മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു; ഹൃദ്യമായ യാത്രയയപ്പ് നൽകി മദീന കെ.എം.സി.സി
text_fieldsഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന ഹജജ് കർമം നിർവഹിച്ചു മടങ്ങുന്ന കേരളത്തിൽ നിന്നുള്ള ആദ്യ മലയാളി ഹജ്ജ് സംഘത്തിന് കെ.എം.സി.സി മദീന കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
മദീന: ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന ഹജജ് കർമം നിർവഹിക്കാനെത്തിയ കേരളത്തിൽ നിന്നുള്ള മലയാളി ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. ജിദ്ദ വിമാനത്താവളം വഴി ഹജ്ജിനെത്തുകയും ഹജ്ജ് കർമങ്ങൾ നിർവഹിച്ച ശേഷം എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴിയാണ് മലയാളി ഹാജിമാർ നാട്ടിലേക്ക് തിരിക്കുന്നത്. കോൻകോഡ് ഹോട്ടലിൽ നിന്നുള്ള 173 പേരടങ്ങുന്ന ആദ്യ മലയാളി ഹജ്ജ് സംഘത്തെ മുത്തവിഫുകൾ പ്രത്യേകം തയാറാക്കി നാലു ബസുകളിലായി മദീന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടേക്ക് കയറ്റി അയച്ചു.
നാട്ടിലേക്ക് മടങ്ങുന്ന ആദ്യ സംഘത്തിന് കെ.എം.സി.സി മദീന കമ്മിറ്റി ഹൃദ്യമായ യാത്രയപ്പ് നൽകി. ഭക്ഷണവും സമ്മാനപൊതികളും നൽകിയാണ് കെ.എം.സി.സി പ്രവർത്തകർ സംഘത്തെ യാത്രയയച്ചത്. ജീവിതാഭിലാഷമായ ഹജജ് കർമവും പ്രവാചക സന്നിധിയിൽ സലാം ചൊല്ലിയും മസ്ജിദുന്നബവ്വിയിലെ പ്രാർഥനകളും ബുദ്ധിമുട്ടുകളില്ലാതെ പൂർത്തികരിച്ച് മനംനിറഞ്ഞ സന്തോഷത്തിലാണ് ഓരോ ഹാജിമാരും മദീന നഗരിയോട് വിട പറയുന്നത്. ഹാജിമാർ മദീനയിലെത്തിയ സമയം മുതൽ രാപകലുകൾ വ്യത്യാസമില്ലാതെ ഹാജിമാരുടെ സേവനങ്ങൾക്കായി കെ.എം.സി.സി പ്രവർത്തകർ സജീവമാണ്. നാസർ തടത്തിൽ, അഷ്റഫ് ഒമാനൂർ , ജലീൽ കുറ്റിയാടി, ഒ.കെ റഫീഖ്, ഷരീഫ് കാസർകോട്, അഷ്റഫ് അഴിഞ്ഞിലം, സൈദ് ഹാജി, ജലീൽ നഹാസ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.