മാർപാപ്പയെ നേരിൽ കാണാനായതിന്‍റെ ഓർമകളിൽ ഡോ. സിദ്ദീഖ് അഹമ്മദ്
text_fieldsഡോ. സിദ്ദീഖ് അഹമ്മദ് വത്തിക്കാനാൽ ഫ്രാൻസിസ് മാർപ്പാപ്പയെ ഷാൾ അണിയിക്കുന്നു
ദമ്മാം: ഏതാനും മാസം മുമ്പ് മാർപ്പാപ്പയുടെ അനുഗ്രഹവും സ്നേഹവും നേരിൽ ആശ്ലേഷിക്കാൻ സൗഭാഗ്യം സിദ്ധിച്ചതിന്റെ ഓർമകളിലാണ് സൗദിയിലെ പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്. പാപ്പയുടെ വിയോഗം ലോകത്തിന് തീരാവേദനയാകുമ്പോൾ സിദ്ദീഖിന് ഇത് സ്വകാര്യ ദുഃഖമാണ്. ലോകത്തിന്‍റെ സമാധാനത്തിന് വേണ്ടി വാദിച്ച ആത്മീയ നേതാവിനെ കാണാൻ അപ്രതീക്ഷിതമായാണ് സിദ്ദീഖിന് അവസരം ലഭിച്ചത്.
തെൻറ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യങ്ങളിൽ ഒന്നായാണ് ആ കൂടിക്കാഴ്ചയെ ഹൃദയത്തിൽ ചേർത്തുവെച്ചിരിക്കുന്നതെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ നവംബറിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ ശിവഗിരി മഠത്തിന്റെ സംഘത്തോടൊപ്പമാണ് അവിടെ പോയത്. ശ്രീനാരായണ ഗുരുവിന്‍റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കാൻ ഇന്ത്യയുൾപ്പടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിവിധ മതപാരമ്പര്യമുള്ളവർ ഒന്നിച്ചു ചേരുകയായിരുന്നു അവിടെ. ‘നല്ല മാനവികതക്ക് മതങ്ങൾ ഒന്നിച്ച്’ എന്നായിരുന്നു സമ്മേളനത്തിന്‍റെ ആപ്ത വാക്യം.
ഈ സമ്മേളനത്തിൽ ആശിർവാദ പ്രഭാഷണം നടത്തിയ ഫ്രാൻസിസ് മാർപ്പാപ്പയുമായി സംസാരിക്കാൻ അങ്ങനെയാണ് അസുലഭമായ ആ അവസരം ലഭിച്ചത്. അദ്ദേഹത്തിന്‍റെ പുഞ്ചിരി തന്നെ ഒരു വലിയ സന്ദേശമായാണ് എനിക്ക് തോന്നിയതെന്ന് സിദ്ദീഖ് പറയുന്നു. എന്നേയും കുടുംബത്തേയും ഊഷ്മളമായാണ് പാപ്പ വരവേറ്റത്. വിലപ്പെട്ട സമയമാണ് അദ്ദേഹം ഞങ്ങൾക്കായി ചെലവഴിച്ചത്. അദ്ദേഹത്തെ അന്ന് ഞാൻ ഷാൾ അണിയിച്ചു. പുസ്തകങ്ങൾ സമ്മാനമായി നൽകി. അതെല്ലാം അദ്ദേഹം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചു. ഞങ്ങൾ ആ സന്നിധിയിൽ ചെലവഴിച്ച സമയങ്ങളുടെ ഉന്മേഷം ഇന്നും ഞങ്ങളിൽ നിലനിൽക്കുന്നു.
അന്ന് അദ്ദേഹം പറഞ്ഞതെല്ലാം സ്നേഹത്തെക്കുറിച്ചായിരുന്നു, സമാധാനത്തെക്കുറിച്ചായിരുന്നു, എല്ലാവരും ഒത്തൊരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചായിരുന്നു. ഒരു മനുഷ്യന് സന്തോഷമായി ജീവിക്കാൻ മതം പോലും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആത്മീയ നേതാവായിരിക്കുമ്പോഴും അങ്ങനെ പറയാൻ കാണിച്ച വിശാലത എന്നെ അത്ഭുതപ്പെടുത്തി. ഇത് ലോകം ഏറ്റെടുത്തിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചുപോയി പറഞ്ഞു.
ശിവഗിരി മഠം സംഘടിപ്പിച്ച ഈ ചടങ്ങിൽ അദ്ദേഹം ശ്രീനാരായണ ഗുരുവിന്‍റെ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. തീർച്ചയായും അദ്ദേഹം ലോക ജനതക്ക് തണലും ആശ്വാസവുമായിരുന്നു. അതാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓർമകളെ നമ്മൾ നിലനിർത്തേണ്ടത് അദ്ദേഹം ഉയർത്തിയ സമാധാനത്തിന്റെ ആശയങ്ങളിലുടെയാവണമെന്നും ഡോ. സിദ്ദീഖ് ഓർമപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.