Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamayana Masamchevron_rightപട്ടാഭിഷേകം

പട്ടാഭിഷേകം

text_fields
bookmark_border
പട്ടാഭിഷേകം
cancel

രാവണവധത്തിനുശേഷം ലങ്കാധിപനായി വിഭീഷണനെ അഭിഷേകം നടത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ ശ്രീരാമൻ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. സമുദ്രജലം ഉൾപ്പെടെയുള്ള തീർഥങ്ങൾ സ്വർണക്കുടങ്ങളിലാക്കി വാദ്യഘോഷങ്ങളോടെ, ഹർഷാരവങ്ങളോടെ വാനരന്മാരും അവശേഷിച്ച രാക്ഷസന്മാരും ചടങ്ങിൽ പങ്കാളികളായി. തുടർന്ന് സീതയോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ച് അവരുടെ പ്രതികരണം എത്രയും പെട്ടെന്ന് അറിയിക്കാൻ ഹനുമാനോട് ശ്രീരാമൻ ആവശ്യപ്പെട്ടു. ശ്രീരാമന്റെ വിജയവാർത്ത വലിയ ആഹ്ലാദത്തോടെയാണ് സീതാദേവി ഉൾക്കൊണ്ടത്.

യുദ്ധവിജയിയായ രാമനെ ദേവേന്ദ്രൻ ഉൾപ്പെടെയുള്ളവർ വന്നു കണ്ട് അനുമോദിക്കുകയും സ്​തുതിക്കുകയും ചെയ്യുന്നുണ്ട്. തനിക്കുവേണ്ടി യുദ്ധത്തിൽ മരിച്ച വാനരന്മാരെ ജീവിപ്പിക്കുന്നതിനും അവർ ഭക്ഷിക്കുന്ന ഫലങ്ങൾ മധുരമുള്ളതായി തീരുന്നതിനും കുടിനീര് തേനാകുന്നതിനുമാണ് അപ്പോൾ രാമൻ അപേക്ഷിച്ചത്.

മംഗളസ്​നാനം കഴിച്ച് ആടയാഭരണങ്ങളും വിഭൂഷണങ്ങളുമണിഞ്ഞ് സൽക്കാരത്തിൽ പങ്കെടുക്കാൻ വിഭീഷണൻ അപേക്ഷിക്കുമ്പോൾ സഹോദരനായ ഭരതൻ തന്നെ അയോധ്യയിൽ കാത്തിരിക്കുന്നുണ്ടെന്നും അവനോടൊപ്പമല്ലാതെ താൻ ചമയങ്ങളണിയില്ലെന്നും പതിനാല് വർഷം പൂർത്തിയായി ഒരുദിവസം വൈകിയാൽ തീയിൽച്ചാടി മരിക്കുമെന്നും രാമൻ അറിയിക്കുന്നു.

അതുകൊണ്ട് തന്നെ പൂജിക്കുന്നതിന് തുല്യമാണ് തന്നോടൊപ്പമുള്ള വാനരന്മാരെ സൽക്കരിച്ച് അവരുടെ പ്രീതി സമ്പാദിക്കുന്നതെന്നും അരുളുന്നു. തുടർന്ന് രാമലക്ഷ്മണന്മാരും സീതയും വാനരപ്രമുഖരും പുഷ്പകവിമാനത്തിൽ അയോധ്യയിലേക്ക് പുറപ്പെടുന്നു. വിമാനം പറന്നുയർന്നപ്പോൾ ശ്രീരാമൻ യുദ്ധഭൂമി കാണിച്ച് അവിടെ നടന്നതെല്ലാം വിശദീകരിച്ചു കൊടുത്തു.

രാമന്റെ ഇംഗിതമനുസരിച്ച് വിമാനം ഭരദ്വാജമുനിയുടെ ആശ്രമത്തിന് മുന്നിൽ താണിറങ്ങുന്നുണ്ട്. ഭരതശത്രുഘ്നന്മാർ രാമപാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ച്, ജടാവൽക്കലങ്ങൾ ധരിച്ച,് ഫലമൂലാദികൾ ഭക്ഷിച്ച്, തങ്ങളുടെ ജ്യേഷ്ഠനെയും പ്രതീക്ഷിച്ച് അയോധ്യയിൽ വസിക്കുകയാണെന്ന് ഭരദ്വാജമുനി ശ്രീരാമനോട് പറഞ്ഞു.

എത്രയും വേഗത്തിൽ അയോധ്യയിൽച്ചെന്ന് ഭരതനെ വിവരങ്ങളറിയിക്കാനും പോകുന്ന വഴി ഗുഹനെ കാണാനും രാമൻ ഹനുമാനെ ചുമതലപ്പെടുത്തി. ലോകം മുഴുവൻ തന്നാലും ഈ വൃത്താന്തത്തിന് പകരമാകില്ലെന്നായിരുന്നു ഭരതന്റെ പ്രതികരണം. തുടർന്ന് നടന്ന ശ്രീരാമന്റെ പട്ടാഭിഷേകമഹോത്സവത്തിൽ മുഴുവൻ ജീവജാലങ്ങളും വിശ്വപ്രകൃതിയും പ്രപഞ്ചശക്തികളും ഒരുമിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karkidakamspiritualismramayanam
Next Story