വിദേശ ഉംറ തീർഥാടകർക്ക് ‘നുസുക് ഉംറ’ സേവനം ആരംഭിച്ചു
text_fieldsജിദ്ദ: രാജ്യത്തിന് പുറത്തുനിന്നുള്ള ഉംറ തീർഥാടകർക്ക് ‘നുസുക് ഉംറ’ സേവനം ആരംഭിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇടനിലക്കാരുടെ ആവശ്യമില്ലാതെ https://umrah.nusuk.sa/ എന്ന പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉംറ വിസക്ക് അപേക്ഷിക്കാനും അവരുടെ യാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ ബുക്ക് ചെയ്യാനും പദ്ധതി സഹായിക്കുന്നു. അതാത് രാജ്യത്തെ യോഗ്യതയുള്ള ഉംറ ഏജന്റുമാർ പോലുള്ള മറ്റ് ഓപ്ഷനുകൾക്ക് പുറമെയാണ് ‘നുസുക് ഉംറ’ സേവനം. തീർഥാടകർക്ക് അവരുടെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കും അനുസരിച്ച് വിസ, താമസം, ഗതാഗതം, ടൂറുകൾ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള സംയോജിത പാക്കേജുകളായോ ഇഷ്ടാനുസൃതമായി ഒറ്റപ്പെട്ട സേവനങ്ങളുമായോ തിരഞ്ഞെടുക്കാൻ ‘നുസുക് ഉംറ’ സേവനം അനുവദിക്കുന്നു. വ്യത്യസ്ത വിഭാഗങ്ങൾക്ക് അനുയോജ്യമായ ഒന്നിലധികം പേമെന്റ് ഓപ്ഷനുകൾ സേവനം വാഗ്ദാനം ചെയ്യുന്നു.
അപേക്ഷ മുതൽ എൻട്രി വിസ നേടുന്നത് വരെയുള്ള എല്ലാ നടപടിക്രമങ്ങളും ഇലക്ട്രോണിക് രീതിയിൽ പൂർത്തിയാക്കാൻ തീർഥാടകരെ പുതിയ പ്ലാറ്റ്ഫോം പ്രാപ്തമാക്കുന്നു. വ്യത്യസ്ത ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന പാക്കേജുകളും സേവന ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിലൂടെ ഇത് സുഗമവും സമ്പന്നവുമായ അനുഭവം ഉറപ്പാക്കുന്നു.ഇംഗ്ലീഷ്, അറബി, ജർമൻ തുടങ്ങി ഏഴു ഭാഷകളിൽ ഇതിൽനിന്നുള്ള സേവനങ്ങൾ ലഭിക്കും. പ്രധാന സർക്കാർ സംവിധാനങ്ങളുമായി സംയോജിപ്പിക്കുകയും ഏകീകൃതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്ന ആധുനിക ഉപയോക്തൃ ഇന്റർഫേസിലൂടെയാണ് സേവനം ലഭിക്കുക.
ഏറ്റവും കൂടുതൽ തീർഥാടകർക്ക് ആതിഥേയത്വം വഹിക്കുക, അവർക്ക് എളുപ്പത്തിലും സൗകര്യത്തോടെയും ഹജ്ജും ഉംറയും നിർവഹിക്കാൻ പ്രാപ്തരാക്കുക, രാജ്യത്തെ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക എന്നിവ ഉൾകൊള്ളുന്ന രാജ്യത്തിന്റെ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ‘നുസുക് ഉംറ’ സേവനം ആരംഭിക്കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.