പ്രകൃതി കാവ്യം
text_fieldsമനുഷ്യനും പ്രകൃതിയും സകലചരാചരങ്ങളും ഉൾപ്പെടുന്ന വലിയൊരു ആവാസവ്യവസ്ഥയുടെ ഇതിഹാസം കൂടിയാണ് രാമായണം. സരമ എന്ന പട്ടിയും വർത്തിക എന്ന കുരുവിയുമെല്ലാം സജീവമാകുന്ന വൈദികസാഹിത്യം നമുക്ക് സുപരിചിതമാണ്. മനുഷ്യനും ചരാചരപ്രകൃതിയും തമ്മിലെ ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ആഖ്യാനസമ്പ്രദായമാണിത്. ക്രൗഞ്ചപ്പക്ഷികളിലൊന്നിന്റെ പതനം പ്രകൃതിക്കേറ്റ മുറിവായി കാണുന്ന ആദികവി ഓരോ തരുവിലും തണലിലും തനിക്ക് കാണാൻ കഴിഞ്ഞ രാമനെയാണ് അവതരിപ്പിക്കുന്നത്.
വനത്തെ അയോധ്യയായി കാണണമെന്ന ഉപദേശമാണ് വനവാസത്തിനിറങ്ങുമ്പോൾ സുമിത്ര പുത്രനായ ലക്ഷ്മണന് നൽകുന്നത്. ഈ വിശ്വപ്രകൃതിയിൽനിന്ന് വേറിട്ട് നിൽക്കുന്നതല്ല അധികാരകേന്ദ്രമുൾപ്പെടെയുള്ള ഒന്നും എന്ന വ്യക്തമായ സന്ദേശം അതിലുണ്ട്. സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ രാവണന് ആദ്യം എതിരിടേണ്ടിവന്നത് പക്ഷീന്ദ്രനായ ജടായുവിനെയാണ്. പിന്നീട് രാമലക്ഷ്മണന്മാർ പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും സീതയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
രാമലക്ഷ്മണന്മാരുടെ നെടുവീർപ്പും നൊമ്പരവും വിലാപവും ഈ പ്രകൃതി തന്നെ ഏറ്റുപിടിച്ചതായി ആരണ്യകാണ്ഡത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ബോധ്യമാകും. ചിറകെട്ടി ലങ്കയിൽ കടന്ന് യുദ്ധം നടത്തി സീതയെ തിരിച്ചുകൊണ്ടുവന്നതിലും വലിയ പങ്കാളിത്തം വഹിച്ചത് വാനരസേനയാണ്. സേതുബന്ധനസമയത്ത് അണ്ണാരക്കണ്ണനും തന്നാലായത് ചെയ്തുവെന്നത് പ്രസിദ്ധമാണല്ലോ?
സകലതിലും നിറഞ്ഞുനിൽക്കുന്ന ചൈതന്യം ഒന്നായതുകൊണ്ട് ആർക്കും ആരും കീഴ്പ്പെട്ടതല്ല ഒരവസരത്തിലും ഒന്നും മറ്റൊന്നിനുവേണ്ടി മാറ്റിനിർത്തപ്പെടേണ്ടതല്ല എന്ന ഉത്തമബോധ്യം കവി കൂടിയായ ഋഷിക്കുണ്ട്. അതിന്റെ ഹൃദ്യവും പ്രായോഗികവുമായ ആവിഷ്‍കാരമാണ് രാമകഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.