ഗുരുദേവ ദർശനങ്ങളിൽ മുഴുകിയും വ്രതം നോറ്റും സുകു
text_fieldsസുകു സുഗതൻ
ജുബൈൽ: റമദാൻ ക്ഷമയുടെയും ആത്മീയ ഉണർവിന്റെയും കാലമാണ്. പരസ്പരസ്നേഹവും ബഹുമാനവും സഹവർത്തിത്വവുമാണ് മുഖമുദ്ര. സഹജീവികളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കാനും ആത്മസംയമനം പരിശീലിക്കാനും സുകു സുഗതൻ റമദാൻ മാസത്തിൽ ഉപവാസം അനുഷ്ഠിക്കാനാരംഭിച്ചിട്ട് ഇത് പത്താമത്തെ വർഷം. ജുബൈലിൽ ജോലി ചെയ്യുന്ന ഈ കൊല്ലം അഞ്ചാലുംമൂട് സ്വദേശി തികഞ്ഞ ഗുരുഭക്തനാണ്.
ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും പാഠങ്ങളുമാണ് മതാതീതമായി മനുഷ്യമനസ്സുകളിലേക്കുള്ള സത്യാന്വേഷണത്തിൽ സുകുവിന്റെ മാതൃക. ശ്രീനാരായണ ഗുരുവിന്റെ അധ്യാപനങ്ങളിൽ സുകു ഏറെ അവഗാഹം നേടിയിട്ടുണ്ട്. ബി.എ പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്.
നാട്ടിലെ കയർ കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജ്യേഷ്ഠൻ മുഖേന 2004ൽ സൗദിയിലേക്ക് വിസ ലഭിക്കുന്നത്. റിയാദിലെ സിയാൻകോ കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച സുകുവിന്റെ പരിചയസമ്പത്ത് മനസ്സിലാക്കി മാനേജർ പർച്ചേസിങ് വിഭാഗത്തിൽ നിയമനം നൽകുകയായിരുന്നു.
പിന്നീട് കിഴക്കൻ പ്രവിശ്യയിലേക്ക് ജോലി മാറ്റം ലഭിച്ച് ജുബൈലിൽ എത്തി. സറാകോ കമ്പനിയുടെ പ്രോജക്ടിൽ ജുബൈൽ പോർട്ടിൽ ജോലി ചെയ്യവെ നാട്ടിൽ അമ്മ അസുഖബാധിതയായി. ഡോക്ടർമാർ ഓപറേഷൻ വേണമെന്ന് നിർദേശിക്കുകയായിരുന്നു. റമദാൻ മാസത്തിലെ ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. നോമ്പെടുക്കണമെന്ന ഒരു ഉൾപ്രേരണയുണ്ടായി. അമ്മയെ വിളിച്ച് അമ്മക്ക് വേണ്ടി നോമ്പെടുക്കുകയാണെന്നും ഒന്നും ഭയപ്പെടേണ്ടെന്നും ധൈര്യം നൽകി. ഇതായിരുന്നു ആദ്യ നോമ്പനുഭവം.
പിന്നീട് സറാകോ കമ്പനിയുടെ തന്നെ റോയൽ കമീഷൻ ആശുപത്രി പ്രോജക്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2014ൽ നോമ്പെടുക്കണമെന്ന ആഗ്രഹം വീണ്ടുമുണ്ടായത്. ഇത്തവണ റമദാനിലെ എല്ലാം നോമ്പും അനുഷ്ഠിക്കണമെന്ന് ദൃഢനിശ്ചയം ചെയ്തു.
ആത്മീയമായി ഏറെ ഉണർവ് ലഭിച്ച ദിനങ്ങളായിരുന്നു അത്. മുസ്ലിം സഹോദരങ്ങൾ ഖുർആൻ പാരായണത്തിൽ മുഴുകുമ്പോൾ സുകു ഗുരുവിന്റെ ഓരോ ഗ്രന്ഥങ്ങളും വായിച്ചു. നോമ്പുതുറക്കാനുള്ള സമയമാകുമ്പോൾ ഗുരുദേവൻ പഠിപ്പിച്ച പ്രാർഥനകളിൽ മുഴുകി. ആ പതിവ് 10 വർഷമായി സുകു ഇന്നും തുടരുന്നു.
രാമായണ മാസമായാൽ നോമ്പ് അനുഷ്ഠിക്കാറുള്ള സുകു, ബൈബിളും ഭഗവദ്ഗീതയും മറ്റു മതഗ്രന്ഥങ്ങളും വായിക്കാറുണ്ട്. ഉപവാസം മനുഷ്യനെ നന്മയിലേക്കും മാനവികതയിലേക്കും നയിക്കുമെന്ന് സുകു പറയുന്നു. മറ്റു മനുഷ്യരുടെ ദുഃഖങ്ങൾ മനസ്സിലാക്കാനും ബുദ്ധിയുടെ ഉണർവിനും അത് വഴിയൊരുക്കുന്നു. സ്കൂൾ കാലഘട്ടം മുതൽ കോൺഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യുവിൽ അംഗമായിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന സുകുവിന് ഗൾഫിലേക്ക് പറന്നതോടെ ഏറെ ഇഷ്ടമായിരുന്ന പൊതുപ്രവർത്തനം നിർത്തേണ്ടി വന്നു.
കോവിഡ് കാലത്ത് അവധിക്ക് നാട്ടിൽ പോവുകയും സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതിരിക്കുകയും ചെയ്തതിനാൽ വീണ്ടും പൊതുപ്രവർത്തനത്തിൽ സജീവമായി. ആയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു. രണ്ടുവർഷത്തിനുശേഷം സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുങ്ങി. ഇപ്പോൾ ജുബൈലിൽ പഴയ ലാവണ്യത്തിൽ തന്നെ ജോലി ചെയ്യുന്നു.
വരയിൽ വീട്ടിൽ സുഗതന്റെയും രമണിയുടെയും ഇളയ മകനാണ് സുകു. സുനിലും സുമയുമാണ് സഹോദരങ്ങൾ. ഭാര്യ രജിതയും മക്കളായ സായൂജും സൂരജും നാട്ടിലാണ്. നേരത്തെ തന്നെ നോമ്പുകാരോട് പ്രത്യേക അനുകമ്പയോടെ അവർക്കുവേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കാൻ സഹായിക്കാറുണ്ടായിരുന്നു. ഉപവാസ സമയത്ത് സ്വദേശികളും വിദേശികളുമായ സഹപ്രവർത്തകർ അഭിനന്ദിക്കുകയും വേണ്ട പരിഗണന നൽകുകയും ചെയ്യാറുണ്ട്. ഈത്തപ്പഴം കഴിച്ചും ജലപാനം ചെയ്തുമാണ് നോമ്പ് തുറക്കൽ.
ശേഷം പഴങ്ങളും മറ്റു വിഭവങ്ങളും. ധാരാളം വെള്ളം കുടിക്കും. തരിക്കഞ്ഞി ഏറെ ഇഷ്ടമാണ്. മുസ്ലിംകളുടെ പ്രഭാത പ്രാർഥനക്ക് മുമ്പുള്ള റമദാനിൽ മാത്രമുള്ള ഭക്ഷണ രീതികളും സുകുവിന് ഏറെ ഇഷ്ടമാണ്. ജുബൈലിൽ ബിസിനസ് നടത്തുന്ന സുഹൃത്ത് ശിഹാബ് റാവുത്തർ, സുകുവിന് ആവശ്യമായ പിന്തുണ നൽകുന്നു. ഇഫ്താർ പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഇനിയും ഈ ആത്മീയ യാത്ര തുടരാനാണ് ആഗ്രഹം. മതവിശ്വാസിയാവുന്നതിനൊപ്പം ഇതര വിശ്വാസങ്ങളെയും ആദരിക്കുകയും മനുഷ്യർ സഹിഷ്ണുതയോടെ ചേർന്നുനിൽക്കുകയും ചെയ്യുമ്പോൾ ഒരു പുതുയുഗം സൃഷ്ടിക്കപ്പെടുമെന്ന് സുകു വിശ്വസിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.