ബഹ്റൈനിൽ ഹജ്ജ് രജിസ്ട്രേഷൻ ഇന്നുമുതൽ
text_fieldsമനാമ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി അറിയിച്ചു. ബഹ്റൈൻ നാഷനൽ പോർട്ടൽ വഴി പുതുക്കിയ ഇ-കീ സിസ്റ്റം ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഹജ്ജ് നടപടികളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിക്കുന്നതിന് അപേക്ഷകർ ദേശീയ 'നോട്ടിഫിക്കേഷൻസ്' സിസ്റ്റത്തിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. സാധുവായ തിരിച്ചറിയൽ കാർഡും നിർബന്ധമാണ്. ഓരോ അപേക്ഷകനും തങ്ങളോടൊപ്പം നാല് പേരെ വരെ അപേക്ഷയിൽ ഉൾപ്പെടുത്താം. സുപ്രീം കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കണം.
രജിസ്ട്രേഷൻ പ്രക്രിയയുടെ ഭാഗമായി അപേക്ഷകരും കൂടെയുള്ളവരും തിരിച്ചറിയൽ പരിശോധനക്ക് വിധേയരാകണം. അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങൾ അനുസരിച്ച് ഹജ്ജ് നിർവഹിക്കുന്നതിന് തടസ്സമില്ലാത്തവരായിരിക്കണം. രജിസ്ട്രേഷൻ കാലയളവ് അവസാനിച്ച ശേഷം, ആവശ്യകതകൾ പാലിക്കുന്നവർക്ക് പ്രാഥമിക അനുമതി ലഭിക്കും. മുൻഗണനാ ക്രമത്തിലും അപേക്ഷിച്ചതിന്റെ ക്രമത്തിലുമായിരിക്കും തെരഞ്ഞെടുപ്പ്. തുടർന്ന് ഹജ്ജ് കാമ്പയിനുകൾക്ക് അവരുടെ പാക്കേജുകളും വിലകളും പ്രഖ്യാപിക്കാൻ സമയം ലഭിക്കും.
കഴിഞ്ഞവർഷത്തെ രീതികളിൽനിന്ന് വ്യത്യസ്തമായി, ഈ വർഷം ഔദ്യോഗികമായി അനുമതി ലഭിച്ചവർക്കാണ് കാമ്പയിനുകൾ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുക. സെപ്റ്റംബർ 16 മുതൽ അനുമതി ലഭിച്ച തീർഥാടകർക്ക് അവർക്ക് താൽപര്യമുള്ള ഹജ്ജ് കാമ്പയിൻ തെരഞ്ഞെടുക്കാനും പാക്കേജ് തുകയുടെ ഭാഗമായി ഒരാൾക്ക് 150 ബഹ്റൈൻ ദിനാർ അടച്ച് ബുക്കിങ് ഉറപ്പിക്കാനും സാധിക്കും. കൂടാതെ ഏകീകൃത ഇലക്ട്രോണിക് കരാറിൽ ഒപ്പിടുകയും വേണം. ഈ വർഷം സീസണിൽ സേവനങ്ങൾ നൽകാൻ താൽപര്യപ്പെട്ട് 67 ഹജ്ജ് കാമ്പയിനുകളാണ് കമ്മിറ്റിക്ക് അപേക്ഷ സമർപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.