ഹനുമാൻ ലങ്കയിൽ
text_fieldsകടൽ കടന്ന് ലങ്കയിലെത്തിയ ഹനുമാൻ സീതാദേവിയെ അന്വേഷിച്ച് മണിമന്ദിരങ്ങളിലും ഗോപുരങ്ങളിലും അന്തപ്പുരത്തിലുമെല്ലാം കയറിയിറങ്ങി. ഒടുവിൽ അശോകവനികയിലെ ശിംശിപാവൃക്ഷച്ചുവട്ടിൽ രാക്ഷസികളുടെ കാവലിൽ പരിക്ഷീണിതയായിരുന്ന് രാമനാമം ജപിക്കുന്ന സീതാദേവിയെ കണ്ടു. ദേവി ഇരിക്കുന്ന മരത്തിന്റെ മുകളിൽ മറഞ്ഞിരുന്ന് അദ്ദേഹം എല്ലാം നിരീക്ഷിച്ചു.
അതിനിടയിൽ രാവണൻ പരിവാരസമേതം വന്ന് സ്വന്തം ഗുണഗണങ്ങൾ വാഴ്ത്തിയും രാമനെ ഇകഴ്ത്തിയും സംസാരിച്ചതിനുശേഷം പട്ടമഹിഷീപദം അലങ്കരിക്കുന്നതിന് സീതയെ ക്ഷണിച്ചു. രാവണന്റെ മുഖത്തുപോലും നോക്കാതെ സീത സമീപത്തുള്ള ഒരു പുൽക്കൊടി പറിച്ചെടുത്ത് തന്നെ തട്ടിക്കൊണ്ടുവന്നതിന്റെ ഫലം തീർച്ചയായും അനുഭവിക്കുമെന്നും രാമൻ ലങ്കാപുരി എരിച്ചുകളയുമെന്നും മുന്നറിയിപ്പു കൊടുത്തു.
തന്നെ തിരിച്ചേൽപിച്ച് രാമനോട് മാപ്പപേക്ഷിക്കാനും അവർ ആവശ്യപ്പെട്ടു. കോപാകുലനായി സീതക്ക് നേരെ വാളോങ്ങി കുതിച്ചുചാടിയ രാവണനെ ഭാര്യ മണ്ഡോദരി പിന്തിരിപ്പിച്ചു. സീതയെ അനുകൂലമാക്കിയെടുക്കുവാൻ കാവൽക്കാരികളോട് ആവശ്യപ്പെട്ടാണ് അദ്ദേഹം മടങ്ങിയത്. ഇതെല്ലാം മരക്കൊമ്പുകൾക്കിടയിൽ മറഞ്ഞിരുന്ന് കണ്ട ഹനുമാൻ രാവണൻപോയശേഷം പതുക്കെ രാമചരിതം കേൾപ്പിക്കുന്നു.
അതുകേട്ട് ഭയാശങ്കകളും ആശ്ചര്യവും പൂണ്ട ദേവിക്കു മുന്നിൽവന്ന് സ്വയം പരിചയപ്പെടുത്തി രാമനാമം കൊത്തിവെച്ച മോതിരം കൊടുക്കുന്നു. ശ്രീരാമസ്വാമി വാനരസൈന്യത്തോടൊപ്പം വന്ന് രാക്ഷസന്മാരെ തോൽപിച്ച് ദേവിയെ വീണ്ടെടുക്കുമെന്ന് ഉറപ്പു നൽകുന്ന ഹനുമാനെ ചൂഡാമണിയും അടയാളവാക്യവും നൽകി അനുഗ്രഹിച്ചാണ് സീത മടക്കി അയക്കുന്നത്. താൻ എത്തിയ കാര്യം രാവണനെ ധരിപ്പിക്കാൻ തീരുമാനിച്ച ഹനുമാൻ രാക്ഷസസേനയെയും സേനാധിപന്മാരെയും രാവണപുത്രൻ അക്ഷയകുമാരനെയും വധിച്ചു.
ലങ്കാപുരിയുടെ ഗോപുരങ്ങളും കെട്ടിടങ്ങളും ഉദ്യാനങ്ങളുമെല്ലാം നശിപ്പിച്ചു. ഒടുവിൽ രാവണപുത്രൻ മേഘനാദനാണ് ബ്രഹ്മാസ്ത്രംകൊണ്ട് ഹനുമാനെ ബന്ധിക്കുന്നത്. ദൂതവധം അനുചിതമാണെന്ന വിഭീഷണന്റെ അഭിപ്രായം മാനിച്ച് വാനരന്മാരുടെ ശൗര്യത്തിന് നിദാനമായ വാൽ കത്തിച്ചു കളയാൻ അവർ തീരുമാനിച്ചു. തീപിടിച്ച വാൽകൊണ്ട് ലങ്കാപുരി ചുട്ടെരിച്ചാണ് ഹനുമാൻ തിരിച്ചുപോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.