ഇന്ത്യയിൽ നിന്ന് അര ലക്ഷം ഹജ്ജ് തീർഥാടകരെത്തി; നാളെ മുതൽ കൊച്ചിയിൽ നിന്നുള്ള തീർഥാടകരെത്തും
text_fieldsകേരളത്തിൽ നിന്ന് വ്യാഴാഴ്ച ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനിൽ എത്തിയ വനിതാ തീർഥാടകരെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും പത്നി റിഫാത് ഖാനും ചേർന്ന് വരവേറ്റപ്പോൾ
മക്ക: ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ ഇന്ത്യയിൽനിന്ന് ഇതുവരെ അരലക്ഷം തീർഥാടകരെത്തി. കൊച്ചിയിൽനിന്നുള്ള തീർഥാടകരുടെ വരവ് വെള്ളിയാഴ്ച മുതലാണ് ആരംഭിക്കുന്നത്. വൈകീട്ട് 6.30നാണ് 289 തീർഥാടകരുമായി ആദ്യ വിമാനം പുറപ്പെടുക. സൗദി സമയം രാത്രി 9.30 ഓടെ സംഘം ജിദ്ദയിലെത്തും. സൗദി എയർലൈൻസിെൻറ രണ്ട് വിമാനങ്ങളാണ് വെള്ളിയാഴ്ച എത്തുന്നത്. രാത്രി 8.30നാണ് രണ്ടാമത്തെ വിമാനം കൊച്ചിയിൽനിന്ന് പുറപ്പെടുക.
ഈ മാസം 30 വരെ 21 സൗദി എയർലൈൻസ് വിമാനങ്ങളാണ് കൊച്ചിയിൽനിന്ന് സർവിസ് നടത്തുക. 27 വിമാനങ്ങളിലായി 4580 മലയാളി ഹാജിമാർ മക്കയിലെത്തിയിട്ടുണ്ട്. സംസ്ഥാന ഹജ്ജ് ഇൻസ്പെക്ടർമാരുടെ കീഴിലാണ് ഹാജിമാർ എത്തുന്നത്. വനിതകൾക്കായി പ്രത്യേകം വനിത ഇൻസ്പെക്ടർമാരും ഉണ്ട്. ഇന്ത്യയിലെ 20 എംബാർക്കേഷൻ പോയിൻറുകളിൽനിന്നായി അരലക്ഷത്തോളം തീർഥാടകർ ഇതിനകം സൗദിയിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനിൽ എത്തിയ വനിതാ തീർഥാടകരെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും പത്നി റിഫാത് ഖാനും ചേർന്ന് വരവേറ്റു.
മദീന വഴിയെത്തുന്ന തീർഥാടകർ എട്ടു ദിവസം കൊണ്ട് സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തും. ഹാജിമാരെ സ്വീകരിക്കാൻ മക്കയിലും മദീനയിലും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. എയർപോർട്ടുകളിൽ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ ഹാജിമാരെ സ്വീകരിക്കും. ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ്മാർഗം ഇവരെ താമസകേന്ദ്രങ്ങളിൽ എത്തിക്കും.
തീർഥാടകരുടെ ലഗേജുകൾ കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രക്കുകളും ഒരുക്കിയിട്ടുണ്ട്. ഹാജിമാർ താമസകേന്ദ്രങ്ങളിൽ എത്തുന്നതോടെ ലഗേജുകളും താമസകെട്ടിടങ്ങളിൽ എത്തിക്കും. ലഗേജുകളിൽ പതിച്ച റൂം നമ്പർ കണ്ടെത്തി തൊഴിലാളികളാണ് ലഗേജുകൾ റൂമിലെത്തിക്കുക. താമസകേന്ദ്രങ്ങളിൽ എത്തുന്നതോടെ ഹജ്ജ് സർവിസ് കമ്പനി തീർഥാടകർക്ക് ‘നുസുക്’ കാർഡ് വിതരണം ചെയ്യും.
കാർഡ് ഉള്ളവർക്ക് മാത്രമാണ് ഹറമിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കഅബയുടെ മുറ്റത്തേക്ക് (മത്താഫ്) ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഉംറ നിർവഹിക്കാനായി ഇഹ്റാം വസ്ത്രം അണിഞ്ഞാണ് തീർഥാടകർ മക്കയിലെത്തുന്നത്. മക്കയിൽ എത്തി അൽപം വിശ്രമിച്ച് ഉംറക്കായി പുറപ്പെടും. ഹജ്ജ് നാളുകൾ വരെ ഹറമിലെ നമസ്കാരങ്ങളിലും പ്രാർഥനകളിലുമായി കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.