സമ്പാതിക്ക് ചിറകുകൾ തിരിച്ചുകിട്ടുന്നു
text_fieldsസുഗ്രീവൻ സീതാന്വേഷണത്തിന് വേണ്ട നടപടികൾ കൈക്കൊള്ളാത്തത് കണ്ട് ശ്രീരാമൻ ലക്ഷ്മണനെ കിഷ്കിന്ധയിലേക്ക് പറഞ്ഞയച്ചു. ഉണ്ടായ കാലതാമസത്തിന് മാപ്പപേക്ഷിച്ച് സുഗ്രീവൻ സീതാന്വേഷണത്തിന് എട്ട് ദിക്കിലേക്കും സൈന്യത്തെ നിയോഗിച്ചു.
ഹനുമാന്റെ നേതൃത്വത്തിൽ വാനര സൈന്യം മഹേന്ദ്രപർവതവും കടന്ന് തെക്കോട്ട് സഞ്ചരിച്ച് സമുദ്രതീരത്തെത്തിച്ചേർന്നു. വിശപ്പും ദാഹവുംകൊണ്ട് അവർ ക്ഷീണിച്ചു വലഞ്ഞിരുന്നു. സീതാദേവി എവിടെയുണ്ടെന്നറിയാതെ മടങ്ങിച്ചെന്നാൽ സുഗ്രീവൻ കൊന്നുകളഞ്ഞേക്കുമെന്നതിനാൽ കടൽക്കരയിൽ അവർ മരണം കാത്തു കിടന്നു. മഹേന്ദ്രഗിരിയുടെ ഗുഹയിൽ ചിറകു രണ്ടും നഷ്ടപ്പെട്ട സമ്പാതി എന്ന വലിയൊരു പക്ഷി താമസിച്ചിരുന്നു. വാനരപ്പടയെക്കണ്ട് നിരങ്ങിയും ഇഴഞ്ഞും അത് ഗുഹക്ക് പുറത്തുവന്നു.
വിശന്നു വലഞ്ഞ ആ പക്ഷി ഓരോരുത്തരുടെയും മരണത്തിന് കാത്തിരുന്നു. അതിനിടെ ശ്രീരാമനുവേണ്ടി പോരാടി മരിച്ച ജടായുവിനെ വാഴ്ത്തുന്നത് കേട്ട് സമ്പാതി അവർക്കരികിലേക്ക് ചെന്ന് വിവരങ്ങളാരാഞ്ഞു. സ്വന്തം സഹോദരനായ ജടായുവിന്റെ മരണവാർത്തയറിഞ്ഞ സമ്പാതി കണ്ണീർ വാർത്തു. സഹോദരനുവേണ്ടി ഉദകക്രിയ നടത്തി. പറക്കൽ മത്സരത്തിനിടെ സൂര്യതാപമേറ്റ് കത്തിക്കരിയാതിരിക്കാൻ ജടായുവിന്റെ ചിറകിന് മുകളിൽ തന്റെ ചിറക് വിടർത്തി സഹോദരനെ രക്ഷിച്ച കഥ സമ്പാതി പറഞ്ഞുതുടങ്ങി.
ചിറകുകൾ കരിഞ്ഞ് വിന്ധ്യപർവതത്തിൽ താൻ വീണതും നിശാകരമുനിയെ കണ്ടതും സീതാദേവിയെ അന്വേഷിച്ച് വരുന്ന വാനരന്മാർക്ക് ദേവിയെക്കുറിച്ചുള്ള വിവരങ്ങളേകിയാൽ ദേഹം പൂർവസ്ഥിതിയിലാകുമെന്ന് മുനിയരുളിയതും സൂചിപ്പിച്ചു. സമുദ്രമധ്യത്തിൽ ത്രികൂടപർവതത്തിന് മുകളിലുള്ള ലങ്കാപുരിയിലെ അശോകവനികയിൽ രാക്ഷസികളുടെ നടുവിൽ സീതാദേവി ഇരിക്കുന്നതായി വിഹഗവീക്ഷണത്തിൽ തെളിഞ്ഞ കാര്യം സമ്പാതി വാനന്മാരെ അറിയിച്ചു.
കടൽ കടന്ന് തന്റെ സഹോദരനെ കൊന്ന ദുഷ്ടനെ വകവരുത്തി സീതയെ വീണ്ടെടുക്കുന്നതിൽ സമ്പാതി വിജയം ആശംസിച്ചു. ഈ വൃത്താന്തം പറഞ്ഞതോടെ ആരോഗ്യം തിരിച്ചുകിട്ടി ചിറകുകൾ മുളച്ച് പഴയനിലയിലായ സമ്പാതി പറന്നകന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.