സീതാപഹരണം
text_fieldsതനിക്കേറ്റ കൊടിയ അപമാനം സ്ത്രീത്വത്തിനും മുഴുവൻ രാക്ഷസകുലത്തിനും ബാധകമാണെന്ന് ശൂർപ്പണഖ രാവണനെ ബോധിപ്പിച്ചു. ഖരദൂഷണാദികളെയും അവരുടെ സൈന്യത്തെയും മൂന്നേമുക്കാൽ നാഴികകൊണ്ട് ചുട്ടുചാമ്പലാക്കിയ രാമലക്ഷ്മണന്മാരുടെ അഭൂതപൂർവമായ പരാക്രമവും വിവരിച്ചു. രാവണെന്റെ കരുത്തും ദൗർബല്യവും അറിയാവുന്ന ശൂർപ്പണഖ സീതയുടെ സൗന്ദര്യവും വർണിച്ചതാണ് രാവണന്റെ ശ്രദ്ധ സീതയിലേക്ക് തിരിയാൻ ഇടയാക്കിയത്.
സീതയെ തട്ടിയെടുത്ത് പട്ട മഹിഷിയാക്കാൻ തീരുമാനിച്ച രാവണൻ അടുത്ത ദിവസംതന്നെ മാരീചാശ്രമത്തിലേക്ക് പുറപ്പെട്ടു. ശൂർപ്പണഖയ്ക്കുണ്ടായ അപമാനവും ഖരദൂഷണാദികളെയും സൈന്യങ്ങളെയും മുടിച്ച വിവരവും അറിയിച്ചു. രാമലക്ഷ്മണന്മാരെ അകറ്റി നിർത്തി സീതയെ തട്ടിയെടുക്കുന്നതിനുള്ള സഹായം ചെയ്തു തരണമെന്നും അപേക്ഷിച്ചു. വംശനാശം വരുത്തുന്ന ഇക്കാര്യം ഉപദേശിച്ചത് ആരായാലും അയാൾ കൊടിയശത്രുവാണെന്നും സാക്ഷാൽ നാരായണന്റെ അവതാരമായ ശ്രീരാമനെ ഭജിച്ച് ജീവിക്കുകയാണ് വേണ്ടതെന്നും മാരീചൻ ഉപദേശിച്ചു. േക്രാധാകുലനായ രാവണൻ മറുത്ത് പറഞ്ഞാൽ വാളിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കി. രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും പുണ്യം രാമബാണമേറ്റ് മുക്തിനേടുന്നതാണെന്ന് മാരീചൻ തീരുമാനിച്ചു.
മാരീചൻ മനോഹരമായ പുള്ളികളുള്ള സ്വർണനിറമുള്ള ഇണക്കമുള്ള പുള്ളിമാനായി രാമാശ്രമത്തിന് ചുറ്റും തുള്ളിച്ചാടി നടന്നു. മാനിനെക്കണ്ട് സീത രാമനെ ആശയറിയിച്ചു. സീതയെ നോക്കാൻ ലക്ഷ്മണനെ ഏൽപ്പിച്ച് അമ്പും വില്ലുമെടുത്ത് ശ്രീരാമൻ ആ മാനിനെ പിടിക്കാനിറങ്ങി. മാനിനെ പിന്തുടർന്ന രാമൻ തന്റെ ആശ്രമത്തിൽനിന്നും വളരെയകലെ എത്തിച്ചേർന്നു. പിടിക്കാമെന്ന ആശ കൈവിട്ട അദ്ദേഹം മാനിനുനേരെ ശരം തൊടുത്തു. അമ്പേറ്റു വീണപ്പോൾ മാരീചൻ സ്വരൂപമെടുത്ത് പ്രാണവേദനയോടെ രാമന്റെ ശബ്ദത്തിൽ ലക്ഷ്മണനെയും സീതയെയും വിളിച്ച് ഉറക്കെ കരഞ്ഞു. ആർത്തനാദം കേട്ട സീത ലക്ഷ്മണനോട് രാമനെ അന്വേഷിച്ച് ചെല്ലാൻ ആവശ്യപ്പെട്ടു.
അജയ്യനായ തന്റെ ജ്യേഷ്ഠന് ആപത്തൊന്നും പിണയുകയില്ലെന്നും രാക്ഷസന്മാരുടെ മായാജാലമാണിതെന്നും പറഞ്ഞ ലക്ഷ്മണനെ തൻറെ ഭർത്തൃനാശം കാംക്ഷിക്കുന്ന ദുരാത്മാവെന്നും മറ്റും അധിക്ഷേപിച്ചു. രാമനെയല്ലാതെ മറ്റൊരു പുരുഷനെ താൻ സ്വീകരിക്കുന്നതല്ലെന്ന് ആേക്രാശിച്ചു. ആക്ഷേപങ്ങളുടെ കൂരമ്പുകളേറ്റ ലക്ഷ്മണൻ ശ്രീരാമനെ തേടിയിറങ്ങി. പ്രസ്തുത സമയത്താണ് സന്ന്യാസിയുടെ വേഷത്തിൽ രാവണൻ വരുന്നതും സീതയെ തട്ടിക്കൊണ്ടുപോകുന്നതും. വൈകാരികതകൾക്കപ്പുറം യാഥാർത്ഥ്യബോധത്തോടെ ലോകാനുഭവങ്ങളെ ഉൾക്കൊള്ളുകയും അതനുസരിച്ച് ജാഗ്രതയോടെ സമയോചിതമായി പ്രവർത്തിക്കുകയുമാണ് വേണ്ടതെന്ന് ഈ ആഖ്യാനത്തിലൂടെ നമുക്ക് സ്പഷ്ടമാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.