാര്‍ജും 14,000 രൂപ കറന്‍സി മാറ്റാനുമായി അന്ന് ഒരാള്‍ക്ക് 17,000 രൂപയായിരുന്നു ഹജ്ജിന് ചെലവ്. കപ്പല്‍യാത്ര എല്ലാവർക്കും സുഖകരമായിരുന്നില്ല. പല യാത്രക്കാരും വിഷമിച്ചു. നിരവധിയാളുകള്‍ ഛർദിച്ച് അവശരാവുകയും ചില സ്ത്രീകള്‍ എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ കിടപ്പിലാവുകയുമുണ്ടായി.
ഗഫൂർ ഖാസിമിയുടെ കപ്പലിലെ കാര്യമായ ജോലി രോഗികളെ ഡിസ്പെന്‍സറിയിലേക്ക് കൊണ്ടുപോകലായിരുന്നു. ഡിസ്പെന്‍സറിയില്‍നിന്ന് ഏല്പിച്ചിരുന്ന നാലുവിധം ഗുളികകൾ കോട്ടിന്റെ നാല് പോക്കറ്റുകളില്‍ വെച്ച് കപ്പലില്‍ യാത്രക്കാർക്കിടയിലൂടെ നടക്കും. ആവശ്യക്കാർക്ക് നല്‍കും. അത് ഫലമില്ലാതെ വരുമ്പോള്‍ ഡിസ്പെന്‍സറിയിലേക്ക് എത്തിക്കും. ഹജ്ജ് കര്‍മത്തിനിടയിൽ കൂടെയുണ്ടായിരുന്ന തളിപ്പറമ്പുകാരന്‍ മുഹമ്മദ് കുഞ്ഞി മൗലവിയുടെ മരണം വേദനിക്കുന്ന ഓർമകളായുണ്ട്.
ഒക്ടോബര്‍ ഒന്നിന് ജിദ്ദ തുറമുഖം വിട്ട കപ്പല്‍ ഒമ്പതാം തീയതിയാണ് ബോംബെ തുറമുഖത്തെത്തിയത്. നാലു മാസത്തോളം നീണ്ട ഹജ്ജ് യാത്രയിൽ അസം സ്വദേശി കപ്പലില്‍ മരിച്ചതും മയ്യിത്ത് സംസ്കരണ പ്രക്രിയകളെല്ലാം ചെയ്ത് കടലില്‍ താഴ്ത്തിയതും മായാത്ത മുറിവായി മനസ്സിലുണ്ടെന്ന് ഗഫൂർ ഖാസിമി പറയുന്നു.
ഹജ്ജിന് മാത്രമായുള്ള അന്നത്തെ പാസ്പോർട്ടും വളന്റിയർ സേവനത്തിന് ലഭിച്ച പ്രശംസാപത്രവും ഇന്നും ഖാസിമി നിധിപോലെ സൂക്ഷിക്കുന്നുണ്ട്. നിലവിൽ കുണ്ടൂർ മർകസ് പ്രിൻസിപ്പലായ ഇദ്ദേഹം യാത്രാവിവരണങ്ങളുൾപ്പെടെ അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. ഖദീജയാണ് ഭാര്യ. അസ്ലം ഫൈസി, മുത്വീഉൽ ഹഖ് ഫൈസി, സുഹൈൽ ഫൈസി, സഹ്ൽ ഫൈസി, മുഹ്സിന എന്നിവരാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.