ഉപദേശസാ(ഗ)രം
text_fieldsഉപദേശങ്ങളും പ്രബോധനങ്ങളും നീതിവാക്യങ്ങളും സ്തുതികളും ആഖ്യാനങ്ങളുംകൊണ്ട് സമ്പന്നമാണ് രാമായണം. പട്ടാഭിഷേകത്തിനുമുമ്പ് നാരദൻ ശ്രീരാമനേകുന്ന ഉപദേശം, അയോധ്യയിലും പഞ്ചവടിയിലുംവെച്ച് ശ്രീരാമൻ ലക്ഷ്മണന് നൽകുന്ന ഉപദേശങ്ങൾ, മാരീചൻ രാവണനേകുന്ന ഉപദേശം, ബാലിവധത്തിനുശേഷം ശ്രീരാമൻ താരയ്ക്ക് നൽകുന്ന ഉപദേശം, വിഭീഷണൻ, മണ്ഡോദരി, മാലവ്യാൻ, കുംഭകർണൻ, കാലനേമി എന്നിവർ വിവിധ സന്ദർഭങ്ങളിൽ രാവണന് നൽകുന്ന ഉപദേശങ്ങൾ എന്നിവ ഇത്തരത്തിൽ ശ്രദ്ധേയമാണ്.
ശ്രീരാമപട്ടാഭിഷേകം മുടങ്ങിയപ്പോൾ കോപത്തോടെ തിളച്ചുമറിയുന്ന ലക്ഷ്മണന് രാമൻ കാരുണ്യവായ്പോടെ കൊടുക്കുന്ന ഉപദേശം അതുല്യമാണ്. ബാലിവധത്തിനുശേഷം പത്നിയായ താരയെ ശ്രീരാമൻ ഉപദേശിക്കുന്നുണ്ട്. പഞ്ചഭൂതാത്മകമായ ദേഹം മാത്രമേ നശിക്കുന്നുള്ളൂ എന്നും അതിൽ കുടികൊള്ളുന്ന ആത്മചൈതന്യത്തെ നശിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും പ്രസ്തുത തത്ത്വമുൾക്കൊണ്ട് സമചിത്തത വീണ്ടെടുത്ത് ലോകത്തിൽ പുലരുന്നതിനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
കർമബന്ധനങ്ങളിൽനിന്നെല്ലാമുള്ള വിമുക്തിയാണ് ജീവിതലക്ഷ്യമെന്നും അതിൽ ഓർമപ്പെടുത്തുന്നുണ്ട്. തട്ടിക്കൊണ്ടുവന്ന സീതയെ എത്രയുംവേഗം രാമന് മടക്കിക്കൊടുത്ത് മാപ്പപേക്ഷിക്കണമെന്ന് പ്രിയപ്പെട്ടവർ വിവിധ സന്ദർഭങ്ങളിൽ രാവണനെ ഉപദേശിക്കുന്നുണ്ടെങ്കിലും അതെല്ലാം അദ്ദേഹം നിരാകരിച്ചു.
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ, പ്രതിബന്ധങ്ങളെ അതിന്റെ സ്വരൂപവും സ്വഭാവവും തിരിച്ചറിഞ്ഞ് തദനുസൃതമായി മനോവാക്കർമങ്ങളെ പ്രവർത്തിപ്പിക്കുന്നതിനും അതിലൂടെ അവയെയെല്ലാം അതിക്രമിക്കുന്നതിനും വിവിധ കഥാപാത്രങ്ങളെ നിമിത്തമാക്കി മനുഷ്യരാശിയെ സജ്ജീകരിക്കുന്നതിനാണ് രാമായണം ഉൾപ്പെടെയുള്ള കാവ്യേതിഹാസങ്ങളിലെ ആഴവും പരപ്പുമാർന്ന ഉപദേശ ഭാഗങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.