യുദ്ധത്തിലേക്കുള്ള വഴികൾ
text_fieldsലങ്കയുടെ വിശദാംശങ്ങൾ ശ്രീരാമൻ ഹനുമാനോട് ആരാഞ്ഞു. തദനുസൃതമായാണ് സുഗ്രീവനും വാനരസേനയും ദക്ഷിണസമുദ്രത്തിന്റെ തീരപ്രദേശത്ത് താവളമടിച്ചതും കടലിൽ ചിറകെട്ടിയതും. തുടർ നടപടികൾ സുഗമമാക്കുന്നതിന് ശ്രീരാമൻ ശിവലിംഗ പ്രതിഷ്ഠ നടത്തിയ സ്ഥലമാണ് രാമേശ്വരമെന്ന് കമ്പരാമായണം പറയുന്നു.
സമുദ്രത്തിലൂടെ വഴിലഭിക്കുന്നതിന് ദർഭവിരിച്ചിരുന്ന് മൂന്ന് ദിനരാത്രങ്ങൾ സമുദ്രദേവനായ വരുണനെ പ്രാർഥിച്ചു. യാതൊരു പ്രതികരണവുമില്ലാതെ വന്നപ്പോൾ കോപാകുലനായ രാമൻ ആയുധമെടുത്തു. പൊടുന്നനെ വരുണൻ പ്രത്യക്ഷപ്പെട്ട് ശ്രീരാമനെ സ്തുതിച്ച് ലങ്കയിലേക്ക് ചിറകെട്ടുന്നതിനുള്ള അനുമതി നൽകി. പ്രകൃതിയുമായി സഹവർത്തിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ് ശ്രീരാമൻ വിവിധ ഘട്ടങ്ങളിൽ കൈക്കൊണ്ടത്.
സീതാപഹരണം തടഞ്ഞ ജടായുവിന്റെ പ്രതികരണം അതിനൊരുദാഹരണമാണ്. പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും സീതയെക്കുറിച്ച് അന്വേഷിക്കുന്നതും അപ്രകാരം തന്നെ. എന്നാൽ, ന്യായമായ ഒരാവശ്യം ഉന്നയിച്ചപ്പോൾ ജലരാശിയുടെ അധിദേവതയായ വരുണൻ യാതൊരു പ്രതികരണവും നടത്താതെ ശ്രീരാമന്റെ പ്രാർഥനകളെ നിരസിച്ചു. ശ്രീരാമൻ പ്രകൃതിശക്തികളുടെ നിയമവ്യവസ്ഥയിലും താളക്രമത്തിലും ഇടപെട്ടിരുന്നില്ല.
വിനയവും ക്ഷമാശീലവും സഹനവും മര്യാദയുമാണ് സേതുബന്ധനത്തിനുള്ള അനുമതി സമുദ്രദേവനായ വരുണനിൽനിന്ന് കൈക്കൊള്ളാൻ അദ്ദേഹത്തെ േപ്രരിപ്പിച്ചത്. എന്നാൽ, വരുണനാകട്ടെ അത് ദൗർബല്യത്തിന്റെയും പരാശ്രയത്തിന്റെയും വിധേയത്വത്തിന്റെയും അടയാളമായാണ് ഗ്രഹിച്ചത്. ഇത് തിരിച്ചറിഞ്ഞാണ് കടൽ വറ്റിക്കാൻ കെൽപ്പുള്ള ആയുധമെടുത്തപ്പോൾ ഗത്യന്തരമില്ലാതെ വരുണൻ പ്രത്യക്ഷപ്പെട്ടതും സേതുബന്ധനത്തിനുള്ള അനുമതിയേകുന്നതും. അഞ്ചുദിവസംകൊണ്ടാണ് നൂറുയോജന നീളമുള്ള ചിറകെട്ടി ലങ്കയിൽ പ്രവേശിച്ചത്. തുടർന്ന് യുദ്ധത്തിന് അരങ്ങൊരുങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.