ശബരി
text_fieldsരാമായണത്തിലെ ഹൃദയസ്പർശിയായ ഭാഗങ്ങളിലൊന്നാണ് ഭക്തിയുടെയും വിവേചനാതീതമായ ശുദ്ധചിന്തയുടെയും പ്രതീകമായ ശബരിയുടെ കഥ.. പമ്പാനദിയെക്കുറിച്ചുള്ള വർണനയുള്ളതുകൊണ്ട് ശബരിയുടെ ആശ്രമം സ്ഥിതിചെയ്തിരുന്നത് ശബരിമലയിലാണെന്ന് ഊഹിക്കപ്പെടുന്നു. ബദ്ധശത്രുക്കളായ ജന്തുക്കൾപോലും വൈരം മറന്ന് സ്നേഹസൗഹൃദങ്ങൾ പങ്കുവെച്ചാണ് ശബര്യാശ്രമത്തിൽ പുലർന്നിരുന്നത്.
ആദിവാസി സ്ത്രീയായിരുന്ന ശബരി ബാല്യത്തിൽ തന്നെ സന്യാസജീവിതം ആഗ്രഹിച്ച് വീട്ടുവിട്ടു. അവർ ഭഗവദ്ഭക്തിയുമായി ജീവിച്ചിരുന്നത് മഹർഷി മാതംഗന്റെ ആശ്രമത്തിലായിരുന്നു. സ്വാമി സേവയിൽ ഏറെ ശ്രദ്ധപുലർത്തിയിരുന്ന ശബരിയെ മഹർഷിയുടെ മറ്റു ശിഷ്യന്മാർ തരം താഴ്ത്തിക്കണ്ടു. വിഷ്ണു ശ്രീരാമാവതാരമെടുത്ത് ഒരിക്കൽ ആ വഴി വരുമെന്നും അദ്ദേഹത്തെ ദർശിക്കുകയും സേവിക്കുകയും ചെയ്യണമെന്നും ശബരിയോട് ആവശ്യപ്പെട്ട് മാതംഗമുനി ഇഹലോകവാസം വെടിഞ്ഞു.
ഗുരുവചനം മാനിച്ച് കാത്തിരുന്ന ശബരി, സീതാന്വേഷണത്തിനിടെ അവിടെ എത്തിച്ചേർന്ന ശ്രീരാമചന്ദ്രനെ കണ്ട മാത്രയിൽ തിരിച്ചറിഞ്ഞ് ആനന്ദാശ്രുക്കൾ പൊഴിച്ച് അദ്ദേഹത്തിന്റെ തൃപ്പാദങ്ങൾ കഴുകുകയും ഫലമൂലാദികൾകൊണ്ട് സൽക്കരിക്കുകയും ചെയ്തു. രാമദർശനത്തോടെ തന്റെ ജന്മവും തപസിദ്ധിയുമെല്ലാം സഫലമായെന്ന് ശബരി പറയുന്നുണ്ട്. ഓരോ പഴവും കടിച്ച് രുചിച്ചുനോക്കി അതിൽ വിശിഷ്ടമായതാണ് അവർ ശ്രീരാമന് നൽകുന്നത്. നിഷ്കളങ്കവും ദൃഢവുമായ ഭക്തിയിൽനിന്നാണ് ഈ കരുതൽ ഉടലെടുക്കുന്നത്.
മതംഗാദിമുനികൾ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും കിട്ടാത്ത ഭാഗ്യമാണ് തനിക്കുണ്ടായതെന്ന് ശബരി സൂചിപ്പിക്കുന്നുണ്ട്. ഒമ്പതുവിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ച് ശ്രീരാമൻ ശബരിയെ ഉപദേശിക്കുന്നു. ബാലിയെ പേടിച്ച് ഋശ്യമൂകപർവതത്തിൽ വസിക്കുന്ന സുഗ്രീവനുമായി സഖ്യം ചെയ്ത് ലങ്കാപുരിയിലുള്ള സീതയെ വീണ്ടെടുക്കാൻ ശ്രീരാമനു മുന്നിൽ നിർദേശം വെക്കുന്നത് ശബരിയാണ്.
ശ്രീരാമൻ വിട നൽകിയതോടെ മാന്തോലും മരവുരിയുമുടുത്ത ശബരി തീയിൽ സ്വദേഹം ഹോമിച്ച് അഗ്നിജ്വാലയുടെ രൂപത്തിൽ സ്വർഗലോകത്തേക്ക് പോകുന്നു. ഫലേച്ഛയില്ലാതെ സമർപ്പണഭാവത്തിൽ നടത്തുന്ന ഈശ്വരാരാധനയാണ് േശ്രഷ്ഠമായതെന്നാണ് ശബരീചരിതം നൽകുന്ന സന്ദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.