പുതുമയായി ഷോര്‍ട്ട് ഹജ്ജ്; 20 ദിവസംകൊണ്ട് തിരിച്ചുവരാം
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷ ക്ഷണിച്ചത് പുതുമയാർന്ന പദ്ധതികളോടെ. ഹജ്ജ് കർമം പൂര്‍ത്തിയാക്കി വേഗത്തില്‍ നാട്ടില്‍ തിരിച്ചെത്താന്‍ അവസരമൊരുക്കിയുള്ള ഷോര്‍ട്ട് ഹജ്ജാണ് പ്രധാന ആകര്‍ഷണം. ഈ വിഭാഗത്തില്‍ അവസരം ലഭിക്കുന്നവര്‍ക്ക് 20 ദിവസംകൊണ്ട് ഹജ്ജ് ചെയ്ത് തിരിച്ചുവരാം. സാധാരണ 45 ദിവസമാണ് ഹജ്ജിന് പോയി തിരിച്ചുവരാനെടുക്കുന്ന സമയപരിധി.
ജോലിയുള്ള പ്രവാസികളേയും തൊഴിലിടങ്ങളില്‍നിന്ന് കുറച്ച് ദിവസം മാത്രം അവധി ലഭിക്കുന്നവരേയും മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കമിട്ടത്. ഈ വിഭാഗത്തില്‍ രാജ്യത്താകെ 10,000 പേര്‍ക്കാണ് അവസരം. ഇതിന് ആനുപാതികമായിട്ടാകും കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് അവസരം ലഭിക്കുക. ഈ വിഭാഗത്തില്‍ 2860 തീര്‍ഥാടകരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജനറല്‍ വിഭാഗത്തിലെന്നപോലെ നറുക്കെടുപ്പിലൂടെയാണ് ഇതിലും തീര്‍ഥാടകരെ കണ്ടെത്തുക.
ഓരോ വര്‍ഷവും ഹജ്ജിന് അപേക്ഷ നല്കി കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിക്കാത്തവര്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇത്തരക്കാര്‍ വീണ്ടും അപേക്ഷിച്ചാല്‍ മുന്‍ഗണന നല്‍കുമെന്ന ഉത്തരവ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ജനറല്‍ -ബി വിഭാഗത്തിലായി നല്കുന്ന ഇത്തരം അപേക്ഷകളില്‍ ലഭ്യമായ ഹജ്ജ് ക്വോട്ടയനുസരിച്ച് നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭ്യമാക്കും.
ഇതിനായി സംസ്ഥാന സര്‍ക്കാറും ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും നിരന്തരം നടത്തിയ ഇടപെടലുകളാണ് ഫലംകണ്ടത്. ഇത്തവണ 902 അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.