ലക്ഷ്മണോപദേശം
text_fieldsശ്രീരാമപട്ടാഭിഷേകം മുടങ്ങിപ്പോയതിൽ പ്രകോപിതനായ ലക്ഷ്മണൻ ദശരഥനെയും അഭിഷേകത്തിന് തടസ്സം നില്ക്കുന്നവരെയും വധിച്ചാണെങ്കിലും ശ്രീരാമപട്ടാഭിഷേകം നടത്തുന്നതിനുള്ള കഴിവും പ്രാപ്തിയും തനിക്കുണ്ടെന്ന് പ്രഖ്യാപിച്ചു. മൂന്നുലോകങ്ങളും ദഹിപ്പിക്കുന്ന കോപത്തോടെ തിളച്ചുമറിയുന്ന സഹോദരനെ ചേർത്തണച്ച് ശ്രീരാമൻ കാരുണ്യവായ്പോടെ സാരസമ്പുഷ്ടവും ലോകോത്തരവുമായി പകർന്നുനൽകിയതാണ് ലക്ഷ്മണോപദേശം. മനുഷ്യജീവിത യാഥാർഥ്യം, അതിൽ വന്നുചേരുന്ന അനുകൂലവും പ്രതികൂലവും സമ്മിശ്രവുമായ അനുഭവങ്ങൾ, അവയെ മറികടക്കാൻ കഴിയുന്ന വിവേകം കൈവരിക്കൽ എന്നിവയാണ് ഉപദേശത്തിന്റെ ഉള്ളടക്കം.
ജീവിതത്തെക്കുറിച്ച് നമ്മൾ കെട്ടിപ്പടുത്ത വർണസങ്കൽപങ്ങൾ കെട്ടഴിഞ്ഞു വീഴും വിധത്തിൽ ജീവിതയാഥാർഥ്യങ്ങളെ തനത് ഭാവത്തിലും നിലവാരത്തിലുമാണ് ഇവിടെ വിലയിരുത്തുന്നത്. ഏറെ കൊട്ടിഗ്ഘോഷിക്കപ്പെടുന്ന മനുഷ്യജന്മത്തെ ക്ഷണികതയെ ചുട്ടുപൊള്ളുന്ന ലോഹത്തിന് മുകളിലെ വെള്ളത്തുള്ളി എന്ന് വരച്ചുകാട്ടുന്നു. പാമ്പിൻവായിൽ അകപ്പെട്ട തവള ആഹാരത്തിന് വായ്തുറക്കുന്നതുപോലെയാണ് വന്നുപോയ്ക്കൊണ്ടിരിക്കുന്ന സമ്പത്തും യൗവനവും സുഖങ്ങളും മനുഷ്യർ തേടിപ്പിടിക്കുന്നത്.
മായാസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നതുകൊണ്ട് ആയുസ്സ് പോകുന്നതും അറിയുന്നില്ല. വഴിയമ്പലത്തിലെ ഒത്തുചേരൽപാലെ, ഓരോ കരയിലും തട്ടിത്തടഞ്ഞ് ഒഴുകിപ്പോകുന്ന പൊങ്ങുതടികൾപോലെയാണ് നമ്മൾ ഇവിടെ കെട്ടിപ്പൊക്കുന്ന ബന്ധങ്ങൾ, രോഗവും ജരയും ശരീരത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബ്രാഹ്മണൻ, രാജാവ്, ആഢ്യൻ എന്നിങ്ങനെ അഭിമാനിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകുന്നതും വെന്തു വെണ്ണീറാകുന്നതും മണ്ണിൽ കൃമികളാകുന്നതും.
സകല മമത്വാദ്യഭിമാനങ്ങൾക്ക് പുറമെ ചാതുർവർണ്യവ്യവസ്ഥയിൽനിന്ന് ഉരുത്തിരിഞ്ഞ മേൽക്കീഴ് വ്യത്യാസങ്ങളെയും ഈ പ്രതികരണത്തിൽ അസാധുവാക്കുകയാണ്. സകലനേതൃഗുണങ്ങളുടെയും ആത്മാനുശാസനത്തിന്റെയും പ്രതിരൂപമായ ശ്രീരാമചന്ദ്രന്റെ ഈ സാരോപദേശങ്ങളാണ് ആത്മസംയമനത്തിന്റെ രാജപാതയിലേക്ക് ലക്ഷ്മണനെ നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.