Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഇമാറാത്തി നോമ്പിലെ...

ഇമാറാത്തി നോമ്പിലെ ദിക്ർ പാടിക്കിളികൾ

text_fields
bookmark_border
നൂറ അൽ ഹെലാലിയും  മർയം ​അൽ ഹെലാലിയും
cancel
camera_alt

നൂറ അൽ ഹെലാലിയും

മർയം ​അൽ ഹെലാലിയും

കേരളവും യു.എ.ഇയും ഒരുവിധം സംസ്കാരങ്ങളിലും ഭക്ഷണത്തിന്റെ കാര്യത്തിലും നോമ്പുകാലത്തുമൊക്കെ സമാനതകളുണ്ടെന്ന് നൂറ പറയുന്നു. നോമ്പുകാലം അല്ലാത്തപ്പോൾ ചോറും രസവും ഒക്കെയാണ് ഇഷ്ടഭക്ഷണം. അറബിക് ഭക്ഷണങ്ങളേക്കാൾ പ്രിയവും ഇതിനോടുതന്നെയാണ്. പക്ഷേ, പെരുന്നാളിന് കേരള ബീഫ് ബിരിയാണി നിർബന്ധമാണ്

നോമ്പുകാലം പല രാജ്യത്തും പല രീതിയിലായിരിക്കും. ഓരോരുത്തർക്കും അവരുടെതായ സംസ്കാരങ്ങൾ. ഒപ്പം മനസ്സിന് കുളിർമയേകുന്ന ഒരുപിടി നോമ്പോർമകൾ കൂടി അയവിറക്കി പുണ്യമാസത്തെ വരവേൽക്കുന്നവരും. അറബികൾക്കും മലയാളികൾക്കുമിടയിൽ നോമ്പുതുറ രീതികളിലും സംസ്‌കാരങ്ങളിലും ഭക്ഷണ രീതിയിലുമൊക്കെ സാമ്യതകളേറെ. സോഷ്യൽ മീഡിയയിൽ മലയാളം സംസാരിച്ച് വൈറലായ രണ്ടുപേരുണ്ട്.

ഇവരെ ഇമാറാത്തി മലയാളികൾ എന്ന പേരുനൽകി മലയാളികൾ സ്വീകരിച്ചുകഴിഞ്ഞു. ദുബൈയിൽ എൻ.ജി.ഒയായ നൂറ അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഹിലാലും ബാങ്കുദ്യോഗസ്ഥയായ സഹോദരി മർയം അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഹിലാലും സോഷ്യൽ മീഡിയ താരങ്ങളാണ്. ഇപ്പോൾ ഭക്ഷണരീതിയടക്കം തനി മലയാളികളായി മാറിയ നൂറയുടെയും മർയത്തിന്റെയും നോമ്പുവിശേഷങ്ങളറിയാം.

ഓർമകളുടെ കുട്ടിക്കാലം

കുട്ടിക്കാലത്തും മനോഹരമായ നോമ്പോർമകൾ തന്നെയാണ് മർയത്തിനും നൂറക്കും പങ്കുവെക്കാനുള്ളത്. സ്കൂളിലേക്ക് നോമ്പ് നോറ്റുപോകും. ഉച്ചക്ക് ഭക്ഷണം കഴിച്ച് ഇന്ന് രണ്ടു നോമ്പു നോറ്റെന്നു പറഞ്ഞ് ഗമയിൽ വീട്ടിലെത്തും. മലയാളികൾ കുട്ടികളോട് പയറ്റുന്നതു തന്നെ.

സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ നോമ്പു തുറക്കായുള്ള കാത്തിരിപ്പുകളും ഓർമയിലിന്നുമുണ്ടിവർക്ക്. തീൻമേശയിൽ നിരത്തിവെച്ച രുചികരമായ ഭക്ഷണങ്ങളിൽ കേരളീയ വിഭവങ്ങൾക്കും സ്ഥാനമുണ്ട്. കൊതിയൂറുന്ന അറബിക് ഭക്ഷണങ്ങളേക്കാൾ ഇരുവർക്കും താൽപര്യം നാടൻ കേരളത്തനിമയുള്ള ഭക്ഷണങ്ങളോടുതന്നെയാണ്.

നോമ്പുതുറ പലഹാരങ്ങൾ

കേരളവും യു.എ.ഇയും ഒരുവിധം സംസ്കാരങ്ങളിലും ഭക്ഷണത്തിന്റെ കാര്യത്തിലും നോമ്പുകാലത്തുമൊക്കെ സമാനതകളുണ്ടെന്ന് നൂറ പറയുന്നു. നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന തരത്തിലുള്ള കട്ട്ലറ്റും പക്കാവടയും ഒക്കെയാണ് വേണ്ട പലഹാരങ്ങൾ.


ശരിക്കും നമ്മൾ മലയാളികൾ നോമ്പ് തുറക്കുമ്പോൾ കഴിക്കുന്ന ഭക്ഷണങ്ങൾതന്നെ ഇവർക്കും പ്രിയപ്പെട്ടത്. നോമ്പുകാലത്ത് നോമ്പുതുറക്കാനായി കൂട്ടുകാരുമായി ഒത്തുകൂടുമ്പോഴും കൂട്ടുകാർക്ക് ആവശ്യം കേരള സ്റ്റൈൽ ബീഫ് കട്ട്ലറ്റ് തന്നെയായിരിക്കും. ഇവർ കൊണ്ടുവരുന്ന കേരള ഭക്ഷണത്തിന് കൊതിയോടെ കാത്തിരിക്കുകയായിരിക്കും എല്ലാവരും.

പാർക്കിലും ബീച്ചിലുമൊക്കെ പായ വിരിച്ച് പലതരം വിഭവങ്ങൾ നിരത്തിയും ഇവർ നോമ്പ്തുറക്കാറുണ്ട്; കൂട്ടുകാരും കുടുംബക്കാരും ഒക്കെയായി സന്തോഷത്തോടെ നമ്മൾ വീട്ടിലൊരുക്കുന്ന നോമ്പുതുറ പോലെത്തന്നെ. അറബിക് ഭക്ഷണങ്ങളാണ് ഏറെ നോമ്പു തുറക്കായി ഒരുക്കാറുള്ളതെങ്കിലും വ്യത്യസ്ത നാടുകളിലെ രുചികളും ഉണ്ടാകാറുണ്ട്.

നൂറ വെജിറ്റേറിയനാണ്!

ദോശ, ഇഡ്ലി, രസം, ഉപ്പുമാവ്, മസാലദോശ തുടങ്ങിയവയാണ് ഇഷ്ട ഭക്ഷണങ്ങൾ. നൂറ തന്നെയാണ് ഇന്ത്യൻ വിഭവങ്ങൾ ഏറെ ആസ്വദിച്ച് കഴിക്കാറും. നോൺ വെജിറ്റേറിയൻ ഭക്ഷണം രണ്ടു പ്രാവശ്യം ഫുഡ് പോയ്സന് ഇടയാക്കിയതോടെയാണ് നൂറ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കാതെയായത്. പക്ഷേ, മർയത്തിനാകട്ടെ, ബിരിയാണിയും ബീഫുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്.

മൂന്നാറും ആലപ്പുഴയും മാപ്പിളപ്പാട്ടും

കേരളത്തിൽ രണ്ടു തവണ വന്നിട്ടുണ്ടിവർ. അന്ന് മൂന്നാർ, ആലപ്പുഴ, കൊച്ചി തുടങ്ങിയ സ്ഥലങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഇവർ പറയുന്നു. കേരളത്തിൽനിന്ന് മർയം നന്നായി മത്സ്യവിഭവങ്ങളും ആസ്വദിച്ച് കഴിച്ചിരുന്നു. നോമ്പുകാലം അല്ലാത്തപ്പോൾ ചോറും രസവും ഒക്കെയാണ് ഇഷ്ടഭക്ഷണം.

അറബിക് ഭക്ഷണങ്ങളെക്കാൾ പ്രിയവും ഇതിനോടുതന്നെയാണ്. പക്ഷേ, പെരുന്നാളിന് കേരള ബീഫ് ബിരിയാണി നിർബന്ധമാണ്. മാപ്പിളപ്പാട്ടുകൾ കേൾക്കാനും ഒത്തിരി ഇഷ്ടമാണ് ഇവർക്ക്. ‘കിളിയേ, ദിക്ക്ർപാടി കിളിയേ...’ എന്നതാണ് റമദാനിൽ പതിവായി കേൾക്കാറുള്ള പാട്ടുകളിൽ ഏറെ പ്രിയപ്പെട്ടത്.

മലയാളം വന്ന വഴി

വീട്ടിൽ ജോലിചെയ്യുന്ന ആലപ്പുഴ അർത്തുങ്കൽ സ്വദേശികളായ എൽസ, സഹോദരൻ ആന്‍റണി, സ്റ്റെല്ല, എൽസയുടെ ഭർത്താവ് സേവ്യർ എന്നിവരിൽനിന്നാണ് മലയാളം കേട്ടുതുടങ്ങിയത്. പിന്നീട് ഇവർ പരസ്പരം സംസാരിക്കുമ്പോൾ കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്ന നൂറയും മർയവും മലയാളം സംസാരിക്കാനും പഠിച്ചുതുടങ്ങി.

മലയാള സിനിമകളും പാട്ടുകളുമൊക്കെ കേട്ട് പിന്നെപ്പിന്നെ തനി മലയാളികളെപ്പോലെയായി രണ്ടുപേരും. മലയാളികൾ പറയുന്നപോലെ നർമം കലർന്ന സംസാരത്തിനും കുറവൊന്നുമില്ല. എന്നാൽ, മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ ഏറെ ശ്രമം നടത്തിയെങ്കിലും പഠിക്കാൻ പറ്റിയില്ല. ഇടക്ക് ഹിന്ദി പഠിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

മക്കൾ മലയാളം സംസാരിക്കുമെങ്കിലും മാതാവ് ഡോ. ഫഹിമക്ക് ഇപ്പോഴും ഇത് അന്യഭാഷതന്നെയാണ്. ചില സമയത്ത് ഇത് തങ്ങൾക്കൊരനുഗ്രഹമാണെന്ന് നൂറ തമാശയായി പറയാറുണ്ട്. മാസ് കമ്യൂണിക്കേഷൻ, ഫിലിം മേക്കിങ് ആൻഡ് ഗ്രാഫിക്സിലാണ് നൂറ ബിരുദം നേടിയിട്ടുള്ളത്. മർയം ഇന്‍റർനാഷനൽ ബിസിനസ് ക്വാളിറ്റി ചെക്കിങ് ബിരുദവും സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2024Ramadan Stories
News Summary - ramadan special stories-emarat
Next Story