ജോസ് ജോർജ് സി.എസ്.ഐ സഭ മഹായിടയൻ
text_fieldsസി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ്പായി അഭിഷിക്തനായ ജോസ് ജോർജിന് ബിഷപ് ഡോ. കെ. രൂബേൻ മാർക്ക് അംശവടി കൈമാറുന്നു
കൊല്ലം: പ്രാർഥനാനിരതമായ അന്തരീക്ഷത്തിൽ സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹാ ഇടവക ബിഷപ്പായി ഫാ. ജോസ് ജോർജ് അഭിഷിക്തനായി. കൊല്ലം ക്രൈസ്റ്റ് കത്തീഡ്രലിൽ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയാണ് ഫാ. ജോസ് ജോർജ് മുദ്രമോതിരവും അംശവടിയും സ്വീകരിച്ച് സ്ഥാനാരോഹിതനായത്. സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ് ഡോ. കെ. രൂബേൻ മാർക്ക് മുഖ്യകാർമികത്വം വഹിച്ചു.
രാവിലെ ക്രേവൻ സ്കൂളിൽനിന്ന് ഘോഷയാത്രയോടെയാണ് നിയുക്ത ബിഷപ്പിനെ ആനയിച്ചത്. തുടർന്ന് സഭ ജനറൽ സെക്രട്ടറി സി. ഫെർണാണ്ടസ് രത്തിനരാജ പുതിയ ബിഷപ്പിന്റെ പ്രഖ്യാപനം നടത്തി. മോഡറേറ്റർ നിയുക്ത ബിഷപ്പിന്റെ സമ്മതമാരാഞ്ഞ്, അംശവടി കൈമാറി.
മധ്യകേരള മഹാ ഇടവക ബിഷപ് മലയിൽ സാബു കോശി ചെറിയാൻ കുരിശുമാലയും ബിഷപ്പ് തിമോത്തി രവീന്ദർ മുദ്രമോതിരവും അണിയിച്ചു. മുഖ്യകാർമികനും സഹകാർമികരായ ബിഷപ്പുമാരും അഭിഷേകം പൂർത്തിയാക്കിയതോടെ സ്ഥാനാരോഹണം പൂർത്തിയായി. ബിഷപ് ഡോ. റോയിസ് മനോജ്കുമാർ വിക്ടർ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ് ജോസ് ജോർജ് നയപ്രഖ്യാപനം നടത്തി.
വൈകീട്ട് ബിഷപ്പ് ജോസ് ജോർജിന് നൽകിയ പൗരസ്വീകരണവും പൊതുസമ്മേളനവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ബിഷപ്പ് തിമൂത്തി രവീന്ദർ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ എം. നൗഷാദ്, പി.എസ്. സുപാൽ, ബിഷപ്പുമാരായ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രപ്പൊലീത്ത, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ലാറ്റിൻ കാത്തലിക് ബിഷപ് എമിരറ്റസ് ഡോ. സ്റ്റാൻലി റോമൻ, മൂവാറ്റുപുഴ അഷ്റഫ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, അസംഗാനന്ദ ഗിരി, മാത്യൂസ് മാർ സിൽവാനിയോസ്, റവ. ഡോ. സെൽവദാസ് പ്രമോദ്, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.